വീട്ടിലിരുന്നുതന്നെ സൗജന്യമായി ജിയോ ഇ-സിമ്മിലേക്ക് മാറാം; സപ്പോർട്ട് ചെയ്യുന്ന ഫോണുകൾ ഇതാ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance jio) ഇപ്പോൾ തങ്ങളുടെ ടെലിക്കോം വരിക്കാർക്ക് അവരുടെ ഫിസിക്കൽ സിം കാർഡ് സൗജന്യമായി ഇ-സിം (eSIM) സേവനത്തിലേക്ക് മാറാൻ അവസരം ഒരുക്കിയിരിക്കുന്നു. ഇ-സിം സേവനത്തെ പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയും റിലയൻസ് ജിയോ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.
എന്താണ് ഇ-സിം: എംബഡഡ്-സബ്സ്‌ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ എന്നതാണ് ഇ-സിമ്മിന്റെ പൂർണരൂപം. ഭാവിയിൽ സ്മാർട്ട്ഫോണുകൾ ഭരിക്കുക ഇലക്ട്രോണിക്‌സിം അഥവാ ഇ-സിമ്മുകളായിരിക്കും. ഐഫോൺ 14 സീരീസും മറ്റും ലോഞ്ച് ചെയ്തതു മുതലാണ് ഇ-സിം ആളുകളുടെ ശ്രദ്ധയിലേക്ക് കൂടുതലായി എത്തിത്തുടങ്ങിയത്. ഫോണിലുള്ള ഒരു ചിപ്പാണ് ഇവിടെ സിമ്മിന്റെ ദൗത്യം നിർവഹിക്കുക.

ഫിസിക്കൽ കാർഡുകളേക്കാൾ കൂടുതൽ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇ-സിമ്മുകളുടെ പ്രധാന സവിശേഷത. ഫോൺ മോഷ്ടിക്കപ്പെട്ടാലും സ്മാർട്ട്‌ഫോണിൽ നിന്ന് ഇ-സിം കാർഡുകൾ നീക്കംചെയ്യാൻ ആർക്കും കഴിയില്ല. ഇ-സിം വ്യാപകമാകുന്നതോടെ വിദേശരാജ്യങ്ങളിലൂടെ ധാരാളം യാത്ര ചെയ്യുന്നവർ നിരന്തരം കണക്ഷനുകൾ സ്വാപ്പ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാകും എന്നതാണ് മറ്റൊരു നേട്ടം.
തങ്ങളുടെ വരിക്കാർ ഇ-സിം സേവനങ്ങളിലേക്ക് മാറുന്നതിനെ ജിയോ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമായാണ് വീട്ടിലിരുന്നുതന്നെ സൗജന്യമായി ഇ-സിം സേവനങ്ങളിലേക്ക് മാറാൻ ജിയോ അവസരം ഒരുക്കിയിരിക്കുന്നത്. ജിയോ സിമ്മിൽനിന്ന് ഇ-സിം സേവനത്തിലേക്ക് മാറാനുള്ള വഴി: ജിയോ നമ്പരിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ ഐഡി ഉപയോഗിച്ച് വരിക്കാർക്ക് ഇ-സിം ഓപ്ഷനിലേക്ക് ഈസിയായി മാറാം.
ഇതിനായി ഫോണിന്റെ ഇഐഡി (EID)യും ഐഎംഇഐ ( IMEI ) നമ്പരും അറിഞ്ഞിരിക്കണം. സെറ്റിങ്സിൽ ജനറൽ എന്ന ഓപ്ഷനിൽ എബൗട്ട് എന്നതിൽ ക്ലിക്ക്ചെയ്യുമ്പോൾ നിങ്ങളുടെ 32 അക്ക ഇഐഡി നമ്പർ കാണാൻ സാധിക്കും. ഇതേ മാർഗത്തിൽ 15 അക്ക ഐഎംഇഐ നമ്പരും ലഭ്യമാണ്.
ഈ രണ്ടു നമ്പരുകളും അറിഞ്ഞശേഷം "GETESIM എന്ന ഫോർമാറ്റിൽ 199 ലേക്ക് മെസേജ് അയയ്ക്കുക. ഈ സമയം നിങ്ങളുടെ നമ്പരിലേക്കും മെയിൽ ഐഡിയിലേക്കും 19 അക്ക വിർച്വൽ ഇ-സിം നമ്പർ ലഭിക്കും. തുടർന്ന് മറ്റൊരു മെസേജ് കൂടി അയയ്ക്കേണ്ടതുണ്ട്.
അതിനായി "SIMCHG " എന്ന ഫോർമാറ്റിൽ 199 ലേക്ക് വീണ്ടും മെസേജ് അയയ്ക്കുക. അതിനു ശേഷം രണ്ടു മണിക്കൂർ കാത്തിരിക്കുക. നിങ്ങളുടെ സിം റിക്വസ്റ്റ് അംഗീകരിച്ചുകൊണ്ടുള്ള മെസേജ് അതിനുള്ളിൽ എത്തിയിരിക്കും. എല്ലാ സ്മാർട്ട്ഫോണുകളിലും ഇ-സിം സൗകര്യം ഉണ്ടായിക്കൊള്ളണം എന്നില്ല. ജിയോ ഇ-സിം പിന്തുണ ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് ജിയോതന്നെ പുറത്തിറക്കിയിട്ടുണ്ട്.

