സ്മാർട്ട്ഫോൺ ക്യാമറ, കവർ എന്നിവ വൃത്തിയാക്കേണ്ടത് എങ്ങനെ; ഈ ലളിതമായ ടിപ്സ് അറിഞ്ഞുവയ്ക്കൂ
വില കൂടിയ സ്മാർട്ട്ഫോൺ ആയാലും വില കുറഞ്ഞ സ്മാർട്ട്ഫോൺ ആയാലും വൃത്തിയോടുകൂടി കൊണ്ടുനടക്കേണ്ടത് അത്യാവശ്യമാണ്. അതിന് കൃത്യമായ ഇടവേളകളിൽ സ്മാർട്ട്ഫോൺ വൃത്തിയാക്കുന്നതിന് പ്രാധാന്യം നൽകണം. പ്രധാനമായും ക്യാമറ, സ്മാർട്ട്ഫോൺ കവർ എന്നിവ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ക്യമറ വൃത്തിയായി സൂക്ഷിക്കുന്നത് ചിത്രങ്ങൾ മികച്ച രീതിയിൽ ലഭ്യമാകുന്നതിന് സഹായിക്കും, മറുഭാഗത്ത് കവർവൃത്തിയായി സൂക്ഷിക്കുന്നത് കാഴ്ചക്കാരുടെ ഇടയിൽ ഫോണിന് മതിപ്പ് കൂടുതൽ നൽകും. എന്നാൽ ഇവ വൃത്തിയാക്കുമ്പോൾ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്നതുപോലെയുള്ള അവസ്ഥ നേരിടേണ്ടിവരും.
ക്യാമറ വൃത്തിയാക്കുന്നത് നല്ലകാര്യമാണെങ്കിലും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് പലപ്പോഴും ലെൻസിൽ പോറൽ വീഴുന്നതിന് കാരണമാകും. ശരിയായ രീതിയിൽ സ്മാർട്ട്ഫോൺ ക്യാമറകളുടെ ലെൻസ് വൃത്തിയാക്കുക എങ്ങനെയാണ് എന്നത് ഒരു പ്രസക്തമായ ചോദ്യമാണ്. അതിനുള്ള ചില ടിപ്സ് ഇവിടെ പരിചയപ്പെടാം- സ്മാർട്ട്ഫോൺ ലെൻസുകളുടെ ഏറ്റവും വലിയ ശത്രുവാണ് പൊടി. പൊടി പിടിച്ച ലെൻസുകൾ ക്ലീൻ ചെയ്യാൻ ക്ലീനിങ് പെൻ അല്ലെങ്കിൽ സോഫ്റ്റ് ആയ ചെറിയ ബ്രഷുകൾ ഉപയോഗിക്കുക.

പൊടി കഴിഞ്ഞാൽ സ്മാർട്ട്ഫോൺ ക്യാമറ ലെൻസുകൾ നേരിടുന്ന പ്രധാന വെല്ലുവിളി നമ്മുടെ വിരൽപ്പാടുകൾ ആണ്. ഈ പ്രശ്നം പരിഹരിക്കാൻ മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് ലെൻസ് വൃത്തിയായി ക്ലീൻ ചെയ്താൽ മതി. ടിഷ്യൂ പേപ്പറുകൾ പോലെയുള്ളവ ഉപയോഗിച്ചാൽ പൊടി പടലങ്ങൾ ബാക്കിയാകും. എന്നാൽ ഒരു തരത്തിലുള്ള പാടുകളും ഇല്ലാതെ സ്മഡ്ജുകളും മറ്റ് പാടുകളും നീക്കം ചെയ്യാൻ മൈക്രോഫൈബർ ക്ലോത്തുകൾക്ക് കഴിയും.
മൈക്രോ ഫൈബർ ക്ലോത്ത് ഇല്ലെങ്കിൽ പകരം മൃദുവായ ക്ലോത്തും ഉപയോഗിക്കാം. എന്നാൽ ഫാബ്രിക് സോഫ്റ്റനറുകൾ ഉപയോഗിച്ച് അവ കഴുകിയിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. കാരണം ഫാബ്രിക് സോഫ്റ്റനറുകൾ ഉപയോഗിച്ച് കഴുകിയ തുണികൾ ക്യാമറ ലെൻസിൽ വരകളും പാടുകളും വീഴാൻ കാരണമാകും. വെറും വിരലുകളെക്കാൾ ബുദ്ധിമുട്ടിക്കുക അഴുക്കുപറ്റിയ വിരലുകൾ സൃഷ്ടിക്കുന്ന പാടുകളാണ്.
അതായത് ആഹാര സാധനങ്ങൾ കഴിച്ചിട്ട് ക്യാമറ ലെൻസിൽ പിടിക്കുന്നത് അവയിൽ എണ്ണമയം പറ്റാൻ കാരണമാകാറുണ്ട്. അതുപോലെ, കട്ടിപിടിച്ച ഗ്രീസിയായ അഴുക്കുകളും ലെൻസിൽ അടിഞ്ഞുകൂടാറുണ്ട്. ഇവ പലപ്പോഴും തുണി ഉപയോഗിച്ച് തുടച്ചാലും പോകില്ല. ഇത്തരത്തിൽ ലെൻസിന്റെ വശങ്ങളിലും മറ്റും ഉറച്ചിരിക്കുന്ന അഴുക്കുകൾ കളയാൻ ലെൻസ് വൈപ്പുകളാണ് ഏറ്റവും അനുയോജ്യം. ക്യാമറ ലെൻസിൽ ഒരു കാരണവശാലും സാധാരണ വെറ്റ് വൈപ്പുകൾ ഉപയോഗിക്കരുത്.
ക്യാമറ ലെൻസ് ക്ലീൻ ചെയ്യാനുള്ള ലെൻസ് ക്ലീനറുകൾ ലഭ്യമാണ്. ലെൻസ് വൈപ്പുകൾ കിട്ടിയില്ലെങ്കിൽ ലെൻസ് ക്ലീനറുകൾ ഉപയോഗിക്കുക. ലെൻസ് ക്ലീനർ മൈക്രോഫൈബർ ക്ലോത്തിന്റെ ഒരു മൂലയിൽ പുരട്ടി ഉപയോഗിക്കാം. ഡെഡിക്കേറ്റഡ് ലെൻസ് ക്ലീനറുകൾ ഇല്ലെങ്കിൽ ലെൻസ് ക്ലീനർ സ്വയം നിർമ്മിക്കാം. ഇതിന്, 70 ശതമാനം ഐസോപ്രോപൈൽ ആൽക്കഹോളും ഡിസ്റ്റിൽഡ് വാട്ടറും 50:50 അനുപാതത്തിൽ മിക്സ് ചെയ്താൽ മതിയാകും.
ഏതെങ്കിലും സന്ദർഭത്തിൽ ഫോണിന്റെ ലെൻസിനുള്ളിൽ മഞ്ഞ് പോലെ കാണുന്നെങ്കിൽ അതിനർഥം നിങ്ങളുടെ ക്യാമറ മൊഡ്യൂളിനുള്ളിൽ ഈർപ്പം കയറിയെന്നാണ്. ഇത്തരം സാഹചര്യങ്ങളിൽ ഫോൺ ഓഫ് ചെയ്ത് സിലിക്ക ജെൽ പാക്കറ്റുകൾക്കൊപ്പം എയർടൈറ്റ് ആയിട്ടുള്ള പാത്രങ്ങളിലോ ബോക്സുകളിലോ 24 മണിക്കൂർ വയ്ക്കുന്നത് ഉപകരിക്കും. സിലിക്കജെൽ വിജയിച്ചില്ലെങ്കിൽ ഫോൺ സർവീസ് സെന്ററിലേക്ക് കൊണ്ട് പോകുക. സ്വയം റിപ്പയർ ചെയ്ത് കൂടുതൽ പരുക്ക് ഏൽപ്പിക്കാതിരിക്കുക.

