ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ചിലപ്പോൾ ഒന്നിൽ കൂടുതൽ ഫോണുകളും ഉപയോഗിക്കാറുണ്ട്. നിങ്ങൾ ഇടയ്ക്കിടെ ഫോൺ മാറ്റുന്നവർ ആണോ? അല്ലെങ്കിൽ നിങ്ങൾ ഈ ഇടയ്ക്ക് എപ്പോഴെങ്കിലും പഴയ ഫോൺ മടുത്തിട്ട് പുതിയ ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്തോ? എങ്കിൽ ഈ ലേഖനം നിങ്ങൾക്ക് ഉള്ളതാണ്.
ഒരു പുതിയ സ്മാർട്ട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ നിങ്ങളുടെ പഴയ ഫോണിന് എന്ത് സംഭവിച്ചു? പഴയ ഗാഡ്ജറ്റുകളും കേബിൾ വയറുകളും എല്ലാം സൂക്ഷിച്ചിരിക്കുന്ന ഒരു ഡ്രോയർ മിക്കവരുടെയും വീട്ടിൽ കാണാം. നമ്മളിൽ ഭൂരിഭാഗവും പഴയ ഫോണുകളേ അത്തരം ഡ്രോയറുകളുടെ അകത്ത് വെച്ച് പൂട്ടുകയാണ് പതിവ്. ചിലർ അവരുടെ ഫോണിനെ അത്രയേറെ സ്നേഹിച്ചത് കൊണ്ട് അത് സൂക്ഷിച്ച് വെക്കാറുമുണ്ട്. എന്നാൽ ചിലർ അപ്ഡേറ്റഡ് അല്ലാത്ത പഴയ ഫോണിനെ പുച്ഛ ഭാവത്തോടെ തള്ളിക്കളയാറുണ്ട്.

പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം, സ്ഥല നഷ്ടത്തിന്റെ പേരിൽ പഴയ ഫോണുകൾ ഉപയോഗശൂന്യമായതിനാൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. ഈ ഉപേക്ഷിക്കപ്പെട്ട ഫോണുകൾ പിന്നീട് ഇലക്ട്രോണിക് മാലിന്യമായി മാറുന്നു. അത് നമ്മുടെ ഗ്രഹത്തിന് ഹാനികരമാണ് എന്ന കാര്യം മറക്കാതിരിക്കുക. ഈ ഫോണുകൾ കുറച്ച് വർഷങ്ങൾ പഴക്കമുണ്ടെങ്കിലും സജീവമായ സെൽ സേവനവുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും, മനുഷ്യരാശി ഇതുവരെ സൃഷ്ടിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രദ്ധേയമായ കമ്പ്യൂട്ടിംഗ് മെഷീനുകളിൽ ഒന്നാണിത് എന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം.
അതിനാൽ, നിങ്ങളുടെ പഴയ ഫോണുകൾ കുറച്ച് നല്ല ഉപയോഗത്തിനായി അല്ലെങ്കിൽ ശരിയായ രീതിയിൽ അവ വിനിയോഗിക്കേണ്ടത് എങ്ങനെ എന്ന് അറിഞ്ഞിരിക്കുന്നത് നിങ്ങൾക്കും അതിലുപരി നാടിനും ഗുണം ചെയ്യും. ഒരു ചെറിയ ക്രിയേറ്റിവിറ്റി ഉപയോഗിച്ചാൽ നിങ്ങളുടെ പഴയ ആൻഡ്രോയിഡ് ഫോണിന് രണ്ടാമത് ജീവൻ നൽകാൻ കഴിയും. അതിനുള്ള വഴികൾ വഴികൾ ഇതാ..

കാർ ക്യാമറ: നിങ്ങളുടെ പഴയ ഫോണിൽ വർക്കിങ് കണ്ടീഷനിലുള്ള ക്യാമറയുണ്ടെങ്കിൽ, അത് ഡാഷ് ക്യാമറയാക്കി മാറ്റാം. അതിനായി, Play സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഏതെങ്കിലും ഡാഷ് ക്യാമറ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ കാറിൽ പഴയ ഫോൺ വെക്കാനായി ഒരു ഫോൺ ഹോൾഡർ സജ്ജീകരിക്കുക. റോഡപകടങ്ങളിലോ നിങ്ങൾക്ക് വീഡിയോ റെക്കോർഡിംഗ് ആവശ്യമായി വന്നേക്കാവുന്ന സാഹചര്യങ്ങളിലൊ ഇത് ഉപയോഗപ്രതമാകും.
