ദിവസവും ഒരു തവണ റീസ്റ്റാർട്ട് ചെയ്താൽ സ്മാർട്ട്ഫോണിലെ സ്പൈവെയർ നീക്കാം! സിംപിൾ ബട്ട് പവർഫുൾ
ഡിജിറ്റൽ രംഗം വിപ്ലവകരമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ മുന്നേറ്റത്തിനിടയിൽ ഓൺലൈൻ രംഗം കൂടുതൽ അപകടകരമായ മേഖലയായി മാറുന്നുമുണ്ട്. മാൽവെയറുകളുടെ ആക്രമണങ്ങൾ സർക്കാരുകൾക്കും സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കുമെല്ലാം ഒരേപോലെ തലവേദന സൃഷ്ടിക്കുന്നു. ആളുകൾക്ക് ഭീഷണിയാകുന്ന നിരവധി മാൽവെയറുകൾ നിലവിലുണ്ട്. അതിൽ ഏറെ അപകടകാരിയായ ഒന്നാണ് പെഗാസസ് (Pegasus).
ആളുകളുടെ ഫോണുകളിൽ ഒളിച്ചിരിക്കുകയും ഫോണിലെ അല്ലെങ്കിൽ എത്തിപ്പെടുന്ന ഡിവൈസിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ബാങ്ക് ഡീറ്റെയിൽസ്, പാസ്വേഡ് പോലുള്ള സുപ്രധാന വിവരങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്ന മാൽവെയറിന്റെ ഒരു രൂപമാണ് സ്പൈവെയർ എന്നത്. പെഗാസസും ഒരു സ്പൈവെയർ ആണ്. എത്തിപ്പെടുന്ന ഡിവൈസിൽ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇതിന് കഴിയും.

ഹാക്കർമാരും സൈബർ ക്രിമിനലുകളും സ്മാർട്ട്ഫോണുടമകളെ ചൂഷണം ചെയ്യാൻ സ്പൈവെയറുകളെ ആയുധമാക്കുന്നു. അത്തരത്തിൽ ഹാക്കർമാരും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒരു സ്പൈവെയറാണ് പെഗാസസ്. ഫോണുടമ തന്റെ ഫോണിൽ എന്താണ് ചെയ്യുന്നത് എന്ന് പെഗാസസ് വഴി ഹാക്കർമാർക്ക് രഹസ്യമായി കാണാൻ സാധിക്കുന്നു. ഒരിക്കൽ ഒരു ഡിവൈസിൽ പെഗാസസ് എത്തിപ്പെട്ടാൽ ആ ഡിവൈസ് ഹാക്ക് ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്.
സ്മാർട്ട്ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ പോലുള്ള ഡിവൈസുകളിൽ എത്തിപ്പെടുന്ന സ്പൈവെയർ നിർണായകമായ വിവരങ്ങൾ ഹാക്കർമാർക്ക് എത്തിച്ചുനൽകുന്നു. ആഗോളതലത്തിൽ പെഗാസസ് ഉയർത്തിയിട്ടുള്ള വിവാദങ്ങൾ അനവധിയാണ്. പെഗാട്രോണിന്റെ പുതിയ വേരിയന്റുകളായ Reign, Predator എന്നിവ ഐഒഎസ് ഡിവൈസുകൾക്ക് കടുത്ത ഭീഷണി ഉയർത്തുന്നു. എന്നാൽ ഇത്തരം ഭീഷണികളിൽനിന്ന് ഐഒഎസ് ഉപയോക്താക്കളെ രക്ഷിക്കാൻ കാസ്പെർസ്കിയിലെ (Kaspersky) ഗവേഷകർ ചില മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Shutdown.log file എന്നാണ് പെഗാസസ് വേരയന്റുകൾക്കെതിരേ കാസ്പെർസ്കിയുടെ ഗ്ലോബൽ റിസർച്ച് ആൻഡ് അനാലിസിസ് ടീം ( GREAT ) കണ്ടെത്തിയ സംവിധാനത്തിന്റെ പേര്. ഉപയോക്താക്കൾക്ക് സ്വന്തം നിലയ്ക്ക് പരിശോധിച്ച് അപകടസാധ്യത എളുപ്പത്തിൽ വിലയിരുത്തുന്നതിന് ഒരു സെൽഫ് ചെക്ക് ടൂളും ഗവേഷകർ തയാറാക്കിയിട്ടുണ്ട്.
പെഗാസസ് ബാധിച്ച ഒരു ഡിവൈസ് റീബൂട്ട് ചെയ്യുമ്പോൾ അത് അവശേഷിപ്പിക്കുന്ന അടയാളങ്ങൾ ഡിവൈസിന്റെ sysdiagnose ആർക്കൈവിൽ സ്ഥിതി ചെയ്യുന്ന Shutdown.log തിരിച്ചറിയുന്നു. ഈ ആർക്കൈവ് എല്ലാ റീബൂട്ടിൽ നിന്നുമുള്ള ഡാറ്റ സംഭരിക്കുന്നു. ഒരു സ്പൈവെയർ ബാധിച്ച ഡിവൈസ് റീബൂട്ട് ചെയ്യുമ്പോൾ പെഗാസസ് മൂലമുണ്ടാകുന്ന അപാകതകൾ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന സ്ഥലമാക്കി ഇത് റീസ്റ്റാർട്ടിനെ മാറ്റുന്നു.
ഉപയോക്താക്കളെ തങ്ങളുടെ ഡിവൈസുകളിൽ സ്പൈവെയർ കണ്ടെത്താൻ സഹായിക്കുന്നതിന് കാസ്പെർസ്കി വിദഗ്ധർ ഒരു ടൂൾ ഉണ്ടാക്കി. Shutdown.log ഫയൽ ലഭിക്കുന്നതിനും പരിശോധിക്കുന്നതിനും ടൂൾ Python3 സ്ക്രിപ്റ്റുകൾ ഉപയോഗിക്കുന്നു. ഈ സൗജന്യ ടൂൾ MacOS, Windows, Linux എന്നിവയിൽ പ്രവർത്തിക്കുന്നു. ഉപയോക്താക്കൾക്ക് ഇത് GitHub-ൽ കണ്ടെത്താം.

