സ്മാര്‍ട്‌ഫോണ്‍ ബാറ്ററി ചോരാതെ സൂക്ഷിക്കാം

By Super
|
സ്മാര്‍ട്‌ഫോണ്‍ ബാറ്ററി ചോരാതെ സൂക്ഷിക്കാം

വിവിധ തരം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ സ്മാര്‍ട്‌ഫോണുകളില്‍ ബാറ്ററി അധികനേരം നില്‍ക്കാറില്ല. ഓഫീസില്‍ നിന്നോ വീട്ടില്‍ നിന്നോ വിട്ടുനില്‍ക്കുന്നവര്‍ക്ക് എല്ലായ്‌പ്പോഴും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും സാധിക്കണമെന്നില്ല. അപ്പോള്‍ ചാര്‍ജ്ജ് തീരുമ്പോള്‍ എന്തുചെയ്യും? അതിലും നല്ല ചോദ്യം ചാര്‍ജ്ജ് പെട്ടെന്ന് തീരാതിരിക്കാന്‍ എന്ത് ചെയ്യണം എന്നാണ്. ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. സ്മാര്‍ട്‌ഫോണ്‍ ബാറ്ററി പെട്ടെന്ന് തീരാതിരിക്കാനുള്ള 10 വഴികള്‍ ഇവിടെ പറയാം. നിങ്ങള്‍ക്കും ഇത് പരീക്ഷിക്കാം.

സ്‌ക്രീന്‍ വെളിച്ചം മങ്ങിവെക്കുക

എപ്പോഴും ഫോണ്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ സ്‌ക്രീനിന്റെ വലുപ്പത്തെ ഒരു പ്രധാനഘടകമായി വാങ്ങുന്നയാള്‍ കരുതാറുണ്ട്. എന്നാല്‍ നിങ്ങള്‍ക്കറിയുമോ ഫോണിന്റെ ബാറ്ററിയുടെ ഒരു വലിയ ഭാഗവും തീര്‍ക്കുന്നത് ഈ ഡിസ്‌പ്ലെയാണ്. അതിനര്‍ത്ഥം വലിയ ഡിസ്‌പ്ലെ ഫോണുകള്‍ ഉപയോഗിക്കേണ്ട എന്നല്ല, മറിച്ച് അവ ഉപയോഗിക്കുമ്പോള്‍ ഡിസ്‌പ്ലെയുടെ ബ്രൈറ്റ്‌നസ് കുറച്ചുപയോഗിക്കണം. മിക്ക സ്മാര്‍ട്‌ഫോണുകള്‍ക്കും ഓട്ടോ-ബ്രൈറ്റ്‌നസ് സൗകര്യം ഉണ്ടാകാറുണ്ട്. ഫോണ്‍ ഉപയോഗിക്കുന്ന സ്ഥലത്തെ വെളിച്ചത്തിനനുസരിച്ച് ഇത് സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ് ക്രമപ്പെടുത്തും. എങ്കിലും ഇതിലും നിങ്ങള്‍ക്ക് സ്വന്തമായി ഒരു കാര്യം ചെയ്യാം. സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് കണ്ണിന് ആയാസം തോന്നാത്ത വിധത്തില്‍ വീണ്ടും കുറക്കാന്‍ നിങ്ങള്‍ക്കാകും.

സ്‌ക്രീന്‍ ടൈംഔട്ട് സൗകര്യം ഉപയോഗിക്കുക

സ്മാര്‍ട്‌ഫോണ്‍ ബാറ്ററിയുടെ ആയുസ്സ് കുറക്കുന്ന സ്‌ക്രീനിനെക്കുറിച്ചു തന്നെയാണ് ഇവിടെയും പറയുന്നത്. ഫോണുകളുടെ ഡിസ്‌പ്ലെ സെറ്റിംഗ്‌സ് മെനുവില്‍ സ്‌ക്രീന്‍ ടൈംഔട്ട് എന്ന സൗകര്യം കാണാനാകും. ഒരു നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ ഫോണ്‍ സ്‌ക്രീനിനെ പ്രകാശം അണയ്ക്കാനാണ് ടൈംഔട്ട് കൊണ്ട് സാധിക്കുക. അതായത് നമ്മള്‍ സെറ്റ് ചെയ്യുന്ന സമയം കഴിഞ്ഞാല്‍ ഡിസ്‌പ്ലെ ലൈറ്റ് അണയും. മിക്ക ആന്‍േേഡ്രായിഡ് ഫോണുകളിലും സ്‌ക്രീന്‍ ടൈംഔട്ടിന് ഏറ്റവും കുറഞ്ഞ സമയപരിധി 15 സെക്കന്റാണ്. അത് എത്രവേണമെങ്കിലും ഉയര്‍ത്താം. ഫോണില്‍ സ്‌ക്രീന്‍ ടൈംഔട്ട് സെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ സെറ്റ് ചെയ്യുക. സെറ്റ് ചെയ്തവര്‍ 2 മിനുട്ടൊക്കെ ടൈംഔട്ട് ആയി കൊടുത്തിട്ടുണ്ടെങ്കില്‍ അത് 30 സെക്കന്റായോ അതില്‍ കുറവായോ കുറക്കുക.

