ചാർജ് നിക്കാത്ത ഐഫോൺ, കളിയാക്കലുകൾക്ക് മറുപടി; ബാറ്ററിലൈഫ് എളുപ്പത്തിൽ ഉയർത്തിയെടുക്കാം
ഐഫോണുകൾ പല കാര്യങ്ങളിലും മുൻപന്തിയിൽ ആണെങ്കിലും ഏറ്റവും വലിയ പോരായ്മ ഇതിന്റെ ബാറ്ററി ലൈഫാണ്. വാങ്ങുന്ന സമയത്ത് അത്യവശ്യം നല്ല ബാറ്ററി ലൈഫ് ലഭിക്കുമെങ്കിലും കുറച്ചു നാളത്തെ ഉപയോഗത്തിന് ശേഷം പെട്ടെന്ന് ബാറ്ററി ചാർജ് തീരുന്നവയായിരിക്കും ഭൂരിഭാഗം ഐഫോൺ മോഡലുകളും ഇത് തന്നെയാണ് ഫോണിന് കേൾക്കേണ്ടി വരുന്ന പ്രധാന പഴികളിൽ ഒന്ന്.
ഇത്തരത്തിൽ ഫോണിന്റെ ബാറ്ററിയുടെ ശേഷി കുറയാനുള്ള കാരണം എന്താണെന്ന് പരിശോധിക്കാം. മറ്റ് സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് ലിഥിയം- അയൺ ബാറ്ററികളാണ് ആപ്പിൾ ഐഫോണിന് നൽകിയിരിക്കുന്നത്. ഇതിന്റെ രാസപ്രവർത്തനം മൂലമാണ് കുറച്ചു നാൾ കഴിയുമ്പോൾ ബാറ്ററിയുടെ ശേഷി കുറഞ്ഞ് വരുന്നത്. ആയതിനാൽ തന്നെ പലരും ഐഫോൺ വാങ്ങി കുറച്ചു നാൾ കഴിയുമ്പോൾ ഫോണിന്റെ ബാറ്ററി മാറ്റുകയാണ് പതിവ്. എന്നാൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം നമ്മുക്ക് ഒഴിവാക്കാവുന്നതേ ഉള്ളു.

ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ബാറ്ററിയുടെ ലൈഫ് ചാർജ് സൈക്കിളുകളുടെ എണ്ണവും അത് എങ്ങനെ പരിപാലിക്കപ്പെടുന്നു എന്നതുമെല്ലാം അനുസരിച്ചിരിക്കും. ഫോണിന്റെ ബാറ്ററിലൈഫ് വർധിപ്പിക്കാൻ ആപ്പിൾ തന്നെ പുറത്ത് വിട്ട ചില ടിപ്പുകൾ ഉണ്ട്. 0 മുതൽ 100 വരെ ശതമാനം ആയിട്ടാണ് ബാറ്ററിയുടെ ചാർജിനെ കമ്പനികൾ കാണിക്കുന്നത്. ഇതിൽ 100 ശതമാനം ചാർജ് ഉണ്ടായിരുന്ന ഫോൺ 90 ശതമാനം ആയി കുറയുമ്പോൾ തന്നെ പലരും ഇത് കുത്തി ഇടാറുണ്ട്.
ഇത്തരം പ്രവർത്തികൾ ഒഴിവാക്കേണ്ടതാണ്. ബാറ്ററി 100 ശതമാനം ചാർജ് ചെയ്യുന്ന പ്രവണതകൾ ഒഴിവാക്കുന്നതും നല്ലതായിരിക്കും. ചാർജ് കയറാനായി കുത്തിയിട്ടിരിക്കുന്ന ഫോണിൽ 80 ശതമാനം ചാർജ് കയറുമ്പോൾ തന്നെ ഓഫ് ആക്കുന്നത് ആയിരിക്കും ഫോണിന്റെ ബാറ്ററിലൈഫ് വർധിപ്പിക്കാൻ നല്ലത്. പല ഫോണുകളിലും 80 ശതമാനം ചാർജ് ആകുമ്പോൾ ചാർജ് കയറുന്ന പ്രക്രിയ ഓട്ടോമാറ്റിക്ക് ആയി ഓഫ് ആകുന്ന സാങ്കേതിക വിദ്യ ഉണ്ട്.