ജിയോയുടെ ഇ-സിം സേവനം ലഭ്യമായ സ്മാർട്ട്‌ഫോൺ മോഡലുകൾ: ഐഫോൺ XR, ഐഫോൺ XS, ഐഫോൺ XS മാക്സ്, ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ്, ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 13, ഐഫോൺ 13 മിനി.
ഐഫോൺ 13 പ്രോ, ഐഫോൺ-13 പ്രോ മാക്സ്, ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ്, ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയാണ് ജിയോ ഇ-സിം പിന്തുണയ്ക്കുന്ന ആപ്പിൾ സ്മാർട്ട്ഫോണുകളെന്ന് ജിയോ വെബ്സൈറ്റ് പറയുന്നു.
ഐഫോണുകൾ മാത്രമല്ല, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളും ജിയോ ഇ-സിം പിന്തുണയോടെ എത്തുന്നുണ്ട്. ജിയോ വെബ്സൈറ്റ് ലിസ്റ്റ് പ്രകാരം ജിയോ ഇ-സിം പിന്തുണയ്ക്കുന്ന ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഇവയാണ്: സാംസങ്-
സാംസങ് ഗാലക്സി നോട്ട് 20, നോട്ട് 20 അൾട്ര, സാംസങ് ഗാലക്സി എസ്20, എസ്20 പ്ലസ്, എസ്20 അൾട്ര, എസ്21, എസ്21 5ജി, എസ്21 അൾട്ര.

എസ്22, എസ്22 പ്ലസ്, എസ്22 അൾട്ര, എസ്23, എസ്23 പ്ലസ്, എസ്23 അൾട്ര, എസ്23 എഫ്ഇ, എസ്24 അൾട്ര, സാംസങ് ഗാലക്സി ഫോൾഡ്, ഗാലക്സി Z ഫോൾഡ്, ഫോൾഡ് 2, Z ഫോൾഡ്-3, Z ഫോൾഡ്-4, Z ഫോൾഡ്-5, സാംസങ് ഗാലക്സി Z ഫ്ലിപ്പ്, Z ഫ്ലിപ്പ്-3, Z ഫ്ലിപ്പ്-4, Z ഫ്ലിപ്പ്-5.
ജിയോ ഇ-സിം പിന്തുണയുള്ള മറ്റ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ: ഗൂഗിൾ പിക്സൽ 3 മുതലുള്ള സ്മാർട്ട്ഫോണുകൾ, വൺപ്ലസ് ഓപ്പൺ, ഓപ്പോ ഫൈൻഡ് N2 ഫ്ലിപ്പ്, ഓപ്പോ ഫൈൻഡ് N3 ഫ്ലിപ്പ്, വിവോ X90 പ്രോ, വിവോ X100 പ്രോ, മോട്ടോ എഡ്ജ് 40, മോട്ടോ റേസർ, മോട്ടോ റേസർ 40, മോട്ടോ റേസർ 40 അൾട്ര.
നോക്കിയ G60, നോക്കിയ X30, ഹോണർ 90 5G, ഷവോമി 14 ഇത്രയും സ്മാർട്ട്ഫോണുകളാണ് ജിയോയുടെ വെബ്സൈറ്റ് പ്രകാരം ജിയോ ഇ-സിം പിന്തുണയോടെ എത്തുന്നത്. ഈ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ജിയോ ഉപയോക്താക്കൾക്ക് സൗജന്യമായി ജിയോ ഇ-സിം സേവനത്തിലേക്ക് മാറാൻ സാധിക്കും എന്നാണ് ജിയോ പറയുന്നത്.


Click it and Unblock the Notifications