ബ്ലൂടൂത്ത് ഓഫ് ചെയ്യുക

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളുടെ പ്രവര്‍ത്തനം ആവശ്യമില്ലാത്ത സമയങ്ങളില്‍ ബ്ലൂടൂത്ത് ഓഫ് ചെയ്തുവെക്കുക. ഇത് ഫോണിന്റെ സുരക്ഷയ്ക്കും ബാറ്ററിയും ആയുസ്സിനും നല്ലതാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴാണ് ബ്ലൂടൂത്ത് റേഡിയോയുടെ ആവശ്യം ഏറെയും വരിക. എന്നാല്‍ കോളുകള്‍ വരില്ലെന്ന് ഉറപ്പുള്ള അവസരങ്ങളിലും വാഹനത്തില്‍ യാത്ര ചെയ്യാതിരിക്കുമ്പോഴും ബ്ലൂടൂത്ത് റേഡിയോ ഓഫ് ചെയ്തുവെക്കുന്നത് ബാറ്ററി ഉപഭോഗം ഒരളവ് വരെ കുറക്കുകയും ബാറ്ററി ആയുസ്സ് ഒരുമണിക്കൂറോളം ഉയര്‍ത്തുകയും ചെയ്യും.

വൈഫൈ ടേണ്‍ ഓണ്‍ ചെയ്യുക

ബ്ലൂടൂത്ത് പോലെ തന്നെ സിഗ്നല്‍ പിടിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കണക്റ്റിവിറ്റിയാണ് വൈഫൈ. ഉപയോഗിക്കാത്ത സമയത്ത് ഇവ ഓഫ് ചെയ്തുവെക്കുന്നത് പുറത്തെ സിഗ്നല്‍ വലിച്ചെടുക്കുക എന്ന പ്രവൃത്തിയില്‍ നിന്ന് വൈഫൈയ്ക്കും ഒഴിവ് നല്‍കും. അത് ബാറ്ററിയുടെ ഉപഭോഗം കുറയാനും ഇടവരുത്തും. ഹോം നെറ്റ്‌വര്‍ക്ക് അതിവേഗതയോടെ ഉപയോഗിക്കണം എന്നുള്ളപ്പോള്‍ മാത്രം വൈഫൈ ഓണ്‍ചെയ്ത് വെക്കുന്നതാണ് നല്ലത്.

ജിപിഎസ് മനസ്സിലാക്കി ഉപയോഗിക്കുക

ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലാക്കാന്‍ ഉപഗ്രഹമാര്‍ഗ്ഗം സിഗ്നലുകള്‍ സ്വീകരിക്കാനും ലഭ്യമാക്കാനും കഴിവുള്ള ഒരു ചെറിയ റേഡിയോ സംവിധാനമാണ് ജിപിഎസ്. ഇപ്പോള്‍ സ്മാര്‍ട്‌ഫോണുകളിലെ മിക്ക ആപ്ലിക്കേഷനുകളും ഫോണിന്റെ ലൊക്കേഷന്‍ അറിയുന്നതിനായി ജിപിഎസ് ആക്‌സസ് ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ എല്ലാ ആപ്ലിക്കേഷനുകള്‍ക്കും ജിപിഎസ് ആക്‌സസ് അനുവദിച്ചു നല്‍കുമ്പോള്‍ അവ മിക്ക സമയങ്ങളിലും ജിപിഎസിനെ ഉപയോഗിച്ച് ഫോണിന്റെ ബാറ്ററി നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്നു. അതിനാല്‍ ആവശ്യമെന്ന് തോന്നുന്ന ആപ്ലിക്കേഷനുകള്‍ക്ക് മാത്രം ജിപിഎസ് ആക്‌സസ് നല്‍കുക. അല്ലാത്തവയോട് ഇല്ല എന്ന് പറയാന്‍ സാധിക്കണം.

അനാവശ്യ ആപ്ലിക്കേഷനുകള്‍ വേണ്ട

സ്മാര്‍ട്‌ഫോണുകള്‍ വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആപ്ലിക്കേഷനുകളുടെ പ്രളയം. ഇപ്പോള്‍ ഒരുവിധം എല്ലാ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്കും ഡെവലപര്‍മാര്‍ക്കും സ്വന്തമായി ആപ്ലിക്കേഷന്‍ സ്റ്റോറുകളുണ്ട്. ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക. മാത്രമല്ല, ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നവയാണ് ഇപ്പോഴത്തെ സ്മാര്‍ട്‌ഫോണുകളില്‍ ഏറിയ പങ്കും. മള്‍ട്ടിടാസ്‌കിംഗ് എന്നാണ് ഇതിനെ വിളിക്കുന്നത്. ബാറ്ററിയുടെ ആയുസ്സ് പെട്ടെന്ന് തീര്‍ക്കുന്ന പ്രവൃത്തിയാണ് മള്‍ട്ടി ടാസ്‌കിംഗ്. ഓരോ ആപ്ലിക്കേഷനുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ ഫോണിന്റെ പ്രോസസര്‍ ആവശ്യമാണെന്നിരിക്കെ ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കാന്‍ പ്രോസസര്‍ എത്രവേഗതയില്‍ പ്രവര്‍ത്തിക്കേണ്ടി വരും? ഇത് എത്രത്തോളം ബാറ്ററി തീര്‍ക്കും? അതിനാല്‍ അനാവശ്യ ആപ്ലിക്കേഷനുകളെ ഓഫ് ചെയ്യുക.

