കൊടും ചൂടാണ്, മഴ നോക്കിയിരിക്കേണ്ട! വീട്ടിലെ ഫാനിന് കാറ്റ് കുറവാണെങ്കിൽ ഈ സിംപിൾ ട്രിക്ക് പരീക്ഷിക്കൂ
ചുട്ടുപൊള്ളിക്കുന്ന വേനൽക്കാലം ഇത്തവണ നേരത്തെ എത്തിക്കഴിഞ്ഞു, രാജ്യത്ത് ഏറ്റവുമധികം ചൂട് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് കേരളത്തിലാണ്. ഇനിയുള്ള ദിവസങ്ങളിലും ചൂട് കൂടാൻ തന്നെയാണ് പോകുന്നത്. വെയിൽ ശക്തിപ്രാപിച്ചിരിക്കുന്ന ഉച്ച സമയങ്ങളിൽ വീടിന് പുറത്തിറങ്ങുന്നതിൽപ്പോലും ജാഗ്രത പാലിക്കേണ്ട അവസ്ഥ നിലനിൽക്കുന്നുണ്ട്. ആശ്വാസമായി ഒരു വേനൽ മഴ ലഭിച്ചാൽ നന്നായിരുന്നു എന്ന് പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനും തണുപ്പിക്കാനാകാത്ത ചൂട് നിലനിൽക്കുമെന്നാണ് സാഹചര്യങ്ങളുടെ കിടപ്പിൽ നിന്ന് മനസിലാക്കാൻ സാധിക്കുക. ഈ ഘട്ടത്തിൽ എസിയുടെ വിൽപ്പനയും ഉപയോഗവും കുതിക്കും എന്നതിൽ സംശയമില്ല. കഴിഞ്ഞ വർഷത്തെ ചൂടിൽ തന്നെ നിരവധി ആളുകൾ എസിയുടെ കുളിർമ ഉറപ്പാക്കി.
അത്യാവശ്യം സാമ്പത്തികമുള്ളവർ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ പുതിയ എസി വാങ്ങാൻ ഓടുമെന്ന് ഉറപ്പ്, അത്രയ്ക്കും കൊടും ചൂടാണ് മലയാളികളിപ്പോൾ പലയിടങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ കൊടും ചൂടിൽ ഒരു ആശ്വാസത്തിനായി സീലിങ് ഫാനുകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. എന്നാൽ ചിലർക്ക് ഫാൻ ഉണ്ടെങ്കിലും ചൂടിന് ഒരു ആശ്വാസം ലഭിക്കുന്നില്ല. അതിന് കാരണം ഒരുപക്ഷേ ഫാനിന്റെ വേഗതക്കുറവ് ആകാം.

ഏറെ നാളത്തെ ഉപയോഗത്തിന്റെയും മറ്റും ഫലമായി ഫാനുകൾ പലവിധ പ്രശ്നങ്ങൾ കാണിച്ചുതുടങ്ങും (Common Ceiling Fan Problems), കാറ്റ് കുറയുക, ശബ്ദം കൂടുക തുടങ്ങിയവ ഉദാഹരണം. ശബ്ദം പിന്നെയും ആളുകൾ സഹിക്കും. എന്നാൽ നല്ല ചൂടെടുത്തിരിക്കുമ്പോഴും ഫാൻ പതിയെയാണ് കറങ്ങുന്നത് എങ്കിൽ അത് സഹിക്കുക അൽപ്പം ബുദ്ധിമുട്ടാണ്.
ചൂട് കാലത്ത് മാത്രമല്ല, കനത്ത മഴയാണെങ്കിൽപ്പോലും ഫാൻ ഫുൾ സ്പീഡിലിട്ട് അടിമുതൽ മുടി വരെ മൂടിപ്പുതച്ച് കിടന്നുറങ്ങുന്നവർ ഏറെ. ചിലർക്ക് ഫാനിന്റെ താരാട്ട് ശബ്ദം കേട്ടാലേ ഉറക്കം പോലും വരൂ. ചിലർ ഏതു മുറിയിൽ കയറിയാലും ആദ്യം ചെയ്യുന്ന കാര്യം ഫാൻ ഓൺ ആക്കുക എന്നതാകും.