പുതിയ ഐഫോൺ 15 സീരീസ് ഫോണുകളിലും ആപ്പിൾ ഈ സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഉപയോഗ പാറ്റേണുകളെ അടിസ്ഥാനമാക്കി വീണ്ടും ഉപയോഗിക്കാൻ തുടങ്ങുമ്പോൾ അത് ബാക്കപ്പ് ചെയ്യാനുള്ള സൗകര്യവും ഇതിൽ ഉണ്ടായിരിക്കും. അതേ സമയം നിങ്ങൾക്ക് ഈ ഫീച്ചർ ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഇത് മാറ്റനുള്ള സൗകര്യവും ഫോണിൽ ഉണ്ടായിരിക്കുന്നതാണ്. എന്നിരുന്നാലും ഫോണിന്റെ ബാറ്ററി സംരക്ഷിക്കുന്നതിന് ചാർജ് 70നും 80നും ഇടയിൽ നിൽക്കുന്നതാണ് നല്ലത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ ഫോൺ രാത്രി മുഴുവൻ ചാർജ് ചെയ്യാനായി കുത്തിയിടുന്ന പ്രവണതയും ഒഴിവാക്കേണ്ടതാണ്. ഇത് ഫോണിന്റെ ബാറ്ററി ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഒരു പ്രശ്നമായി തീരും. അല്ലെങ്കിൽ ഒപ്റ്റിമൈസ് ചെയ്ത ബാറ്ററി ചാർജിംഗ് ക്രമീകരണം പ്രവർത്തനക്ഷമമാക്കുന്നതായിരിക്കും കൂടുതൽ നല്ലത്. മാത്രമല്ല ഫോൺ കൂടുതൽ ചൂട് ആകാതെ സൂക്ഷിക്കുകയും വേണം നല്ല വെയിൽ ഉള്ള സമയങ്ങളിൽ പൊതു സ്ഥലങ്ങളിൽ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക.
16° മുതൽ 22° സെൽഷ്യസ് വരെയാണ് ഐഫോണിന്റെ ബാറ്ററിയ്ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷ ഊഷ്മാവ്. ഈ കാലവസ്ഥയിൽ മികച്ച പ്രകടനം ആയിരിക്കും ഫോണിന്റെ ബാറ്ററി കാഴ്ച വെയ്ക്കുന്നത്. എന്നാൽ ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ നിങ്ങൾ ഉപകരണം ചാർജ് ചെയ്താൽ അത് ബാറ്ററിയെ തകരാറിലാക്കും എന്നും ആപ്പിൾ പറയുന്നു. ഫോൺ നിങ്ങൾ ചാർജ് ചെയ്യുമ്പോൾ ഫോണിന്റെ കെയ്സ് ഊരി വെക്കണം എന്നും കമ്പനി പറയുന്നു.
കാരണം ചാർജിങ് സമയത്ത് ഫോണിൽ കേയ്സ് ഉണ്ടെങ്കിൽ ബാറ്ററി കൂടുതലായി ചൂടാകാനുള്ള സാധ്യത ഉണ്ട്. ഇത് ബാറ്ററിയുടെ ആരോഗ്യത്തെ നശിപ്പിക്കും. തുറന്ന് വെച്ച് വേണം ഫോണുകൾ ചാർജ് ചെയ്യാൻ. ഫോണിന്റെ ബാറ്ററിയെ സംരക്ഷിക്കാനുള്ള മറ്റൊരു മാർഗമാണ് നിങ്ങളുടെ ഫോണിന്റെ ചാർജ് 25 ശതമാനത്തിൽ താഴെ പോകാതെ ഇരിക്കാൻ ശ്രദ്ധിക്കുക എന്നത്. ഇത്തരത്തിൽ ചാർജ് കുറയുമ്പോൾ ബാറ്ററിയ്ക്ക് കൂടുതൽ പണിയെടുക്കേണ്ടി വരും ഇത് ഇവയുടെ ആരോഗ്യത്തെ നശിപ്പിക്കും.


Click it and Unblock the Notifications








