വീഡിയോ കോളുകൾക്ക് കൂടുതൽ പ്രൊഫഷണൽ ലുക്ക് നൽകാനുള്ള മാർഗങ്ങൾ
കൊവിഡ് കാലം മുതൽ ഓൺലൈൻ മീറ്റിങ്ങുകളും ഇന്റർവ്യൂസും ഒക്കെ നമ്മുടെ പ്രൊഫഷണൽ ജീവിതത്തിന്റെ ഭാഗമാണ്. വമ്പൻ കമ്പനികൾ മുതൽ ചെറിയ സ്ഥാപനങ്ങൾ വരെ മീറ്റിങ്ങുകളും കോൺഫറൻസുകളും എല്ലാം ഓൺലൈനിലാക്കി മാറ്റിയിരിക്കുന്നു. പെട്ടെന്ന് വന്ന ശീലമായതിനാൽ തന്നെ ഇന്നും പലർക്കും വീഡിയോ കോളുകളും ഓൺലൈൻ മീറ്റിങ്ങുകളും എങ്ങനെ ചെയ്യണമെന്ന് അറിയില്ല. ഇനി കോളുകൾ ചെയ്യാൻ അറിയുന്നവർക്കാകട്ടെ, ഇത്തരം മീറ്റിങ്ങുകളിൽ പ്രൊഫഷണലായി പങ്കെടുക്കുന്നത് എങ്ങനെയെന്നും അറിയില്ല. വീഡിയോ കോളുകൾ പ്രൊഫഷണലായും വൃത്തിയായും നിർവഹിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ടിപ്സ് മനസിലാക്കാൻ താഴേക്ക് വായിക്കുക.

മുറിയിലെ ലൈറ്റിങ് ക്രമീകരിക്കുക
ലാപ്‌ടോപ്പുകളിലെയും പിസികളിലെയും വെബ്‌ക്യാമുകൾ കൂടുതൽ വെളിച്ചം ക്യാപ്ചർ ചെയ്യാൻ ശേഷിയുള്ളവയല്ല. അതിനാൽ, വീഡിയോ കോൾ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ ആദ്യം ചെയ്യേണ്ടത് മുറിയിൽ ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. പകൽ സമയമാണെങ്കിൽ, ജനാലകളിലെ കർട്ടനുകൾ മാറ്റുകയും അവയെല്ലാം തുറന്നിടുകയും വേണം. രാത്രിയിൽ, മുറിയിൽ ആവശ്യത്തിന് വൈറ്റ് ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം ചൂടുള്ള ( ഫിലമെന്റ് ) ലൈറ്റുകൾ മൊത്തത്തിലുള്ള ലൈറ്റിങിനെ ആകെ ഡൾ ആക്കും.

നിങ്ങളുടെ മുഖത്തേക്കും ലൈറ്റ് നൽകുക
വീഡിയോ കോൾ ചെയ്യുമ്പോൾ നിങ്ങളുടെ വെബ്ക്യാമിന്റ 'സബ്ജക്റ്റ്' നിങ്ങളായിരിക്കണം. എന്നാൽ മാത്രമെ നിങ്ങളുടെ മുഖം മറ്റുള്ളവർക്ക് വ്യക്തമായി കാണാൻ കഴിയുകയുള്ളൂ. ആവശ്യത്തിന് വെളിച്ചം നിങ്ങളുടെ മുഖത്ത് നേരിട്ട് വീഴുക എന്നതാണ് ഇവിടെ പ്രസക്തമാകുന്നത്. നിങ്ങൾക്ക് ഒന്നുകിൽ നിങ്ങളുടെ മുഖത്ത് നേരിട്ട് ലൈറ്റ് നൽകുകയോ അല്ലെങ്കിൽ കുറഞ്ഞത് ഇരു വശത്ത് നിന്നും 45 ഡിഗ്രി കോൺ അളവിൽ നൽകുകയോ ചെയ്യാം.

