ആമസോണിൽ 'ഫാർമസി' തുറന്നു: ഇനി മരുന്ന് വീട്ടിലെത്തും; ഓൺലൈനിൽ എങ്ങനെ ഓഡർ ചെയ്യണമെന്ന് ഇതാ
എല്ലാം ഇപ്പോൾ വിരൽ തുമ്പിൽ ലഭിക്കുന്ന കാലമാണ്. ഏത് കാര്യത്തെ കുറിച്ചും അറിയണമെങ്കിൽ ഏതെങ്കിലും ഓൺലൈൻ സൈറ്റിൽ നിന്ന് ലഭിക്കും. സാധനം വാങ്ങാനും വിൽക്കാനും അന്വേഷിക്കാനും എന്തിനും ഇപ്പോൾ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലേക്ക് മാറിയിട്ടുണ്ട്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും എന്തിനേറെ പച്ചക്കറികൾ വരെ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വിൽപ്പനക്കുണ്ട്. നിലവിൽ മരുന്നുകളും ഓൺലൈനായി വാങ്ങാൻ കഴിയും. ലോകത്തെ എറ്റവും മികച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ഒന്നായ ആമസോണിലും ഈ സേവനം ഇനി മുതൽലഭ്യമാകും. ഇന്ത്യയിൽ എവിടേക്ക് വേണമെങ്കിലും ആമസോണിൽ നിന്ന് മരുന്നുകൾ വാങ്ങാമെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫിസ് സേവനമുള്ള എവിടെയും തങ്ങളുടെ ഓൺലൈൻ മരുന്ന് ഡെലിവറി സംവിധാനമായ 'ഫാർമസി' വഴി മരുന്നുകൾ എത്തിച്ചു നൽകുമെന്നാണ് ആമസോണിന്റെ വാഗ്ദാനം.
2020ൽ ബെംഗളൂരുവിൽ ഒരു പൈലറ്റ് പദ്ധതിയായ ആരംഭിച്ച 'ഫാർമസി' അഞ്ച് വർഷം പിന്നിടുമ്പോൾ രാജ്യവ്യാപകമായി എല്ലാ പിൻ കോഡുകളും ഉൾക്കൊള്ളിച്ച് വിപുലീകരിച്ചിട്ടുണ്ട്. നിലവിലുള്ള ആമസോൺ ആപ്പിൽ പ്രത്യേക വിഭാഗമായാണ് 'ഫാർമസി' ലഭ്യമാകുന്നത്. മറ്റ് ഉൽപന്നങ്ങൾ വാങ്ങുന്നതുപോലെ തന്നെ ആമസോണിൽ മരുന്നുകളും വാങ്ങാൻ കഴിയും.

Practo, NetMeds, Flipkart Health+, PharmEasy, Tata 1mg, and Apollo 247 തുടങ്ങിയ കമ്പനികളാണ് നിലവിൽ ഓൺലൈനായി മരുന്ന് വ്യാപാരം നടത്തുന്നത്. ആമസോണിന്റെ പുതിയ കാൽവെപ്പ് ഇവർക്കെല്ലാം ഭീഷണിയാകാൻ സാധ്യതയുണ്ട്. മരുന്നുകൾക്ക് മാത്രമല്ല മെഡിക്കൽ ഉപകരണങ്ങളും ആമസോൺ ഫാർമസിയൂടെ ഉപയോക്താക്കൾക്ക് വാങ്ങാം.
ആമസോൺ ഫാർമസിയിലൂടെ എങ്ങനെ മരുന്നുകൾ വാങ്ങാമെന്ന് നോക്കിയാലോ. സാധാരണ ഉപയോഗിക്കുന്ന ആപ്പും അതേ വെബ്‌സൈറ്റും തന്നെയാണ് ഫാർമസിക്കായി സജ്ജീകരിച്ചിട്ടുള്ളത്. മറ്റൊരു ആപ്പും വെബ്‌സൈറ്റും ഇതിനായി തയ്യാറാക്കിയിട്ടില്ല. ആമസോണിന്റെ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ഉപയോക്താക്കൾക്ക് കുറിപ്പടി, ഓവർ-ദി-കൌണ്ടർ (OTC) മരുന്നുകൾ, സപ്ലിമെന്റുകൾ, ആരോഗ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഓർഡർ ചെയ്യാൻ കഴിയും.

ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള മരുന്നുകൾക്ക് രജിസ്റ്റർ ചെയ്ത മെഡിക്കൽ ഡോക്ടറിൽ നിന്നുള്ള കുറിപ്പടി അപ്ലോഡ് ചെയ്യേണ്ടി വരും. കുറിപ്പടി ഇല്ലെങ്കിൽ ഓൺലൈനായി ഡോക്ടറുമായി സംസാരിക്കാനുമുള്ള സംവിധാനവും ഫാർമസിയിലുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാൽ മരുന്നുകൾ ലഭിക്കും. ഓൺലൈൻ പർച്ചേയ്‌സിങ് ഇഷ്ടപ്പെടുന്നവർക്ക് ഈ സേവനം കൂടുതൽ ഇപകാരപ്രദമാകും.
മറ്റ് വസ്തുക്കൾ ഓർഡർ ചെയ്യുന്നതുപേലെ തന്നെയാണ് ഫാർമസിയുടെ പ്രവർത്തനവും. അതിനാൽ തന്നെ നിലവിലെ ഉപയോക്താക്കൾക്ക് കാര്യമായ ആശയക്കുഴപ്പങ്ങളുണ്ടാവാൻ സാധ്യതയില്ല. ആമസോണിന്റെ വിപുലമായ ലോജിസ്റ്റിക്‌സ് ശൃംഖലയുടെ സഹായത്തോടെയാണ് ഈ സേവനം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ വേഗതയേറിയതും വിശ്വസനീയവുമായ ഡെലിവറി ഉപയോക്താക്കൾക്ക് ലഭിക്കും.

23 മെട്രോ നഗരങ്ങളിലും ഒരേ ദിവസം ഡെലിവെറി ലഭ്യമാണെന്ന് ആമസോൺ അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ വിദൂര സ്ഥലങ്ങളിലേക്കും ഡെലിവെറി ചെയ്യാൻ ആമസോണിന് സാധിക്കും. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയർ, ഹാവ്ലോക്ക്, ലഡാക്കിലെ ലേ, തമിഴ്നാട്ടിലെ കന്യാകുമാരി, അരുണാചൽ പ്രദേശിലെ റോയിംഗ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇപ്പോൾ ഫാർമസി സേവനം എത്തിക്കുന്നുണ്ടെന്ന് ആമസോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രൈം അംഗങ്ങൾക്ക് 149 രൂപയോ അതിന് മുകളിലുള്ള തുകക്കോ ഓർഡർ ചെയ്താൽ ഫ്രീ ഡെലിവറിയാണ് കമ്പനിയുടെ വാഗ്ദാനം. കൂടാതെ ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി നടത്തുന്ന ഇടപാടുകൾക്ക് 5 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. പ്രൈം അംഗങ്ങളല്ലാത്തവർക്ക് 299 രൂപയോ അതിന് മുകളിലുള്ള തുകക്കോ ഓർഡർ ചെയ്താൽ ഫ്രീ ഡെലിവറി ലഭിക്കും. അതിന് താഴെയുള്ള ഡെലിവറിക്ക് 60 രൂപ ഈടാക്കും. കൂടാതെ ക്യാഷ്ബാക്ക് ഓഫറുകളും നൽകുന്നുണ്ട്.


Click it and Unblock the Notifications