പെഗാസസ് പോലുള്ള സ്പൈവെയർ കണ്ടെത്താനും ഒഴിവാക്കാനും വളരെ ബുദ്ധിമുട്ടാണെന്ന് വിദഗ്ധർ വെളിപ്പെടുത്തുന്നു. എന്നാൽ ഹാക്കർമാർ ഈ സ്പൈവെയറിനെ തങ്ങളുടെ ചാരപ്പണിക്കായി ഉപയോഗിക്കുന്നത് പ്രയാസമുള്ളതാക്കിമാറ്റാനുള്ള നടപടകൾ നമുക്ക് സ്വീകരിക്കാൻ കഴിയും. സ്പൈവെയറിൽ നിന്ന് തങ്ങളുടെ ഐഒഎസ് ഡിവൈസിനെ സംരക്ഷിക്കാൻ കാസ്പെർസ്കിയിലെ വിദഗ്ധർ ചില ടിപ്സുകൾ നിർദ്ദേശിക്കുന്നു. അവ പരിചയപ്പെടാം.
ദിവസവും റീസ്റ്റാർട്ട് ചെയ്യുക: ചില ഗവേഷണങ്ങൾ പറയുന്നത്, ഡിവൈസിൽ നിലനിൽക്കാത്ത സീറോ-ക്ലിക്ക് ആക്രമണങ്ങളാണ് പെഗാസസ് ഉപയോഗിക്കുന്നത് എന്നാണ്. എല്ലാ ദിവസവും റീസ്റ്റാർട്ട് ചെയ്യുന്നത് സ്പൈവെയർ നീക്കം ചെയ്യാനും ആക്രമണകാരികളെ വീണ്ടും ശ്രമിക്കാൻ പ്രേരിപ്പിക്കാനും കഴിയും. ലോക്ക്ഡൗൺ മോഡ് ഉപയോഗിക്കുക: ആപ്പിളിന്റെ ലോക്ക്ഡൗൺ മോഡ് ഐഒഎസ് മാൽവെയറുകളെ തടയുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

ഐമെസേജ്, ഫെയ്സ്ടൈം എന്നിവ ഓഫാക്കുക: ഐമെസേജ്, ഫെയ്സ്ടൈം എന്നിവ ഹാക്കർമാർക്ക് സീറോ-ക്ലിക്ക് ആക്രമണങ്ങൾ അയയ്ക്കാൻ ഉപയോഗിക്കാം. അവ ഓഫ് ചെയ്യുന്നത് സ്പൈവെയർ എത്താനുള്ള സാധ്യത കുറയ്ക്കും. അപ്‌ഡേറ്റ് ചെയ്യുക: എല്ലായ്‌പ്പോഴും ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റുകൾ ഉറപ്പാക്കുക. കാരണം വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യുന്നത് പഴയ സ്‌പൈവെയർ ഉപയോഗിക്കുന്ന ചില ഹാക്കർമാരിനിന്ന് ഉപയോക്താക്കളെ സംരക്ഷിക്കും.
അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക: ചില ഹാക്കർമാർ പെഗാസസ് ആക്രമണത്തിനായി എസ്എംഎസ്, ഇമെയിൽ അല്ലെങ്കിൽ മറ്റ് ആപ്പുകൾ വഴി 1-ക്ലിക്ക് അറ്റാക്കുകൾ നടത്തിയേക്കാം. അതിനാൽ മെസേജുകളിലെയും മറ്റും ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ബാക്കപ്പുകൾ പരിശോധിക്കുക: ഐഒഎസ് മാൽവെയറിന്റെ സൂചനകൾ ലഭിക്കുന്നതിനായി ബാക്കപ്പുകളും Sysdiagnose ഫയലുകളും സ്കാൻ ചെയ്യുന്നതിനായി MVT-യും, Kaspersky ടൂളുകളും ഉപയോഗിക്കാം.


Click it and Unblock the Notifications








