എഐ ക്യാമറയിൽ കുടുങ്ങില്ല, വീട്ടിൽ പിഴയും വരില്ല! ഗൂഗിൾ മാപ്പിൽ പുതിയ ഫീച്ചർ എത്തി
വാഹനയാത്രക്കാർക്ക് ടെക്നോളജി നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ഗൂഗിൾ മാപ്പ്. വഴി അറിയില്ലെങ്കിലും ഏത് സമയത്തും എവിടേക്കും ഇറങ്ങി പുറപ്പെടാനുള്ള ധൈര്യം വന്നത് ഗൂഗിൾ മാപ്പിന്റെ വരവോടെയാണ്. പരിചയമില്ലാത്ത എവിടേക്കെങ്കിലും പുറപ്പെട്ട് വഴിയറിയാതെ കുഴങ്ങിയാൽ വഴിചോദിക്കാൻ പോലും ആരെയും കിട്ടാത്ത അവസ്ഥകൾ പലർക്കും ഉണ്ടാകാറുണ്ട്.
വഴിയിലെ പലവിധ പ്രതിസന്ധികൾ നേരിടാൻ ഗൂഗിൾ മാപ്പിന്റെ കടന്നുവരവ് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ഡ്രൈവർമാർക്ക് സഹായകമാകുന്ന മറ്റൊരു കിടിലൻ ഫീച്ചർ കൂടി ഗൂഗിൾ മാപ്പിൽ എത്തിയിരിക്കുന്നു. നാം സഞ്ചരിക്കുന്ന റോഡിലെ വേഗ നിയന്ത്രണങ്ങൾ അറിയാൻ കഴിയും എന്നതാണ് ഈ പുതിയ ഫീച്ചറിന്റെ പ്രത്യേകത.

പ്രദേശത്തിന്റെ പ്രത്യേകതയും മറ്റും കണക്കിലെടുത്ത് ഓരോ റോഡുകൾക്കും ചില വേഗ നിയന്ത്രണങ്ങൾ ഉണ്ടാകും. ഇത് അറിയാതെ അതിനെക്കാൾ വേഗതയിൽ അതുവഴി വാഹനമോടിച്ചാൽ അത് അപകടങ്ങൾക്ക് ഇടയാക്കും. മാത്രമല്ല, അമിത വേഗതയ്ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് ചിലപ്പോൾ വീട്ടിലെത്തിയെന്നുമിരിക്കും. റോഡിലെ പിഴയുടെ കാര്യത്തിൽ കേരളം ഒട്ടും മോശമല്ലെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.
സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇന്ന് എഐ ക്യാമറകളുണ്ട്. അത് കൂടാതെ പോലീസിന്റെ പരിശോധനയും എംവിഡിയുടെ വാഹന പരിശോധനയും ഉണ്ട്. അതിനാൽ ആരോഗ്യം രക്ഷിക്കാൻ മാത്രമല്ല, കീശ ചോരാതിരിക്കാനും ട്രാഫിക് നിയമങ്ങൾ പാലിച്ചേ മതിയാകൂ. അതിന് റോഡിലെ നിയന്ത്രണങ്ങളെപ്പറ്റി അറിവുണ്ടാകണം. ഇക്കാര്യത്തിൽ ഡ്രൈവർമാരെ സഹായിക്കാൻ ഗൂഗിൾ മാപ്പിലെ പുതിയ ഫീച്ചറിന് സാധിക്കും.

ഓരോ റോഡിലും അനുവധിക്കപ്പെട്ടിട്ടുള്ള വേഗത്തെപ്പറ്റി ഡ്രൈവർമാരെ അറിയിക്കാൻ ഗൂഗിൾ മാപ്പിലെ പുതിയ ഫീച്ചറിന് കഴിയും. ഡ്രൈവർമാർക്ക് മെച്ചപ്പെട്ട സുരക്ഷയും നാവിഗേഷൻ സഹായവും നൽകുന്നതിന്, ലോകമെമ്പാടുമുള്ള റോഡുകൾക്കായി തത്സമയ വേഗത പരിധി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സ്പീഡോമീറ്റർ എന്ന ഫീച്ചറാണ് ഗൂഗിൾ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.
ഡ്രൈവർമാർ ഒരു ഹൈവേയിൽ നിന്ന് ഒരു പ്രാദേശിക റോഡിലേക്ക് മാറുന്നത് പോലെയുള്ള സാഹചര്യങ്ങളിൽ, വേഗത പരിധിയിലെ മാറ്റം അവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല, ഇത് മനഃപൂർവമല്ലാത്ത അമിതവേഗതയ്ക്കും പിഴ ലഭിക്കുന്നതിനും ഇടയാക്കും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്പീഡോമീറ്റർ ഫീച്ചറിന് സാധിക്കും. എന്നാൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ.
ഈ പുതിയ ഫീച്ചർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് ഇതാ: ആദ്യം സ്മാർട്ട്ഫോണിൽ ഗൂഗിൾ മാപ്സ് ആപ്പ് തുറക്കുക. തുടർന്ന് അക്കൗണ്ട് സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം സെറ്റിംഗ്സ് ഓപ്ഷനിൽ നാവിഗേഷൻ സെറ്റിംഗ്സ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യണം. തുടർന്ന് ഡ്രൈവിംഗ് ഓപ്ഷനുകൾ എന്നതിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് ഡ്രൈവിംഗ് ഓപ്ഷനിലെ സ്പീഡോമീറ്റർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. സ്പീഡോമീറ്റർ പ്രവർത്തനക്ഷമമാക്കിയാൽ, നിങ്ങൾ ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുമ്പോൾ അത് നിങ്ങളുടെ GPS വേഗത കാണിക്കും. നിങ്ങൾ വേഗത പരിധി മറികടക്കുയാണെങ്കിൽ മുന്നറിയിപ്പിന്റെ നിറം മാറും. AI സാങ്കേതികവിദ്യയും സ്ട്രീറ്റ് വ്യൂ ചിത്രങ്ങളും തേഡ് പാർട്ടി ഇമേജറിയും ഉപയോഗിച്ചാണ് സ്പീഡോമീറ്റർ പ്രവർത്തിക്കുക.
മാപ്‌സിലെ സ്പീഡോമീറ്റർ ഫീച്ചർ ഡ്രൈവർമാരെ നിയമപരമായ വേഗ പരിധിക്കുള്ളിൽ നിന്നുകൊണ്ട് യാത്ര ചെയ്യാൻ മാത്രമല്ല, നൂതന അസിസ്റ്റഡ് ഡ്രൈവിംഗ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് വാഹന നിർമ്മാതാക്കളെ സഹായിക്കുകയും ചെയ്യുമെന്ന് ഗൂഗിൾ പറയുന്നു. സ്പീഡോമീറ്റർ കൂടാതെ നിരവധി പുതിയ ഫീച്ചറുകൾ ഗൂഗിൾ മാപ്സിൽ അവതരിപ്പിക്കാൻ ഗൂഗിൾ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications








