സൗജന്യ വൈഫൈ ഒരു 'ഹണിട്രാപ്പ്' ആണ്! ഫ്രീ ഡാറ്റ ഉപയോഗിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡാറ്റ തിന്നുന്ന റപ്പായിമാരാണ് ചില സ്മാർട്ട്ഫോണുകൾ. അതുപക്ഷേ സ്മാർട്ട്ഫോണിന്റെ കുഴപ്പമല്ല, ഉപയോഗിക്കുന്ന ആളുടെ കുഴപ്പമാണ്. അവർക്ക് എത്ര ഡാറ്റ കിട്ടിയാലും മതിയാവില്ല. അങ്ങനെയുള്ളവർ സൗജന്യമായി ഡാറ്റ കിട്ടിയാൽ വെറുതേവിടുമോ, ഒരിക്കലുമില്ല. സൗജന്യമെന്ന് കേട്ടാൽ ചാടി വീഴുന്നവരാണ് മനുഷ്യർ. ഏതാണ്ടെല്ലാ നാട്ടിലെയും മനുഷ്യർ ഈ വീക്ക്നെസ് ഉള്ളവരാണ്.
സൗജന്യങ്ങളെ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ''ഓസിന് കിട്ടിയാൽ ആസിഡും കുടിക്കുന്നവൻ'' എന്ന പ്രയോഗം പോലും ഈ ഇഷ്ടത്തിൽനിന്ന് ഉണ്ടായതാകാം. സൗജന്യമെന്ന് കേൾക്കുമ്പോഴുള്ള ആളുകളുടെ ഈ ആക്രാന്തം പലപ്പോഴും സൈബർ ക്രിമിനലുകൾ പ്രയോജനപ്പെടുത്താറുണ്ട്. ഇന്നത്തെക്കാലത്ത് എല്ലാവർക്കും സ്മാർട്ട്ഫോണുണ്ട്. സ്മാർട്ട്ഫോണുടമകളെ സംബന്ധിച്ചിടത്തോളം ഡാറ്റ ഒരു അവശ്യവസ്തുവാണ്.

ആളുകളുടെ ഡാറ്റ ആവശ്യകത മുൻനിർത്തി പബ്ലിക് വൈഫൈ കേന്ദ്രങ്ങളും മറ്റും പലയിടങ്ങളിലും ഉണ്ട്. നിരവധി പേർക്ക് ഈ സൗകര്യം ഉപകാരപ്പെടാറുമുണ്ട്. എന്നാൽ സൗജന്യ വൈഫൈ എന്ന് കേട്ടാൽ ആവശ്യത്തിന് ഡാറ്റ സ്വന്തമായി ഉണ്ടെങ്കിൽ പോലും വെറുതേ കണക്ട്ചെയ്ത് വീഡിയോ കാണുകയോ സിനിമ ഡൗൺലോഡ് ചെയ്യുകയോ ചെയ്യുന്നവരും കുറവല്ല.
സൗജന്യമായി കിട്ടുന്ന വൈഫൈ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. റെയിൽവേ സ്റ്റേഷനുകളിൽ ഉൾപ്പെടെ ലഭ്യമാകുന്ന സൗജന്യ വൈഫൈ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തുന്നവർ ഏറെയാണ്. എന്നാൽ എല്ലാവർക്കുമായി തുറന്നു നൽകിയിരിക്കുന്ന പൊതു വൈഫൈ സംവിധാനങ്ങളെ ആശ്രയിക്കും മുമ്പ് നമ്മുടെ ഡാറ്റയും ഐഡന്റിറ്റിയും പരിരക്ഷിക്കുന്നതിന് നാം ചിലകാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം. അത് എന്തൊക്കെയാണ് എന്ന് നോക്കാം.
