എച്ച് എടുക്കുംപോലെ കയറി ഇറങ്ങേണ്ട, ഡ്രൈവിങ് ലൈസൻസ് സ്വയം തിരുത്താൻ എളുപ്പവഴി ഇതാ
നമ്മുടെ ഡ്രൈവിങ് ടെസ്റ്റ് രീതികൾ അടിമുടി മാറാൻ പോകുകയാണ്. മേയ് ഒന്നുമുതൽ ഡ്രൈവിങ് ടെസ്റ്റ് അൽപ്പം കടുപ്പമാകും. എച്ചും റോഡ് ടെസ്റ്റും മാത്രം എടുത്ത് ലൈസൻസ് കരസ്ഥമാക്കാമെന്ന പഴയ രീതിയ മാറി, ഡ്രൈവിങ് നന്നായി അറിയാം എന്ന് ഉറപ്പാക്കുന്ന വിധത്തിലുള്ള സങ്കീർണ്ണമായ ടെസ്റ്റ് നടപ്പിലാക്കാൻ പോകുകയാണ്.
മേയ് ഒന്നിന് ശേഷം ലൈസൻസ് നേടുക എന്നത് പഴയപോലെ അത്ര ഈസിയാകില്ല എന്ന് ഉറപ്പായിട്ടുണ്ട്. ശരിയായി ഡ്രൈവിങ് അറിയാത്തവർ റോഡിൽ അപകടഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽക്കൂടിയാണ് പുതിയ മാറ്റങ്ങൾ വരുന്നത്. ഇതിനോടകം ഡ്രൈവിങ് ലൈസൻസ് നേടിയവർക്ക് വലിയ വെല്ലുവിളിയില്ലാതെ ടെസ്റ്റ് എന്ന കടമ്പ കടന്നു എന്ന് ആശ്വസിക്കാം.

നമ്മുടെ ഡ്രൈവിങ് ലൈസൻസ് എന്നതുകൊണ്ട് വാഹനം ഓടിക്കാനുള്ള ഒരു കാർഡ് എന്നതിന് അപ്പുറമുള്ള ഉപകാരങ്ങളും ഉണ്ട്. ഒരു വ്യക്തിയെ സംബന്ധിക്കുന്ന ആധികാരിക രേഖകളിലൊന്നായി ലൈസൻസ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പല ആവശ്യങ്ങൾക്കും ഡ്രൈവിങ് ലൈസൻസ് പ്രധാനപ്പെട്ട രേഖയായി നൽകാൻ സാധിക്കും. എന്നാൽ നമ്മുടെ സർക്കാർ സംവിധാനങ്ങളെ സംബന്ധിച്ചിടത്തോളം ഓരോരേഖയിലെയും അക്ഷരങ്ങൾക്കും ചിഹ്നങ്ങൾക്കും വരെ വളരെ പ്രാധാന്യമുണ്ട്.
അതിനാൽത്തന്നെ ആധികാരിക രേഖകളിലൊന്നായ ഡ്രൈവിങ് ലൈസൻസിൽ പിഴവുകളില്ല എന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. മുൻപ് എന്തെങ്കിലും രേഖകളിലെ തെറ്റുതിരുത്തുക എന്നത് ലൈസൻസിനായി എച്ച് എടുക്കുന്നതിനെക്കാൾ കഷ്ടപ്പാടായിരുന്നു. കാരണം തിരുത്തലിനായി ബന്ധപ്പെട്ട ഓരോ ഓഫീസും കയറിയിറങ്ങണമായിരുന്നു. എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പല സേവനങ്ങളും ഓൺലൈനായി ലഭ്യമായതോടെ അത്തരം ബുദ്ധിമുട്ടുകൾ ഒഴിവായിട്ടുണ്ട്.
ദിവസവും നാം നിരന്തരം ഉപയോഗിക്കേണ്ടിവരുന്ന, ഏറ്റവും കൂടുതൽ പേർ കൈയിൽ എപ്പോഴും കൊണ്ടുനടക്കുന്ന ഒരു രേഖയാണ് ഡ്രൈവിങ് ലൈസൻസ്. അത്രയും പ്രധാനപ്പെട്ട രേഖയിൽ ഒരു തെറ്റു വന്നാൽ അതും വീടിന്റെ അഡ്രസ് ഉൾപ്പെടെ തെറ്റിപ്പോയാൽ അത് തിരുത്തേണ്ടത് അനിവാര്യമാണ്. കൂടാതെ വീട് മാറ്റം പോലുള്ള കാര്യങ്ങളുണ്ടായാലും അഡ്രസിൽ തിരുത്തൽ വേണ്ടിവരും.
അഡ്രസ് തെറ്റിപ്പോയതുകൊണ്ടോ, വിലാസം മാറിയതുകൊണ്ടോ ലൈസൻസിൽ തിരുത്തൽ ആവശ്യമായി വന്നാൽ വളരെ ഈസിയായി നമുക്ക് തന്നെ ശരിയാക്കാം. പ്രധാനമായും രണ്ടു വിധത്തിലാണ് ഡ്രൈവിങ് ലൈസൻസിലെ അഡ്രസ് മാറ്റം സാധ്യമാകുക. ഒന്ന് ആർടി ഓഫീസ് നേരിട്ട് സന്ദർശിച്ചും അതല്ലാതെ ഓൺലൈനിലും. അതിൽ ഓൺലൈനിൽ എങ്ങനെ അഡ്രസ് മാറ്റാം എന്നു നോക്കാം.
ഡ്രൈവിങ് ലൈസൻസിലെ അഡ്രസ് മാറ്റുന്നതിന് ചെയ്യേണ്ടത്: പരിവാഹൻ സാരഥിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sarathi.parivahan.gov.in-സന്ദർശിക്കുക. ഹോംപേജിൽ ദൃശ്യമാകുന്ന ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് നിങ്ങളുടെ നിലവിലെ അവസ്ഥ തിരഞ്ഞെടുക്കുക. ഇപ്പോൾ വ്യത്യസ്ത സേവനങ്ങളുടെ ഒരു പേജ് ദൃശ്യമാകും. അതിൽ വിലാസം മാറ്റുന്നതിന് അപേക്ഷിക്കുക എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

