വെള്ളത്തില്‍ വീണ മൊബൈല്‍ഫോണ്‍ എങ്ങനെ ശരിയാക്കാം?

By Super
|
വെള്ളത്തില്‍ വീണ  മൊബൈല്‍ഫോണ്‍  എങ്ങനെ ശരിയാക്കാം?

മഴ, ഒരു ബക്കറ്റ് വെള്ളം, ഒരു വാഷിംഗ് മെഷീന്‍, കക്കൂസ്.... ഈ പറഞ്ഞവയൊക്കെ നമുക്ക് ഏറെ വേണ്ടപ്പെട്ടവയാണ്. പക്ഷെ ഇവയിലെതിലെങ്കിലും നമ്മുടെ ജീവന്റെ ജീവനായ മൊബൈല്‍ ഫോണ്‍ നിപതിച്ചാലത്തെ അവസ്ഥ ഓര്‍ക്കാന്‍ കൂടി കഴിയുമോ..ഇല്ലല്ലോ.. ഇനി അബദ്ധത്തിലെങ്ങാനും കൈയ്യിലെ സ്മാര്‍ട്ട്‌ ഫോണ്‍ വെള്ളത്തില്‍ പോയാലോ? എന്ത് ചെയ്യും.. പേടിക്കേണ്ട കാര്യമൊന്നുമില്ല. താഴെ പറയാന്‍ പോകുന്ന കുറച്ചു കാര്യങ്ങള്‍ ചെയ്താല്‍ മതി. നമുക്ക് ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാം നിങ്ങളുടെ ഫോണിനെ. പിന്നെ എന്തൊക്കെ ചെയ്തുകൂടാ എന്ന ഭാഗം പ്രത്യേകം വായിക്കണം.

എന്ത് ചെയ്യണം

 

ഫോണ്‍ തുറക്കുന്നത് നനവ്‌ മുഴുവന്‍ വേഗത്തിലുണക്കാന്‍ സഹായിക്കുമെങ്കിലും വാറന്റിയെ അത് ബാധിക്കുമെന്നത് കൊണ്ട് ആ വഴി നിര്‍ദ്ദേശിക്കുന്നില്ല. പകരം ഈ വഴികള്‍ നോക്കാം:

1.എത്രയും വേഗത്തില്‍ ഫോണ്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുക എന്നതാണ് ആദ്യം ചെയ്യണ്ട കാര്യം.കൂടുതല്‍ നേരം അങ്ങനെ കിടന്നാല്‍ അത് ഒത്തിരി തകരാറുകള്‍ക്ക് കാരണമാകും.

2.ഒരു കാരണവശാലും ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കുകയോ ഏതെങ്കിലും കീകള്‍ അമര്‍ത്തുകയോ ചെയ്യരുത്. കാരണം ഇങ്ങനെ ചെയ്താല്‍ വെള്ളം ഫോണിനുള്ളിലേക്ക് കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്.

3.എല്ലായ്പ്പോഴും ഒരു പ്രാഥമിക ചികിത്സ എന്ന നിലയില്‍ ചെയ്യാവുന്നത് ബാറ്ററി ഊരി മാറ്റുക എന്നതാണ്. ഇതിലൂടെ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് സാധ്യത ഒഴിവാക്കാം.

4.ഇനി ഐഫോണ്‍, നോക്കിയ ലൂമിയ തുടങ്ങിയവ പോലെയുള്ള മാറ്റാനാകാത്ത ബാറ്ററിയുള്ള ഫോണാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ എത്രയും വേഗം അത് സ്വിച്ച് ഓഫ് ചെയ്യുക. ഓണ്‍ ആണോയെന്ന് ചെക്ക് ചെയ്യേണ്ടി വരും.ഇത് അല്പം അപകടമാണ്. അത് കൊണ്ട് വളരെ പതുക്കെ പാമ്പുകടിയേറ്റ ആളെ പോലെ വേണം നിങ്ങളുടെ ഫോണിനെ കൈകാര്യം ചെയ്യാന്‍.