ഫോൺ കവറുകൾ വൃത്തിയാക്കാനുള്ള ടിപ്സ്: കൈയിലെത്തുമ്പോൾ ഗ്ലാസ് പോലെ വൃത്തിയിൽ കാണുന്ന കവറുകൾ പലപ്പോഴും ഏറെ നാളത്തെ ഉപയോഗത്തിൽ ചൂടും പൊടിയും മൂലം കളർ മാറാറുണ്ട്. സ്മാർട്ട്ഫോൺ കവറുകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുന്നത് മികച്ച ശീലമാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങൾ കൂടി അറിയാം.
മൊബൈൽ കവർ വൃത്തിയാക്കാൻ ഏറ്റവും എളുപ്പമുള്ള വഴികളിലൊന്ന് ഡിഷ് സോപ്പിന്റെയും ചെറുചൂടുള്ള വെള്ളത്തിന്റെയും ലായനി ഉപയോഗിക്കുക എന്നതാണ്. അതിനായി ആദ്യം ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ രണ്ട്മൂന്ന് തുള്ളി ഡിഷ് സോപ്പ് (പാത്രം കഴുകുന്ന സോപ്പ്) കലർത്തുക. തുടർന്ന് പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. ശേഷം കവർ കഴുകി, ഉണങ്ങിയ തൂവാല ഉപയോഗിച്ച് തുടച്ച് വെള്ളം മുഴുവൻ ഉണങ്ങി എന്ന് ഉറപ്പാക്കിയ ശേഷം ഉപയോഗിക്കുക.

ഫോൺ കവർ വൃത്തിയാക്കാനുള്ള മറ്റൊരു മാർഗം ബേക്കിംഗ് സോഡ പ്രയോഗമാണ്. ഫോൺ കവർ ആദ്യം വൃത്തിയുള്ള ഒരു തൂവാലയിൽ മലർത്തി വച്ചശേഷം ഉള്ളിൽ ബേക്കിംഗ് സോഡ വിതറുക. ശേഷം പഴയ ഒരു ടൂത്ത് ബ്രഷ് എടുത്ത് തണുത്തവെള്ളത്തിൽ നനച്ച ശേഷം ഉരയ്ക്കുക. ഏറ്റവുമൊടുവിൽ ഫോൺ കവർ കഴുകിയെടുക്കുക. തുടർന്ന് ഒരു തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുകയും നന്നായി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
മുറിവുകളും മറ്റും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന റബ്ബിംഗ് ആൽക്കഹോൾ ഒരു മൈക്രോ ഫൈബർ തുണിയിൽ മുക്കിയും മൊബൈൽ കവർ വൃത്തിയാക്കാം. കവറിനുള്ളിലുള്ള ബാക്ടീരിയയെയും മറ്റും നശിപ്പിക്കാനും ഇത് സഹായിക്കും. എന്നാൽ ചിലപ്പോൾ കവറിന്റെ കളർ നഷ്ടപ്പെടാൻ റബ്ബിംഗ് ആൽക്കഹോൾ പ്രയോഗം കാരണമാകും. അതിനാൽ റബ്ബിംഗ് ആൽക്കഹോൾ നനച്ച തുണി ഉപയോഗിച്ച് കവർ മുഴുവൻ തുടയ്ക്കും മുമ്പ് ഒരു ചെറിയ പാച്ച് ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും.


Click it and Unblock the Notifications








