കാലം മാറി! ട്രെയിനിലെ ഒഴിവുള്ള സീറ്റുകൾ വേഗത്തിൽ കണ്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വഴി ഇതാ
പതിറ്റാണ്ടുകളായി ഇന്ത്യൻ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ഇന്ത്യൻ റെയിൽവേ. നിരവധി എയർപോർട്ടുകളും വിമാന സർവീസുകളും മികച്ച ദേശീയപാതകളും സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുന്ന ആഡംബര വാഹനങ്ങളുമൊക്കെ എത്തിയെങ്കിലും സാധാരണക്കാർ ഉൾപ്പെടെ ഭൂരിഭാഗം ഇന്ത്യക്കാരും ദീർഘദൂര യാത്രകൾക്കായി ഇന്ത്യൻ റെയിൽവേയെ ആണ് ആശ്രയിക്കുന്നത്.
യാത്രക്കാർ ഏറെയുണ്ടെങ്കിലും പല റൂട്ടുകളിലും പരിമിതമായ ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. അതിനാൽത്തന്നെ ടിക്കറ്റ് ലഭ്യമാകുക എന്നത് പലപ്പോഴും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ട്രെയിനിൽ സീറ്റ് ഒഴിവുണ്ടോ എന്ന് അറിയാൻ മുൻപ് സാധാരണക്കാർക്ക് അൽപ്പം പണിപ്പെടേണ്ടിവന്നിരുന്നു. എന്നാലിന്ന് കാലം മാറി. പല സേവനങ്ങളും ഓൺലൈനായി ലഭ്യമായിരിക്കുന്നു.

ട്രെയിനിൽ സീറ്റ് ഒഴിവുണ്ടോ എന്ന് അറിയാൻ ടിടിഇയുടെ (ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ) പുറകെ ഓടിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ ഏതൊരാൾക്കും ഐആർസിടിസിയുടെ വെബ്സൈറ്റിൽ കയറി വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും. റെയിൽവേയുടെ കീഴിലുള്ള ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ അഥവാ ഐആർസിടിസി ( IRCTC ) ആണ് ഇതിന്റെയെല്ലാം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
ട്രെയിനിൽ ഒഴിവുള്ള സീറ്റുകൾ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഐആർസിടിസി ആപ്പും (IRCTC app) വെബ്സൈറ്റും (IRCTC website) ഉപയോഗിക്കാം. അത് എങ്ങനെയാണ് എന്ന് ഇവിടെ പരിചയപ്പെടാം. കൺഫേം ടിക്കറ്റ് ഇല്ലെങ്കിൽപ്പോലും, ഈ മാർഗത്തിലൂടെ ശ്രമിച്ച് നോക്കിയാൽ ഒരുപക്ഷേ സീറ്റ് ലഭ്യമായേക്കും.

IRCTC വെബ്സൈറ്റിൽ നിന്ന് ട്രെയിനിൽ ഒഴിവുള്ള സീറ്റുകൾ കണ്ടെത്തുന്നത് എങ്ങനെയെന്ന് ഇതാ: IRCTC വെബ്‌സൈറ്റിലേക്ക് പോകുക, പ്രധാന പേജിൽ, ബുക്ക് ടിക്കറ്റ് ബോക്‌സിന് മുകളിൽ, ചാർട്ടുകൾ/ഒഴിവ് എന്നൊരു ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ റിസർവേഷൻ ചാർട്ട് എന്ന പേരിൽ ഒരു പുതിയ ടാബ് തുറക്കും.
ആദ്യ ബോക്സിൽ ട്രെയിനിൻ്റെ പേര്/നമ്പറും രണ്ടാമത്തെ ബോക്സിൽ ബോർഡിംഗ് സ്റ്റേഷനും നൽകുക. തുടർന്ന് ഗെറ്റ് ട്രെയിൻ ചാർട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക. ഇത് ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങളടങ്ങിയ റിസർവേഷൻ ചാർട്ട് ലഭ്യമാക്കും. ഇതുവഴി വിവിധ ക്ലാസുകളിലും വ്യത്യസ്ത കോച്ചുകളിലും, ബെർത്ത് അടിസ്ഥാനത്തിൽ പോലും ഒഴിവുള്ള സീറ്റുകൾ കണ്ടെത്താൻ കഴിയും.
ഐആർസിടിസി ആപ്പിന്റെ സഹായത്താൽ സ്മാർട്ട്ഫോണിൽ നിന്ന് പോലും ഇക്കാര്യങ്ങൾ ഇപ്പോൾ പരിശോധിക്കാം. ഇതിനായി IRCTC ഒഫീഷ്യൽ ആപ്പ് Android, iOS ആപ്പ് സ്റ്റോറുകളിൽ ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്‌തുകഴിഞ്ഞാൽ, ട്രെയിനിൽ ഒഴിവുള്ള സീറ്റ് ബുക്ക് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടർന്നാൽ മതി.

ആദ്യം IRCTC ആപ്പ് തുറക്കുക. ട്രെയിൻ ഐക്കണിൽ ടാപ്പ് ചെയ്യുക. ശേഷം ചാർട്ട് വേക്കൻസിയിൽ ക്ലിക്ക് ചെയ്യുക. ഇത് മൊബൈൽ വെബ് ബ്രൗസറിൽ റിസർവേഷൻ ചാർട്ട് പേജ് തുറക്കുന്നു. തുടർന്ന് ട്രെയിനിൻ്റെ പേര്/നമ്പർ, ബോർഡിംഗ് സ്റ്റേഷൻ തുടങ്ങിയ ഡീറ്റെയിൽസ് നൽകുക. ഒഴിവുള്ള സീറ്റുകളുടെ എണ്ണത്തിനൊപ്പം ലഭ്യമായ ഒഴിവുള്ള ബർത്തുകളും സ്ക്രീനിൽ കാണാം.
അതേസമയം വിവരങ്ങൾ ഒരു ടിടിഇക്ക് മാത്രമേ ഷെയർ ചെയ്യാൻ കഴിയൂ എങ്കിൽ അത് അവിടെ സൂചിപ്പിക്കും. മറ്റൊരു കാര്യം എന്തെന്നാൽ, ഈ ഡീറ്റെയിൽസ് ഒക്കെ ലഭിക്കുന്നതിന് നമ്മൾ IRCTC ആപ്പിലേക്ക് ലോഗിൻ ചെയ്യേണ്ടതില്ല. അതിനാൽത്തന്നെ ഐആർസിടിസി അക്കൗണ്ട് ഇല്ലാതെ തന്നെ ആർക്കും ട്രെയിനിലെ ഒഴിവുള്ള സീറ്റുകൾ ഈ വഴിയിലൂടെ കണ്ടെത്താം.


Click it and Unblock the Notifications








