ബാങ്കിൽപ്പോയി ജീവനക്കാരെ ശല്യപ്പെടുത്തേണ്ട! യോനോ എസ്ബിഐ പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള വഴി
ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ വ്യാപകമായതോടെ വിവിധ ആവശ്യങ്ങൾക്കായി ബാങ്കിലെത്തി കാത്തുനിൽക്കുകയോ സമയം മെനക്കെടുത്തുകയോ ചെയ്യേണ്ടിവരുന്നില്ല. ഓൺലൈനായി വിവിധ ബാങ്കിങ് സേവനങ്ങൾ നമുക്ക് നടത്താൻ സാധിക്കും. അതിനായി ബാങ്കുകൾ തന്നെ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഏതാണ്ട് എല്ലാ ബാങ്കുകൾക്കും അവരുടേതായ ബാങ്കിങ് ആപ്പുകൾ ഉണ്ട്.
ഈ ബാങ്കിങ് ആപ്പുകൾ വളരെ ലളിതമായി പേയ്മെന്റുകൾ നടത്താനും ബാലൻസ് അറിയാനും ട്രാൻസാക്ഷൻ ഹിസ്റ്ററി അറിയാനുമെല്ലാം സൗകര്യം ഒരുക്കുന്നു. എന്നാൽ ഈ ഇടപാടുകളുടെയെല്ലാം താക്കോൽ എന്ന് പറയുന്നത് ഈ ആപ്പുകളുടെ യൂസർ നെയിം, പാസ്വേഡ് എന്നിവയാണ്. അതിൽത്തന്നെ പാസ്വേഡ് വളരെ പ്രധാനമാണ്.

മറവി മനുഷ്യ സഹജമാണ്. എപ്പോൾ എന്ത് മറക്കും എന്നത് പ്രവചിക്കാൻ സാധ്യമല്ല. നിർണായകമായ പലതും നാം അവശ്യഘട്ടങ്ങളിൽ ഓർത്തു എന്നുവരില്ല. പാസ്വേഡുകളുടെ കാര്യമാണ് അതിൽ ഏറ്റവും പ്രധാനം. സുരക്ഷ മുൻനിർത്തി ഈസിയായിട്ടുള്ള പാസ്വേഡുകൾ ഒഴിവാക്കി അക്കങ്ങളും അക്ഷരങ്ങളും ചിഹ്നങ്ങളുമൊക്കെയുള്ള പാസ്വേഡാണ് ഉപയോഗിക്കേണ്ടത്. എന്നാൽ അടിയ്ക്കടി ഉപയോഗിച്ചില്ലെങ്കിൽ നാം ഈ പാസ്വേഡുകൾ എളുപ്പത്തിൽ മറന്നുപോകും.
എന്നാൽ മറവി മനുഷ്യ സഹജമായതിനാൽ തന്നെ പാസ്വേഡ് മറന്ന് പോയാൽ അത് റീസെറ്റ് ചെയ്യാനുള്ള ഓപ്ഷനും ബാങ്കുകൾ നൽകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആണ് എസ്ബിഎ (SBI). അതിനാൽത്തന്നെ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ എസ്ബിഐയുടെ ഉപയോക്താക്കളാണ്. തങ്ങളുടെ ഉപയോക്താക്കൾക്കായി എസ്ബിഐ ഒരുക്കിയിരിക്കുന്ന ഓൺലൈൻ ബാങ്കിങ് സംവിധാനമാണ് യോനോ എസ്ബിഐ.

വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും യോനോ ആക്‌സസ് ചെയ്യാം. നെറ്റ് ബാങ്കിംഗ്, എഫ്‌ഡി ആരംഭിക്കൽ, ട്രാൻസാക്ഷൻ ഹിസ്‌റ്ററി, ഫ്ലൈറ്റുകൾ, ട്രെയിനുകൾ, ബസുകൾ, ടാക്സികൾ എന്നിവ ബുക്ക് ചെയ്യൽ, ഓൺലൈൻ ഷോപ്പിംഗ്, മെഡിക്കൽ ബില്ലുകൾ അടയ്ക്കൽ എന്നിവയും അതിലേറെയും ഉൾപ്പെടെ വിവിധ സാമ്പത്തിക സേവനങ്ങൾ യോനോ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
ഓൺലൈൻ ഇടപാടുകളിൽ സുരക്ഷ മുഖ്യ ഘടകമാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി നിശ്ചിത ഇടവേളകളിൽ യോനോ എസ്ബിഐയുടെ പാസ്വേഡ് മാറ്റുന്നത് നല്ലതാണ്. എന്നാൽ ഇങ്ങനെ മാറ്റുന്നതിനിടയിൽ പലരും തങ്ങളുടെ പാസ്വേഡ് മറന്നുപോകാറുണ്ട്. അതോടെ അക്കൗണ്ടിലേക്ക് കടക്കാനോ ഇടപാടുകൾ നടത്താനോ കഴിയാത്ത സാഹചര്യം ഉണ്ടാകും. ഇത്തരം പ്രതിസന്ധിസമയത്ത് നിങ്ങളുടെ യൂസർനെയിമും പാസ്‌വേഡും വീണ്ടും പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ പരിചയപ്പെടാം.
എസ്ബിഐ യൂസർനെയിം റീസെറ്റ് ചെയ്യാനുള്ള വഴി: ആദ്യം https://www.onlinesbi.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. തുടർന്ന് ലോഗിൻ പേജ് ഓപ്പൺ ചെയ്യുക. ലോഗിൻ ഐഡി തിരികെ ലഭിക്കുകയാണ് വേണ്ടതെങ്കിൽ Forgot Username എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ലാൻഡ് ചെയ്യുന്ന പേജിൽ ഉപയോക്താവിന്റെ പാസ്ബുക്കിൽ നൽകിയിട്ടുള്ള സിഐഎഫ് നമ്പർ നൽകുക.

തുടർന്ന് രാജ്യം തിരഞ്ഞെടുക്കുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക. ശേഷം ക്യാപ്‌ച കോഡ് കൃത്യമായി നൽകി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി CONFIRM ബട്ടണിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് യൂസർ നെയിം ലഭിക്കും.
എസ്ബിഐ പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള വഴി: എസ്‌ബിഐ സൈറ്റ് ഓപ്പൺ ചെയ്ത് forget password ബട്ടണിൽ ക്ലിക്ക് ചെയ്യുക. അടുത്ത ഘട്ടത്തിൽ നിങ്ങളുടെ യൂസർ നെയിം, അക്കൗണ്ട് നമ്പർ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകുക. തുടർന്ന് ക്യാപ്‌ച കോഡ് നൽകി സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന്, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എത്തിയ ഒടിപി നൽകി സ്ഥിരീകരിക്കുക. പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ മൂന്ന് ഓപ്ഷനുകൾ നൽകിയിട്ടുണ്ടാകും. Using ATM Card Details, Using Profile Password, Without ATM Profile Password തുടങ്ങിയ 3 ഓപ്ഷനുകളാണ് അവ.
ഈ ലിസ്റ്റിൽ നിന്ന് ഒരെണ്ണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം. തുടർന്ന് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുത്ത് 'സബ്മിറ്റ്' ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം ഫോണിലെത്തുന്ന ഒടിപി ഉപയോഗിച്ച് പാസ്വേഡ് റീസെറ്റ് ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ കൈവശമില്ലെങ്കിൽ, ഒരു പാൻ കാർഡോ ഏതെങ്കിലും ഐഡി പ്രൂഫോ സഹിതം അടുത്തുള്ള എസ്ബിഐ ബാങ്ക് ശാഖ സന്ദർശിക്കേണ്ടതുണ്ട്.


Click it and Unblock the Notifications