5.ഫോണുമായിട്ട് എന്തെങ്കിലും അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ എത്രയും വേഗം അവ വേര്‍പെടുത്തി മാറ്റുക.

6.സിം കാര്‍ഡ്, എസ് ഡി കാര്‍ഡ് തുടങ്ങിയവ നീക്കം ചെയ്യുക. എല്ലാ പോര്‍ട്ടുകളും തുറന്നിട്ട്‌ വായു സഞ്ചാരം ഉറപ്പാക്കുക.

7.ഒരു തുണിയുപയോഗിച്ച് ഫോണിന്റെ പുറം മുഴുവന്‍ തുടയ്ക്കുക. അപ്പോഴും ഒരല്പം വെള്ളം പോലും പുറത്തു നിന്നും വീണ്ടും അകത്തേക്ക് കയറാതിരിക്കാന്‍ ശ്രദ്ധിക്കണം.

8.എല്ലായിടവും ഉണങ്ങിയാലും ഉള്ളില്‍ ആര്‍ദ്രത അവശേഷിക്കാനുള്ള സാധ്യത ഏറെയാണ്‌. ഫോണ്‍ ഓണ്‍ ആകുന്നതിനു മുന്‍പ് ഇതും ഒഴിവാക്കേണ്ടതുണ്ട്. സാധാരണയായി ചെയ്തു വരുന്ന മാര്‍ഗം ഉണക്ക അരി നിറച്ച ഒരു പാത്രത്തില്‍ ഫോണ്‍ വയ്ക്കുക എന്നതാണ്. ജലാഗിരണ ശേഷി കൂടുതലുള്ള വസ്തുവാണ് ഉണക്ക അരി. സിലിക്ക ജെല്‍ പായ്ക്കുകള്‍ വളരെയധികം വെള്ളം വലിച്ചെടുക്കുന്ന പദാര്‍ത്ഥമാണ്. ഷൂ ബോക്സിനുള്ളിലൊക്കെ കാണാറില്ലേ ഇത്തരം ചെറിയ പായ്ക്കുകള്‍. ഇനി അത് കിട്ടിയില്ലെങ്കില്‍ അരി തന്നെയാണ് നല്ല മാര്‍ഗം.

9.നിങ്ങളുടെ ഫോണിനെ ഇതിലേതെങ്കിലും വസ്തു നിറച്ച ഒരു വായു കടക്കാത്ത പാത്രത്തില്‍ വയ്ക്കുക. ഫോണിനെ പൂര്‍ണമായും ആ വസ്തു കൊണ്ട് മൂടുക. 24 മുതല്‍ 48 മണിക്കൂര്‍ വരെ അങ്ങനെ സൂക്ഷിച്ച് ജലാംശം പൂര്‍ണമായും ഇല്ലാതാക്കുക. വേണമെങ്കില്‍ ഈ ആവശ്യത്തിനു വേണ്ടി നിര്‍മിക്കപ്പെട്ടിട്ടുള്ള, കാറ്റ് കയറാത്ത വിധത്തില്‍ അടച്ച ഒരു സിലിക്ക ലൈന്‍ഡ് പൌച്ച് വാങ്ങി ഉപയോഗിക്കാം.

10.ഫോണ്‍ പൂര്‍ണമായും ഉണങ്ങി എന്നുറപ്പായാല്‍, എങ്കില്‍ മാത്രം, ബാറ്ററിയിട്ട് ഓണ്‍ ചെയ്യാം. ആശംസകള്‍.

