സ്മാർട്ട്ഫോൺ ക്യാമറ പളുങ്ക് പോലെ കൊണ്ടുനടക്കാം! ക്ലീൻ ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചാൽ മതി
വിശേഷ അവസരങ്ങളിൽ ഫോട്ടോയെടുക്കാൻ കൊതിച്ചുനടന്ന നാളുകൾ നമുക്കുണ്ട്. എന്നാൽ സ്മാർട്ട്ഫോൺ ക്യാമറകളുടെ വളർച്ചയോടെ ഏത് സമയത്തും എന്തും പകർത്താം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞു. ഇന്ന് സ്മാർട്ട്ഫോൺ ക്യാമറകൾ പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന വിധത്തിൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. അതേപോലെ വീഡിയോ ചിത്രീകരണവും ഇന്ന് ഏറെ മെച്ചപ്പെട്ടിരിക്കുന്നു.
വിലക്കൂടിയ ക്യാമറകൾ വാങ്ങാൻ ശേഷിയില്ലെങ്കിലും ഇന്ന് വിഷമിക്കേണ്ട ആവശ്യമില്ല. പ്രൊഫഷണൽ ഡിജിറ്റൽ ക്യാമറകളോട് കിടപിടിക്കുന്ന ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകൾ ഇന്ന് കൈയിലൊതുങ്ങുന്ന വിലയിൽ ലഭ്യമാണ്. സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നിരവധിപേർ മുഖ്യ പരിഗണന നൽകുന്നതും ക്യാമറ മികവിനാണ്.

എന്നാൽ ഇങ്ങനെ മികച്ച ക്യാമറ ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ വാങ്ങിയാൽ മാത്രം പോര, അവ സൂക്ഷ്മതയോടെ കൊണ്ടുനടക്കുകയും വേണം. ഏതെങ്കിലും ഒരു അത്യാവശ്യ ഘട്ടത്തിൽ പെട്ടെന്ന് ചിത്രമെടുത്തശേഷം നോക്കുമ്പോൾ ചിത്രം മങ്ങിയോ മറ്റോ ഇരിക്കുന്നത് കാണും. അപ്പോഴാകും പലരും പൊടിപിടിച്ചിരിക്കുന്ന ലെൻസിലേക്ക് നോക്കുക.
സ്മാർട്ട്ഫോൺ ക്യാമറ ലെൻസിൽ എന്തെങ്കിലും പറ്റിയിരിക്കുന്നത് കണ്ടാൽ പലരുടെയും തൊട്ടടുത്ത നടപടി ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ തുമ്പെടുത്ത് ലെൻസിൽ ഇട്ട് ഉരയ്ക്കുക എന്നതാണ്. അതോടെ ലെൻസിലെ പൊടി പോകുകയും എല്ലാം ക്ലിയർ ആകുകയും ചെയ്യും എന്നാണ് പലരും ധരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് പലപ്പോഴും ലെൻസിൽ പോറൽ വീഴുന്നതിന് കാരണമാകും.
എല്ലാ കാര്യങ്ങൾക്കുമെന്ന പോലെ സ്മാർട്ട്ഫോണിലെ ക്യാമറ ക്ലീനിങ്ങിനും അതിന്റേതായ രീതികളുണ്ട്. ശരിയായ രീതിയിൽ സ്മാർട്ട്ഫോൺ ക്യാമറകളുടെ ലെൻസ് വൃത്തിയാക്കുന്നത് എങ്ങനെയാണ് എന്നത് ഒരു പ്രസക്തമായ ചോദ്യമാണ്. ആ ചോദ്യത്തിന് ഉത്തരമാകാൻ കഴിയുന്ന ചില സ്മാർട്ട്ഫോൺ ക്യാമറ ക്ലീനിങ് രീതികൾ ഇവിടെ പരിചയപ്പെടാം.
ക്ലീനിങ് പെൻ ഉപയോഗിക്കുക: പൊടി പിടിച്ച ലെൻസുകൾ ക്ലീൻ ചെയ്യാൻ ക്ലീനിങ് പെൻ അല്ലെങ്കിൽ അതേ പോലെ സോഫ്റ്റ് ആയ ചെറിയ ബ്രഷുകൾ ഉപയോഗിക്കുക. ക്ലീനിങ് പെന്നുകൾ പല ആകൃതികളിലും ഷെയ്പ്പുകളിലും വരുന്നു.
