പഴയ കോൾ തപ്പിയെടുക്കണോ: ജിയോ ഉപയോക്താവിന് ഇതൊക്കെ നിസ്സാരം
ടെക് ലോകം അനുദിനം വളരുന്ന ഇന്നത്തെ കാലത്ത് ഒരാൾക്ക് ഒന്നിലധികം ഫോണുകളുണ്ടാവും. ചിലത് പേഴ്‌സണൽ ആവശ്യത്തിനും ചിലത് കമ്പനിയുടെയോ ജോലി സംബന്ധമായോ ഉള്ള കാര്യങ്ങൾക്കുമായിരിക്കും പലരും ഉപയോഗിക്കുക. എല്ലാവരും ഇങ്ങനെയാണ് എന്നല്ല, പൊതുവെ ഇങ്ങനെയാണ് കാണാറുള്ളത്. രണ്ട് ഫോണുകളാണ് പലരും ഉപയോഗിക്കുന്നത്. രണ്ട് ഫോണിലുമായിട്ട് നാല് മൊബൈൽ കണക്ഷനുമുണ്ടാകും. ഒരു മൊബൈൽ കണക്ഷൻ എടുത്ത ശേഷം എത്ര പേർക്ക് നിങ്ങൾ വിളിച്ചിട്ടുണ്ടാകും..? എത്ര സമയം നിങ്ങൾ അതിനുവേണ്ടി ചെലവഴിച്ചിട്ടുണ്ടാകും. ഇതിനെ കുറിച്ച് അറിയുക എന്നത് ഒരു കൗതുകമല്ലേ..? ജിയോ മൊബൈൽ കണക്ഷൻ എടുത്തവർക്ക് ഈ കാര്യങ്ങൾ അറിയാൻ കഴിയും. അത് എങ്ങനെയെന്ന് നോക്കാം.
ചില ഫോണുകളിൽ കാൾ ഹിസ്റ്ററി ഓട്ടോമാറ്റിക് ആയി സേവ് ചെയ്യുന്നതിന് പരിധിയില്ല. എന്നാൽ ഐഫോണിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഐഫോണിൽ 2000 കോൾ ഹിസ്റ്ററി മാത്രമേ ഓട്ടോമാറ്റിക് ആയി സേവ് ആവുകയുള്ളു. 2000 എണ്ണം എന്ന് പറയുമ്പോൾ വലിയൊരു സംഖ്യയായി തോന്നുമെങ്കിലും നിരന്തരം ഫോൺ ഉപയോഗിക്കുന്നവർക്ക് ഇത് ചെറിയൊരു സംഖ്യ മാത്രമാണ്.

2000 കോളുകളൊക്കെ ഒരു പക്ഷെ മൂന്നോ നാലോ മാസം കൊണ്ട് ചിലർക്ക് വരുന്നുണ്ടാകും. അത്തരക്കാർക്ക് ഒരു നാല് മാസം മുമ്പ് വന്ന കോളുകൾ ട്രാക്ക് ചെയ്യേണ്ട ആവശ്യം വന്നാൽ ഐഫോൺ ഉപയോഗിക്കുന്നവർക്ക് സാധിക്കില്ല എന്ന് സാരം. ഇടയ്ക്കിടക്ക് ഫോൺ മാറ്റുന്നവർക്കും പഴയ കോളുകൾ ട്രാക്ക് ചെയ്യാനോ ഓർമ്മിക്കാനോ കഴിയില്ല. എന്നാൽ ജിയോ മൊബൈൽ കണക്ഷൻ ഉപയോഗിക്കുന്നവർക്ക് നിസ്സാരമായി പഴയ കോളുകൾ ട്രാക്ക് ചെയ്യാൻ കഴിയും
മൈ ജിയോ ആപ്പ് വഴിയാണ് ജിയോ മെബൈൽ കണക്ഷൻ എടുത്തവർക്ക് പഴയ കോളുകൾ ട്രാക്ക് ചെയ്യാൻ സാധിക്കുക. ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർക്കും ഐഒഎസ് ഉപയോഗിക്കുന്നവർക്കും ഈ സേവനം ലഭ്യമാണ്. കാൾ ഹിസ്റ്ററി മാത്രമല്ല, എസ്എംഎസുകളുടെ എണ്ണം, ഡാറ്റാ യൂസേജ് എന്നിവയെല്ലാം മൈ ജിയോ ആപ്പ് വഴി അറിയാൻ കഴിയും.

