കാശ് പോകുന്ന വഴി അറിയുന്നില്ലേ? ഗൂഗിൾ പേയിലെ ഓട്ടോമാറ്റിക് പേയ്‌മെന്റുകൾ ഓഫ് ആക്കാം, ഈസിയാണ്!
ഇന്ത്യയിൽ ഫോൺപേ കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന യുപിഐ ആപ്പാണ് ഗൂഗിൾ പേ (Google Pay). ഇന്ത്യയിലെ യുപിഐ ഇടപാടുകളിൽ 36 ശതമാനത്തിലധികം ഗൂഗിൾ പേ വഴിയാണ് നടക്കുന്നത് എന്നാണ് ജൂണിലെ കണക്കുകൾ പറയുന്നത്. വളരെ ഈസിയായി പേയ്മെന്റുകൾ നടത്താം എന്നതിന് പുറമേ, തുടക്ക കാലത്ത് ധാരാളം റിവാർഡുകളും വാഗ്ദാനം ചെയ്തിരുന്നു എന്നതാണ് ജിപേ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന ഗൂഗിൾ പേ പേയ്മെന്റ് ആപ്പിനെ ഇന്ത്യക്കാർക്കിടയിൽ പ്രശസ്തമാക്കിയത്. ഒട്ടനവധി ഓപ്ഷനുകൾ ഇപ്പോൾ ഗൂഗിൾ പേയിൽ ലഭ്യമാണ്. ഇത് കൂടാതെ യുപിഐ ലൈറ്റ് ഉൾപ്പെടെയുള്ള പേയ്മെന്റ് സൗകര്യവും ഗൂഗിൾ പേ പിന്തുണയ്ക്കുന്നുണ്ട്.
ഗൂഗിൾ പേ ഓട്ടോ പേ സംവിധാനം
വ്യക്തികൾ തമ്മിലുള്ള പണകൈമാറ്റം ഈസിയാക്കാനും, മർച്ചന്റ് പേയ്മെന്റുകൾ നടത്താനുമൊക്കെയാണ് കൂടുതലായും ആളുകൾ ഗൂഗിൾ പേ ആപ്പ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഓട്ടോ പേയ്മെന്റ് ഓപ്ഷനെയും ഗൂഗിൾ പേ പിന്തുണയ്ക്കുന്നുണ്ട്. സ്ഥിരമായി ചെയ്യേണ്ടിവരുന്ന പേയ്മെന്റുകൾക്ക് ഓട്ടോമാറ്റിക്കായി പണം അയ്ക്കുന്ന രീതിയാണ് ഓട്ടോമാറ്റിക് പേയ്മെന്റ്സ് ഓപ്ഷൻ.

എന്തുകൊണ്ട് ഓട്ടോമാറ്റിക് പേയ്മെന്റ്
സ്ഥിരമായി ചെയ്യേണ്ട ചില പേയ്മെന്റുകൾ മിക്കവർക്കും ഉണ്ടാകും. ഇതിനായി എല്ലാത്തവണയും സമയം ചെലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ ഓട്ടോപേയ്മെന്റ് ഫീച്ചർ സഹായിക്കുന്നു. ഓരോ തവണ പേയ്മെന്റ് ചെയ്യുമ്പോഴും പിൻ നൽകേണ്ടതില്ല എന്നതാണ് ഓട്ടോപേയുടെ ഗുണം. മൊബൈൽ ബില്ലുകൾ, ഇലക്ട്രിസിറ്റി ബില്ലുകൾ, EMI പേയ്മെന്റുകൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയുടെയെല്ലാം പേയ്മെന്റ് ഓട്ടോമാറ്റിക്കായി അക്കൗണ്ടിൽ നിന്ന് അയയ്ക്കുന്ന നിലയിൽ സെറ്റ് ചെയ്യാനാകും.
ഓട്ടോമാറ്റിക് പേയ്മെന്റ് നിർത്താൻ എന്ത് ചെയ്യണം
ഓട്ടോമാറ്റിക് പേയ്മെന്റ് ആക്ടീവ് ആക്കിയാൽ അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ ഓട്ടോമാറ്റിക്കായി ബില്ലുകൾ അടയ്ക്കപ്പെടും. എന്നാൽ ചില ഘട്ടങ്ങളിൽ ഇത് ഒരു ബാധ്യതയായി മാറാറുണ്ട്. അതായത് ചില സബ്സ്ക്രിപ്ഷനുകളും മറ്റും നമ്മുടെ അക്കൗണ്ടിലെ പണം ചോർത്തിക്കൊണ്ടിരിക്കും. ഒരു സാമ്പത്തിക അച്ചടക്കം വേണം എന്ന് തോന്നുന്ന ഘട്ടത്തിൽ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് അനാവശ്യമായ സബ്സ്ക്രിപ്ഷനുകളിലേക്കുള്ള ഓട്ടോ പേ ഒഴിവാക്കാവുന്നതാണ്.

