ലോക്സഭാ ഇലക്ഷൻ വരുന്നു; സ്മാർട്ട്ഫോണിൽ ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള (Lok Sabha Election 2024) തയാറെടുപ്പുകൾ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിക്കഴിഞ്ഞു. പലയിടത്തും സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ തീരുമാനമാകുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് തിയതി അധികം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് പിന്നാലെ സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യത്തെ നയിക്കാൻ പോകുന്ന സർക്കാരിനെ തെരഞ്ഞെടുക്കുന്ന നിർണായകമായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. ജനാധിപത്യ പ്രക്രിയ വിജകരമാക്കാൻ വോട്ടവകാശം വിനിയോഗിക്കുക എന്നത് പ്രായപൂർത്തിയായ ഓരോ ഇന്ത്യൻ പൗരന്റെയും കർത്തവ്യമാണ്.

അവകാശങ്ങളോടൊപ്പം ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യമുള്ളവനായിരിക്കണം ഒരു ഉത്തമ പൗരൻ. എല്ലാ പൗരന്മാരും ഉറപ്പായും നിർവഹിക്കേണ്ട ഒരു ഉത്തരവാദിത്തമാണ് വോട്ടവകാശം വിനിയോഗിക്കുക എന്നത്. വോട്ട് ചെയ്യണമെങ്കിൽ നാം ഇന്ത്യൻ പൗരന്മാരായിരിക്കണം. അതിന് തെളിവുവേണം. ഇന്ന് തിരിച്ചറിയൽ രേഖയായി ആധാർ ഉൾപ്പെടെയുള്ള രേഖകൾ നമുക്കുണ്ട് (ആധാർ ഇല്ലാത്തവരും കുറവല്ല).
നാം ഇന്ത്യൻ പൗരന്മാരാണ് എന്ന് തെളിയിക്കുന്നതിനുള്ള ഏറ്റവും ആധികാരിക രേഖയാണ് ഇലക്ഷൻ കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ്. മുൻകാലങ്ങളിൽ 18 വയസ് പൂർത്തിയാകുന്നവർ വോട്ടവകാശം വിനിയോഗിക്കുന്നതിനായി കഴിവതും വേഗം ഇലക്ഷൻ കമ്മിഷന്റെ ഐഡി കാർഡിനായി പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യുമായിരുന്നു. ഇപ്പോൾ ആധാർ ഉൾപ്പെടെയുള്ളവ എത്തിയതോടെ വോട്ടർ ഐഡി കാർഡിന്റെ പ്രാധാന്യം അൽപ്പം കുറഞ്ഞിട്ടുണ്ട്.
എങ്കിലും വോട്ടേഴ്സ് ഐഡി കാർഡ് നമുക്ക് ഉണ്ടാവേണ്ടത് ഏറെ പ്രധാനമാണ്. എല്ലാം ഡിജിറ്റൽ ആയി സൂക്ഷിക്കുന്ന ഇക്കാലത്ത് നിങ്ങളുടെ വോട്ടേഴ്സ് ഐഡി കാർഡും ഡിജിറ്റലായി ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സ്മാർട്ട്ഫോണിൽ സൂക്ഷിക്കുകയോ, പ്രിന്റെടുക്കുകയോ ചെയ്താൽ അവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പുതിയ വോട്ടർമാരെ രജിസ്റ്റർ ചെയ്യുന്നതിനും വോട്ടർ ഐഡിയിലെ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനും ഡിജിറ്റൽ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യുന്നതിനും ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് പോർട്ടൽ ഉപയോഗിക്കാം. നിങ്ങളുടെ മൊബൈലിലോ ടാബ്‌ലെറ്റിലോ ലാപ്‌ടോപ്പിലോ ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് എങ്ങനെ സൗജന്യമായി ഡൗൺലോഡ് ചെയ്യാം എന്ന് നോക്കാം.
ഔദ്യോഗിക വെബ്സൈറ്റ്: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവിധ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ https://eci.gov.in/ എന്ന ഔദ്യോഗിക വെബ്അഡ്രസിലേക്ക് പോകുക. എപ്പിക് (Electors Photo Identification Card-EPIC) നമ്പരുള്ള ആളാണെങ്കിൽ ഐഡി ഡൗൺലോഡ് ചെയ്യുന്നതിനായി ഹോം പേജിലെ വോട്ടർ സർവീസ് എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ദൃശ്യമാകുന്ന പേജിൽ ഇ-എപ്പിക് എന്നു കാണുന്നതിൽ ക്ലിക്ക് ചെയ്യുക.

ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക: ആദ്യമായി ഈ സേവനം ഉപയോഗിക്കുന്ന ആളാണെങ്കിൽ, ഒരു ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് സ്വയം രജിസ്റ്റർ ചെയ്യാം. അങ്ങനെ രജിസ്റ്റർ ചെയ്ത് പോർട്ടലിൽ പ്രവേശിച്ചുകഴിഞ്ഞാൽ, ഡൗൺലോഡ് ഇ-എപ്പിക് എന്നതിൽ ക്ലിക്കുചെയ്‌ത് EPIC നമ്പർ (വോട്ടർ ഐഡി കാർഡിൽ പ്രിന്റ് ചെയ്‌തിരിക്കുന്ന നിങ്ങളുടെ 10 അക്ക ഐഡി) നൽകുക.
ഡിജിറ്റൽ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാൻ, ഒരാൾക്ക് EPIC നമ്പറും അതിലേക്ക് ലിങ്ക് ചെയ്‌തിരിക്കുന്ന ഫോൺ നമ്പറും ആവശ്യമാണ്. ഇ-എപ്പിക് അല്ലെങ്കിൽ ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന്, നമ്മുടെ ഫോൺ നമ്പർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്തിരിക്കണം. ഇതിനും വെബ്സൈറ്റിൽ സംവിധാനമുണ്ട്.
മൊബൈൽ നമ്പർ ലിങ്ക് ചെയ്യാൻ: ഹോം പേജിലേക്ക് പോയി ഫോംസിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫോം 8-ൽ ക്ലിക്ക് ചെയ്യുക. കുടുംബാംഗത്തിന്റെ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ സെൽഫ് അല്ലെങ്കിൽ ഫാമിലി ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫോം മെനുവിൽനിന്ന് അതേ വെബ്‌സൈറ്റിൽ ഫോം 8 പൂരിപ്പിച്ച് ഫോൺ നമ്പർ ചേർക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യാം.

വിവരം പരിശോധിക്കുക, ഡൗൺലോഡ് ചെയ്യുക: ഫോമിൽ, നിലവിലുള്ള വോട്ടർ പട്ടികയിലെ എൻട്രികളുടെ തിരുത്തലിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോൺ നമ്പർ നൽകുക. നിങ്ങൾ നൽകുന്ന വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കേണ്ടതിനാൽ വോട്ടർ ഐഡിയുമായി ഒരു ഫോൺ നമ്പർ ജോടിയാക്കാൻ കുറച്ച് ദിവസമെടുത്തേക്കും.
ഫോൺ നമ്പർ ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ, https://eci.gov.in/e-epic/ എന്ന വെബ്‌സൈറ്റിലേക്ക് പോയി EPIC നമ്പർ പോലുള്ള വിശദാംശങ്ങൾ നൽകുക. തുടർന്ന് OTP ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പർ പരിശോധിച്ച് ഡൗൺലോഡ് e-EPIC എന്നതിൽ ക്ലിക്ക് ചെയ്യുക. ഫോം 8 പൂരിപ്പിച്ച് അതേ വെബ്‌സൈറ്റിൽനിന്ന് ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി നേടാം. അത് വോട്ടർ ഐഡിയിലെ വിലാസത്തിലേക്ക് എത്തും.


Click it and Unblock the Notifications