സ്ക്രീൻ ബ്രൈറ്റ്നസ് ക്രമീകരിക്കുക
മികച്ച സ്‌കിൻ ടോണിനും ഹൈലൈറ്റുകൾക്കും സ്‌ക്രീൻ ബ്രൈറ്റ്നസ് ക്രമീകരിക്കുന്നത് സഹായിക്കും. ലാപ്‌ടോപ്പിന്റെ സ്‌ക്രീനോ മോണിറ്ററോ ഒക്കെ ലൈറ്റിന്റെ വലിയ സ്രോതസ് ആണെന്ന കാര്യം മനസിലാക്കുക. ഒരുപാട് ബ്രൈറ്റ്നസ് നൽകിയിട്ടുള്ള ഡിസ്പ്ലേ നിങ്ങളുടെ മുഖത്തെ ഹൈലൈറ്റുകളും സ്‌കിൻ ടോണും ഇല്ലാതാക്കും. അതിനാൽ, ഡിസ്പ്ലേയുടെ ബ്രൈറ്റ്നസ് അതിന് അനുസരിച്ച് ക്രമീകരിക്കുക. ഇത് നിങ്ങൾ കണ്ണട ഉപയോഗിക്കുകയാണെങ്കിൽ മറ്റുള്ളവർ അവരെ തന്നെ, നിങ്ങളുടെ കണ്ണടയിലൂടെ കാണുന്ന സാഹചര്യം ഒഴിവാക്കും.

ബാക്ക്ഗ്രൌണ്ട് ക്രമീകരണം
മിക്കവാറും എല്ലാ വീഡിയോ കോളിങ് ആപ്പുകളും കസ്റ്റം ബാക്ക്ഗ്രൌണ്ടുകളും ബ്ലർ ഫീച്ചറുകളും ലഭ്യമാക്കിയിരിയ്ക്കുന്നു. ബാക്ക്ഗ്രൌണ്ട് വൃത്തികേടായി കിടക്കുന്നത് പരിഹരിക്കാൻ ഈ ഫീച്ചറുകൾ സഹായിക്കും. അതിലും പോരായ്മകൾ ഉണ്ടാകുന്നത് സ്വാഭാവികം. വൃത്തിയായും അടുക്കും ചിട്ടയോടെയും സൂക്ഷിക്കുന്ന ഒരു മുറിയുമായി ഇതിനെ താരതമ്യം ചെയ്യാനും കഴിയില്ല. വീഡിയോ കോളുകളും മീറ്റിങ്ങും ആരംഭിക്കുന്നതിന് മുമ്പ് പശ്ചാത്തലം ക്രമീകരിക്കുന്നതാണ് എപ്പോഴും നല്ലത്. അല്പം വിശാലമായ മുറി തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ഫ്രെയിമിനെ കൂടുതൽ വിശാലമാക്കും. കൂടാതെ, ഒരിക്കലും ഒരു പ്ലെയിൻ ബാക്ക്ഗ്രൌണ്ട് തിരഞ്ഞെടുക്കരുത്. അത് വിരസതയുണ്ടാക്കും. നിങ്ങളുടെ വീഡിയോ പ്രിവ്യൂവിൽ ഒരു അപ്പീൽ ചേർക്കാൻ ചില നിറങ്ങളും ഘടകങ്ങളും ഉള്ള ഒരു ബാക്ക്ഗ്രൌണ്ട് എപ്പോഴും തിരഞ്ഞെടുക്കുക.

ക്യാമറയുടെ ഉയരം
ലോ ആങ്കിൾസിൽ ക്യാമറ ഇരിക്കുന്നത്, പലപ്പോഴും വീഡിയോ കോളുകൾ വികൃതമാകാൻ കാരണം ആകാറുണ്ട്. ഇങ്ങനെ ക്യാമറ സെറ്റ് ചെയ്യുമ്പോൾ മുഖം തടിച്ച് വീർത്തിരിക്കുന്നതായും തോന്നും. ഇത് നിങ്ങൾക്കൊപ്പം മീറ്റിങ്ങിൽ പങ്കെടുക്കുന്നവർക്ക് അരോചകമാകുകയും ചെയ്യും. ക്യാമറ എപ്പോഴും കണ്ണിന്റെ ലെവലിൽ ( ഐ ലെവൽ ) ആയിരിക്കണം. ങ്ങളുടെ ലാപ്‌ടോപ്പ് ഒരു ലാപ്‌ടോപ്പ് സ്റ്റാൻഡ് ഉപയോഗിച്ച് ഉയർത്തി ഐ ലെവലിൽ കൊണ്ട് വരാൻ കഴിയും. ലാപ്ടോപ്പ് സ്റ്റാൻഡിന് പകരം കുറച്ച് ബുക്കുകൾ വേണമെങ്കിലും ഉപയോഗിക്കാം.