സ്റ്റോറേജ് ഡിവൈസ്: നിങ്ങളുടെ പഴയ ഫോൺ ഉപയോഗപ്രതം ആക്കാനുള്ള മറ്റൊരു മികച്ച വഴിയാണ് അത് ഒരു സ്റ്റോറേജ് ഉപകരണമായി ഉപയോഗിക്കുക എന്നത്. നിങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ ഫയലുകളോ മറ്റേതെങ്കിലും ഡാറ്റയോ നിങ്ങളുടെ പഴയ ഫോണിലേക്ക് മാറ്റി പോർട്ടബിൾ ഡ്രൈവായി ഉപയോഗിക്കുക. ഇത് നിങ്ങളുടെ പുതിയ ഫോണിന്റെ ബാറ്ററി നിലനിർത്താനും സ്പേസ് കുറയ്ക്കാനും സഹായകരമാകും.
റീസൈക്കിൾ : നിങ്ങളുടെ പഴയ ഫോൺ പ്രവർത്തനക്ഷമമല്ലെങ്കിൽ അഥവാ ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ചവറ്റുകുട്ടയിൽ എറിയുന്നതിനുപകരം Cashify.in, Recycledevice.com, Namoewaste.com പോലുള്ള ഓൺലൈൻ വെബ്‌സൈറ്റുകളിൽ റീസൈക്ലിംഗിനായി അയക്കുക. ഈ വെബ്‌സൈറ്റുകളെല്ലാം ഇന്ത്യയിലുടനീളം ഇ-മാലിന്യം ശേഖരിക്കുന്നതിന് ഡോർ ടു ഡോർ സേവനങ്ങൾ നൽകുന്നവയാണ്.

അതിലൂടെ നിങ്ങളുടെ പഴയ ഫോണുകൾ റീസൈക്ലിങ് പ്ലാൻ്റുകളിലേക്ക് കൊണ്ടുപോകുകയും ചില ഭാഗങ്ങൾ പുനരുപയോഗം ചെയ്യും വിധം മാറ്റുകയും എന്നാൽ ചില ഭാഗങ്ങൾ പരിസ്ഥിതി സൗഹൃദ രീതിയിൽ സുസ്ഥിരമായി സംസ്കരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പഴയ ഫോണുകളുടെ ഭാഗങ്ങൾ റീസൈക്ലിങ്ങിനായി അയച്ചതിന്റെ പ്രതിഫലവും നിങ്ങൾക്ക് ലഭിക്കും.
എക്സ്ചേഞ്ച്: Amazon, Flipkart, Tata Cliq അല്ലെങ്കിൽ മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ ഫോണുകൾ വാങ്ങുവാൻ സാധിക്കും. അതിനായി നിരവധി എക്‌സ്‌ചേഞ്ച് ഓഫറുകളും ഡീലുകളും ഉണ്ടാകാറുണ്ട്. അതുവഴി പുതിയ ഫോൺ വാങ്ങുമ്പോൾ കുറച്ച് പണം ലാഭിക്കാനും നിങ്ങളുടെ പഴയ ഫോൺ ആ രീതിയിൽ ഉപകാരപ്രദമാക്കുവാനും കഴിയും.
നാവിഗേഷൻ ഡിവൈസ്: നിങ്ങളുടെ കാറിലോ ബൈക്കിലോ ഉള്ള ഫോൺ ഹോൾഡറിൽ നിങ്ങളുടെ പഴയ ഫോൺ ഘടിപ്പിച്ച് ഡ്രൈവ് ചെയ്യുമ്പോൾ Google മാപ്‌സ് അല്ലെങ്കിൽ Apple Maps ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പുതിയ ഫോണിൻ്റെ ബാറ്ററി കുറയുന്നത് തടയുന്നതിനോടൊപ്പം, നിങ്ങളുടെ പഴയ ഫോൺ ഒരു നാവിഗേഷൻ ഉപകരണമായി ഉപയോഗിക്കാനും സഹായകരമാകുന്നു.
