ഉരച്ച് കളയേണ്ട! വാങ്ങുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധി അറിയാൻ ആപ്പ് ഉണ്ട് കേട്ടോ; ചെക്ക് ചെയ്യേണ്ട വിധം ഇതാ
നവരാത്രിയും ദീപാവലിയും ഒക്കെയായി ആഘോഷങ്ങളുടെ തിരക്കിലാണ് ഇന്ത്യക്കാർ. വിവാഹ സീസണും വരാൻ പോകുന്നുണ്ട്. ഇതോടെല്ലാം അനുബന്ധിച്ച് സ്വർണക്കച്ചവടവും പൊടിപൊടിക്കുകയാണ്. എന്നാൽ ജ്വല്ലറികളിൽനിന്ന് നേരിട്ട് പോയി സ്വർണ്ണം വാങ്ങിയാൽ പോലും അത് പരിശുദ്ധമാണോയെന്ന സംശയം പലർക്കും ഉണ്ടാകാറുണ്ട്. എന്നാൽ ഒരു സ്മാർട്ട്ഫോൺ കൈയിലുണ്ടെങ്കിൽ ഇങ്ങനെ ആശങ്കപ്പെടേണ്ട കാര്യമില്ല.
കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള ഇന്ത്യയുടെ ദേശീയ സ്റ്റാൻഡേർഡ് ബോഡിയാണ്, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ( ബിഐഎസ് ). സ്വർണം വാങ്ങുന്നവരെ സഹായിക്കാനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് 'ബിഐഎസ് കെയർ ആപ്പ്' ( BIS Care app ) എന്നൊരു ആപ്പുണ്ട്.

നമ്മൾ വാങ്ങുന്ന സ്വർണത്തിന്റെ പരിശുദ്ധി നേരിട്ട് ഉറപ്പാക്കാൻ ഈ ബിഐഎസ് കെയർ ആപ്പിന്റെ സേവനം ഉപയോക്താക്കൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഐഎസ്‌ഐ ഹാൾമാർക്ക് സാക്ഷ്യപ്പെടുത്തിയ എല്ലാ സ്വർണ്ണ-വെള്ളി ആഭരണങ്ങളും ട്രാക്ക് ചെയ്യാൻ 'ബിഐഎസ് കെയർ' ആപ്പിന് കഴിയും. ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി തത്സമയം പരിശോധിക്കാൻ ആപ്പ് ഉപഭോക്താക്കളെ അനുവദിക്കുന്നു.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്കും ബിഐഎസ് കെയർ ആപ്പ് ലഭ്യമാണ്.
ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ് എന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ഈ ആപ്പ് പുറത്തിറക്കിയ സമയത്ത് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതുപയോഗിച്ച് ഏതാരാൾക്കും വാങ്ങുന്ന സ്വർണ്ണത്തിന്റെ ആധികാരികത ഉറപ്പാക്കാം.

'ബിഐഎസ് കെയർ' ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ: ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് അതത് ആപ്പ് സ്റ്റോറുകൾ, ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. രണ്ട് ആപ്പ് സ്റ്റോറുകളിലും ആപ്പിന് 4 സ്റ്റാറിന് മുകളിൽ റേറ്റിങ് ഉണ്ട്.
ബിഐഎസ് വെബ്‌സൈറ്റിലെ പതിവുചോദ്യങ്ങൾ അനുസരിച്ച്, സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് ആറ് വിഭാഗങ്ങളിലായി അനുവദിച്ചിരിക്കുന്നു. 14K, 18K, 20K, 22K, 23K, 24K എന്നിവയാണ് അവ. ബിഐഎസ് കെയർ ആപ്പ് ഉപയോക്താക്കൾക്ക് ഐഎസ്ഐയുടെ ഗുണനിലവാരം പരിശോധിക്കാം. അതിന് ഉപയോക്താക്കൾ ആദ്യം ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ബിഐഎസ് കെയർ ആപ്പിൽ സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നത് എങ്ങനെ: ആദ്യം ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇതിനുശേഷം, ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്യുക. തുടർന്ന് സ്വയം രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷനായി, ഉപയോക്താവിന്റെ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ ഉൾപ്പെടെയുള്ള ചില വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.

വിശദാംശങ്ങൾ സമർപ്പിച്ച ശേഷം, ഫോൺ നമ്പറിൽ ഒടിപി ലഭിക്കും, അത് നിങ്ങളുടെ നമ്പർ പരിശോധിച്ചുറപ്പിക്കുന്നതിന് ആപ്പിൽ നൽകണം. തുടർന്ന് ഉപയോക്താവിന് ആപ്പ് ഉപയോഗിച്ച് തുടങ്ങുകയും ഏതെങ്കിലും സ്വർണ്ണമോ വെള്ളിയോ ആഭരണങ്ങളുടെ പരിശുദ്ധി പരിശോധിക്കുകയും ചെയ്യാം. ആഭരണത്തിന്റെ പ്രസക്തമായ ഡീറ്റെയിൽസ് ലഭിക്കുന്നതിന് ആപ്ലിക്കേഷനിലെ 'Verify HUID' ഓപ്ഷനിൽ ക്ലിക്കുചെയ്‌ത് 6 അക്ക HUID നമ്പർ നൽകേണ്ടതുണ്ട്.
ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ എന്നതിന്റെ ചുരുക്ക രൂപമാണ് HUID. ബില്ലിൽ ആറക്ക HUID കോഡ് പരാമർശിക്കണമെന്ന് നിർബന്ധമില്ല. അതിനാൽ നിങ്ങൾ വാങ്ങുന്ന സ്റ്റോറിൽനിന്ന് ഈ നമ്പർ നേടാവുന്നതാണ്. ഇതിലൂടെ ആഭരണത്തിന്റെ ഡീറ്റെയിൽസ് മുഴുവൻ അറിയാം. കൂടാതെ, ആഭരണത്തിലെ ഐഎസ്ഐ നമ്പർ നൽകി ആപ്പിലെ വെരിഫൈ ലൈസൻസ് ഡീറ്റെയിൽസ് ഓപ്ഷൻ ഉപയോഗിച്ച് ആധികാരികത പരിശോധിക്കാം.
ഇവ കൂടാതെ നോ യുവർ സ്റ്റാൻഡേർഡ്സ് ( Know your Standards ) ഓപ്ഷനും ഉണ്ട്. നിലവാരവും മറ്റ് ഡീറ്റെയിൽസുകളും പരിശോധിക്കുക മാത്രമല്ല, നിലവാരം കുറവാണ് എന്ന് ബോധ്യപ്പെടുകയോ, അനധികൃതമായി വ്യാപാരമുദ്രകൾ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ട് എന്ന് തോന്നിയാൽ അത്തരം പരാതികൾ അറിയിക്കാൻ ആപ്പിന്റെ കംപ്ലയിന്റ് ഫീച്ചർ ഉപയോഗിക്കാം.


Click it and Unblock the Notifications








