എത്ര പഴയ ഫോണിലും സൂപ്പർഫാസ്റ്റ് ചാർജിങ് കൊണ്ടുവരാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ഈ ഡിജിറ്റൽ ലോകത്ത് സ്മാർട്ട് ഫോൺ എന്നത് സർവ്വ സാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരുടെയും പക്കൽ ഇന്ന് സ്മാർട്ട് ഫോണുകൾ ഉണ്ടായിരിക്കും. കുട്ടികൾ മുതൽ വയസായവർക്ക് വരെ ഇപ്പോൾ സ്വന്തമായി സ്മാർട്ട് ഫോണുകൾ ഉണ്ട്. ഇവയുടെ ഉപയോഗവും വളരെ വലുതാണ്. ഇന്നത്തെ കാലത്ത് പല കാര്യങ്ങൾക്കും നമ്മൾ ആദ്യം ആശ്രയിക്കുന്നതും സ്മാർട്ട് ഫോണുകളെ ആയിരിക്കും.
ധാരാളം ഗുണങ്ങൾക്കൊപ്പം നിരവധി ദോഷങ്ങളും സ്മാർട്ട് ഫോണിന്റെ ഉപയോഗം മൂലം വന്നേക്കാം. അതിൽ ഒന്നാണ് സമയ നഷ്ടം. നമ്മുടെ വിലപ്പെട്ട സമയത്തിൽ ഭൂരിഭാഗവും ഇത്തരത്തിൽ സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം മൂലം നഷ്ടപ്പെടുന്നുണ്ട്. ഫോണുകൾ ചാർജ് ചെയ്യുമ്പോഴും ഇത്തരത്തിൽ ഒരുപാട് സമയം നഷ്ടപ്പെടാറുണ്ട്. കാലപ്പഴക്കം ചെന്ന ഫോണുകൾ ആണെങ്കിൽ ചാർജ് കയറാൻ തന്നെ ഒരുപാട് സമയം ആവിശ്യമായി വന്നേക്കാം.

എന്നാൽ ചില മാർഗങ്ങൾ വഴി ഫോണിൽ ചാർജ് കയറുന്ന വേഗത വർധിപ്പിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. ഇതിന്റെ ആദ്യ പടി എന്നത് ഫോൺ ചാർജ് ചെയ്യാനായി ഇടുമ്പോൾ ഫോണിൽ എയർപ്ലെയിൻ മോഡ് ഓൺ ആക്കുക എന്നതാണ്. ഇത്തരത്തിൽ ചെയ്യുമ്പോൾ ഫോണിലെ വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, സെല്ലുലാർ കണക്ഷനുകൾ എല്ലാം വിച്ഛേദിക്കപ്പെടുന്നതാണ്. ആയതിനാൽ തന്നെ ഇവയ്ക്ക് പ്രവർത്തിക്കാൻ വേണ്ട ചാർജ് സേവ് ചെയ്യാൻ സാധിക്കും.
ഇതുകൊണ്ട് തന്നെ വേഗത്തിൽ ചാർജ് കയറാൻ ഇത് സഹായിക്കുന്നതാണ്. ഇത്തരത്തിൽ വൈദ്യുതി ലാഭിക്കാനും സാധിക്കുന്നതാണ്. ചാർജ് ചെയ്യുമ്പോൾ എയർപ്ലെയിൻ മോഡ് ഓഫ് ചെയ്യുന്നത് പോലെ ഗുണം ചെയ്യുന്ന മറ്റൊരു വഴിയാണ് പശ്ചാത്തല ഫംഗ്‌ഷനുൾ ഓഫ് ആക്കുക എന്നത്. ഡൈനാമിക് വാൾപേപ്പറുകൾ, തത്സമയ വിജറ്റുകൾ, വൈബ്രേഷനുകൾ, അനാവശ്യ പുഷ് അറിയിപ്പുകൾ എന്നിവയെല്ലാം ഓഫ് ആക്കിയിട്ട് ഫോൺ ചാർജിന് ഇടുന്നതായിരിക്കും നല്ലത്.