കിട്ടുന്ന വൈഫൈയെല്ലാം മുതലാക്കാൻ ശ്രമിക്കരുത്: തിരക്കുള്ള പൊതു ഇടങ്ങളിൽ നിരവധി ഓപ്പൺ വൈഫൈകൾ ഉണ്ടാകും. അത്തരം സ്ഥലങ്ങളിലെ സൗജന്യ വൈഫൈയെന്ന പ്രലോഭനത്തിൽ വീഴരുത്. അത് ചിലപ്പോൾ നിങ്ങളുടെ ഡാറ്റ ഹാക്കർമാർക്ക് തുറന്നു നൽകുന്നതിന് ഇടയാക്കും. അംഗീകൃത സ്ഥാപനങ്ങളുടേത് എന്നു തോന്നിപ്പിക്കുന്ന പേരുകളിലുള്ള വൈഫൈകൾ ചിലപ്പോൾ ഹാക്കർമാരുടെ നിയന്ത്രണത്തിൽ ഉള്ളവയാകാം. അതിനാൽ കണക്ട് ചെയ്യുംമുമ്പ് വിശ്വാസ്യത ഉറപ്പാക്കുക.
ഷെയറിങ് ഓഫാക്കുക: ഫയലുകളും ഫോൾഡറുകളും പങ്കിടുന്നത് ഓഫീസ് വൈഫൈയിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമായിരിക്കാം. എന്നാൽ പബ്ലിക് വൈഫൈയിൽ കണക്ട് ചെയ്യും മുമ്പ് നിങ്ങളുടെ ഫയൽ ഷെയറിങ് ഓപ്ഷൻ ഓഫാക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പൊതു വൈഫൈയിൽ കണക്ട് ചെയ്യുമ്പോൾ നിങ്ങൾ ഷെയർ ചെയ്തിരിക്കുന്ന ഫോൾഡറുകൾ മറ്റുള്ളവർക്കും ലഭ്യമായേക്കും.
ഓട്ടോമാറ്റിക്ക് കണക്ഷൻ ഓഫാക്കുക: എളുപ്പത്തിനായി വൈഫൈ നെറ്റ്വർക്കുകളിലേക്ക് ഓട്ടോമാറ്റിക് ആയി കണക്ട് ആകുന്ന ഓപ്ഷൻ പലരും ഉപയോഗിക്കാറുണ്ട്. ഡാറ്റ ലാഭിക്കുന്നതിനായും മറ്റുമാണ് കൂടുതൽ പേരും വൈഫൈകളിലേക്ക് ഓട്ടോമാറ്റിക് ആക്സസ് അനുവദിക്കുന്നത്. ഇത് ഏറെ എളുപ്പമുള്ള ഓപ്ഷനാണ് എങ്കിലും സുരക്ഷ കണക്കിലെടുക്കുമ്പോൾ അപകടകരമാണ്.

ഓട്ടോമാറ്റിക് ആയി കണക്ട് ആകുമ്പോൾ നാമറിയാതെ മറ്റ് നെറ്റ്വർക്കുകൾക്ക് നമ്മുടെ സ്മാർട്ട്ഫോണിലേക്ക് ആക്സസ് ലഭിക്കുന്നു. ഇത് നമ്മുടെ സ്മാർട്ട്ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ഡാറ്റകളിലേക്ക് ഹാക്കർമാർക്കും മറ്റും പ്രവേശനം എളുപ്പമുള്ളതാക്കുന്നു. അതിനാൽ ഓപ്പൺ നെറ്റ്വർക്കുകളിലേക്ക് ഓട്ടോമാറ്റിക്ക് ആക്‌സസ് അനുവദിക്കുന്ന ഒപ്ഷൻ ഓഫാക്കി വയ്ക്കുന്നത് ഏറെ നന്നായിരിക്കും.