വീടുകളിൽ അത്രയേറെ പ്രാധാന്യമുള്ള ഒന്നാണെങ്കിലും പലരും ഫാനിന്റെ പരിചരണത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാറില്ല. അത്തരം മടികൾ ഒഴിവാക്കേണ്ടതുണ്ട്. ചില നിസാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇലക്ട്രീഷ്യന്റെ സഹായം ഇല്ലാതെതന്നെ നമുക്ക് ഫാനിന്റെ വേഗത വർധിപ്പിക്കാൻ സാധിച്ചേക്കും. നമ്മുടെ മിക്ക വീടുകളിലെയും ഫാനുകൾ രാപകലില്ലാതെ പണിയെടുക്കുന്നു. ഇങ്ങനെ കിടന്ന് കറങ്ങുന്നതിനിടയിൽ പഴക്കം ഉൾപ്പെടെ പലവിധ കാരണങ്ങൾ കൊണ്ട് ഫാനിന്റെ സ്പീഡ് കുറയാം.
വീട്ടിലെ ഫാനിന് സ്പീഡ് കുറഞ്ഞാൽ പഴക്കം കൊണ്ടാണ് സ്പീഡ് കുറഞ്ഞു എന്നുകരുതി ഓടിപ്പോയി പുതിയ ഫാൻ വാങ്ങുകയല്ല ചെയ്യേണ്ടത്. അത്തരത്തിൽ ഫാൻ വാങ്ങാനാണെങ്കിൽ വർഷം മുഴുവൻ ഫാൻ വാങ്ങിക്കൊണ്ടേയിരിക്കണം. അതിനാൽ ഫാനിന് കാറ്റ് കുറവാണെന്ന് തോന്നിയാൽ ആദ്യം നമുക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ പരീക്ഷിക്കുകയാണ് നല്ലത്. ഫാനുകളിൽ പൊതുവായി കാണപ്പെടുന്ന പ്രശ്നങ്ങളും വേഗതക്കുറവിന് എളുപ്പത്തിൽ സാധ്യമാകുന്ന പരിഹാരവും പരിചയപ്പെടാം.
കുറഞ്ഞ വേഗത: നമ്മുടെ വീട്ടിലെ സീലിംഗ് ഫാനിന് വേഗതക്കുറവിന്റെ പ്രധാന കാരണം ഒരുപക്ഷേ സീലിംഗ് ഫാനിന്റെ ചിറകിലെ പൊടിയായിരിക്കും. ഫാൻ ബ്ലേഡ് വൃത്തിയായി ഇരുന്നാൽ ഫാനിന് അതിവേഗം കറങ്ങാൻ സാധിക്കും. അതിനാൽത്തന്നെ ഫാൻ ബ്ലേഡുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഒരു തുണി ഉപയോഗിച്ച് ഫാൻ ബ്ലേഡുകൾ വൃത്തിയാക്കുക എന്നതാണ് ഇതിന്റെ സിംപിൾ പരിഹാരം.

ബെയറിംഗുകളിൽ വളരെയധികം പൊടി അടിഞ്ഞുകൂടുന്നുണ്ടെങ്കിൽ, ബോൾ ബെയറിംഗുകൾ ഫലപ്രദമായി വൃത്തിയാക്കാൻ റബ്ബിംഗ് ആൽക്കഹോൾ ഉപയോഗിക്കുക. പലപ്പോഴും, സീലിംഗ് ഫാൻ ബ്ലേഡുകൾ വളഞ്ഞിട്ടുണ്ടാവാം, ഇത് ഫാനിന്റെ വേഗത കുറയാൻ ഇടയാക്കാറുണ്ട്. ഫാനിൽനിന്ന് നല്ല കാറ്റുകിട്ടണമെങ്കിൽ വളഞ്ഞ ബ്ലേഡുകൾ എത്രയും വേഗം മാറ്റിസ്ഥാപിക്കണം. സീലിംഗ് ഫാനിന്റെ സ്ഥാനവും പ്രധാനമാണ്. തറയിൽ നിന്ന് കുറഞ്ഞത് 7 അടി ഉയരത്തിലായിരിക്കണം ഫാൻ സ്ഥാപിക്കേണ്ടത്.
29 ഇഞ്ച് മുതൽ 54 ഇഞ്ച് വരെയുള്ള സീലിംഗ് ഫാൻ മോഡലുകൾ ലഭ്യമാണ്. ഇതിൽ, 52 ഇഞ്ച് മോഡൽ ഫാനാണ് മികച്ച രീതിയിൽ കാറ്റുനൽകുക. സീലിംഗ് ഫാനിന്റെ സ്പിന്നിംഗ് വേഗത ഉപകരണത്തിന്റെ വലുപ്പവും നിർമ്മാണവും പോലുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ശരാശരി, സീലിംഗ് ഫാൻ ആർപിഎം 50നും 100നും ഇടയിലാണ്, ഇത് വളരെ കുറവാണ്.
വീടുകളിലെ ഫാൻകൊണ്ടുള്ള പൊതു ശല്യമാണ് ശബ്ദം. അയഞ്ഞ സ്ക്രൂകൾ അല്ലെങ്കിൽ പ്രശ്‌നമുള്ള ബോൾ ബെയറിംഗിൻ്റെ ഫലമായിട്ടാകാം ശബ്ദം ഉണ്ടാകുന്നത്. സ്ക്രൂകൾ പരിശോധിച്ച് അയഞ്ഞവ മുറുക്കുന്നതിലൂടെ നിങ്ങളുടെ സീലിംഗ് ഫാൻ ശബ്ദ പ്രശ്നം ഒഴിവാക്കാം. ബോൾ ബെയറിംഗുകൾ മൂലമാണ് പ്രശ്നമെങ്കിൽ, പ്രശ്നം പരിഹരിക്കാൻ അവ ലൂബ്രിക്കേറ്റ് ചെയ്യുക.
ചില ഫാനുകൾ കൂട്ടിയാലും കുറച്ചാലും ഒരേ വേഗതയിലാകും കറങ്ങുക. പൊടി അടിഞ്ഞുകൂടിയ ബോൾ ബെയറിംഗുകൾ, മോട്ടോർ ഓവർ ഹീറ്റിംഗ്, കപ്പാസിറ്റർ തകരാറിലാകൽ തുടങ്ങിയ ചില പ്രശ്നങ്ങൾ കാരണം ഈ പ്രശ്നം ഉണ്ടാകാം. പ്രശ്നം ബോൾ ബെയറിംഗുകളിലാണെങ്കിൽ, അവ ലൂബ്രിക്കേറ്റ് ചെയ്യുക. മോട്ടോർ അമിതമായി ചൂടാകുന്നതോ കപ്പാസിറ്റർ പരാജയപ്പെടുന്നതോ ആണെങ്കിൽ, മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.

വീടുകളിലെ സീലിങ് ഫാനിൻ്റെ ലോ വോൾട്ടേജ് പ്രശ്നം വീട്ടിലെ വോൾട്ടേജ് കുറയുന്നതിൻ്റെ നേരിട്ടുള്ള ഫലമായിരിക്കാം. ഇത് സീലിങ് ഫാനിൽ വേഗത പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് പരിഹരിക്കാൻ ഒന്നുകിൽ കുറഞ്ഞ വോൾട്ടേജ് പ്രശ്നം കെഎസ്ഇബിക്ക് റിപ്പോർട്ട് ചെയ്യാം അല്ലെങ്കിൽ കപ്പാസിറ്റർ മൂല്യം വർദ്ധിപ്പിച്ച് സീലിംഗ് ഫാൻ വേഗത വർദ്ധിപ്പിക്കാം.
സീലിംഗ് ഫാൻ കപ്പാസിറ്റർ ശരിയായി പ്രവർത്തിക്കാത്തതിൽ വേഗതക്കുറവ് അനുഭവപ്പെടും. കപ്പാസിറ്റർ ഭാഗികമായി കേടാകുകയോ പൂർണ്ണമായി കത്തിപ്പോകുകയോ ചെയ്യാറുണ്ട്. വീർത്ത പ്ലാസ്റ്റിക് അല്ലെങ്കിൽ നിറവ്യത്യാസം കപ്പാസിറ്റർ പ്രശ്നങ്ങളുടെ സൂചനയാണ്. കേടായ കപ്പാസിറ്റർ മാറ്റി പുതിയൊരെണ്ണം സ്ഥാപിക്കുന്നതിലൂടെ കപ്പാസിറ്റർ മൂലമുണ്ടായ വേഗതക്കുറവ് പരിഹരിക്കാൻ സാധിക്കും.
സർക്യൂട്ട് ബ്രേക്കർ ട്രിപ്പ് ആയതിനാലോ ലൂസ് കണക്ഷനുകളാലോ ആന്തരിക തകരാറുകൾ കാരണമോ ഫാൻ സ്വിച്ച് ഓൺ ആകാതിരിക്കാം. കേടായ ഘടകങ്ങൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. സർക്യൂട്ട് ബ്രേക്കറിലാണ് പ്രശ്നമെങ്കിൽ, ഒരു ഇലക്ട്രീഷ്യനെ ബന്ധപ്പെട്ട് പ്രശ്നം അവതരിപ്പിച്ച് പരിഹരിക്കേണ്ടിവരും. വയറിംഗ് പ്രശ്നങ്ങൾ, ഇൻസ്റ്റാളേഷനിലെ പിഴവ്, ഫാൻ മോട്ടോർ പ്രശ്നങ്ങൾ എന്നിവയും ഫാനിന്റെ സ്പീഡ് കുറയാൻ ഇടയാക്കുന്നവയാണ്.


Click it and Unblock the Notifications








