"ഡെലിവറിക്കൊള്ള" അവസാനിപ്പിക്കാൻ ഒഎൻഡിസി; ലഭ്യത മുതൽ ഉപയോഗം വരെ അറിയേണ്ടതെല്ലാം | ONDC App
ഭക്ഷണവിതരണത്തിൽ തുടങ്ങി വീട്ടുപകരണങ്ങളും ഫർണീച്ചറുകളും വരെ വീട്ടുപടിക്കലെത്തിച്ച് തരുന്ന ഏവർക്കും പരിചിതമായ ഓൺലൈൻ ഡെലിവറി ആപ്പുകളും പ്ലാറ്റ്ഫോമുകളും ഒരുപാടുണ്ട്. ആകർഷകമായ ഓഫറുകളുമായി പൊതുസമൂഹത്തിൽ പ്രചാരം നേടിയെടുത്തതിന് ശേഷം ഉയർന്ന നിരക്ക് ഈടാക്കിത്തുടങ്ങിയിരിക്കുകയാണ് ഈ പ്ലാറ്റ്ഫോമുകളെല്ലാം. സ്വകാര്യ സർവീസുകൾ കൊള്ളനിരക്ക് ഈടാക്കിത്തുടങ്ങിയതോടെയാണ് ഒഎൻഡിസി പ്ലാറ്റ്ഫോം ശ്രദ്ധയാകർഷിച്ച് തുടങ്ങിയത്.
ഒഎൻഡിസി പ്ലാറ്റ്ഫോം പെട്ടെന്ന് മുന്നിലേക്കെത്തിയതോടെ ഇത് എന്താണ്, എവിടെയൊക്കെ ലഭ്യമാകും, എന്തിനൊക്കെ ഉപയോഗപ്പെടുത്താം എന്നൊക്കെ ആളുകൾ അന്വേഷിച്ച് കൊണ്ടുമിരിക്കുന്നു. ഒഎൻഡിസി അഥവാ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് പ്ലാറ്റ്ഫോം പുതിയൊരു സംവിധാനമല്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 2022 സെപ്റ്റംബർ മുതൽ ഒഎൻഡിസി നിലവിലുണ്ട്. ഇപ്പോൾ നവമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായതോടെയാണ് ഒഎൻഡിസിയെപ്പറ്റി നല്ലൊരു ശതമാനം ആളുകളും മനസിലാക്കുന്നതെന്ന് മാത്രം.

വീട്ടിൽ തന്നെയിരുന്ന് ഭക്ഷണവും മറ്റും ഓർഡർ ചെയ്യുന്നത് നമ്മുക്കൊരുപാടിഷ്ടമുള്ള കാര്യം തന്നെ. ഒരു അനുഗ്രഹമായി ആരംഭിച്ച പ്ലാറ്റ്‌ഫോമുകൾ പിന്നീട് ഉയർന്ന കമ്മീഷൻ ഈടാക്കിത്തുടങ്ങിയതോടെ ഒഴിവാക്കാൻ കഴിയാത്തൊരു തലവേദനയായി മാറിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ഡെലിവറി സെക്റ്ററിലെ മോശം പ്രവണതകൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ഒഎൻഡിസി പ്ലാറ്റ്ഫോം തയ്യാറാക്കിയത്. വ്യാപാര സ്ഥാപനങ്ങൾക്ക് ഇടനിലക്കാരെ ഒഴിവാക്കി സേവനങ്ങളും വസ്തുക്കളും ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാനുള്ള സംവിധാനമാണ് ഒഎൻഡിസി. ഇതൊരു ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ (ആപ്പ്) മാത്രമാണെന്ന് കരുതരുത്.
നിയമം അനുശാസിക്കുന്ന എല്ലാവിധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഓൺലൈൻ വിൽപ്പനയ്ക്കും വാങ്ങലിനും വേണ്ടിയുള്ളതാണ് ഒഎൻഡിസി പ്ലാറ്റ്ഫോം. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടാണ് പ്ലാറ്റ്ഫോം ഇപ്പോൾ വൈറലായതെന്ന് മാത്രം. ഒഎൻഡിസി, സ്വിഗ്ഗി, സൊമാറ്റോ എന്നീ മൂന്ന് സർവീസുകളും ഡെലിവറിയ്ക്ക് ഈടാക്കുന്ന ചാർജുകൾ താരതമ്യം ചെയ്ത് കൊണ്ടുള്ള സ്ക്രീൻഷോട്ടുകൾ ആളുകൾ നവമാധ്യമങ്ങളിൽ ഷെയർ ചെയ്തതാണ് ഒഎൻഡിസി ട്രെൻഡിങാവാൻ കാരണം. ഒൻഎഡിസി നിരക്കുകൾ താരതമ്യേനെ കുറവാണെന്ന് ഈ സ്ക്രീൻഷോട്ടുകൾ വ്യക്തമാക്കുന്നുമുണ്ട്.\
ഒഎൻഡിസി സർവീസ് എവിടെയെല്ലാം ലഭ്യമാണ്? : കഴിഞ്ഞ വർഷം സെപ്റ്റംബരിൽ ബെംഗളൂരൂ നഗരത്തിലാണ് ഒഎൻഡിസി ആദ്യമായി ലോഞ്ച് ചെയ്തത്. നിലവിൽ ബെംഗളൂരൂവിൽ പ്ലാറ്റ്ഫോം ആക്സസ് ചെയ്യാമെങ്കിലും മറ്റ് എവിടെയൊക്കെ സർവീസുണ്ടെന്നതിൽ വ്യക്തതയില്ല. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ഒഎൻഡിസി സർവീസ് ഉപയോഗപ്പെടുത്താം. വീടിനടുത്തുള്ള കച്ചവടക്കാർ മുതൽ വലിയ ബ്രാൻഡുകൾക്ക് വരെ നേരിട്ട് നിങ്ങളിലേക്കെത്താമെന്നതാണ് ഒഎൻഡിസിയുടെ ഗുണം. ഡെലിവറി പ്ലാറ്റ്ഫോമുകളിലെ ഹിഡൻ ചാർജുകളിൽ നിന്ന് ഉപയോക്താക്കൾക്ക് രക്ഷപ്പെടുകയും ചെയ്യാം.
എന്റെ നാട്ടിൽ ഒഎൻഡിസി സർവീസ് ലഭിക്കുമോ? : പ്ലാറ്റ്ഫോം പുതിയതായതിനാൽ തന്നെ ഇത് എല്ലായിടത്തും ലഭ്യമല്ലെന്നതാണ് വസ്തുത. നേരിട്ട് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പേടിഎം ആപ്പ് വഴിയും സേവനങ്ങൾ ആക്സസ് ചെയ്യാം. ഭക്ഷണം, സാധനങ്ങൾ എന്നിവ ഓർഡർ ചെയ്യാൻ നിങ്ങളുടെ പ്രദേശത്തെ റെസ്റ്റോറന്റുകളും മറ്റും ഒഎൻഡിസിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഒഎൻഡിസി വെബ്സൈറ്റിൽ കയറി പിൻകോഡ് നൽകിയാൽ സേവനത്തിന്റെ ലഭ്യതയെക്കുറിച്ച് അറിയാം. ഹോട്ടലുകൾ, സ്റ്റോറുകൾ എന്നിവയ്ക്കപ്പുറം മീഷോ പോലെയുള്ള വലിയ പ്ലാറ്റ്ഫോമുകളും ഒഎൻഡിസിയിലുണ്ട്.
ഒഎൻഡിസി ഉപയോഗിക്കുന്നതെങ്ങനെ? : പേടിഎമ്മിലെ സെർച്ച് ബാറിൽ പോയി 'ONDC' എന്ന് ടൈപ്പ് ചെയ്യുക. അല്ലെങ്കിൽ നേരേ ഹോം സ്ക്രീനിന്റെ ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്യുക. നിങ്ങൾക്ക് ഒഎൻഡിസി സ്റ്റോർ കാണാൻ കഴിയും. പലചരക്ക് സാധനങ്ങൾ, അവശ്യ വസ്തുക്കൾ തുടങ്ങി റസ്റ്റോറന്റുകൾ വരെയുള്ള വിവിധ ഓപ്ഷനുകൾ ഇവിടെ ലഭ്യമായിരിക്കും. ഇവിടെ നിന്നും നിങ്ങൾക്ക് ആവശ്യമുള്ളവ ഓർഡർ ചെയ്യാം. പുതിയ സംരംഭത്തിന്റെ പോരായ്മകൾ ഒഎൻഡിസിയ്ക്കുണ്ട്. വരും നാളുകളിൽ സംവിധാനം മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കാം.


Click it and Unblock the Notifications