നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ എങ്ങനെ റൂട്ട് ചെയ്യാം?
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന ഏതൊരാളും കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു കാര്യമാണ് ഫോൺ റൂട്ട് ചെയ്യുക എന്നത്. റൂട്ടിങ് എന്നാൽ എന്ത്, അതുകൊണ്ടുള്ള മെച്ചങ്ങൾ എന്തെല്ലാം, അത് ചെയ്യുമ്പോൾ അല്ലെങ്കിൽ ചെയ്തു കഴിഞ്ഞാൽ എന്തെല്ലാം ശ്രദ്ധിക്കണം എന്നെല്ലാം മുമ്പിവിടെ നമ്മൾ ചർച്ച ചെയ്തതാണ്. ഇന്നിവിടെ എങ്ങനെ ഫോൺ റൂട്ട് ചെയ്യാം എന്നും വിശദീകരിക്കുകയാണ് ഇപ്പോൾ.

ആദ്യപടി
റൂട്ട് ചെയ്യുന്നതിലെ ഏറ്റവും വലിയ പ്രശ്നം എന്തെന്ന് വെച്ചാൽ ഓരോ ഫോൺ മോഡലിനും ഓരോ രീതിയിൽ ആയിരിക്കും ഈ റൂട്ട് ചെയ്യൽ എന്നത് തന്നെയാണ്. അതിനാൽ തന്നെ ഓരോ മോഡലിനെയും കുറിച്ച് വേറെ വേറെയായി എഴുതുക എന്നത് നടപ്പിലാവുന്ന കാര്യമല്ല. അതുകൊണ്ട് പൊതുവായി എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം ഇവിടെ വിശദീകരിക്കാം.

പല മോഡലിനും പല വിധം
ഈ മാതൃക പിന്തുടർന്ന് ഓരോ മോഡലിനും ആവശ്യമായ ഫയലുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാം. ഈ മോഡലുകൾക്കെല്ലാം തന്നെ xda വെബ്സൈറ്റിൽ പ്രത്യേക ചർച്ചാ ഫോറങ്ങൾ ഉണ്ട്. അത് വഴി നിങ്ങളുടെ ഫോണിന് ആവാധ്യമായ റൂട്ട് മാർഗ്ഗങ്ങൾ കണ്ടെത്താം. lg g5 ആണ് റൂട്ട് ചെയ്യേണ്ടത് എങ്കിൽ lg g5 rooting xda എന്ന് ഗൂഗിളിൽ സെർച്ച് കൊടുത്താൽ നിങ്ങൾക്ക് ആവശ്യമായ xda ലിങ്ക് ലഭിക്കും. ഇനി ചുവടെ എന്തൊക്കെയാണ് പൊതുവേ ചെയ്യേണ്ടത് എന്ന് നോക്കാം.

ബൂട്ട്ലോഡ്ർ അൺലോക്കിങ്
മിക്ക ഫോണുകളും ബൂട്ടലോഡ്ർ ലോക്ക് ചെയ്ത രീതിയിലാണ് നിർമാതാക്കൾ ഇറക്കുക. സുരക്ഷാ പ്രശ്നങ്ങൾ തന്നെയാണ് കാരണം. ആവശ്യമുള്ളവർക്ക് പിന്നീട് സ്വന്തം ഇഷ്ടപ്രകാരം ബൂട്ടലോഡ്ർ അൺലോക്കിങ് ചെയ്യാനുള്ള സൗകര്യവും ഈ കമ്പനികൾ ഒരുക്കാറുണ്ട്. മിക്ക മോഡലുകളുടെയും ബൂട്ടലോഡ്ർ കമ്പനി വെബ്‌സൈറ്റ് വഴി അൺലോക്കിങ് സാധ്യമാകും. ഇത് കൂടാതെ ഇതിനായി പല മോഡലുകൾക്കും പല രീതിയിൽ ഉള്ള ആപ്പുകളും ലഭ്യമാണ്. ഇവിടെ ഒരു കമ്പ്യൂട്ടർ സഹായവും യുഎസ്ബി കേബിളും നിർബന്ധമാണ്.

