ചൂട് സഹിക്കാനാകാതെ വീട്ടിലേക്ക് എസി വാങ്ങിയോ, എങ്കിൽ ഈ 5 കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം!
കൊടും ചൂടിന്റെ താണ്ഡവം നടക്കുന്ന ഒരു വേനൽക്കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വേനൽക്കാലം തുടങ്ങും മുൻപ് തന്നെ ചൂട് സഹിക്കാനാകാത്ത നിലയിയായിരുന്നു. ഇപ്പോഴത്തെക്കാര്യം പറയുകയും വേണ്ട, ആളുകൾ വീട്ടിനുള്ളിലാണെങ്കിൽപ്പോലും പുകഞ്ഞ് വിയർപ്പിൽ കുളിച്ചുപോകുന്നു. ഈ ചൂടിൽ നിന്ന് രക്ഷനേടാൻ നിരവധിപേർ അടുത്തകാലത്ത് പുതിയതായി എസി വാങ്ങിയത്.
ചൂടിനെ പ്രതിരോധിക്കാൻ എസി ഏറെ സഹായിക്കും എന്നതിൽ തർക്കമില്ല. എന്നാൽ ചൂട് സഹിക്കാനാകാതെ പുതിയതായി എസി വാങ്ങിയവരും ഇതിനകംതന്നെ എസി ഉണ്ടായിരുന്നവരും അതിന്റെ പരിപാലനത്തിൽ അൽപ്പം ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. സുഖകരമായി എസി പ്രവർത്തിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത് കറന്റ് ചാർജ് കുറയ്ക്കാനും ഏറെ സഹായിക്കും.

നമ്മുടെ വീട്ടിലെ എസി മികച്ച രീതിയിൽ പ്രവർത്തിക്കാൻ അനുകൂലമായ സാഹചര്യം ഒരുക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. എയർ ഫിൽട്ടറുകൾ പരിശോധിക്കുക, ദ്വാരങ്ങൾ അടയ്ക്കുക, വാർഷിക പരിശോധന നടത്തുക തുടങ്ങിയ നിരവധി ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ റിസൾട്ട് ലഭിക്കും. എസി ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില ടിപ്സ് ഇതാ.
എയർ ഫിൽട്ടർ പരിശോധിക്കുക: എസി നന്നായി പ്രവർത്തിപ്പിക്കുന്നതിൽ എസിയിലെ എയർ ഫിൽട്ടർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എയർ ഫിൽട്ടർ അടഞ്ഞുപോയാൽ അത് വായുപ്രവാഹത്തെ ബാധിക്കുകയും എസിയെ അധികമായി പണിയെടുപ്പിക്കുയും ചെയ്യും. കൂടാതെ തണുപ്പ് ലഭിക്കാൻ കൂടുതൽ സമയമെടുക്കും. അതിനാൽ, ഒന്ന്-രണ്ട് മാസം കൂടുമ്പോൾ ഫിൽട്ടർ മാറ്റിസ്ഥാപിക്കുക. ഇത് ഒപ്റ്റിമൽ എയർ ഫ്ലോ ഉറപ്പാക്കും.

സൂര്യപ്രകാശത്തെ പ്രതിരോധിക്കുക: പകൽ ഏറ്റവും ചൂട് കൂടി നിൽക്കുന്ന സമയങ്ങളിൽ ജനലുകൾ വഴിയും മറ്റും സൂര്യപ്രകാശം റൂമിലേക്ക് കടക്കുന്നത് തടയുക. സൂര്യപ്രകാശം റൂമിലെ ചൂട് കൂട്ടാൻ ഇടയാക്കും. ഇത് എസിയെ അധികമായി പണിയെടുപ്പിക്കും. അതിനാൽ ജനലുകളിൽ കർട്ടനുകളോ വിൻഡോ ഫിലിമുകളോ ഉപയോഗിക്കുന്നത് സൂര്യപ്രകാശം അകത്തേക്ക് കടക്കുന്നത് തടയാനും റൂമിലെ താപനില ഉയരാതെ നിൽക്കാനും സഹായിക്കും.
വിടവുകൾ അടയ്ക്കുക: എസി പ്രവർത്തിപ്പിക്കുമ്പോൾ റൂമിലെ ജനലുകളും വാതിലുകളും അടഞ്ഞുകിടക്കുന്നു എന്ന് ഉറപ്പാക്കുക മാത്രമല്ല, മറ്റ് മാർഗങ്ങളിലൂടെ വായു പുറത്തേക്ക് വലിയരീതിയിൽ പോകുന്നത് ഒഴിവാക്കുക. എയർ ലീക്ക് എസിയെ കഠിനമായി പ്രവർത്തിക്കാൻ നിർബന്ധിതമാക്കും. അത് ഒഴിവാക്കാൻ റൂമിലെ വിടവുകൾ അടയ്ക്കുന്നത് നന്നായിരിക്കും.
സീലിങ് ഫാൻ ഉപയോഗപ്പെടുത്തുക: എസി ഉണ്ട് എന്നുകരുതി വീട്ടിലെ എല്ലായിടവും തണുപ്പിക്കാൻ എസി തന്നെ ഉപയോഗിക്കാതെ സീലിങ് ഫാനുകൾ കൂടി പ്രയോജനപ്പെടുത്തുക. ഇത് എസിയുടെ പണി കുറയ്ക്കാൻ ഏറെ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. സ്വീകരണ മുറി പോലുള്ള ഇടങ്ങൾ ഡയറക്ടായി തണുപ്പിക്കാൻ പോർട്ടബിൾ ഫാനുകളോ സീലിങ് ഫാണുകളോ പ്രയോജനപ്പെടുത്താം.

വാർഷിക പരിശോധന നടത്തുക: എസി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് തോന്നിയാലും വർഷത്തിലൊരിക്കൽ ഒരു വാർഷിക പരിശോധന നടത്തുന്നത് നന്നായിരിക്കും. അതിനായി പ്രൊഫഷണൽ എസി സർവീസ് വിദഗ്ധരുടെ സേവനം ഉറപ്പാക്കുക. എസിയുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും അതിനുള്ളിലെ ഭാഗങ്ങൾ വൃത്തിയാക്കാനും എസി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിയും.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നതിലൂടെ നമ്മുടെ വീട്ടിലെ എസി മികച്ച രീതയിൽ പ്രവർത്തിക്കാൻ അനുകൂലമായ സാഹചര്യം ഒരുക്കാൻ സാധിക്കും. എസി അമിതമായി പ്രവർത്തിക്കേണ്ടിവരുന്നത് വൈദ്യുതി നിരക്ക് ഉയർത്താൻ ഇടയാക്കും. എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് ഒരുപരിധിവരെ കുറയ്ക്കാനം. കൂടാതെ എസി വാങ്ങുന്ന അവസരത്തിൽ 5 സ്റ്റാർ റേറ്റിങ്ങുള്ളവ വാങ്ങുന്നതും നന്നായിരിക്കും.


Click it and Unblock the Notifications