തുടർന്ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ പേജ് ദൃശ്യമാകും. നിർദ്ദേശങ്ങൾ വായിച്ചശേഷം Continue ക്ലിക്ക് ചെയ്യുക. ലൈസൻസ് (DL) നമ്പർ, ജനനത്തീയതി, ക്യാപ്‌ച കോഡ് എന്നിവ നൽകുക. ഇപ്പോൾ Get DL Details ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അടുത്തപേജിൽ കാണിക്കും. അവിടെ Yes എന്നു നൽകി വിശദാംശങ്ങൾ സ്ഥിരീകരിക്കുക.
തുടർന്ന് ലൈസൻസിന്റെ വിഭാഗം തിരഞ്ഞെടുത്ത് നിലവിലെ വിലാസത്തിന്റെ പിൻകോഡ് നൽകി Continue ക്ലിക്ക് ചെയ്യുക. അപ്പോൾ എഡിറ്റ് ചെയ്യുന്നതിനുള്ള പേജ് തുറക്കും. അവിടെ പുതിയ വിലാസവും ക്യാപ്‌ചയും നൽകുക. തുടർന്ന് കണ്ടിന്യൂ ബട്ടൺ സെലക്ട് ചെയ്യുക. ആപ്ലിക്കേഷൻ നമ്പറിന്റെ പ്രിന്റ് എടുക്കുക.

ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത ശേഷം ഫീസ് അടയ്ക്കുക. വിജയകരമായി പണമടച്ചതിന് ശേഷം പ്രിന്റ് രസീത് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഈ രസീത് പിന്നീട് ഭാവി ആവശ്യങ്ങൾക്ക് ആവശ്യം വന്നേക്കും. ഇത്രയും കാര്യങ്ങൾ പൂർത്തിയാക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകുകയും ലൈസൻസ് പുതിയ അഡ്രസിൽ ലഭ്യമാകുകയും ചെയ്യും.
ഡ്രൈവിങ് ലൈസൻസിലെ അഡ്രസ് തിരുത്താൻവേണ്ട രേഖകൾ: ഫോം 33-ലെ അപേക്ഷ, വാഹനത്തിന്റെ ആർസി, പുതിയ വിലാസത്തിന്റെ തെളിവ്, സാധുവായ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, സ്മാർട്ട് കാർഡ് ഫീസ്, ഫിനാൻസിയറിൽനിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, പാൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്/ ഫോം 60, ഫോം 61(ബാധകമനുസരിച്ച്). ഷാസി&എഞ്ചിൻ പെൻസിൽ പ്രിന്റ്, ഉടമയുടെ ഒപ്പ്.


Click it and Unblock the Notifications