അല്ലാത്തപക്ഷം നിരവധി അറിയിപ്പുകളും മറ്റും വന്ന് ഫോണിൽ നിന്ന് ചാർജ് ഇറങ്ങാൻ സാധ്യത ഉണ്ട്. ഫോൺ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് ചാർജ് ചെയ്യുന്നതും വേഗത്തിൽ ചാർജ് കയറാനുള്ള ഉത്തമ മാർഗങ്ങളിൽ ഒന്നാണ്. ഇതിലൂടെ ബാറ്ററി ലൈഫ് ഉയർത്താനും സാധിക്കുന്നതാണ്. മാത്രമല്ല ആവിശ്യമില്ലാത്തപ്പോൾ നിങ്ങളുടെ ഫോണിന്റെ സ്‌ക്രീൻ തെളിച്ചം കുറയ്ക്കുന്നതും ഫോണിന്റെ ബാറ്ററി ലൈഫ് ഉയർത്താനുള്ള ഒരു ടിപ്പ് ആണ്.
ഇതുപോലെ സ്‌ക്രീൻ ടൈം ഔട്ട് മിനിമം ആയി കുറയ്ക്കുന്നതും നല്ലരീതിയിൽ ഗുണം ചെയ്യുന്ന ഒന്നാണ്. ഇക്കാര്യങ്ങൾ ചെയ്യാത്ത പക്ഷം ഡിസ്പ്ലേയ്ക്ക് മാത്രമായി ധാരാളം ഊർജ്ജം വേണ്ടി വരുന്നു. ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ, ചാർജ് ചെയ്യുമ്പോൾ വളരെ പെട്ടെന്ന് ഫോണിലേക്ക് ചാർജ് കയറുന്നതായിരിക്കും. അതേ സമയം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്നത് നിങ്ങളുടെ ഫോൺ ക്രമീകരണങ്ങളിൽ ആന്തരിക മാറ്റങ്ങൾ വരുത്തുമ്പോൾ, ബാഹ്യ ഘടകങ്ങളിലും മാറ്റം വരുത്താൻ ശ്രമിക്കുക എന്നതാണ്.
ഗുണ നിലവാരം കുറഞ്ഞ ചാർജറുകൾ വേഗതയെ പ്രതികൂലമായി ബാധിക്കും. ഇവ ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയേയും നശിപ്പിക്കുന്നവ ആയിരിക്കും. ആയതിനാൽ തന്നെ നിങ്ങളുടെ ഫോണിന്റെ ചാർജർ നഷ്ടപ്പെട്ട് കഴിഞ്ഞാൽ ഗുണനിലവാരമുള്ള ചാർജിംഗ് കേബിളുകളും അഡാപ്‌റ്ററുകളും ഉപയോഗിക്കുന്നത് ഉറപ്പാക്കണം. ഓരോ ഫോണിനും ഓരോ തരത്തിലുള്ള ചാർജറുകളാണ് കമ്പനികൾ പുറത്തിറക്കുന്നത്. നിങ്ങളുടെ ഫോണിന് അനുയോജ്യമായ ചാർജറുകൾ മാത്രം തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
ബാറ്ററി നിറഞ്ഞതിന് ശേഷം വീണ്ടും ഫോൺ കുത്തിയിടാതെ ഇരിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ഫോണിന്റെ ബാറ്ററിയ്ക്ക് കേടാണ്. കഴിയുന്നതും 80 ശതമാനം ചാർജ് ആയാൽ തന്നെ ചാർജർ ഡിസ്കണക്ട് ചെയ്യുന്നതാണ് ബാറ്ററിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു കഴിഞ്ഞാൽ ഒരു പരുധി വരെ നിങ്ങളുടെ ഫോണിന്റെ ബാറ്ററി സുരക്ഷിതമായി ഇരിക്കുന്നതായിരിക്കും.


Click it and Unblock the Notifications