ആന്‍ഡ്രോയിഡില്‍ ടാസ്‌ക് കില്ലര്‍ എന്നൊരു ആപ്ലിക്കേഷനുണ്ട്. ഫോണിന്റെ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകള്‍ എത്രയുണ്ടെന്ന് കണ്ടെത്താനും അവ ഓഫ് ചെയ്യാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും. അങ്ങനെ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം തത്കാലത്തേക്ക് നിര്‍ത്തിവെക്കാം. ഐഒഎസ് ഹോംബട്ടണിലും ഇത്തരമൊരു സൗകര്യം ഉണ്ട്.

വൈബ്രേഷന്‍ ഉപയോഗിക്കേണ്ട

ഫോണ്‍ വൈബ്രേഷന്‍ മോഡില്‍ വെക്കുന്ന ശീലം ഇപ്പോള്‍ മിക്കവരിലും ഉണ്ട്. റിംഗ്‌ടോണിന്റെ ശല്യം കുറക്കുകയാണ് ഇതിന് പിന്നിലെ ഉദ്ദേശമെങ്കിലും ബാറ്ററിയെ തീര്‍ക്കാന്‍ ഈ വൈബ്രേഷന്‍ ധാരാളമാണെന്ന് നിങ്ങള്‍ക്കറിയുമോ? അതിനാല്‍ വൈബ്രേഷന്‍ മോഡ് അത്യാവശ്യ സമയങ്ങളില്‍ മാത്രം തെരഞ്ഞെടുക്കുക.

അനാവശ്യ നോട്ടിഫിക്കേഷനുകള്‍ ടേണ്‍ഓഫ് ചെയ്യുക

ഫോണുകളിലേക്ക് ഇടക്കിടെ നോട്ടിഫിക്കേഷന്‍ വരുന്നത് ബാറ്ററിയുടെ ദൈര്‍ഘ്യത്തെ ബാധിക്കാറുണ്ട്. ആപ്ലിക്കേഷനുകള്‍ ആക്‌സസ് ചെയ്യുമ്പോള്‍ അവ വാഗ്ദാനം ചെയ്യുന്ന നോട്ടിഫിക്കേഷന്‍ ഓപ്ഷനുകളെ പരമാവധി ഉപയോഗിക്കാതിരിക്കുക.

പവര്‍ സേവര്‍ മോഡ്

ഇപ്പോള്‍ വരുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ പലതിലും പവര്‍ സേവര്‍ മോഡ് ഉണ്ട്. ബാറ്ററി ദൈര്‍ഘ്യം ഉയര്‍ത്താന്‍ സഹായിക്കുന്ന സ്‌ക്രീന്‍ വെളിച്ചം കുറക്കല്‍, സ്‌ക്രീന്‍ ടൈംഔട്ട്, വൈബ്രേഷന്‍ ഓഫ് എന്നിവയെല്ലാം പവര്‍ സേവര്‍ മോഡ് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിപ്പിക്കാറുണ്ട്. ബാറ്ററി 20 ശതമാനം മാത്രം ബാക്കിയാകുമ്പോഴാണ് പവര്‍ സേവര്‍ മോഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുക. എന്നാല്‍ ബാറ്ററി 30 ശതമാനം ബാക്കിയുള്ളപ്പോള്‍ പവര്‍ സേവര്‍ മോഡ് പ്രവര്‍ത്തിക്കാന്‍ വേണ്ടി സെറ്റ് ചെയ്തുവെക്കാവുന്നതാണ്. ഇത് കൂടുതല്‍ നേരം ബാറ്ററിയെ നിലനിര്‍ത്തും.

പവര്‍ മാനേജ്‌മെന്റ് ആപ്ലിക്കേഷനുകള്‍

ഒരു സ്മാര്‍ട്‌ഫോണില്‍ അത്യാവശ്യം വേണ്ട ആപ്ലിക്കേഷനുകളാണ് പവര്‍ മാനേജ്‌മെന്റ് ആപ്ലിക്കേഷനുകള്‍. നിങ്ങളുടെ ഫോണില്‍ ബാറ്ററി അനാവശ്യമായി ചെലവാകുന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് സാധിക്കും. ജ്യൂസ്ഡിഫണ്ടര്‍ ഇത്തരം ആപ്ലിക്കേഷന് ഉത്തമ ഉദാഹരണമാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X