 

എന്ത് ചെയ്യരുത്

1.ഫോണിനുള്ളിലെ ഈര്‍പ്പം പൂര്‍ണമായും ഇല്ലാതാക്കാന്‍ ചിലര്‍ ഹെയര്‍ ഡ്രയര്‍ നിര്‍ദ്ദേശിച്ചേക്കാം. പക്ഷെ ഇങ്ങനെ ചെയ്താല്‍ കൂടിയ ചൂട് കാരണം ഫോണിനുള്ളിലെ ഘടകങ്ങള്‍ക്ക് കേട് സംഭവിക്കാം. അതുകൊണ്ട് ശ്രമിക്കാതിരിക്കുന്നതാവും ഉചിതം.

2.യു എസ് ബി പോര്‍ട്ടിലും ഹെഡ് ഫോണ്‍ ജാക്കിലുമൊക്കെയുള്ള ജലാംശം ഒപ്പിയെടുക്കാനായി ചിലര്‍ ചെറിയ കമ്പിയുടെയോ, കമ്പിന്റെയോ അറ്റത്ത് പേപ്പര്‍ ചുറ്റി തുടയ്ക്കാറുണ്ട്. ഇങ്ങനെ തുടയ്ക്കുന്ന സമയത്ത് പേപ്പറിന്റെയോ കമ്പിന്റെയോ അംശങ്ങള്‍ പോര്‍ട്ടുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. ഇത് പിന്നീട് വേറെ വലിയ പ്രശ്നങ്ങളുണ്ടാക്കും.

3.ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടേയിരുന്നാല്‍ പതിയെ ചൂടായി ജലാംശം മുഴുവന്‍ പോകില്ലേ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് സാധ്യത വളരെ വളരെ അധികമാണ്. അതുകൊണ്ട് ശ്രമിക്കുകയേ ചെയ്യരുത്.

തുരുമ്പിനെ സൂക്ഷിക്കുക

എത്രയൊക്കെ ഉണക്കിയാലും ഫോണിനുള്ളില്‍ എവിടെയെങ്കിലുമൊക്കെ അല്പം നനവ്‌ അവശേഷിക്കും. ലോഹ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നനവ്‌ അവശേഷിച്ചാല്‍ അത് പതിയെ തുരുമ്പിന് കാരണമാകും. കാര്യമായി പണിയറിയാവുന്നവര്‍ ഫോണ്‍ തുറന്ന് ആല്‍ക്കഹോളോ, പെട്രോളോ ഒക്കെ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാറുണ്ട്. പക്ഷെ എല്ലാര്ക്കും അതിനാകില്ലല്ലോ. അപ്പോള്‍ അറിയാവുന്ന ആരുടെയെങ്കിലും സഹായം തേടേണ്ടി വരും. വാറന്റി ഒരു പ്രശ്നമാണെന്നത് മറക്കരുത്.

വാറന്റി ഉണ്ടാകുമോ ?

ഫോണിലെ ലിക്വിഡ് കോണ്ടാക്റ്റ് ഇന്‍ഡിക്കേറ്റര്‍ കണ്ടുപിടിക്കുക. ഓരോ ഫോണിലും ഓരോ സ്ഥലത്തായിരിക്കും ഇത്. അതൊരു ചെറിയ വെള്ള സ്റ്റിക്കറാണ്.നനഞ്ഞാല്‍ അതിന്റെ നിറം ചുവപ്പാകും. ഇതുപയോഗിച്ചാണ് കമ്പനിക്കാര്‍ വാറന്റി ക്ലെയിം അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

ഏതായാലും എല്‍ സി ഐ ഒന്നും നോക്കാന്‍ മെനക്കെടാതെ നേരെ കമ്പനിയുമായി ബന്ധപ്പെടുക എന്നതാണ് ഉചിതം. പെട്ടെന്ന് ഫോണിനെ രക്ഷിച്ചെടുക്കാന്‍ മുകളിലെ വഴികളുപയോഗിക്കുക. അതിനു ശേഷം കമ്പനിയുടെ സഹായം തേടുക. കിട്ടിയാല്‍ ഊട്ടി,ഇല്ലെങ്കില്‍ ചട്ടി...

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X