സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കായി ചില 'എമർജൻസി' അറിവുകൾ
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും രാജ്യം കൂടുതൽ ഡിജിറ്റൽ വൽക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പണം നേരിട്ട് നൽകി സാധനങ്ങൾ വാങ്ങിയിരുന്ന സമ്പ്രദായം പലയിടങ്ങളിലും കുറഞ്ഞു. നമ്മുടെ നാട്ടിലും ഈ രീതി കുറഞ്ഞുവരുന്നുണ്ട്. ഏറെ സൗകര്യപ്രദം എന്ന നിലയിൽ ഇന്ന് യുപിഐ ഇടപാടുകളാണ് കൂടുതൽ പേർക്കും താൽപര്യം.
നമ്മുടെ നാട്ടിലും തട്ടുകട മുതൽ പെട്രോൾ പമ്പുവരെ എല്ലായിടത്തും ക്യുആർ കോഡുകൾ ഇടംപിടിച്ച് തുടങ്ങിയിരിക്കുന്നു. യുപിഐ പേയ്മെന്റ് പ്രചരിച്ചതോടെ എല്ലാവരുടെയും സ്മാർട്ട്ഫോണുകളിൽ ഇന്ന് യുപിഐ ആപ്പുകൾ കാണാം. എന്നാൽ നമ്മുടെ സ്മാർട്ട്ഫോൺ ഏത് നിമിഷം വേണമെങ്കിലും മോഷണം പോകുകയോ മറ്റേതെങ്കിലും വിധത്തിൽ നഷ്ടപ്പെടുകയോ ചെയ്യാം.

അങ്ങനെ ഒരു സാധ്യത നിലനിൽക്കുന്നതിനാൽ തന്നെ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്ന എല്ലാ സ്മാർട്ട്ഫോൺ ഉടമകളും തങ്ങളുടെ സ്മാർട്ട്ഫോൺ ഏതെങ്കിലും കാരണവശാൽ നഷ്ടപ്പെട്ടാൽ, പണം നഷ്ടമാകാതിരിക്കാൻ പ്രാഥമികമായി എന്താണ് ചെയ്യേണ്ടത് എന്ന് അറിഞ്ഞിരിക്കണം. കാരണം സ്മാർട്ട്ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുമ്പോൾ നമ്മുടെ യുപിഐ പ്ലാറ്റ്ഫോം മറ്റൊരാൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.
ഫോൺ മോഷ്ടിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നതെങ്കിൽ കാര്യങ്ങൾ ഗുരുതരമാണ്. ഫോണിന്റെ സുരക്ഷാ ക്രമീകരണങ്ങൾ മറികടക്കാൻ മോഷ്ടാക്കൾക്കും തട്ടിപ്പുകാർക്കും നിസാര സമയം മതി. കൂടാതെ, ഒടിപി അടക്കമുള്ള ബാങ്കിങ് സുരക്ഷ ശക്തമാക്കുന്ന ഫീച്ചറുകളും മറ്റും നമ്മുടെ ഫോണിലെ സിം കാർഡ് കേന്ദ്രീകരിച്ചാണ് എത്തുന്നത് എന്ന് ഓർക്കണം.
ഫെൻഡ് മൈ ഡിവൈസ് പോലെയുള്ള ഫീച്ചറുകൾ ആക്റ്റിവേറ്റ് ചെയ്തിട്ടുള്ള സ്മാർട്ട്ഫോൺ ഉടമകൾക്ക് കുറച്ച് കൂടി സുരക്ഷിതത്വം ലഭിക്കും. ദൂരെയിരുന്ന് തന്നെ ഡിവൈസ് ലോക്ക് ചെയ്യാനും ഡാറ്റ മായ്ക്കാനുമൊക്കെയുള്ള സൗകര്യങ്ങൾ ഇവയ്ക്കൊപ്പം ലഭ്യമാണ്. ഇത്തരം ഫീച്ചറുകൾ യൂസ് ചെയ്യാത്തവരും ഫോണിൽ ലോക്ക് ഫീച്ചറുകൾ സെറ്റ് ചെയ്യാത്തവരും കൂടുതൽ അപകടത്തിലാണ്.
ഫോൺ നഷ്ടമാകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ, ആ ഫോൺ ഉപയോഗിച്ച് മറ്റാരെങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം മോഷ്ടിക്കുന്നത് തടയാൻ ഈ ആപ്പുകൾ താത്കാലികമായി ബ്ലോക്ക് ചെയ്യുന്നതാണ് നല്ലത്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നീ ആപ്പുകളെല്ലാം ഇങ്ങനെ ബ്ലോക്ക് ചെയ്യാൻ സാധിക്കും. നഷ്ടമായ സ്മാർട്ട്ഫോണിലെ യുപിഐ ആപ്പുകൾ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

