ജിയോയ്ക്ക് വേഗമില്ലെന്ന് 'ചിലർ'! നമ്പർ മാറാതെ സിം ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനുള്ള വഴിയിതാ
രാജ്യത്തെ നിരവധി സാധാരണക്കാരായ ടെലിക്കോം വരിക്കാർ ആശ്രയിക്കുന്ന ഒരു സ്ഥാപനമാണ് ബിഎസ്എൻഎൽ (BSNL). സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമെന്ന വിശേഷണം പേറുന്ന ബിഎസ്എൻഎൽ അതോടൊപ്പം തന്നെ അതിന്റെ പോരായ്മകളും അനുഭവിക്കുന്നുണ്ട്, ഇന്നും രാജ്യവ്യാപകമായി 4ജി സേവനങ്ങൾ കാര്യക്ഷമമായി നൽകാൻ കഴിയാത്ത ഒരേയൊരു സ്ഥാപനമാണ് ബിഎസ്എൻഎൽ.
എന്നാൽ ഇന്ന് ബിഎസ്എൻഎല്ലിന്റെ അവസ്ഥ മെച്ചപ്പെട്ടുവരുന്നുണ്ട്. രാജ്യവ്യാപകമായി 4ജി പുറത്തിറക്കാനുള്ള തയാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിൽ പലയിടങ്ങളിലും ബിഎസ്എൻഎൽ മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ ലഭ്യമാക്കുന്നുമുണ്ട്. രാജ്യത്ത് ബിഎസ്എൻഎല്ലിന് ഏറെ കരുത്തുള്ള ടെലിക്കോം സർക്കിളുകളിൽ ഒന്നുകൂടിയാണ് കേരളം. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ബിഎസ്എൻഎല്ലിനോടൊപ്പം അടിയുറച്ചുനിൽക്കുന്ന ഒരു വിഭാഗംതന്നെയുണ്ട്.

കുറഞ്ഞ നിരക്കിൽ മറ്റാരും നൽകുന്നതിനെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ ബിഎസ്എൻഎൽ ഏറെ മികവ് പുലർത്തുന്നു. 4ജി എത്തിയാലും നിരക്കുകളിൽ കാര്യമായ വർധന ഉണ്ടാകില്ല എന്നാണ് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചിട്ടുള്ളത്. വേഗത്തിന്റെ കാര്യത്തിൽ മാത്രമാണ് ചിലർക്കെങ്കിലും അതൃപ്തിയുള്ളത്. രാജ്യത്തെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് ജിയോ.
അങ്ങനെയുള്ള ജിയോ പോലും വേഗതയില്ല എന്ന ആക്ഷേപത്തിൽനിന്ന് മുക്തമല്ല. ഇപ്പോൾ 5ജി അവതരിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ജിയോയ്ക്ക് എതിരേ നിരവധി പേർ ആക്ഷേപം ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഞങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ കമന്റ് സെക്ഷൻ പരിശോധിച്ചാൽ ജിയോയുടെ വേഗതയെപ്പറ്റിയുള്ള ധാരാളം ആക്ഷേപങ്ങൾ കാണാം. എന്നാൽ നല്ലതുപറയുന്നവരും ഉണ്ട്.
ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും സേവനങ്ങൾ ഒരുപോലെയാണ് എന്നല്ല പറഞ്ഞുവരുന്നത്. ഒന്നാം സ്ഥാനത്തുള്ള സ്ഥാപനത്തെപ്പെറ്റി പോലും ആക്ഷേപങ്ങളുണ്ട് എന്ന് സൂചിപ്പിച്ചെന്നുമാത്രം. ബിഎസ്എൻഎൽ അധികം വൈകാതെ എല്ലായിടത്തും 4ജിയിലേക്കെത്തും. നിലവിലെ പോരായ്മകൾ അംഗീകരിച്ചുകൊണ്ടുതന്നെ ബിഎസ്എൻഎൽ വരിക്കാർ ആകാൻ തയാറുള്ളവർ ഉണ്ടാകാം. അത്തരം ആളുകൾക്കും തങ്ങളുടെ നിലവിലെ ടെലിക്കോം സേവനങ്ങളിൽ തൃപ്തിയില്ലാത്തവർക്കും നമ്പർ മാറാതെതന്നെ ബിഎസ്എൻഎല്ലിലേക്ക് പോർട്ട്ചെയ്യാൻ സൗകര്യമുണ്ട്.
മറ്റ് കമ്പനികൾ ബിരിയാണി വിളമ്പിത്തരാം ഞങ്ങളുടെ കൂടെപ്പോരൂ എന്ന രീതിയിലുള്ള വാഗ്ദാനങ്ങൾ നൽകുമ്പോൾ ബിഎസ്എൻഎൽ കാര്യമായ അവകാശവാദങ്ങൾ ഒന്നും നൽകുന്നില്ല. പക്ഷേ കൂടെക്കൂട്ടിയാൽ റീച്ചാർജ് ചെയ്യാൻ പട്ടിണി കിടക്കേണ്ടി വരില്ല എന്ന ഉറപ്പ് ബിഎസ്എൻഎൽ പരോക്ഷമായി നൽകുന്നു. കാരണം മറ്റ് കമ്പനികളുടെ പ്ലാനുകളെക്കാൾ മികച്ച പ്ലാനുകൾ കുറഞ്ഞ നിരക്കിൽ നൽകാൻ ബിഎസ്എൻഎൽ തയാറാകുന്നുണ്ട്.
ഇന്നത്തെ റീച്ചാർജ് നിരക്കുകൾ പരിശോധിച്ചാൽ വാലിഡിറ്റിയെപ്പറ്റി ആശങ്കയുള്ള ടെലിക്കോം വരിക്കാർക്ക് നല്ലൊരു ഓപ്ഷനാണ് ബിഎസ്എൻഎൽ. നമ്പർ മാറാതെ തന്നെ സിം ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തുന്ന കാര്യം ഗൗരവകരമായി അന്വേഷിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. അത്തരം ആളുകൾക്കായി, നമ്പർ മാറാതെ ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യാനുള്ള വഴി ഇതാ.