സംസാരിക്കുമ്പോൾ ക്യാമറയിലേക്ക് നോക്കുക
വീഡിയോ കോളുകളിൽ ഏറ്റവും ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് ഐ കോണ്ടാക്റ്റ്. കോളിലെ മറ്റ് ആളുകളുമായി നിങ്ങൾ ഐ കോണ്ടാക്റ്റ് നില നിർത്തേണ്ടത് ആവശ്യമാണ്. ഇല്ലെങ്കിൽ നേരത്തെ പറഞ്ഞത് പോലെ കാര്യങ്ങൾ അരോചകമാകും. വീഡിയോ കോളിലെ മറ്റുള്ളവരുമായി ഐ കോണ്ടാക്റ്റ് നിലനിർത്താൻ എപ്പോഴും ക്യാമറയിലേക്ക് നോക്കുക. ക്യാമറയിലേക്ക് നോക്കി സംസാരിച്ചാൽ ഐ കോണ്ടാക്റ്റ് ലഭിക്കുകയും നിങ്ങളുടെ ആത്മവിശ്വാസം പ്രകടമാകുകയും ചെയ്യും.

നല്ല ഹെഡ്‌ഫോണുകൾ ഉപയോഗിക്കുക
വീഡിയോ കോളുകൾക്കായി നല്ല വയർലെസ് ഇയർഫോണുകളോ ഹെഡ്‌ഫോണുകളോ ഉപയോഗിക്കണം. ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ തുടങ്ങിയ ഫീച്ചറുകൾ ഉള്ളവയാണെങ്കിൽ കൂടുതൽ നന്ന്. നിങ്ങൾക്ക് വയർലെസ് ഹെഡ്‌ഫോണുകൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, വയേർഡ് ഹെഡ്‌ഫോണുകൾ ഉപയോഗിക്കാം. പക്ഷെ ഇവയുടെ വയറുകൾ ഫ്രെയിമിനെ അലങ്കോലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക.

ക്യാമറയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ
ക്യാമറയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ എന്നതു കൊണ്ട് അർഥമാക്കുന്നത് ക്യാമറയിൽ നിങ്ങൾക്ക് ഏറ്റവും മികച്ച അപ്പിയറൻസ് നൽകുന്ന വസ്ത്രം ധരിക്കണണം എന്നാണ്. ഉദാഹരണത്തിന്, സ്വാഭാവിക നിറത്തിലുള്ള വസ്ത്രങ്ങൾ, നീലയും പച്ചയും, ക്യാമറയിൽ കൂടി കാണുമ്പോൾ മികച്ച അപ്പിയറൻസ് നൽകുന്നു. വളരെ തിളക്കമുള്ള നിറങ്ങളും കറുപ്പ് ഉൾപ്പെടെയുള്ള ഇരുണ്ട നിറങ്ങളും അത്ര മികച്ച അപ്പിയറൻസ് നൽകില്ല. അത് പോലെ, നിങ്ങളുടെ സ്‌കിൻ ടോണിനോ മുറിയുടെ ബാക്ക്ഗ്രൌണ്ടിനോ സമാനമായ കളറിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണം. കൂടാതെ, മൃഗങ്ങളുടെ ചിത്രങ്ങൾ വരുന്ന പ്രിന്റുകൾ, പ്ലെയ്‌ഡുകൾ, ചെറിയ സ്ട്രിപ്പുകൾ മുതലായവ പോലുള്ള പാറ്റേണുകൾ ഉള്ള ഡ്രസുകളും ഒഴിവാക്കുക.


Click it and Unblock the Notifications