പേടിഎം (Paytm): നഷ്ടമായ സ്മാർട്ട്ഫോണിലെ പേടിഎം ആപ്പ് ബ്ലോക്ക് ചെയ്യുന്നതിന് ആദ്യം പേടിഎം പേയ്മെന്റ് ബാങ്ക് ഹെൽപ്പ്ലൈനുമായി ബന്ധപ്പെടണം. 01204456456 എന്ന നമ്പറിൽ വിളിച്ചാൽ പേടിഎം ഹെൽപ്പ്ലൈനുമായി ബന്ധപ്പെടാൻ സാധിക്കും. തുടർന്ന് ലോസ്റ്റ് ഫോൺ ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ശേഷം "എന്റർ എ ഡിഫറന്റ് നമ്പർ" ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
ശേഷം നഷ്ടപ്പെട്ട ഫോൺ നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക. തുടർന്ന് വരുന്ന ഓപ്ഷനിൽ സെലക്റ്റ് ടു ലോഗ് ഔട്ട് ഓഫ് എവരി ഡിവൈസ് എനേബിൾ ചെയ്യണം. തുടർന്ന് പേടിഎം വെബ്സൈറ്റിൽ പോയി 24x7 ഹെൽപ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക. റിപ്പോർട്ട് എ ഫ്രോഡ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ഏതെങ്കിലും ഒരു ക്യാറ്റഗറി സെലക്റ്റ് ചെയ്യുക.
പ്രശ്നം സെലക്റ്റ് ചെയ്തശേഷം, 'മെസേജ് അസ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളാണ് അക്കൗണ്ട് ഉടമയെന്നുള്ള തെളിവ് നൽകേണ്ടി വരും. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ്, കൺഫർമേഷൻ മെയിൽ, ട്രാൻസാക്ഷനുമായി ബന്ധപ്പെട്ട എസ്എംഎസ്, ഫോൺ നമ്പർ ഓണർഷിപ്പ് ഡോക്യുമെന്റ്, ഫോൺ നഷ്ടപ്പെട്ടതായുള്ള പോലീസ് റിപ്പോർട്ട് എന്നിവയൊക്കെ തെളിവായി പരിഗണിക്കും. ഇത്രയും പൂർത്തീകരിച്ചാൽ താത്കാലികമായി പേടിഎം ബ്ലോക്ക് ചെയ്യപ്പെടും.

ഗൂഗിൾ പേ(Google Pay): ആദ്യം കസ്റ്റമർ കെയറുമായി ബന്ധപ്പെടണം. ഇതിനായി 18004190157 എന്ന നമ്പറാണ് ഉപയോഗിക്കേണ്ടത്. ഗൂഗിൾ പേ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ ഒരു കസ്റ്റമർ കെയർ റെപ്രസെന്ററ്റീവ് ഉണ്ടാകും. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ വിദൂരത്തിരുന്നുതന്നെ ഡാറ്റ മായ്ക്കാൻ കഴിയും. ഫൈൻഡ് മൈ ഡിവൈസ് ഫീച്ചറിന് അനുബന്ധമായി ഈ സൗകര്യം ലഭിക്കും.

ഫോൺപേ(PhonePe): അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി ഫോൺപേ ഉപയോക്താക്കൾക്ക് 08068727374 അല്ലെങ്കിൽ 02268727374 എന്നീ നമ്പരുകളിൽ ബന്ധപ്പെടാൻ കഴിയും. പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ നഷ്ടമായ ഡിവൈസിൽ ഫോൺപേയിൽ ലോഗിൻ ചെയ്തിരിക്കുന്ന ഫോൺ നമ്പർ നൽകുക. വെരിഫൈ ചെയ്യാൻ ആയി നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും.
തുടർന്ന്, എനിക്ക് ഒടിപി ലഭിച്ചിട്ടില്ല എന്നത് സെലക്റ്റ് ചെയ്യുക. ശേഷം സിം കാർഡ് അല്ലെങ്കിൽ ഡിവൈസ് നഷ്ടമായത് റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ സെലക്റ്റ് ചെയ്യുക. തുടർന്ന് ഫോൺപേ റെപ്രസെന്ററ്റേറ്റീവുമായി സംസാരിക്കാം. ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്, ലാസ്റ്റ് പേയ്മെന്റ് ഡീറ്റയിൽസ്, ട്രാൻസാക്ഷൻ വാല്യൂ തുടങ്ങിയ വിവരങ്ങൾ നൽകുമ്പോൾ ഫോൺപേ പ്രതിനിധി അക്കൗണ്ട് ബ്ലോക്ക്ചെയ്യാൻ സഹായിക്കും.


Click it and Unblock the Notifications








