ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ (SBI). നമ്മുടെ രാജ്യത്ത് ബാങ്കുകൾക്ക് ഒരു പഞ്ഞവുമില്ലെങ്കിലും ഏറ്റവുമധികം പേർ വിശ്വസിക്കുന്ന ഒരു ബാങ്ക് എസ്ബിഐ ആണ്. ഉപയോക്താക്കൾക്കായി ഈ ഡിജിറ്റൽ യുഗത്തിൽ ഒരുപാട് സേവനങ്ങൾ അവർ അവതരിപ്പിക്കുന്നുണ്ട്.
എസ്ബിഐ അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകളും മറ്റും വളരെ വേഗത്തിലും ലളിതമായും ഓൺലൈൻ വഴി ചെയ്യാൻ സാധിക്കും. ഓൺലൈൻ പേയ്മെന്റ് ഈസിയാക്കാനായി വിവിധ ഫീച്ചറുകൾ എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് ബാങ്കിലെത്തി ക്യൂ നിന്ന് ബാങ്കിങ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന ആളുകൾ വളരെ കുറവാണ്.

പണം അയയ്ക്കുന്നതിൽ തുടങ്ങി, ബാലൻസ് അറിയുന്നതും സ്റ്റേറ്റ്മെന്റ് എടുക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓൺലൈനിലൂടെ വളരെ സിംപിളായി ഒരു വാട്സ്ആപ്പ് ചാറ്റിന്റെ പിൻബലത്തിൽ പോലും ഇന്ന് നടത്താൻ സാധിക്കും. ഇത്തരം ഓൺലൈൻ ബാങ്കിങ് സേവനങ്ങളുടെയെല്ലാം അടിസ്ഥാനം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറാണ്.
എന്നാൽ അക്കൗണ്ട് എടുക്കുന്ന സമയത്ത് നാം ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ നാം പിന്നീട് പലവിധ കാരണങ്ങളാൽ ഉപേക്ഷിക്കേണ്ടി വന്നേക്കാം. ഇങ്ങനെയുള്ള ഘട്ടങ്ങളിൽ പുതിയതായി സിം എടുത്താൽ ആ മൊബൈൽ നമ്പർ നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പരിലേക്കാണ് ഒടിപി അടക്കമുള്ള നിർണായകമായ മെസേജുകൾ എത്തുക.

അതിനാൽ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുമായുള്ള ബന്ധം എപ്പോഴും നിലനിർത്തേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാൽ പഴയ നമ്പർ ഉപേക്ഷിക്കുന്ന ഘട്ടം വന്നാൽ പുതിയ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ആഡ് ചെയ്യുന്നതിനുള്ള ഓപ്ഷൻ എസ്ബിഐ നൽകിയിട്ടുണ്ട്. ഓൺലൈനായും എടിഎം കേന്ദ്രങ്ങൾ വഴിയും പുതിയ മൊബൈൽ നമ്പർ അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ സാധിക്കും.
എടിഎം വഴി വളരെ സിംപിളായി പഴയ മൊബൈൽ നമ്പർ മാറ്റി പുതിയ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കാം. അതിനായി പിന്തുടരേണ്ട ഘട്ടങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിയചപ്പെടുത്താം. അതിന് മുൻപ് ഒരു കാര്യം ശ്രദ്ധിക്കണം. അക്കൗണ്ട് കാലിയായി കിടക്കുന്നതിനാൽ ഉപയോഗിക്കുന്നില്ല എങ്കിൽ പോലും ബാങ്ക് അക്കൗണ്ടുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിരിക്കണം. പ്രത്യേകിച്ച് എസ്ബിഐ അക്കൗണ്ടുകൾ.
പുതിയ മൊബൈൽ നമ്പർ എസ്ബിഐ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ: അടുത്തുള്ള എടിഎം ഉപയോഗിച്ചുകൊണ്ട് പുതിയ മൊബൈൽ നമ്പർ എസ്ബിഐ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ സംവിധാനമുണ്ട്. അതിനായി ആദ്യം ചെയ്യേണ്ടത് തൊട്ടടുത്ത എസ്ബിഐ എടിഎം സെന്റർ സന്ദർശിക്കുക എന്നതാണ്.

എസ്ബിഐ എടിഎം സെന്ററിലെത്തിയ ശേഷം എടിഎമ്മിലെ രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് എടിഎം പിൻ നൽകി മൊബൈൽ നമ്പർ രജിസ്ട്രേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനു ശേഷം സ്ക്രീനിൽ കാണുന്ന ചേഞ്ച് മൊബൈൽ നമ്പർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
അതിനുശേഷം പഴയ മൊബൈൽ നമ്പർ നൽകി എൻ്റർ അമർത്തിയശേഷം പുതിയ മൊബൈൽ നമ്പർ നൽകി കൺഫേം ചെയ്യണം. അതിന് ശേഷം ഈ മൊബൈൽ നമ്പറുകളിലേക്ക് ഒരു OTP ലഭിക്കും. ഇതിനൊപ്പം ഒരു മെസേജും കാണും. അതുപയോഗിച്ച് 4 മണിക്കൂറിനുള്ളിൽ പുതിയ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാം.


Click it and Unblock the Notifications