ചില ക്ലീനിങ് പെന്നുകളിൽ അതിലോലമായ നാരുകളായിരിക്കും ഉണ്ടാകുക. മറ്റുള്ളവയിൽ കട്ടി കൂടിയ, കൂടുതൽ പ്ലഫി ആയ ബ്രഷ് എൻഡ്സും ഉണ്ടാകും.
ക്ലീനിങ് പെന്നുകളിൽ അനുയോജ്യമായവ സെലക്റ്റ് ചെയ്ത് ഉപയോഗിക്കുക. ക്ലീനിങ് പെൻ വാങ്ങാൻ താൽപ്പര്യമില്ലെങ്കിൽ, വൃത്തിയുള്ളതും മൃദുവായതുമായ മേക്കപ്പ് ബ്രഷും സ്മാർട്ട്ഫോൺ ക്യാമറ ക്ലീൻ ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. എന്ത് ചെയ്തിട്ടായാലും ക്യാമറയിൽ പൊടി പറ്റിയിരുന്നാൽ വൃത്തിയാക്കണം. ലെൻസുകളുടെ ഏറ്റവും വലിയ ശത്രുവാണ് പൊടി.

മൈക്രോ ഫൈബർ ക്ലോത്ത്: നമ്മുടെ വിരലുകൾ പലപ്പോഴും ക്യാമറ ലെൻസുകളിൽ സ്പർശിക്കാറുണ്ട്. അപ്പോൾ വിരൽപ്പാടുകൾ പതിയുന്നു. ഇത് മൂലം ലെൻസുകൾ മങ്ങാറുണ്ട്. മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് അവ വൃത്തിയായി ക്ലീൻ ചെയ്യാൻ കഴിയും. ടിഷ്യൂ പേപ്പറുകൾ പോലെയുള്ളവ ഉപയോഗിച്ചാൽ പൊടി പടലങ്ങൾ ബാക്കിയാകും.
എന്നാൽ, ഒരു തരത്തിലുള്ള പാടുകളും ഇല്ലാതെ സ്മഡ്ജുകളും മറ്റ് പാടുകളും നീക്കം ചെയ്യാൻ മൈക്രോഫൈബർ ക്ലോത്തുകൾക്ക് കഴിയും. മൈക്രോ ഫൈബർ ക്ലോത്ത് ഇല്ലെങ്കിൽ മൃദുവായ ക്ലോത്തും ഉപയോഗിക്കാം. എന്നാൽ ഫാബ്രിക് സോഫ്റ്റനറുകൾ ഉപയോഗിച്ച് അവ കഴുകിയിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. ഫാബ്രിക് സോഫ്റ്റനറുകൾ ഉപയോഗിച്ച് കഴുകിയ തുണികൾ ക്യാമറ ലെൻസിൽ വരകളും പാടുകളും വീഴാൻ കാരണമാകും.
ലെൻസ് വൈപ്പ്: ആഹാര സാധനങ്ങൾ കഴിച്ചിട്ട് ക്യാമറ ലെൻസിൽ പിടിക്കുന്നത് അവയിൽ എണ്ണമയം പറ്റിയിരിക്കാൻ കാരണമാകാറുണ്ട്. അതുപോലെ, കട്ടിപിടിച്ച ഗ്രീസിയായ അഴുക്കുകളും ലെൻസിൽ അടിഞ്ഞുകൂടാറുണ്ട്. ഇവ പലപ്പോഴും തുണി ഉപയോഗിച്ച് തുടച്ചാലും പോകില്ല. ലെൻസിന്റെ വശങ്ങളിലും മറ്റും ഉറച്ചിരിക്കുന്ന അഴുക്കുകൾ കളയാൻ ഏറ്റവും അനുയോജ്യം ലെൻസ് വൈപ്പുകളാണ്.
കട്ടി കൂടിയ പശപ്പുള്ള അഴുക്കുകളും മറ്റും കളയാൻ വേണ്ടിയാണ് ലെൻസ് വൈപ്പുകൾ ഉപയോഗിക്കുന്നത്. എല്ലാ വൈപ്പുകളും ലെൻസ് വൈപ്പുകളല്ല എന്നത് പ്രത്യേകം ഓർത്തിരിക്കണം. ലെൻസിൽ ഒരു കാരണവശാലും സാധാരണ വെറ്റ് വൈപ്പുകൾ ഉപയോഗിക്കരുത്. മിക്കവാറും വെറ്റ് വൈപ്പുകളും സോഫ്റ്റ്നറുകളുമായാണ് വരുന്നത്. അവ നിങ്ങളുടെ ലെൻസിനെ കൂടുതൽ ഗ്രീസിയാക്കും എന്നതിനാൽ ആണ് ഇവ ഉപയോഗിക്കരുതെന്ന് പറയുന്നത്.