വിൽക്കുകയോ ഡൊണേറ്റ് ചെയ്യുകയോ ചെയ്യൂ: ഫോൺ ആവശ്യമുള്ള ആരേയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ, വർഷങ്ങളോളം ഉപയോഗമില്ലാതെ ഡ്രോയറിൽ സൂക്ഷിക്കുന്നതിന് പകരം നിങ്ങളുടെ പഴയ ഫോൺ അവർക്ക് ഡൊണേറ്റ് ചെയ്യാം. അതല്ലെങ്കിൽ ഓൺലൈൻ വെബ്‌സൈറ്റുകളിലോ ഓഫ്‌ലൈൻ മാർക്കറ്റുകളിലോ നിങ്ങളുടെ പഴയ ഫോൺ വിൽക്കാനും പണം സമ്പാദിക്കാനും അതുവഴി ഒരു പുതിയ ഗാഡ്‌ജെറ്റ് വാങ്ങാനും കഴിയും.
സെക്യൂരിറ്റി ക്യാമറ: നിങ്ങളുടെ പഴയ ആൻഡ്രോയിഡ് ഫോണിന്റെ ക്യാമറ നിങ്ങൾക്ക് സെക്യൂരിറ്റി ക്യാമറയായി ഉപയോഗിക്കാവുന്നതാണ്. വൈഫൈ കണക്ഷൻ മാത്രമാണ് ക്യാമറ കൂടാതെ ഇതിന് ആവശ്യമായുള്ളത്. വൈഫൈ കണക്ഷൻ ഇല്ലാതെ ഒരു സെക്യൂരിറ്റി ക്യാമറകളും വർക്ക് ചെയ്യില്ല. ഇത് പുതിയ സെക്യൂരിറ്റി ക്യാമറ വാങ്ങുന്ന പൈസ ലാഭിക്കുന്നു.
മിനി കമ്പ്യൂട്ടർ: നമ്മുടെ ജീവിതത്തിൻ്റെ ഭൂരിഭാഗവും കമ്പ്യൂട്ടറുകളിലാണ് നടക്കുന്നത്. സോഷ്യൽ നെറ്റ്‌വർക്കുകളും ഇമെയിലുകളും ആക്‌സസ്സ് ചെയ്യുന്നതിന് കമ്പ്യൂട്ടർ വേണമെന്ന് നിർബന്ധമില്ല. മൊബൈൽ ഉപകരണങ്ങൾ ഈ ആവശ്യങ്ങൾക്ക് മികച്ചതാണ്. പ്രധാനപ്പെട്ട ഫയലുകളും വിവരങ്ങളും ഒരു കമ്പ്യൂട്ടറിൽ സൂക്ഷിച്ചാൽ അവ എപ്പോഴും കൂടെ കൊണ്ട് നടക്കേണ്ടി വന്നേക്കാം. കമ്പ്യൂട്ടറിനെക്കാളും ചെറുതും ലൈറ്റ് വെയ്റ്റും ആയതിനാൽ ഫോണുമായി യാത്ര ചെയ്യുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല.
അലാറം ക്ലോക്ക്: നിങ്ങൾക്ക് അലാറം വെക്കാൻ പഴയ ഫോൺ ഉപകാരപ്രദമാണ്. നിങ്ങളുടെ ഫോൺ റീബൂട്ട് ചെയ്‌തിട്ടില്ലെങ്കിൽ നിങ്ങളുടെ അലാറം ഓഫാകില്ല. മറിച്ച് ഏതെങ്കിലും സാഹചര്യത്തിൽ റീബൂട്ട് ആയാൽ നിങ്ങൾ വൈകി ഉണരാനുള്ള സാധ്യത ഉണ്ട്. അലാറം ക്ലോക്കുകൾക്ക് ഈ പ്രശ്നം ഉണ്ടാകില്ല എന്നുണ്ടെങ്കിലും റീബൂട്ടിങ് ഒരു സ്ഥിരം പ്രശ്നമല്ലാത്തതിനാൽ അലാറം ക്ലോക്കിന് വേണ്ടി പൈസ മുടക്കണമെന്നില്ല.


Click it and Unblock the Notifications








