ഇനി തെറ്റരുത് ! ആധാർ കാർഡിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാം, ഇതാ
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനമാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ യുഐഡിഎഐ നൽകുന്ന 16 അക്ക ഐഡന്റിഫിക്കേഷൻ നമ്പറാണിത്. മാത്രമല്ല വിവിധ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന തിരിച്ചറിയൽ രേഖയായും ആധാർ മാറി കഴിഞ്ഞിട്ടുണ്ട്. പൗരന്മാരുടെ വിലാസം, ജനനതീയതി തുടങ്ങിയവ തെളിയിക്കുന്ന രേഖയായും ആധാർ ഉപയോഗിക്കാം. ഇത് എല്ലാവരും കൈവശം വെയ്‌ക്കേണ്ടത് നിർബന്ധമായ അവസ്ഥയാണ്. ആധാർ കാർഡ് മൊബൈൽ നമ്പറുമായി (mobile number) ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, വിവിധ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നിങ്ങൾക്ക് ഫോണിലൂടെ തന്നെ അറിയാൻ സാധിക്കും. സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാക്കാൻ മൊബൈൽ നമ്പറും അക്കൗണ്ട് നമ്പറും ആധാറുമായി ലിങ്ക് ചെയ്യാൻ സർക്കാർ നിർദ്ദേശമുണ്ട്.
എന്നാൽ ഇന്ന് പലരും ഒന്നിലധികം മൊബൈൽ നമ്പറുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് നമ്പറാണ് ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്നതെന്ന് മറന്നു പോയേക്കാം. അല്ലെങ്കിൽ ആധാർ കാർഡിൽ പുതിയ നമ്പർ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യം വന്നേക്കാം. അതിനാൽ മൊബൈൽ നമ്പർ മാറുമ്പോൾ അത് ആധാറിലും അപ്ഡേറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

എന്നാൽ ആധാറിൽ ചേർത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വ്യത്യാസം വന്നാലോ..?. ആധാറിൽ ചേർത്തിരിക്കുന്ന വിവരങ്ങളിൽ വ്യത്യാസം വന്നാൽ അപ്‌ഡേറ്റ് ചെയ്യാൻ നമ്മൾ വേണ്ടി അടുത്തുള്ള ആധാർ എന്റോൾമെന്റ് കേന്ദ്രത്തിലേക്ക് തന്നെ പോകേണ്ടി വരും. പേര്, വിലാസം, ജനനതിയ്യതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയെല്ലാം ഇത്തരത്തിൽ ആധാർ എന്റോൾമെന്റ് സെന്ററിൽ പോയി മാത്രം മാറ്റാവുന്ന കാര്യമാണ്.
നിങ്ങൾക്ക് ആധാർ വിശദാംശങ്ങൾ ഓൺലൈനിലോ ഓഫ്ലൈനായോ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ചില കാര്യങ്ങൾ മാത്രമേ ഓൺലൈനായി നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുകയുള്ളു. ഫോൺ നമ്പർ നിങ്ങൾക്ക് ഓൺലൈനായി സ്വയം അപ്ഡേറ്റ് ചെയ്യാൻ സാധിക്കുകയില്ല. നിങ്ങൾ സിം കാർഡ് മാറ്റുകയോ മറ്റൊരു നമ്പരിലേക്ക് ആധാർ കാർഡ് ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുകയോ ചെയ്യുന്നുവെങ്കിൽ അടുത്തുള്ള എന്റോൾമെന്റ് സെന്ററിൽ പോയാൽ മതി. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് നോക്കാം.

ഇത്തരം സെന്ററുകൾ കണ്ടെത്താൻ uidai.gov.in എന്ന വെബ്സൈറ്റിലെ 'ഫൈൻഡ് എന്റോൾമെന്റ് സെന്റർ' എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. അവിടെ നിന്ന് മൊബൈൽ നമ്പർ മാറ്റാനായി പൂരിപ്പിച്ച് നൽകേണ്ട ഫോം ആധാർ ഹെൽപ്പ് എക്സിക്യൂട്ടീവ് നൽകും. ശേഷം ഫോം പൂരിപ്പിച്ച് ഒരിക്കൽ കൂടി പരിശോധിച്ച് ആധാർ എക്സിക്യൂട്ടീവിന് സമർപ്പിക്കുക. അപ്‌ഡേറ്റിനായി നിങ്ങൾ 50 രൂപ നൽകേണ്ടി വരും. ഇത് ആധാർ എക്സിക്യൂട്ടീവിന്റെ പക്കൽ ഏൽപ്പിക്കുക.
അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ (യുആർഎ) അടങ്ങുന്ന ഒരു സ്ലിപ്പ് ആധാർ എക്സിക്യൂട്ടീവ് നിങ്ങൾക്ക് നൽകും. കൂടാതെ നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിച്ച് ഇത് സ്ഥിരീകരിക്കുന്നതിനായി ബയോമെട്രിക് പരിശോധന നടക്കും. അപ്ഡേഷന്റെ സ്റ്റാറ്റസ് അറിയാൻ myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ കയറി ചെക്ക് എന്റോൾമെന്റ് & അപ്‌ഡേറ്റ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
90 ദിവസത്തിനുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പർ യുഐഡിഎഐ ഡാറ്റാബേസിൽ അപ്ഡേറ്റ് ചെയ്യപ്പെടും. അല്ലെങ്കിൽ സ്റ്റാറ്റസ് പരിശോധിക്കാൻ യുഐഡിഎഐ ടോൾ ഫ്രീ നമ്പറിൽ (1947) വിളിക്കാവുന്നതാണ്. മറ്റുള്ളവരുടെ ആധാർ കാർഡിന്റെ നമ്പർ മാറ്റി തട്ടിപ്പുകൾ നടത്താതിരിക്കാൻ വേണ്ടിയാണ് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം ആധാർ എന്റോൾമെന്റ് കേന്ദ്രത്തിലൂടെ മാത്രമാക്കിയിരിക്കുന്നത്.
ആധാർ കാർഡുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കൃത്യവും സുരക്ഷിതവുമായിരിക്കാൻ വേണ്ടിയാണ് ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിക്കുന്നത്.


Click it and Unblock the Notifications








