സോഫ്റ്റുവെയർ അപ്ഡേറ്റ് മൂലം ഫോൺ അടിച്ചുപോയോ? വാറന്റി കഴിഞ്ഞാലും നഷ്ടപരിഹാരം നേടിയെടുക്കാം, വളരെ എളുപ്പത്തിൽ
സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരിൽ ചിലർ എങ്കിലും നേരിട്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്തതിന് ശേഷം എന്തെങ്കിലും കേടുപാടുകൾ പറ്റുന്നത്. ചെറിയ രീതിയിലുള്ള ബഗ് പ്രശ്നങ്ങൾ ആണെങ്കിൽ ഒരു പക്ഷെ എടുത്ത അപ്ഡേറ്റിൽ ഇത് ശരിയാകുന്നതായിരിക്കും. എന്നാൽ മറ്റ് ഗുരുതരമായ പ്രശ്നങ്ങൾ എന്തെങ്കിലും സംഭവിച്ചാൽ നന്നാക്കാൻ തന്നെ പ്രയാസം ആയിരിക്കും.
ചില ഫോണുകളുടെ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യുമ്പോൾ ഇവയുടെ ഡിസ്പ്ലേ, മദർ ബോർഡ് തുടങ്ങിയ കാര്യങ്ങൾ പ്രവർത്തിക്കാതെ ആകുന്നു എന്ന തരത്തിലുള്ള പരാതികളും ഉപയോക്താക്കളുടെ പക്കൽ നിന്ന് ഉയർന്നു കേൾക്കാറുണ്ട്. ഇത് നന്നാക്കാനായി കസ്റ്റമർ കെയറുകളെ സമീപിച്ചാൽ ഉയർന്ന വില ആയിരിക്കും ഇവർ ചാർജ് ആയി ആവിശ്യപ്പെടുക. വാറന്റി കഴിഞ്ഞിട്ടില്ലെങ്കിൽ കമ്പനികൾ സൗജന്യമായി തന്നെ ഇതിന്റെ കേടുപാടുകൾ പരിഹരിച്ച് തരുന്നതായിരിക്കും. എന്നാൽ വാറന്റി കഴിഞ്ഞുപോയാൽ എന്തുചെയ്യും.

പേടിക്കണ്ട വാറന്റി കഴിഞ്ഞാലും സോഫ്റ്റുവെയർ പ്രശ്നം മൂലം അതായത് നമ്മുടേതല്ലാത്ത കുറ്റം മൂലം ഫോണുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ പണം ഒന്നും മുടക്കാതെ തന്നെ നമ്മുക്ക് ഇതിന് പരിഹാരം ഉണ്ടാക്കാം. എങ്ങനെ ആണന്നല്ലെ വിശദമാക്കാം. ഇ-ദാക്കിൽ (e-daakhil) എന്ന കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റിലൂടെ പരാതി നൽകി ആണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്. അതേ സമയം സോഫ്റ്റുവെയറിന്റെ തകരാറ്‍ മൂലമാണ് ഈ പ്രശ്നം ഉണ്ടായതെന്ന് ഉറപ്പായിരിക്കണം.
എങ്കിൽ മാത്രമേ ഇത്തരത്തിൽ പരിഹാരം ലഭിക്കു. നേരത്തെ സൂചിപ്പിച്ച വെബ്സൈറ്റിന് പുമെ കൺഫോനെറ്റ് (confonet) എന്ന ആപ്പും പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഇ-ദാക്കിലിന്റെ അതേ സേവനം തന്നെയാണ് കൺഫോനെറ്റ് ആപ്പ് വഴിയും ലഭിക്കു. അതേസമയം വെബ്സൈറ്റ് സന്ദർശിച്ചാൽ എങ്ങനെയാണ് ഇതിൽ പരാതി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നത് എന്നതിന്റെ ടൂട്ടോറിയൽ വീഡിയോ അടക്കം നൽകിയിട്ടുണ്ടാകും. ഹാൻഡ് ബുക്ക് ഓൺ ഇ-ദാക്കിൽ എന്ന ഓപ്ഷനിൽ ആയിരിക്കും ഈ വീഡിയോ നൽകിയിരിക്കുന്നത്.
അതേ സമയം എങ്ങനെയാണ് വെബ്സൈറ്റിൽ പരാതി നൽകുന്നത് എന്ന് പരിശോധിക്കാം അതിനായി ഇ-ദാക്കിൽ സൈറ്റിൽ നൽകിയിരിക്കുന്ന എന്റർ വെബ്സൈറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ മറ്റൊരു പേജിൽ നിങ്ങൾ എത്തുന്നതായിരിക്കും. ഈ പേജിന്റെ ഇടതു വശത്ത് മുകളിലായി കൺസ്യൂമർ അഡ്വക്കേറ്റ് എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്ത് ഇതിൽ നിന്ന് രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ പൂരിപ്പിച്ച നൽകുക.

