ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി എങ്ങനെ വരുമാനം കണ്ടെത്താം; ഇത് അറിഞ്ഞുവയ്ക്കൂ
ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് (BSNL Self Care App) എന്നത് ഉപയോക്താവിനെ ബിഎസ്എൻഎല്ലിന്റെ സേവനങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒരു ആപ്ലിക്കേഷനാണ്. ഈ സ്മാർട്ട്ഫോൺ യുഗത്തിൽ ആപ്പുകൾ വഴിയാണ് പല സേവനങ്ങളും നമുക്ക് ഈസിയായി ലഭ്യമാകുന്നത്. അതുപോലെ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പും ബിഎസ്എൻഎൽ സേവനങ്ങൾ വരിക്കാരന് ഈസിയായി ലഭ്യമാക്കുന്നു. പ്രധാനമായും റീച്ചാർജ് ചെയ്യാനും ബിഎസ്എൻഎൽ ഓഫറുകളെക്കുറിച്ച് അറിയാനും പലവിധ ആനുകൂല്യങ്ങൾ നേടാനും ഡാറ്റ ബാലൻസ് അടക്കം നമ്മുടെ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട ടെലിക്കോം സേവനങ്ങളുടെ ഉപയോഗം അറിയാനുമെല്ലാം ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിക്കാനാകും.
ഈ പറഞ്ഞ ഗുണങ്ങൾക്കെല്ലാം പുറമേ ഇപ്പോൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിനെ വേണമെങ്കിൽ ബിഎസ്എൻഎൽ വരിക്കാർക്ക് വരുമാനത്തിനും ലാഭം നേടുന്നതിനുമുള്ള ഒരു ഉപാധിയാക്കി മാറ്റാനും കഴിയും. എങ്ങനെയെന്നാൽ ഇപ്പോൾ ദീപാവലിയോട് അനുബന്ധിച്ച് ബിഎസ്എൻഎൽ മറ്റുള്ളവർക്കായി റീച്ചാർജ് ചെയ്യുന്നവർക്ക് ഒരു പ്രത്യേക ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

199 രൂപയ്ക്ക് മുകളിലുള്ള തുകയുടെ പ്രീപെയ്ഡ് പ്ലാനുകൾ മറ്റുള്ളവർക്കായി നമ്മൾ നമ്മുടെ സെൽഫ് കെയർ ആപ്പ് വഴി ചെയ്ത് നൽകിയാൽ 2.5 ശതമാനം ഡിസ്കൗണ്ട് നേടാം. അതായത് ഉദാഹരണത്തിന് നമ്മൾ നമ്മുടെ സെൽഫ് കെയർ ആപ്പ് വഴി ഒരു സുഹൃത്തിന് അല്ലെങ്കിൽ പരിചയക്കാരന് 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ചെയ്തു നൽകി എന്ന് വിചാരിക്കുക.
പ്ലാനിന്റെ യഥാർഥ വിലയായ 2399 രൂപയ്ക്ക് പകരം 2.5 ശതമാനം ഡിസ്കൗണ്ട് കഴിഞ്ഞുള്ള തുകയായ 2339.03 രൂപ മാത്രമേ നമുക്ക് പേയ്മെന്റ് ചെയ്യേണ്ടിവരുന്നുള്ളൂ. അതായത് ഈ റീച്ചാർജിൽ നിന്ന് നമുക്ക് 59.97 രൂപ ലാഭം കിട്ടുന്നു. താൽപര്യമുള്ള ഉപയോക്താക്കൾക്ക് ഈ അവസരം വേണമെങ്കിൽ വരുമാനം ഉണ്ടാക്കാനുള്ള ഒരു മാർഗമാക്കി മാറ്റാൻ സാധ്യതകളുണ്ട്.

