കാശുചെലവുള്ള കാര്യമല്ല, കാശ് പോകാതിരിക്കാനുള്ള കാര്യമാണ്! ഗൂഗിൾ പേ പാസ്വേഡ് എങ്ങനെ മാറ്റാം എന്ന് ഇതാ
യുപിഐ (Unified Payments Interface) ഇടപാടുകൾ ഇപ്പോൾ നാട്ടിൽ സർവസാധാരണമായിക്കഴിഞ്ഞു. ചെറിയ മുറുക്കാൻ കടകൾ പോലും യുപിഐ സ്കാനർ വഴി പേയ്മെന്റുകൾ അനുവദിക്കാറുണ്ട്, അപ്പോഴും ചില വൻകിട തിയറ്ററുകളിലും മറ്റും ഒരു ചായ വാങ്ങാൻ ചെയ്യാൽ യുപിഐ എടുക്കില്ല എന്ന് പറയാറുണ്ട് എന്നത് വേറെ കാര്യം. ഇന്ത്യക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന യുപിഐ പേയ്മെന്റ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഗൂഗിൾ പേ (Google Pay). ഇടയ്ക്ക് ചില പണിമുടക്കുകൾ ഒക്കെ നടത്തുമെങ്കിലും ഗൂഗിൾ പേ ഉപയോഗിച്ച് പണം അയയ്ക്കുന്നവർ ധാരാളമാണ്.
ഗൂഗിൾ പേയിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്താണ് ഉപയോഗം ആരംഭിക്കുന്നത്. ഈ ഘട്ടത്തിൽ പേയ്മെന്റുകൾ നടത്താനും അക്കൗണ്ടിലെ പണം സുരക്ഷിതമാക്കാനാമായി ഒരു യുപിഐ പിൻ അഥവാ പാസ്വേഡ് നാം സജ്ജീകരിക്കേണ്ടതുണ്ട്. നമ്മുടെ അക്കൗണ്ടിലെ പണത്തിന്റെ കാവൽക്കാരനും അതിലേക്കുള്ള താക്കോലും ഈ പാസ്വേഡ് ആണ്.

ഗൂഗിൾ പേയുടെ പാസ്വേഡ് എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നമ്മുടെ അക്കൗണ്ടിലുള്ള പണത്തിന്റെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. പല വിധത്തിലുള്ള സൈബർ തട്ടിപ്പുകളും നടക്കുന്നുണ്ട്. അതിനിടയ്ക്ക് പാസ്വേഡ് അലക്ഷ്യമായി കൈകാര്യം ചെയ്താൽ അക്കൗണ്ടിലുള്ള പണം അപ്രത്യക്ഷമാകുന്ന വഴി കാണില്ല. നമ്മുടെ അക്കൗണ്ടിലേക്ക് അനധികൃത ആക്‌സസ് ഉണ്ടെന്ന് സംശയിക്കുമ്പോഴോ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നതിനോ വേണ്ടി പിൻ ഇടയ്ക്ക് പുതുക്കുന്നത് നല്ലതാണ്.
ഓർത്തിരിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് തുടർച്ചയായി ഒരു പാസ്വേഡ് തന്നെ ഉപയോഗിക്കരുത്. ഗൂഗിൾ പേ പിൻ മാറ്റുന്നതിന് മുൻപ് ആപ്പ് അപ്ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തണം. കൂടാതെ ഫോൺ നമ്പർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെന്നും UPI സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഉറപ്പാക്കണം.

ഡെബിറ്റ് കാർഡ് നമ്പറിന്റെ അവസാന 6 അക്കങ്ങളും കാലഹരണ തീയതിയും ഓർമ്മയുണ്ടെന്ന് ഉറപ്പാക്കുക. പിൻ ചേഞ്ച് ചെയ്യുന്നതിനിടെ കാർഡ് ഡീറ്റെയിൽസ് നൽകേണ്ടി വന്നാൽ ഉപയോഗിക്കാൻ ഡെബിറ്റ് കാർഡ് കൈവശം വയ്ക്കുക. ഇതിലെല്ലാം ഉപരിയായി സ്ഥിരതയുള്ള ഇന്റർനെറ്റ് പിന്തുണ ഉണ്ട് എന്ന് ഉറപ്പാക്കുക.
ഗൂഗിൾ പേയിൽ UPI പിൻ മാറ്റുന്നതിനുള്ള നടപടികൾ: ആദ്യം ഫോണിൽ ഗൂഗിൾ പേ ആപ്പ് തുറക്കുക. ശേഷം സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ കാണുന്ന അക്കൗണ്ട് ഉടമയുടെ പ്രൊഫൈൽ ചിത്രത്തിലോ ഡിസ്പ്ലേ ഇമേജിലോ ടാപ്പ് ചെയ്യുക. ശേഷം ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന്, "ബാങ്ക് അക്കൗണ്ട്" അല്ലെങ്കിൽ "ബാങ്ക് & UPI ഐഡികൾ" സെലക്ട് ചെയ്യുക.
തുടർന്ന് ത്രീ ഡോട്ട്സിൽ ക്ലിക്ക് ചെയ്യുമ്പോൾ ചേഞ്ച് യുപിഐ പിൻ എന്ന് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്താൽ നിലവിലുള്ള പഴയ പാസ്വേഡ് നൽകണം. അതിന് ശേഷം പുതിയ പാസ്വേഡ് നൽകി അത് സ്ഥിരീകരിക്കുന്നതോടുകൂടി പുതിയ ഗൂഗിൾ പേ പാസ്വേഡ് നിലവിൽ വരും.

ചില സന്ദർഭങ്ങളിൽ ആളുകൾ പാസ്വേഡ് മറക്കാറുണ്ട്. അത്തരം ഘട്ടങ്ങളിൽ പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള ഓപ്ഷനും ഗൂഗിൾ പേയിലുണ്ട്. അതിനായി യുപിഐ പിൻ റീസെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക. ശേഷം "യുപിഐ പിൻ മറന്നു" അല്ലെങ്കിൽ "യുപിഐ പിൻ റീസെറ്റ് ചെയ്യുക" എന്നിവയിൽ ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങളുടെ ഡെബിറ്റ് കാർഡിന്റെ അവസാന 6 അക്കങ്ങളും അതിന്റെ വാലിഡിറ്റി തീയതിയും നൽകുക.
അതിന് ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. ആപ്പിൽ ഈ ഒടിപി നൽകുക. തുടർന്ന് ഒരു പുതിയ യുപിഐ പിൻ നൽകിയ ശേഷം അത് സ്ഥിരീകരിക്കുക. അതോടെ യുപിഐ പിൻ വിജയകരമായി റീസെറ്റ് ചെയ്യപ്പെടും. ഇത്തരം യുപിഐ പിൻ അഥവാ പാസ്വേഡ് മറ്റുള്ളവരുമായി പങ്ക് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.


Click it and Unblock the Notifications