ഘട്ടം ഘട്ടമായുള്ള നടപടികൾ
ആദ്യം ഗൂഗിൾ പേ ആപ്പ് ഓപ്പൺ ചെയ്യുക. തുടർന്ന് മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. അതിന് ശേഷം "ഓട്ടോപേ" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അവിടെ ആക്ടീവായിരിക്കുന്ന ഓട്ടോപേ സബ്‌സ്‌ക്രിപ്‌ഷനുകളുടെ ഒരു ലിസ്റ്റ് കാണാനാകും. അതിൽ നിന്ന് ഓട്ടോപേ ഓപ്ഷൻ ക്യാൻസൽ ചെയ്യാൻ ആഗ്രഹിക്കുന്ന നിർദ്ദിഷ്ട സബ്‌സ്‌ക്രിപ്‌ഷൻ കണ്ടെത്തുക.
തുടർന്ന് സബ്‌സ്‌ക്രിപ്‌ഷൻ അവസാനിപ്പിക്കാനായി "ഓട്ടോപേ റദ്ദാക്കുക" എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. തുടർന്ന് ഇക്കാര്യം ഒരിക്കൽക്കൂടി സ്ഥിരീകരിക്കേണ്ടി വന്നേക്കാം. ഓട്ടോപേ ഓപ്ഷൻ ക്യാൻസൽ ചെയ്യുന്നതിൽ ഉറച്ചുനിൽക്കുന്നു എങ്കിൽ യുപിഐ നമ്പർ നൽകി നടപടി പൂർത്തീകരിക്കുക. അതിന് ശേഷം ഓട്ടോ പേ ക്യാൻസൽ ആയതിന്റെ സ്ഥിരീകരണം മെസേജായി ലഭ്യമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓട്ടോ പേയ്മെന്റ് രീതി അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഗൂഗിൾ പേ ഉപയോക്താക്കൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. പേയ്മെന്റ് ക്യാൻസലേഷൻ നടപ്പിലാകുന്ന തീയതി മർച്ചന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം. സബ്‌സ്‌ക്രിപ്‌ഷനുള്ള ഒരു പേയ്‌മെന്റ് ഇതിനകം ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെങ്കിൽ, ക്യാൻസലേഷൻ നടപ്പിലാകുന്നതിന് മുമ്പുതന്നെ അത് പ്രോസസ്സ് ചെയ്‌തേക്കാം.

ചില സന്ദർഭങ്ങളിൽ, ഗൂഗിൾ പേ ആപ്പിൽ ഓട്ടോപേ റദ്ദാക്കിയതിനുശേഷവും സബ്‌സ്‌ക്രിപ്‌ഷൻ ക്യാൻസർ ചെയ്യാൻ നിർദിഷ്ട പ്ലാറ്റ്ഫോമിനെയോ, ഇടപാടുകാരെയോ നേരിട്ട് ബന്ധപ്പെടേണ്ടി വന്നേക്കാം. എന്തായാലും ഓട്ടോ പേ ഓപ്ഷൻ ക്യാൻസൽ ചെയ്തുകഴിഞ്ഞാൽ പിന്നീട് അക്കൗണ്ടിൽ നിന്ന് ആ ഇടപാടിനായി പണം നഷ്ടമാകില്ല എന്ന് ഉറപ്പിക്കാം.


Click it and Unblock the Notifications