ആവശ്യപ്പെട്ടിരിക്കുന്ന സ്ഥലത്ത് നിങ്ങളുടെ ഐഡി പ്രൂഫിന്റെ ചിത്രവും അപ്ലോഡ് ചെയ്ത് സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ മെയിൽ ഐഡിയിലേക്ക് ഒരു ആക്ടിവേഷൻ മെയിൽ വരുന്നതായിരിക്കും ഇത് ആക്ടിവേറ്റ് ചെയ്താൽ നിങ്ങളുടെ അംഗത്വം ഇവിടെ രജിസ്റ്റർ ആയിട്ടുണ്ട് എന്നാണ് അർത്ഥം. ശേഷം നിങ്ങളുടെ ഇമെയിൽ ഐഡി, പാസ്വേർഡ് എന്നിവ നൽകി ലോഗ് ഇൻ ചെയ്യാവുന്നതാണ്.
ശേഷം ഇടത് വശത്ത് മുകളിൽ രണ്ടാമത് നൽകിയിരിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഇതിൽ നിന്ന് ഫയൽ ന്യൂ കേസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ആക്സപ്റ്റ് ബട്ടണിലും ക്ലിക്ക് ചെയ്യുക. ഇപ്പോൾ കൺസിടറേഷൻ എമൗൺ നൽകാനുള്ള ഓപ്ഷൻ ലഭിക്കും ഇതിൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കേണ്ട തുക എത്രയെന്ന് നൽകുക. താഴെ നിങ്ങളുടെ സ്ഥലവും ജില്ലയും ചോദിച്ചുള്ള ഒരു കോളം ഉണ്ടാകും ഇതും പൂരിപ്പിക്കുക.
ഉപയോക്താക്കളുടെ വിവരങ്ങൾ ചോദിച്ചുകൊണ്ടുള്ള ഓപ്ഷനും ഇതിന് ശേഷം പൂരിപ്പിച്ച് നൽകുക. മാത്രമല്ല ആർക്കെതിരെയാണോ പരാതി നൽകുന്നത് അവരുടെ വിവരങ്ങളും ചോദിക്കുന്ന സ്ഥലത്ത് പൂരിപ്പിച്ച് നൽകണം. ശേഷം നിങ്ങൾ അനുഭവിക്കുന്ന പ്രശ്നം എന്താണെന്ന് അറിയിക്കാനുള്ള കോളവും ഫിൽ ചെയ്യണം. ശേഷം സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം അഫിദവിറ്റ് (സത്യവാങ്മൂലം) കൂടി നിങ്ങൾ ഈ സൈറ്റിൽ നൽകേണ്ടതാണ്.
കേസുമായി ബന്ധപ്പെടുത്താൻ സാധിക്കുന്ന ഡോക്യുമെന്റുകൾ ഉണ്ടെങ്കിലും ഇതും അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഇവിടെ ഉണ്ടായിരിക്കുന്നതാണ്. ഇതിനെല്ലാം ശേഷം ഫൈനലൈസ് ആൻഡ് സബ്മിറ്റ് ആപ്ലിക്കേഷൻ എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് നൽകിയിരിക്കുന്ന ഓപ്ഷനുകൾ നല്ലതുപോലെ വായിച്ചു നോക്കി പരാതി ഫൈനലൈസ് ചെയ്യാവുന്നതാണ്. വക്കീലിന്റെ സഹായമില്ലാതെ തന്നെ സ്വന്തം വീട്ടിൽ ഇരുന്ന് ഇത്തരത്തിൽ നമ്മുക്ക് കേസ് ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കും.
അതേ സമയം ഇതെല്ലാം ബുദ്ധിമുട്ട് ആയി തൊന്നുന്നു എങ്കിൽ വാട്സ്ആപ്പ് വഴിയും നിങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. 8800001915 എന്നതാണ് ഇതിനായുള്ള വാട്സ്ആപ്പ് നമ്പർ. ഇതിലൂടെ പരാതി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നതാണ്. 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ആവിശ്യപ്പെടുന്ന കേസുകൾ ഇവിടെ സൗജന്യമായി തന്നെ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതായിരിക്കും.


Click it and Unblock the Notifications








