ഇങ്ങനെ ഉപയോഗിക്കു; നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ആയുസ് കൂടും
നിങ്ങളുടെ ശരീരത്തിൽ ഹൃദയം എങ്ങനെയാണോ അതുപോലെയാണ് നമ്മുടെ ഫോണുകളിൽ ബാറ്ററികൾ. ബാറ്ററി നശിച്ചാൽ പിന്നെ ഫോണുകൾ പ്രവർത്തനരഹിതമാണ്. ആയതിനാൽ തന്നെ നല്ല രീതിയിലുള്ള പരിചരണം തന്നെ ബാറ്ററികൾക്ക് ആവശ്യമാണ്. മികച്ച രീതിയിൽ ബാറ്ററി കൈകാര്യം ചെയ്താൽ വളരെക്കാലം നമ്മുക്ക് ഒരു ഫോൺ തന്നെ ഉപയോഗിക്കാവുന്നതാണ്.
ഫോണിന്റെ മുഴുവൻ പ്രവർത്തനവും ആ ഫോണിലെ ബാറ്ററിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരിക്കൽ കേടുപാട് സംഭവിച്ചാൽ പിന്നെ ബാറ്ററികളുടെ ആയുസ് വർധിപ്പിക്കാൻ സാധിക്കുന്നതല്ല. ആയതിനാൽ ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിക്കാതെ നോക്കാൻ കഴിയണം. എങ്ങനെ ഒരു ഫോണിലെ ബാറ്ററിയെ മികച്ച രീതിയിൽ പരിചരിക്കാം എന്ന് നോക്കാം.

നിങ്ങളുടെ ഫോൺ ഒരിക്കലും ഫുൾചാർജ് ചെയ്യാതിരിക്കുക എന്നതാണ് ബാറ്ററിയുടെ ആരോഗ്യത്തിനായി നമ്മൾ സ്വീകരിക്കേണ്ട ആദ്യ നടപടി. ദീർഘനേരം സ്‌മാർട്ട്‌ഫോൺ പൂർണ്ണമായി ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഫോണുകൾ 80 ശതമാനം വരെ ചാർജ് ചെയ്യുന്നതാണ് നല്ലത് എന്നാണ് പല വിദഗ്ദരും നൽകുന്ന ഉപദേശം. അസൂസ് പോലുള്ള കമ്പനികളുടെ ചില ഫോണുകളിൽ ബാറ്ററി 80% ആകുമ്പോൾ ചാർജിംഗ് സ്വയമേ നിർത്താനുള്ള ഓപ്ഷൻ ഉണ്ട്.
ഫോൺ അമിതമായി ചാർജ് ചെയ്യുന്നത് പോലെ തന്നെ ദോഷമാണ് തീരെ ചാർജ് ഇല്ലാതെ ഇരിക്കുന്ന അവസ്ഥയും. ഒരിക്കലും നമ്മുടെ ഫോണിലെ ചാർജ് 20 ശതമാനത്തിൽ താഴെ പോകാൻ അനുവദിക്കരുത്. ഒരു മിനിമം ചാർജ് ഫോണിൽ എപ്പോഴും സൂക്ഷിക്കുക. ബാറ്ററികളെ സംരക്ഷിക്കുന്നതിനുള്ള മറ്റൊരു കാര്യമാണ് അനുയോജ്യമായ മികച്ച ചാർജറുകൾ ഉപയോഗിക്കുക എന്നത്. നിങ്ങളുടെ ഫോണിന്റെ കമ്പനിയുടെ ചാർജർ തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക.

അതും സാധാരണ സ്മാർട്ട് ഫോൺ ആണെങ്കിൽ ഫാസ്റ്റ് ചാർജർ കൊണ്ട് ഒരിക്കലും ചാർജ് ചെയ്യരുത്. ഇതിന് അനുയോജ്യമായ സാധാരണ ചാർജർ തന്നെ ഉപയോഗിച്ച് വേണം ചാർജ് ചെയ്യാൻ. ഇല്ലാത്ത പക്ഷം ഇത് ഫോണിന്റെ ബാറ്ററിയെ കാര്യമായി ബാധിച്ചേക്കാം. ഫോൺ അമിതമായി ചൂടാകാതെ സൂക്ഷിക്കുന്നതും ബാറ്ററി ലൈഫ് ദീർഘിപ്പിക്കാൻ സഹായിക്കുന്നതാണ്. നിങ്ങൾ ദീർഘനേരം ഫോൺ ഉപയോഗിക്കുന്ന ആളാണ് എങ്കിൽ ഫോൺ ചൂടാകുന്ന അവസ്ഥയിൽ പ്രവർത്തിപ്പിക്കാതെ ഇരിക്കുക.
ഫോണിന്റെ ചൂട് മാറിയതിന് ശേഷം മാത്രം വീണ്ടും പ്രവർത്തിപ്പിക്കുക. ബാറ്ററിയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മറ്റൊരു മാർഗമാണ് കൃത്യമായ സമയത്ത് തന്നെ സോഫ്റ്റുവെയർ അപ്ഡേറ്റുകൾ നടത്തുക എന്നത്. ഏറ്റവും പുതിയ ഫേംവെയർ ഉപയോഗിച്ചാണ് നിങ്ങളുടെ സ്മാർട്ട്ഫോൺ പ്രവർത്തിപ്പിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം ബാറ്ററി അമിതമായി ജോലി ചെയ്യേണ്ടതുണ്ട്. സോഫ്റ്റുവെയർ അപ്ഡേറ്റ് നടത്തുന്ന സമയം ഫോണിൽ ആവശ്യത്തിന് ചാർജ് ഉണ്ടായിരിക്കണം.
ബാറ്ററിയുടെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് ദീർഘിപ്പിക്കാൻ സാധിക്കുന്നതാണ്. ഇതുമൂലം സാധാരണ നിങ്ങൾ ഒരു സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിലും കൂടുതൽ കാലം ഒരുപക്ഷെ നിങ്ങൾക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കാം. മാത്രമല്ല ബാറ്ററികൾ പൊട്ടിത്തെറിച്ചു അപകടം ഉണ്ടാകുന്നു എന്ന വാർത്തകളും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും ഇത്തരം അപകടങ്ങളും ഇതിലൂടെ നമ്മുക്ക് തടയാൻ സാധിക്കും.
മൊബൈൽ ഫോണിൽ വെള്ളം കയറാൻ സാധ്യതയുള്ള സാഹചര്യങ്ങളും ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ സംഭവിക്കുന്നത് ബാറ്ററിക്കുള്ളിൽ കേടുപാടുകൾ ഉണ്ടാക്കും ചിലപ്പോൾ ഷോർട്ട് സർക്ക്യൂട്ട് മൂലം ബാറ്ററി തന്നെ പൊട്ടിത്തെറിക്കാൻ തന്നെ സാധ്യതയുണ്ട്. ഈ സമയം ഫോൺ നിങ്ങളുടെ പോക്കറ്റിലോ കൈയ്യിലോ ഇരിക്കുകയാണെങ്കിൽ നിങ്ങൾക്കും കാര്യമായ പരിക്കുകൾ പറ്റിയേക്കാം.


Click it and Unblock the Notifications