TWRP/CWM Recovery
ഫോണിൽ ചെയ്യേണ്ട രണ്ടാമത്തെ കാര്യം. ഫോണിൽ കമ്പനികളുടെ ഒരു ഡീഫോൾട്ട് റിക്കവറി ഉണ്ടാകും. ഫ്ലാഷ് ചെയ്യാനും ബാക്കപ്പ്, റീസ്റ്റോർ, ടെസ്റ്റിംഗ് ആവശ്യങ്ങൾക്കുമോക്കെ ഉപയോഗിക്കുന്നവയാണ് ഈ റിക്കവറി. എന്നാൽ റൂട്ട് ചെയ്യാനും zip ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാനും custom റോമുകൾ അടക്കമുള്ള വിശാലമായ ഡെവലപ്പിങ് ലോകത്തേക്ക് കടക്കാനും ഈ റിക്കവറി ആവശ്യമാണ്. നിലവിൽ ഉള്ള ഏറ്റവും മികച്ച രണ്ടു റിക്കവറികൾ ആണ് TWRPയും CWMയും. ഇവയിൽ ഏറ്റവും മികച്ചതും കൂടുതൽ കാര്യങ്ങൾ പിന്തുണയ്ക്കുന്നതും TWRP തന്നെയാണ്.
മുകളിലത്തെ പോലെ ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനായി ഇവിടെയും കമ്പ്യൂട്ടർ സഹായവും യുഎസ്ബി കേബിളും നിർബന്ധമാണ്. ഒപ്പം നിങ്ങളുടെ ഫോണിന്റെ മോഡലിന് പറ്റിയ twrp.img റിക്കവറി ഫയൽ ഡൗൺലോഡ് ചെയ്യണം. ശേഷം ഓരോ ഫോണിനും ആവശ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഫ്ലാഷ് മോഡിൽ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യാം.

റൂട്ടിങ്
റൂട്ടിങ് അഥവാ super su ഫോണിൽ ചെയ്യുന്നത് ഇനി സാധ്യമാകും. ഇത് ഇനി അത്ര ഭാരിച്ച പണി ആവില്ല. ഓരോ ഫോൺ മോഡലിനും അനുസരിച്ചുള്ള super su update.zip ഫയൽ ഡൗണ്ലോഡ് ചെയ്ത് നിർദേശങ്ങൾ അനുസരിച്ചു twrp വഴി ഫ്ലാഷ് ചെയ്യുക. ഇനി അതല്ല, കമ്പ്യൂട്ടർ വഴി ബന്ധിപ്പിച്ച് ചെയ്യാവുന്ന സൗകര്യങ്ങളും ഉണ്ട്. ഇത് കൂടാതെ ഇപ്പോഴുള്ള പുതിയ റൂട്ടിങ് സൗകര്യമായ magisk ഓപ്ഷനും ഉപയോഗിക്കാം.

അവസാനവാക്ക്
മുകളിൽ പറഞ്ഞതെല്ലാം ഏതൊരു ഫോൺ റൂട്ട് ചെയ്യുന്നതിനും ആവശ്യമായ പൊതുവായ കാര്യങ്ങൾ മാത്രമാണെന്ന് മനസ്സിലായല്ലോ. റൂട്ടിങ് പ്രക്രിയ എങ്ങനെ എന്ന ഒരു ആശയം നിങ്ങൾക്ക് ലഭിച്ചുവല്ലോ. ഇനി നിങ്ങളുടെ മോഡലിന് അനുസരിച്ച് xda വെബ്സൈറ്റിൽ കയറി റൂട്ടിങ് ചെയ്തു തുടങ്ങാം.


Click it and Unblock the Notifications