ഗൂഗിൾപേയും ഫോൺപേയുമൊക്കെ ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കുക! ഫോൺ നഷ്ടമായാൽ ഇങ്ങനെ ചെയ്യണം
സ്മാർട്ട്ഫോണുകളെ ചുറ്റിപ്പറ്റി മനുഷ്യജീവിതം കൂടുതൽ ആയാസരഹിതമായി മാറിക്കൊണ്ടിരിക്കുന്നു. ബാങ്കിങ് പോലുള്ള വലിയ കാര്യങ്ങൾപോലും ഇന്ന് വളരെ ഈസിയായി എവിടെയിരുന്നും ഏത് സമയത്തും സ്മാർട്ട്ഫോൺ വഴി നിർവഹിക്കാൻ സാധിക്കും. എന്നാൽ ഇതിന് ഒരു മറുവശവുമുണ്ട്. നാം മാത്രമല്ല, ക്രിമിനലുകളും തങ്ങളുടെ തൊഴിൽ അനായാസമാക്കാൻ സ്മാർട്ട്ഫോണുകളെയും ടെക്നോളജിയെയും ഉപയോഗപ്പെടുത്തുന്നുണ്ട്. അതായത് സൈബർ മേഖലയിൽ ക്രിമിനലുകൾ ധാരാളമുണ്ട്. അതിനാൽത്തന്നെ ഓൺലൈൻ തട്ടിപ്പുകളും പല വിധത്തിൽ, പല രൂപത്തിൽ, പല ഭാവത്തിൽ നടക്കുന്നു. ഇതിൽനിന്ന് നമ്മെ രക്ഷിക്കാൻ നമുക്ക് മാത്രമേ സാധിക്കൂ. അതിനായി എപ്പോഴും ജാഗ്രത പുലർത്തുക എന്നതു മാത്രമാണ് ചെയ്യാനാകുക.
നമ്മുടെ സ്മാർട്ട്ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെയും സമ്പാദ്യത്തിന്റെയും താക്കോൽ ഒളിച്ചുവച്ചിരിക്കുന്ന സ്ഥലം കൂടിയാണ്. അതിനാൽ സ്മാർട്ട്ഫോൺ നഷ്ടമായാൽ നമ്മുടെ രഹസ്യങ്ങളും സമ്പാദ്യവുമൊക്കെത്തന്നെയാണ് അപകടത്തിലാകുന്നത്. പ്രത്യേകിച്ച് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത് ഉപയോഗിച്ചു വരുന്ന നമ്പർ അടങ്ങിയ സ്മാർട്ട്ഫോൺ ആണെങ്കിൽ അപകടം ഏറെയാണ്.

സ്മാർട്ട്ഫോൺ മറവി മൂലമോ, മോഷണം മൂലമോ മറ്റേതെങ്കിലും കാരണങ്ങൾ മൂലമോ കൈമോശം വന്നാൽ നാം അക്കൗണ്ടിലുള്ള പണം സുരക്ഷിതമാക്കാൻ യുപിഐ ഉപയോക്താക്കൾ ചില കാര്യങ്ങൾ അറിഞ്ഞ് വയ്ക്കുന്നത് നല്ലതാണ്. അതായത്, യുപിഐ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള ചില എളുപ്പവഴികൾ. ഇതിലൂടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാനുള്ള റിസ്ക് കുറയ്ക്കാൻ സാധിക്കും.
ഒടിപി അടക്കമുള്ള ബാങ്കിങ് സുരക്ഷ ശക്തമാക്കുന്ന ഫീച്ചറുകളും മറ്റും നമ്മുടെ ഫോണിലെ സിം കാർഡ് കേന്ദ്രീകരിച്ചാണ് എത്തുന്നത്. അതിനാൽത്തന്നെ ഫോൺ മോഷ്ടിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നതെങ്കിൽ കാര്യങ്ങൾ ഗുരുതരമാണ്. ദൂരെയിരുന്നുതന്നെ ഡിവൈസ് ലോക്ക് ചെയ്യാനും ഡാറ്റ മായ്ക്കാനുമൊക്കെയുള്ള സൗകര്യങ്ങൾ ലഭ്യമായതിനാൽ ഫെൻഡ് മൈ ഡിവൈസ് പോലെയുള്ള ഫീച്ചറുകൾ ആക്റ്റിവേറ്റ് ചെയ്തിട്ടുള്ള സ്മാർട്ട്ഫോൺ ഉടമകൾക്ക് കുറച്ച് കൂടി സുരക്ഷിതത്വം ലഭിക്കും.

ഫോൺ നമ്മുടെ കൈയിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നഷ്ടമായി എന്ന് ഉറപ്പായാൽ ബാങ്ക് അക്കൗണ്ടിലെ പണം മോഷ്ടിക്കപ്പെടുന്നത് തടയാൻ ഈ ആപ്പുകൾ താത്കാലികമായി ബ്ലോക്ക് ചെയ്യുന്നത് നല്ലതാണ്. ഗൂഗിൾ പേ, ഫോൺപേ, എന്നീ ആപ്പുകളെല്ലാം ഇങ്ങനെ ബ്ലോക്ക് ചെയ്യാൻ സാധിക്കും. അത് എങ്ങനെയെന്ന് പരിചയപ്പെടാം.
ഫോൺപേ(PhonePe) ബ്ലോക്ക് ചെയ്യാനുള്ള വഴി: 08068727374 അല്ലെങ്കിൽ 02268727374 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് സഹായം തേടാം. പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ നഷ്ടമായ ഡിവൈസിൽ ഫോൺപേയിൽ ലോഗിൻ ചെയ്തിരിക്കുന്ന ഫോൺ നമ്പർ നൽകുക. വെരിഫൈ ചെയ്യാൻ ആയി നമ്മുടെ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. ആ ഘട്ടത്തിൽ ഒടിപി ലഭിച്ചിട്ടില്ല എന്നത് സെലക്റ്റ് ചെയ്യുക.
തുടർന്ന് സിം കാർഡ് അല്ലെങ്കിൽ ഡിവൈസ് നഷ്ടമായത് റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ശേഷം ഫോൺ പേ റെപ്രസെന്ററ്റേറ്റീവുമായി സംസാരിക്കാം. ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്, ലാസ്റ്റ് പേയ്മെന്റ് ഡീറ്റയിൽസ്, ട്രാൻസാക്ഷൻ വാല്യൂ തുടങ്ങിയ വിവരങ്ങൾ നൽകുമ്പോൾ ഫോൺപേ പ്രതിനിധി അക്കൗണ്ട് ബ്ലോക്ക്ചെയ്യാൻ സഹായിക്കും.

ഗൂഗിൾ പേ(Google Pay) ബ്ലോക്ക് ചെയ്യേണ്ട വിധം: 18004190157 എന്ന നമ്പറിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടണം. ഗൂഗിൾ പേ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ ഒരു കസ്റ്റമർ കെയർ റെപ്രസെന്ററ്റീവ് ഉണ്ടാകും. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ വിദൂരത്തിരുന്നുതന്നെ ഡാറ്റ മായ്ക്കാൻ കഴിയും. ഫൈൻഡ് മൈ ഡിവൈസ് ഫീച്ചറിന് അനുബന്ധമായി ഈ സൗകര്യം ലഭിക്കും.


Click it and Unblock the Notifications








