5ജിയെക്കാൾ വേഗത്തിൽ ബിഎസ്എൻഎൽ 5ജി സിം വീട്ടിൽ എത്തും! ദാ ഇങ്ങനെ ബുക്ക് ചെയ്താൽ മതി
ഇന്ത്യയിൽ പ്രധാനമായും നാല് ടെലിക്കോം കമ്പനികൾ ഉണ്ടെങ്കിലും താങ്ങാനാകുന്ന നിരക്കിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കാര്യത്തിൽ മുന്നിലുള്ളത് സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) ആണ്. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമായിട്ടുള്ളത്. എങ്കിലും 4ജി, 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ വൈകിയതിനാൽ ബിഎസ്എൻഎൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇപ്പോൾ മറ്റ് ടെലിക്കോം കമ്പനികളുമായുള്ള മത്സരത്തിന്റെ കൂടി ഭാഗമായി ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാരെ കൂടുതൽ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്.
ഈ ഏപ്രിൽ മാസം ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് മന്ത് ആയി പ്രഖ്യാപിച്ചിരിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ പരാതികളും നിർദേശങ്ങളുമൊക്കെ ബിഎസ്എൻഎല്ലിനെ അറിയിക്കാനും കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കമ്പനിയെ സഹായിക്കാനും വേണ്ടിയാണ് ഇത്തരമൊരു നീക്കം. ഇത് കൂടാതെ ആളുകളെ ബുദ്ധിമുട്ടിക്കാതെ അവർക്ക് സേവനങ്ങൾ എത്തിച്ച് നൽകാനും ബിഎസ്എൻഎൽ നടപടി സ്വീകരിച്ചിട്ടുണ്ട്.

അധികം വൈകാതെ ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയാകും. ഇതിന് പിന്നാലെ 5ജി സേവങ്ങൾ ആരംഭിക്കും എന്നാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്. 5ജി ആംഭിച്ചിട്ടില്ലെങ്കിലും ബിഎസ്എൻഎൽ 5ജി സിം കാർഡുകൾ ഇതിനകം വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് സൗജന്യമായി ഇവ ബുക്ക് ചെയ്യാനും വീട്ടുവാതിൽക്കൽ ലഭ്യമാക്കാനും വേണ്ട നടപടികളും ബിഎസ്എൻഎൽ കൈക്കൊണ്ടിട്ടുണ്ട്.
ഉപയോക്താക്കൾക്ക് മൊബൈൽ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായിട്ടാണ് ഇപ്പോൾ ബിഎസ്എൻഎൽ 5G, 4G സിം കാർഡുകൾക്കായി ഹോം ഡെലിവറി സേവനം ആരംഭിച്ചിരിക്കുന്നത്. അതായത് നിങ്ങൾക്ക് ഒരു പുതിയ ബിഎസ്എൻഎൽ സിം കാർഡ് ഓൺലൈനായി ഓർഡർ ചെയ്യാനും മണിക്കൂറുകൾക്കുള്ളിൽ അത് വീട്ടുവാതിൽക്കൽ എത്തിക്കാനും കഴിയും!

വഴികാട്ടി എയർടെൽ: ഓൺലൈൻ സിം ഡെലിവറിയിൽ ബിഎസ്എൻഎല്ലിന്റെ വഴികാട്ടി എയർടെൽ ആണെന്ന് പറയാം. കാരണം വേഗത്തിലുള്ള സിം ഡെലിവറികൾക്കായി എയർടെൽ ബ്ലിങ്കിറ്റുമായി (Blinkit) പാർട്നർഷിപ്പിൽ ഏർപ്പെട്ടിരിക്കുന്നു. ഇതേ പാത പിന്തുടർന്നാണ് ബിഎസ്എൻഎല്ലും സ്വന്തമായി ഹോം ഡെലിവറി സിം ബുക്കിംഗ് സേവനം അവതരിപ്പിച്ചത്.
ട്രായിയുടെ ഏറ്റവുമൊടുവിൽ പുറത്തുവന്ന രണ്ട് പ്രതിമാസ റിപ്പോർട്ടുകളിലും ഏറ്റവുമധികം പുതിയ വരിക്കാരെ സ്വന്തമാക്കിയത് എയർടെൽ ആണ്. ഏറ്റവുമധികം ടെലിക്കോം വരിക്കാരുമായി ഒന്നാം സ്ഥാനത്തുള്ള ജിയോയെപ്പോലും പിന്നിലാക്കിയാണ് പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ എയർടെൽ മുന്നിലെത്തിയത്. ജനുവരിയിലും ഫെബ്രുവരിയിലും കൂടുതൽ പുതിയ വരിക്കാർ എത്തിയത് എയർടെലിലേക്കാണ്.
എയർടെൽ ഉൾപ്പെടെയുള്ള എതിരാളികൾക്ക് കടുത്ത മത്സരം നൽകാനും വിലകുറഞ്ഞ പ്ലാനുകളും വേഗത്തിലുള്ള സേവനവും ഉപയോഗിച്ച് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും കഴിയുമെന്ന് ബിഎസ്എൻഎൽ കരുതുന്നു. ഓൺലൈൻ സിം ഡെലിവറി സംവിധാനം കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ സഹായിച്ചേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിഎസ്എൻഎല്ലിൽ പഴഞ്ചൻ സംവിധാനങ്ങളാണ് എന്ന തോന്നൽ മാറ്റാനും ഈ ഓൺലൈൻ സിം ഡെലിവറി സഹായിക്കും.

ബിഎസ്എൻഎൽ സിം ഓൺലൈനായി ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഇതാ: ആദ്യം ഔദ്യോഗിക പാർട്നർ വെബ്‌സൈറ്റ് സന്ദർശിക്കുക (https://prune.co.in/). തുടർന്ന് 'സിം കാർഡ് വാങ്ങുക' എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് രാജ്യം എന്നതിൽ 'ഇന്ത്യ' സെലക്ട് ചെയ്യുക. ശേഷം ടെലികോം ഓപ്പറേറ്ററായി 'BSNL' തിരഞ്ഞെടുക്കുക.
തുടർന്ന് ആദ്യ റീചാർജ് (FRC) ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിന് ശേഷം ഡീറ്റെയിൽസ് നൽകി OTP പരിശോധന പൂർത്തിയാക്കുക. തുടർന്ന് നിങ്ങളുടെ വിലാസം പൂരിപ്പിച്ച് ഫോം സമർപ്പിക്കുക. ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞാൽ, മണിക്കൂറുകൾക്കുള്ളിൽ ബിഎസ്എൻഎൽ സിം നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കും. വളരെ ഈസിയായി ബിഎസ്എൻഎൽ സിം കാർഡ് സ്വന്തമാക്കാൻ ഈ മാർഗം തെരഞ്ഞെടുക്കാവുന്നതാണ്.


Click it and Unblock the Notifications