ലെൻസ് ക്ലീനർ: ലെൻസ് വൈപ്പുകൾ കിട്ടിയില്ലെങ്കിൽ പകരം ലെൻസ് ക്ലീനറുകൾ മൈക്രോഫൈബർ ക്ലോത്തിന്റെ ഒരു മൂലയിൽ പുരട്ടിയും സ്മാർട്ട്ഫോൺ ക്യമാറ ക്ലീൻ ചെയ്യാൻ ഉപയോഗിക്കാം. ഡെഡിക്കേറ്റഡ് ലെൻസ് ക്ലീനറുകൾ ഇല്ലെങ്കിൽ ഹോം മെയ്ഡ് ക്ലീനറുകളും ഉപയോഗിക്കാൻ കഴിയും. നേർപ്പിച്ച ആൽക്കഹോൾ ലായനികളാണ് ലെൻസ് ക്ലീനറുകൾ.

ഐസോപ്രോപൈൽ: ലെൻസ് ക്ലീനർ കാശ് കൊടുത്ത വാങ്ങാൻ താൽപ്പര്യമില്ലാത്തവർക്ക് ലെൻസ് ക്ലീനർ സ്വയം നിർമ്മിക്കാം. ഇതിന്, 70 ശതമാനം ഐസോപ്രോപൈൽ ആൽക്കഹോളും ഡിസ്റ്റിൽഡ് വാട്ടറും 50:50 അനുപാതത്തിൽ മിക്സ് ചെയ്താൽ മതിയാകും. സ്മിയർ ഫ്രീ ഫിനിഷ് വേണമെന്നുള്ളവർ ടാപ്പ് വെള്ളം ഉപയോഗിക്കരുത്.
ലെൻസിനുള്ളിൽ കയറിക്കൂടുന്ന ജലാംശം നീക്കം ചെയ്യുന്നത് എങ്ങനെ: എല്ലാ സ്മാർട്ട്ഫോണുകളിലും ഐപി റേറ്റിങ് ഫീച്ചർ ഉണ്ടാകാറില്ല. ഫോണിന്റെ ലെൻസിനുള്ളിൽ മഞ്ഞ് പോലെ കാണാമെങ്കിൽ അതിനർഥം നിങ്ങളുടെ ക്യാമറ മൊഡ്യൂളിനുള്ളിൽ ഈർപ്പം കയറിയെന്നാണ് മനസിലാക്കേണ്ടത്. ഫോൺ ഉണക്കിയെടുക്കുന്നതാണ് ഇതിനുള്ള പരിഹാരം. സിലിക്ക ജെൽ പാക്കറ്റുകൾക്കൊപ്പം എയർടൈറ്റ് ആയിട്ടുള്ള പാത്രങ്ങളിലോ ബോക്സുകളിലോ വയ്ക്കുന്നത് ഉപകരിക്കും.
ഇത്തരം സാഹചര്യങ്ങളിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് 24 മണിക്കൂർ എങ്കിലും ഇങ്ങനെ സൂക്ഷിക്കണം. നമ്മൾ കരുതുന്നതിലും വെള്ളം ഉള്ളിലേക്ക് കയറിയിട്ടുണ്ടെങ്കിൽ ഡിവൈസ് നശിക്കാതിരിക്കാൻ വേണ്ടിയാണിത്. ഈർപ്പം കളയാനായി ഫോൺ അടുപ്പിന്റെയും റേഡിയേറ്ററിന്റെയും സൈഡിൽ കൊണ്ട് വയ്ക്കുന്നതുപോലുള്ള കാര്യങ്ങൾ ചെയ്യരുത്. സിലിക്കജെൽ വിജയിച്ചില്ലെങ്കിൽ ഫോൺ സർവീസ് സെന്ററിലേക്ക് കൊണ്ട് പോകുക.


Click it and Unblock the Notifications








