എങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഉപകരണത്തെ ഒരു വെബ് ക്യാമായി ഉപയോഗിക്കാം ?

Posted By: Super

എങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഉപകരണത്തെ  ഒരു വെബ് ക്യാമായി ഉപയോഗിക്കാം ?

ഒരു വെബ് ക്യാമിനെന്ത് വില വരും? നല്ല ഒരെണ്ണത്തിന് അത്യാവശ്യം കാശ് ചിലവാകും. ഇനി കൈയ്യില്‍ വെബ് ക്യാമില്ലെന്നു കരുതി വിഷമിക്കേണ്ട. കൈയ്യില്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളെന്തെങ്കിലും ഉണ്ടോ? എങ്കില്‍ മതി. വെബ് ക്യാമായി. എങ്ങനെയെന്നു പറഞ്ഞു തരാം. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍  കൊണ്ട് ഒരു നൂറു കൂട്ടം  ഉപയോഗങ്ങളുണ്ട്. അതിലൊരു കിടിലന്‍ ഉപയോഗമാണ്  അവയെ വെബ് ക്യാമായും  ഉപയോഗിക്കാം എന്നത്. വലിയ വില കൊടുത്ത് വെബ് ക്യാം വാങ്ങാന്‍ മടിയുള്ള സുഹൃത്തുക്കള്‍ക്ക് ഒരാശ്വാസം തന്നെയായിരുക്കും ഈ ഒരറിവ്‌ . ഒരു കാര്യം ആദ്യമേ പറയാം വെബ് ക്യാമായിട്ടുപയോഗിക്കുമ്പോള്‍ ബാറ്ററി നന്നായിട്ട് ചിലവാകും. അത് കൊണ്ട് വെബ് ക്യാമാക്കുമ്പോള്‍ ഉപകരണം ചാര്‍ജിങ്ങിനിട്ടു കൊണ്ട്  ഉപയോഗിക്കുക. പിന്നെ ഉപകരണത്തിലൊരു പിന്‍ക്യാമറയുടെ  ആവശ്യമേയുള്ളൂ.  അത് കൊണ്ട് തന്നെ മുന്‍ക്യാമറ ഇല്ലാത്തവര്‍ക്കും ഈ ട്രിക്ക് ഉപയോഗിക്കാം

കടമ്പകള്‍

ആദ്യമായിട്ട് രണ്ടു സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഒന്നാമത്തേത് ഐ പി വെബ് ക്യാം എന്ന സോഫ്റ്റ് വെയറാണ്‌. അത് നിങ്ങളുടെ  ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. പിന്നെ ഐ പി ക്യാമറ അഡാപ്റ്റര്‍ എന്നൊരു സോഫ്റ്റ് വെയര്‍  നിങ്ങളുടെ വിന്‍ഡോസ് പി സിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഈ വെബ് ക്യാം ഉപയോഗിക്കുമ്പോള്‍ മോസില്ല ഫയര്‍ഫോക്സോ ഗൂഗിള്‍ ക്രോമോ ഉപയോഗിക്കുക. ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ചില കമ്പാറ്റിബിലിറ്റി  പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഐ പി വെബ് ക്യാമും , ഐ പി ക്യാമറ അഡാപ്റ്ററും ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, ചുവടെ ചേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ പടി പടിയായി ചെയ്യാം..

സ്റ്റെപ്പ് 1 :  ആന്‍ഡ്രോയ്ഡ് ഉപകരണത്തിലെ ഐ പി വെബ് ക്യാം ആപ്ലിക്കേഷന്‍ തുറക്കുക.

സ്റ്റെപ്പ് 2:  റെസല്യൂഷന്‍, ഓറിയന്റേഷന്‍, എഫ് പി എസ്  ലിമിറ്റ് തുടങ്ങിയ കാര്യങ്ങള്‍ ക്രമീകരിക്കുക.


സ്റ്റെപ്പ് 3:  സെറ്റിംഗ്സ് എല്ലാം ശരിയാക്കിക്കഴിഞ്ഞ്  താഴെ സ്റ്റാര്‍ട്ട്‌ സെര്‍വറില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4 : യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം ചിലപ്പോള്‍ ഈ വക വിവരങ്ങള്‍ നല്‍കാതെ  അഡാപ്റ്റര്‍ പ്രവര്‍ത്തിക്കാതെ വരാം.

സ്റ്റെപ്പ് 5:  പോര്‍ട്ട്‌ നമ്പറിന്റെ സ്ഥാനത്ത്  '8080 '   നല്‍കുക.

സ്റ്റെപ്പ് 6 : നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഉപകരണത്തിലെ വെബ്  ബ്രൌസര്‍ പേജിന്റെ ചുവട്ടിലുള്ള ഐ പി അഡ്രസ്സ് കണ്ടുപിടിക്കുക.

സ്റ്റെപ്പ് 7: നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക. സംശയങ്ങള്‍ ഒഴിവാക്കണമെങ്കില്‍, Use browser built in viewer. എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

സ്റ്റെപ്പ് 8 : ബ്രൌസറില്‍ വീഡിയോ ലോഡ് ചെയ്യാന്‍ തുടങ്ങും.

സ്റ്റെപ്പ് 9 : ഇനി നിങ്ങളുടെ കമ്പ്യൂട്ടറിലെ  ഐ പി ക്യാമറ അഡാപ്റ്റര്‍ സോഫ്റ്റ് വെയര്‍ തുറക്കാം.

സ്റ്റെപ്പ് 10 : ഐ പി അഡ്രസ്സ് , പോര്‍ട്ട്‌ നമ്പര്‍, റെസല്യൂഷന്‍, യൂസര്‍ നെയിം, പാസ്‌വേഡ് തുടങ്ങിയ വിവരങ്ങളൊക്കെ നല്‍കുക. ക്യാമറാ ഫീഡ് യു ആര്‍ എല്‍ നല്‍കേണ്ടിടത്ത്  ഈ തന്നിരിക്കുന്ന ഫോര്‍മാറ്റുപയോഗിക്കുക.

http://(Type IP-Address here)/videofeed

സ്റ്റെപ്പ് 11 : അത് കഴിഞ്ഞാല്‍ റെസല്യൂഷന്‍ സെറ്റിങ്ങ്സിന്റെ സമീപമുള്ള  Auto detect ല്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 12:  പ്രോസസ്സുകള്‍ പൂര്‍ണമാക്കാന്‍ അപ്പ്ലൈ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ മുതല്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഉപകരണം ഒരു വെബ് ക്യാം കൂടിയാണ്.

ശ്രദ്ധിക്കുക: വെബ് ക്യാമിനോപ്പം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ആപ്ലിക്കേഷനുകള്‍ റീസ്റ്റാര്‍ട്ട്  ചെയ്യേണ്ടി വരും. കൂടാതെ ഒരു ഹെഡ് സെറ്റ് ഉപയോഗിക്കുന്നതും  നല്ലതാണ്. കാരണം ഓഡിയോ ഓപ്ഷനുകള്‍ അല്പം കട്ടിയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot