ജിയോ ഫിസിക്കൽ സിം വെറും 2 മണിക്കൂർ കൊണ്ട് eSIM ആക്കാം; എങ്ങനെയെന്ന് ഇതാ
കാലം മാറുന്നതിന് അനുസരിച്ച് ടെക്നോളജിയിലും ഡിവൈസുകളിലുമെല്ലാം മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ലാൻഡ് ഫോണുകൾ മൊബൈലുകൾക്ക് വഴിമാറിയത് അത്തരമൊരു മാറ്റമായിരുന്നു. അതുപോലെ ഇപ്പോൾ പതിയെ നടന്നുകൊണ്ടിരിക്കുന്ന ഒരു മാറ്റമാണ് ഫിസിക്കൽ സിമ്മിൽ നിന്ന് eSIM- ലേക്ക് ഉള്ള മാറ്റം. പുതിയ സ്മാർട്ട്ഫോണുകൾ പലതും ഇപ്പോൾ ഇ-സിം അവതരിപ്പിക്കുന്നത് കൂടിയിട്ടുണ്ട്. അതിനനുസരിച്ച് ഫിസിക്കൽ സിമ്മിനൊപ്പവും അല്ലാതെയും ഇ-സിമ്മിലേക്ക് മാറുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഭാവിയിൽ സ്മാർട്ട്ഫോണുകൾ സാധാരണ സിം ഉപേക്ഷിച്ച് ഇ-സിം സൗകര്യത്തിലേക്ക് മാറും. ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളെല്ലാം ഇ-സിം സേവനങ്ങൾ തങ്ങളുടെ ഉപയോക്താക്കൾക്കായി ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
സാധാരണ നമ്മൾ കാണാറുള്ള ഫിസിക്കൽ സിം കാർഡിൽ നിന്ന് വ്യത്യസ്തമാണ് ഇ-സിം. എല്ലാ സ്മാർട്ട്ഫോണുകളിലും ഈ സൗകര്യം ലഭ്യമാകണമെന്നില്ല. എന്നാൽ പുതിയ പല പ്രീമിയം സ്മാർട്ട്ഫോണുകളും ഇ-സിം ഫീച്ചർ സഹിതമാണ് എത്തുന്നത്. ഫിസിക്കൽ കാർഡുകളേക്കാൾ കൂടുതൽ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇ-സിമ്മുകളുടെ പ്രധാന നേട്ടം.

അതായത് ഫോൺ മോഷ്ടിക്കപ്പെട്ടാലും അതിലെ സിം ഊരിക്കളഞ്ഞ ശേഷം ഉപയോഗിക്കാൻ മോഷ്ടാക്കൾക്ക് കഴിയില്ല. എംബഡഡ്-സബ്സ്‌ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ എന്നതാണ് ഇ-സിമ്മിന്റെ പൂർണരൂപം. ഇലക്ട്രോണിക്‌സിം അഥവാ ഇ-സിം, ഇതുവരെ നാം കണ്ട കാർഡ് രൂപത്തിലുള്ളവയല്ല, രൂപമേ ഇല്ലാത്തവയാണ്. ഫോണിലുള്ള ഒരു ചിപ് ആണ് സിമ്മിന്റെ ദൗത്യം നിർവഹിക്കുക. അതിനാലാണ് മോഷ്ടിക്കപ്പെട്ടാലും ഇ-സിം ഫോണിൽ തന്നെ നിലനിൽക്കുന്നത്.
ഭാവിയിൽ സ്മാർട്ട്ഫോണുകൾ ഭരിക്കുക ഇലക്ട്രോണിക്‌സിം അഥവാ ഇ-സിമ്മുകളായിരിക്കും എന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്ക് നിലവിലുള്ള ഫിസിക്കൽ സിം ഉപേക്ഷിച്ച് ഇ-സിം സൗകര്യത്തിലേക്ക് മാറാൻ അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി ഉപയോക്താക്കൾക്ക് അവരുടെ ഐഡി ആരുമായും പങ്കിടേണ്ടതില്ല. eSIM ഉപഭോക്താക്കൾക്ക് ആക്ടിവേഷന് പ്രത്യേകം മുൻഗണന ലഭ്യമാകുമെന്നും ജിയോ പറയുന്നു.

നിലവിൽ ഫിസിക്കൽ സിം ഉപയോഗിക്കുന്ന ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് അവരുടെ സിം അതിവേഗം eSIM ആക്കി മാറ്റാൻ കഴിയും, ഇതിന് ചുരുങ്ങിയത് 2 മണിക്കൂർ മതി. എന്നാൽ ഇങ്ങനെ സിം ഇ-സിമ്മിലേക്ക് മാറ്റണമെങ്കിൽ നമ്മുടെ ഫോൺ eSIM-നെ പിന്തുണയ്ക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം.
ജിയോ ഇ-സിം ലഭിക്കാൻ അറിയേണ്ട കാര്യങ്ങൾ
ഒന്നാമതായി അറിയേണ്ടത് സൗജന്യമായിത്തന്നെ ഇ-സിമ്മിലേക്ക് മാറാം എന്നതാണ്. ജിയോ വരിക്കാർക്ക് വളരെ ലളിതമായ പ്രക്രിയയിലൂടെ ഫിസിക്കൽ ജിയോ സിം ഒരു ഇ-സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. ഇതിനായി ഫോണിന്റെ ഇഐഡി (EID), ഐഎംഇഐ (IMEI) നമ്പർ എന്നിവ അറിഞ്ഞിരിക്കണം. സെറ്റിങ്സിൽ ജനറൽ എന്ന ഓപ്ഷനിൽ എബൗട്ട് എന്നതിൽ ക്ലിക്ക്ചെയ്യുമ്പോൾ 32 അക്ക ഇഐഡി നമ്പർ കാണാം. ഇതേ മാർഗത്തിൽ 15 അക്ക ഐഎംഇഐ നമ്പരും ലഭ്യമാണ്.
ഇഐഡി, ഐഎംഇഐ നമ്പർ എന്നിവ അറിഞ്ഞശേഷം, "GETESIM എന്ന ഫോർമാറ്റിൽ 199 ലേക്ക് മെസേജ് അയയ്ക്കുക. അപ്പോൾ നമ്മുടെ നമ്പരിലേക്കും മെയിൽ ഐഡിയിലേക്കും 19 അക്ക വിർച്വൽ ഇ-സിം നമ്പർ ലഭിക്കും. തുടർന്ന് "SIMCHG " എന്ന ഫോർമാറ്റിൽ 199 ലേക്ക് വീണ്ടും മെസേജ് അയയ്ക്കുക. ശേഷം രണ്ടു മണിക്കൂർ കാത്തിരിക്കുക. സിം റിക്വസ്റ്റ് അംഗീകരിച്ചുകൊണ്ടുള്ള മെസേജ് എത്തും.

അതല്ലെങ്കിൽ 199ലേക്ക് മെസേജ് അയച്ചതിന് ശേഷം നമ്മുടെ സമ്മതം നൽകാൻ, "1" എന്ന് ടൈപ്പ് ചെയ്ത് 199 ലേക്ക് അയയ്ക്കുക. 10 മിനിറ്റിനുള്ളിൽ, ജിയോ നമ്മുടെ നമ്പറിലേക്ക് +91-2235072222 എന്ന നമ്പറിലൂടെ ഒരു IVR വഴി വിളിക്കും. തുടർന്ന് നമ്മുടെ അന്തിമ സമ്മതം നൽകാൻ കോളിൽ "1" അമർത്തുക. അതിനുശേഷം, രണ്ട് മണിക്കൂറിനുള്ളിൽ, ഫിസിക്കൽ സിം കാർഡ് ഒരു eSIM ആയി മാറ്റപ്പെടും.


Click it and Unblock the Notifications








