പുത്തൻ അപ്ഡേറ്റുമായി ആപ്പിൾ; പുതിയതായി നിരവധി ഫീച്ചറുകൾ, എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്ന് നോക്കാം
iOS 17 പബ്ലിക്ക് ബീറ്റ അപ്‌ഡേറ്റ് പുറത്തിറക്കി ആപ്പിൾ. ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേർഷനാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇത് സൗജന്യമായി തന്നെ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. പുതിയ വേർഷന്റെ പ്രത്യേകത എന്തെന്നും ഇത് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നും പരിശോധിക്കാം.
ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട ആദ്യ കാര്യം നിങ്ങൾ ബീറ്റ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ ഐഫോണിന്റെ ഡാറ്റ ബാക്കപ്പ് ചെയ്യുക എന്നതാണ്. ബീറ്റ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനായി ആപ്പിൾ ബീറ്റ സോഫ്റ്റുവെയർ പ്രോഗ്രാമിന്റെ വെബ്സെറ്റ് സന്ദർശിക്കുക. ശേഷം നിങ്ങളുടെ ആപ്പിൾ ഐഡികൊണ്ട് സൈൻ ഇൻ ചെയ്യുക. ഇവിടെ പുതിയ ടേർമ്സ് ആന്റ് കണ്ടീഷൻസ് എല്ലാം നൽകിയിട്ടുണ്ടാകും ഇവ വായിച്ച് മനസിലാക്കുക.

പിന്നീട് നിങ്ങളുടെ ഐഫോൺ മോഡലും നൽകണം. ഇപ്പോൾ iOS 17-ന്റെ പബ്ലിക്ക് ബീറ്റ നിങ്ങളുടെ ഫോണിന്റെ സെറ്റിംഗ്സ് ടാബിൽ സോഫ്റ്റുവെയർ അപ്ഡേറ്റിന്റെ വിവരങ്ങൾ കാണിക്കും. ബീറ്റ അപ്ഡേറ്റ് ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ നിങ്ങളുടെ ഡിവൈസ് സെറ്റിംഗ്സിൽ നിന്ന് ജെനറൽ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ഇതിലെ സോഫ്റ്റുവെയർ അപ്ഡേറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങൾക്ക് ഡൗൺലോഡ് ആന്റ് ഇൻസ്റ്റാൾ iOS 17 പബ്ലിക്ക് ബീറ്റ എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ആപ്പ് ഇൻസ്റ്റാൾ ആകുന്നതാണ്. ഐഫോൺ 8ന് താഴെയുള്ള മോഡലുകളിലേക്ക് പുതിയ അപ്ഡേഷൻ അനുയോജ്യമായിരിക്കില്ല എന്നാണ് ചില റിപ്പോർട്ടുകൾ നൽകുന്ന സൂചന. സ്റ്റാൻഡ്‌ബൈ മോഡ്, രണ്ട് ഭാഷകളിലായി സിരിയുടെ പ്രവർത്തനം എന്നിവയാണ് പുതിയ അപ്ഡേഷനിൽ മെച്ചപ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ തെലുങ്ക്, കന്നട, മറാത്തി, പഞ്ചാബി തുടങ്ങിയ ഇന്ത്യൻ പ്രദേശിക ഭാഷകളിലും ഇനി സിരിക്ക് നിർദേശങ്ങൾ നൽകാൻ സാധിക്കും. മലയാളം, തമിഴ് തുടങ്ങിയ പ്രദേശിക ഭാഷകൾക്കായി ട്രാൻസിലേഷൻ കീബോർഡും ലഭ്യമാകും എന്നതും പുതിയ അപ്ഡേറ്റിന്റെ പ്രത്യേകതയാണ്. ഇൻകമിംങ് കോളുകൾ വരുമ്പോഴും പുതിയ ദൃശ്യം ആയിരിക്കും ഡിസ്പ്ലേയിൽ കാണാനാകുക. ഇവ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാനും സാധിക്കും.
നിങ്ങൾ തിരയുന്ന മെസ്സേജുകൾ പെട്ടെന്ന് കണ്ടെത്താനായി പുതിയ സർച്ച് ഫിൽട്ടറും പുതിയ അപ്ഡേറ്റിൽ ലഭ്യമാണ്. മാത്രമല്ല ഓഡിയോ സന്ദേശങ്ങളുടെ ട്രാൻസ്ക്രിപ്ഷൻ കാണാനും ഇപ്പോൾ സാധിക്കുന്നതാണ്. വീഡിയോ കോളുകൾ ചെയ്യുമ്പോൾ നിങ്ങൾക്കായി നിരവധി ഇഫക്ടുകളും ഇപ്പോൾ ലഭ്യമാണ്. നിങ്ങൾക്ക് സ്വന്തമായി ആപ്പിൾ ടിവി ഉണ്ടെങ്കിൽ വീഡിയോ കോളുകൾ ടിവിയിലേക്കും കണക്ട് ചെയ്യാൻ സാധിക്കുന്നതാണ്.
നിങ്ങൾക്ക് ഒരാളുടെ കോൺടാക്ട് വിവരങ്ങൾ ഇപ്പോൾ മറ്റൊരു ഐഫോൺ യൂസറുമായി പെട്ടെന്ന് ഷെയർ ചെയ്യാൻ സാധിക്കും ഇതിനായി നിങ്ങളുടെ ഫോൺ കൈമാറേണ്ടയാളുടെ ഐഫോണിനടുത്തോ ആപ്പിൾ വാച്ചിനടുത്തോ കൊണ്ടുവന്നാൽ മാത്രം മതി. ഫോട്ടോകളും ഇത്തരത്തിൽ പങ്കിടാൻ സാധിക്കും. നിങ്ങൾക്ക് എന്തെങ്കിലും എഴുതണം എന്ന് തോന്നിയാൽ ജേർണൽ എന്ന പുതിയ ആപ്പ് നിങ്ങളെ ഇതിനായി സഹായിക്കുന്നതാണ്.
നിങ്ങൾ എന്തെങ്കിലും ശീലം വളർത്താനോ, പഴയ കാര്യങ്ങൾ എന്തെങ്കിലും ഓർമ്മിക്കാനോ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിൽ ഇതിന് സഹായിക്കുന്ന ഷെഡ്യൂൾ ചെയ്യപ്പെടുന്ന നോട്ടിഷിക്കേഷനുകളും ഇനി ഐഫോണുകളിൽ ലഭ്യമാണ്. മാപ്പുകൾ ഡൗൺലോഡ് ചെയ്യാനും ഓഫ്ലൈനായി ഇവ ഉപയോഗിക്കാൻ പറ്റുന്ന സൗകര്യവും പുതിയ അപ്ഡേറ്റിൽ ഒരുക്കിയിട്ടുണ്ട്. നിങ്ങൾക്ക് പോകേണ്ട സ്ഥലം മാപ്പിൽ തിരഞ്ഞതിന് ശേഷം വഴി തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യാം.


Click it and Unblock the Notifications