2025 നവംബർ 18 വരെയാണ് ഈ ഡിസ്കൗണ്ട് ഓഫർ ലഭ്യമാകുക. അതും ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി മറ്റുള്ളവരുടെ നമ്പർ റീച്ചാർജ് ചെയ്യുമ്പോൾ മാത്രമേ ഈ ഓഫർ ലഭ്യമാകൂ. നമ്മുടെ സ്വന്തം നമ്പർ റീച്ചാർജ് ചെയ്താൽ ഈ ഓഫർ ലഭ്യമാകണമെന്നില്ല. സ്വന്തം നമ്പറിന് ഡിസ്കൗണ്ട് നിലവിൽ രണ്ട് പ്ലാനുകൾക്ക് മാത്രമേയുള്ളൂ, 485 രൂപ, 1999 രൂപ പ്ലാനുകളാണ് അവ.
സെൽഫ് കെയർ ആപ്പ്
വരുമാനമുണ്ടാക്കാനായാലും പ്രിയപ്പെട്ടവരെ സഹായിക്കാനായാലും ഈ ഡിസ്കൗണ്ട് ലഭ്യമാകണമെങ്കിൽ അതിന് എങ്ങനെയാണ് സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ സെൽഫ് കെയർ ആപ്പ് ഇല്ലാത്ത ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
മറ്റൊരു ബിഎസ്എൻഎൽ നമ്പർ റീച്ചാർജ് ചെയ്യേണ്ടത് എങ്ങനെ
ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ആദ്യം നമ്മുടെ സ്വന്തം നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അത് പൂർത്തിയാക്കിയ ശേഷം ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ ഏറ്റവും താഴെയായി അഞ്ച് ഓപ്ഷനുകൾ കാണാനാകും. ഹോം, പേ, റീച്ചാർജ്, സപ്പോർട്ട്, മോർ എന്നിവയാണ് ആ ഓപ്ഷനുകൾ.

ആപ്പിലെ ഏറ്റവും താഴെയായുള്ള ഓപ്ഷനുകളിൽ നടുക്ക് കാണുന്ന റീച്ചാർജ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിൻഡോയിൽ ഏറ്റവും മുകളിൽ നമ്മുടെ നമ്പർ കാണാനാകും. ആ നമ്പർ കാണുന്ന ബോക്സിൽ ക്ലിക്ക് ചെയ്ത ശേഷം നമ്മുടെ നമ്പർ നീക്കിയ ശേഷം റീച്ചാർജ് ചെയ്യേണ്ട നമ്പർ നൽകുക.
റീച്ചാർജ് ചെയ്യേണ്ട നമ്പർ നൽകിക്കഴിയുമ്പോൾ ഇപ്പോൾ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട് ഓഫർ പ്രകാരമുള്ള വില സഹിതം റീച്ചാർജ് പ്ലാനുകളുടെ ലിസ്റ്റ് കാണപ്പെടും. റീച്ചാർജ് ചെയ്യേണ്ട നമ്പറിന്റെ സ്ഥാനത്ത് നമ്മുടെ നമ്പറാണ് ഉള്ളത് എങ്കിൽ സാധാരണ നിരക്കാണ് കാണുക. ഓഫർ പ്രകാരം മറ്റ് നമ്പറുകൾക്ക് മാത്രമേ 199 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ ഡിസ്കൗണ്ട് ലഭ്യമാകൂ എന്നതിനാലാണ് റീച്ചാർജ് ചെയ്യേണ്ട മറ്റ് നമ്പറുകൾ നൽകുമ്പോൾ ഡിസ്കൗണ്ട് സഹിതമുള്ള വിലയിൽ പ്ലാനുകൾ കാണാനാകുന്നത്.
തുടർന്ന് ദൃശ്യമായ റീച്ചാർജ് പ്ലാനുകളിൽ നിന്ന് ഉപയോക്താവിന് ആവശ്യമായ പ്ലാൻ തെരഞ്ഞെടുത്ത് Pay എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ പേയ്മെന്റ് ഓപ്ഷനുകൾ കാണാനാകും. അതിൽ ഏത് മാർഗത്തിലൂടെയാണ് പേയ്മെന്റ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് തെരഞ്ഞെടുത്ത് തുടർന്ന് പേയ്മെന്റ് പൂർത്തിയാക്കുന്നതിലൂടെ റീച്ചാർജ് നടപടികൾ പൂർണ്ണമാകും.


Click it and Unblock the Notifications