പോർട്ട് ചെയ്യാൻ തയാറെടുക്കും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം: •നിലവിലെ ഓപ്പറേറ്ററുടെ കീഴിൽ 90 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം. •ബിൽ അടയ്ക്കാൻ ബാക്കിയുണ്ടാവരുത്. • മൊബൈൽ നമ്പറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്. •മൊബൈൽ നമ്പർ സബ് ജുഡീസ് ആയിരിക്കരുത് (ഏതെങ്കിലും കോടതി കേസുമായി ബന്ധപ്പെട്ടത്). •സബ്‌സ്‌ക്രൈബർ കരാർ പ്രകാരം കരാർ ബാധ്യതകളൊന്നുമുണ്ടാവരുത്.
അടുത്തുള്ള കസ്റ്റമർ സർവീസ് സെന്റർ, റീട്ടെയിലർ അല്ലെങ്കിൽ അംഗീകൃത ഫ്രാഞ്ചൈസി എന്നിവിടങ്ങളിൽ പോയാൽ ഏത് നെറ്റ്വർക്കിൽ നിന്നും ഓഫ്ലൈനായി എളുപ്പത്തിൽ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ: ഠപോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന നമ്പറിൽ നിന്ന് യുണീക് പോർട്ടിങ് കോഡ് (UPC) ജനറേറ്റ് ചെയ്യണം.
• യുപിസി കോഡ് ലഭിക്കാൻ "Port 10-അക്ക മൊബൈൽ നമ്പർ" എന്ന ഫോർമാറ്റിൽ 1900-ലേക്ക് എസ്എംഎസ് അയയ്ക്കുക. •ഉടൻ യുപിസിയും ആ നമ്പരിന്റെ വാലിഡിറ്റിയും അടങ്ങുന്ന മെസേജ് എത്തും. •എംഎൻപിക്കായി റിക്വിസ്റ്റ് ചെയ്ത തീയതി മുതൽ 15 ദിവസത്തേക്ക് ഈ കോഡ് വാലിഡ് ആയിരിക്കും.

•തുടർന്ന് അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രത്തിലോ റീട്ടെയിലർ ഔട്ട്ലെറ്റിലോ അംഗീകൃത ഫ്രാഞ്ചൈസിയിലോ പോവുക. • എംഎൻപി ആരംഭിക്കുന്നതിന് ഒരു കസ്റ്റമർ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കണം. • ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകൾ കൈയ്യിൽ കരുതണം. • നിങ്ങളുടെ ഡിജിറ്റൽ KYC ചെയ്തുകഴിഞ്ഞാൽ പുതിയ ബിഎസ്എൻഎൽ സിം കാർഡ് ലഭിക്കും.
• എംഎൻപി റിക്വസ്റ്റ് അംഗീകരിച്ച ശേഷം പോർട്ടിങ് തീയതിയും സമയവും അറിയിക്കും. •നിങ്ങളുടെ നിലവിലുള്ള നെറ്റ്‌വർക്ക് സേവനം കട്ട് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം കാർഡ് ഫോണിൽ ഇടുക. •എന്തെങ്കിലും സംശയങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ 1800-180-1503 എന്ന ബിഎസ്എൻഎൽ ടോൾ ഫ്രീ നമ്പിൽ വിളിച്ച് സഹായം തേടാം.
എംഎൻപിയ്ക്കായി ബിഎസ്എൻഎൽ യാതൊരു വിധത്തിലുള്ള പ്രോസസിങ് ഫീസും ഈടാക്കുന്നില്ല. നിങ്ങളുടെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി റിക്വസ്റ്റ് ലഭിച്ചു കഴിഞ്ഞാൽ സിം ആക്ടീവ് ആകുന്നതിന് കുറഞ്ഞത് 3 ദിവസവും പരമാവധി 5 ദിവസവും എടുക്കും. നിലവിലുള്ള സേവനദാതാവിന്റെ സേവനങ്ങളിൽ അതൃപ്തിയുള്ളവർക്ക് ഈ മാർഗത്തിലൂടെ ബിഎസ്എൻഎൽ വരിക്കാരാകാവുന്നതാണ്.


Click it and Unblock the Notifications