വളരെ സിമ്പിൾ ആയി തന്നെ ഇത് കണ്ടുപിടിക്കാനുള്ള സൗകര്യവും ജിയോ നൽകുന്നുണ്ട്. മൈ ജിയോ ആപ്പ് വഴിയാണ് ഈ സേവനം ലഭ്യമാകുന്നത്. മൊബൈൽ നമ്പർ ഉപയോഗിച്ച് മൈ ജിയോ ആപ്പിൽ ലോഗിൻ ചെയ്ത ശേഷം മുകളിൽ വലത്തേയറ്റത്തുള്ള VU എന്ന ഒപ്ഷൻ ക്ലിക്ക് ചെയ്യുക. അതോടെ പുതിയ ഒപ്ഷനുകൾ കാണാൻ സാധിക്കും. അതിൽ Mobile എന്ന ഒപ്ഷൻ സെലക്ട് ചെയ്താൽ മുഴുവൻ കാൾ ഹിസ്റ്ററിയും ലഭിക്കും.
വേണമെങ്കിൽ ഒരു സ്‌റ്റേറ്റ്‌മെൻറായി ഇത് സ്വന്തം ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാനും കഴിയും. ഏഴ് ദിവസം മുതൽ 180 ദിവസം വരെ സെലക്ട് ചെയ്യാനുള്ള ഒപ്ഷൻ ജിയോ നൽകുന്നുണ്ട്. ഇടയ്ക്കിടെ ഫോൺ മാറ്റുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് ഈ ഒപ്ഷൻ. നമ്പർ മാറ്റിയില്ലെങ്കിൽ ജിയോ ആപ്പ് വഴി കാൾ ഹിസ്റ്ററി വീണ്ടെടുക്കാൻ കഴിയും.

ചെറുകിട കച്ചവടക്കാർക്കും വൻകിട കച്ചവടക്കാർക്കും ഈ ഒപ്ഷൻ വളരെ ഉപാരപ്രദമാണ്. ബിസിനസ് മേഖല പരിപോഷിപ്പിക്കാൻ നിരന്തരം കോളുകൾ ചെയ്യേണ്ടി വരും. അത്തരക്കാർക്ക് പഴയ കോളുകൾ തപ്പിയെടുക്കേണ്ട ആവശ്യം വന്നാൽ ഈ ഒപ്ഷൻ സഹായകരമാകും. കോൾ ഹിസ്റ്ററി മാത്രമല്ല. ഒരുപാട് മറ്റു ഒപ്ഷനുകളും മൈ ജിയോ മെബൈൽ ആപ്പിൽ ലഭ്യമാണ്.
അതുപോലെ തന്നെയാണ് പൊതുപ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും കാര്യം. ഇവർക്കും നിരന്തരം കോളുകൾ വന്നുകൊണ്ടിരിക്കും. തിരക്കിനിടയിൽ വല്ല കോളുകളും മിസ്സ് ആവുകയും അവ വീണ്ടെടുക്കൽ ആവശ്യമായി വരികയും ചെയ്താൽ മൈ ജിയോ ആപ്പ് ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ ജിയോ ഉപയോക്താവാണെങ്കിൽ കോൾ ഹിസ്റ്ററി അറിയണമെന്നുണ്ടോ..? എന്നാൽ മൈ ജിയോ ആപ്പ് ഉപയോഗിച്ചു നോക്കൂ. എത്ര സമയം നിങ്ങൾ കോളിനായി ചെലവഴിച്ചുവെന്ന് അറിയാലോ.


Click it and Unblock the Notifications