ഓൺലൈൻ ബാങ്കിംഗ് സൈറ്റുകളിൽ സൈൻ ഇൻ ചെയ്യുന്നത് ഒഴിവാക്കുക: പബ്ലിക്ക് വൈഫൈ ഉപയോഗിച്ചുകൊണ്ട് ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ പോലുള്ള വ്യക്തിഗത വിവരങ്ങൾ അടങ്ങിയ അക്കൗണ്ടുകളിൽ സൈൻ ഇൻ ചെയ്യുന്നത് ഒഴിവാക്കുക. എത്ര മികച്ച വെബ്സൈറ്റ് ആണെങ്കിലും ആ സൈറ്റിലെ നമ്മുടെ വ്യക്തിഗത വിവരങ്ങൾ പബ്ലിക്ക് വൈഫൈയിൽ ഹാക്കർമാർക്ക് ആക്‌സസ് ചെയ്യാൻ കഴിഞ്ഞേക്കാം.
ശക്തമായ പാസ്വേഡുകൾ ഉപയോഗിക്കുക: എളുപ്പത്തിന് വേണ്ടി നാം പെട്ടെന്ന് ഓർത്തിരിക്കുന്ന ഒരു പാസ്വേഡ് ഉണ്ടാക്കുകയും മറന്ന് പോകാതിരിക്കാൻ എല്ലാത്തിനും ഒരേ പാസ്വേഡ് ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ പബ്ലിക്ക് വൈഫൈയിൽ കണക്ട് ആയിരിക്കുമ്പോൾ നിങ്ങളുടെ പാസ്വേഡ് ഹാക്കർക്ക് ലഭിച്ചാൽ മറ്റ് അക്കൗണ്ടുകളും അപകടത്തിലാകും.

എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്‌വേഡ് ഉപയോഗിക്കാതിരിക്കുക. പാസ്വേഡ് ഉണ്ടാക്കുമ്പോൾ അക്കങ്ങളും അക്ഷരങ്ങളും ചിഹ്നങ്ങളും ക്യാപിറ്റൽ- സ്മോൾ ലെറ്ററുകളും ഇടകലർത്തി നൽകാൻ ശ്രദ്ധിക്കുക. കാരണം, അക്കങ്ങളോ പ്രത്യേക ചിഹ്നങ്ങളോ ഉൾപ്പെടാത്ത ആറ് അക്ഷരങ്ങളുള്ള ഒരു ചെറിയക്ഷരത്തിലുള്ള പാസ്‌വേഡ് തകർക്കാൻ വെറും 10 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് റിപ്പോർട്ട്.
അപ്‌ഡേറ്റുകൾ കൃത്യമായി നടത്തുക: നമ്മുടെ ഡിവൈസുകളുടെ സുരക്ഷയ്ക്ക് സുരക്ഷാ അപ്ഡേറ്റുകൾ നിർണായകമാണ്. അപ്ഡേറ്റുകൾ കൃത്യമായി നടത്തിയില്ലെങ്കിൽ പുതിയതായി ഉണ്ടാകുന്ന സുരക്ഷാവീഴ്ചകളെ നേരിടാൻ നമ്മുടെ ഡിവൈസിന് കഴിയില്ല. മാൽവെയറുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഭീഷണികൾ മറികടക്കാൻ സെക്യൂരിറ്റി അപ്ഡേറ്റുകൾ ഏറെ സഹായിക്കും. നമ്മുടെ ഡിവൈസ് എപ്പോഴും സുരക്ഷാസജ്ജമായിരിക്കാൻ അപ്ഡേറ്റുകളിൽ വീഴ്ചവരുത്താതിരിക്കുക.
വിപിഎൻ ഉപയോഗിക്കുക: ഒരു പബ്ലിക്ക് വൈഫൈയിൽ കണക്ട് ആയിരിക്കുമ്പോൾ നമ്മുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനായുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാർഗ്ഗങ്ങളിലൊന്നാണ് വിപിഎൻ ഉപയോഗം. വിപിഎൻ ഒരു സുരക്ഷിത എൻക്രിപ്റ്റ് നെറ്റ്‌വർക്കിലൂടെ നിങ്ങളുടെ ഡാറ്റ വഴി തിരിച്ചുവിടുന്നു. ആൻഡ്രോയിഡ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും വിപിഎൻ ആപ്പുകൾ ലഭ്യമാണ്.


Click it and Unblock the Notifications








