ബാങ്ക് ബാലൻസ് നോക്കാം വാട്സ്ആപ്പിൽ! SBI, HDFC, ICICI ബാങ്ക് അക്കൗണ്ട് ഉള്ളവർ ഈ നമ്പർ സേവ് ചെയ്യൂ
നിത്യജീവിതത്തിൽ നാം പലപ്പോഴും ബാങ്കിങ് ഇടപാടുകൾ നടത്തേണ്ടിവരാറുണ്ട്. ബാങ്കിൽപ്പോയി ക്യാഷ് പിൻവലിക്കുക, നിക്ഷേപിക്കുക എന്നതൊക്കെ ഇപ്പോഴും പലർക്കും പേടിയും മടുപ്പുമുള്ള കാര്യമാണ്. ടെക്നോളജി വളർന്നതോടെയും ഇന്റർനെറ്റ് സേവനങ്ങൾ വ്യാപകമാകുകയും ചെയ്തതോടെ ബാങ്കിങ് ഇടപാടുകളും ഏറെ എളുപ്പമായി. ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ ഇന്ന് വ്യാപകമാണ്. സൈബർ ക്രിമിനലുകൾ ഉയർത്തുന്ന ചില വെല്ലുവിളികളും വളർന്നു എന്നത് ഒരു നെഗറ്റീവായി ഉണ്ടെങ്കിലും ആളുകൾ ഓൺലൈൻ ബാങ്കിങ് രീതികളുമായി പൊതുവിൽ പൊരുത്തപ്പെട്ടുകഴിഞ്ഞു. ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ ഏത് സമയത്തും പേയ്മെന്റ് ഇടപാടുകൾ നടത്താം എന്നത് വളരെ വലിയ കാര്യമാണ്.
ഓൺലൈൻ ബാങ്കിങ്ങിനോട് അനുബന്ധമായി വിവിധ പേയ്മെന്റ് ആപ്പുകൾ അടിസ്ഥാനമാക്കിയുള്ള യുപിഐ ഇടപാടുകളും സജീവമാണ്. എന്ത് വാങ്ങുന്നതിനും ആളുകൾ ഇപ്പോൾ യുപിഐ പേയ്മെന്റ് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് പണം ചെലവഴിക്കാനുള്ള ആളുകളുടെ മടിയെ മാറ്റിയിരിക്കുന്നു എന്നും വിമർശനങ്ങളുണ്ട്. അതായത് പണം നൽകി ഇടപാടുകൾ നടത്തുമ്പോൾ കാണിക്കുന്ന ഒരു പിശുക്ക് യുപിഐ പേയ്മെന്റ് ഇടപാട് നടത്തുമ്പോൾ ഇല്ല.

പലരും പണം വാരിക്കോരി ചെലവഴിക്കുന്നു എന്നതാണ് യുപിഐ പേയ്മെന്റ് രീതിക്കെതിരേ പൊതുവിൽ ഉയർന്നിട്ടുള്ള ആക്ഷേപങ്ങളിൽ ഒന്ന്. എന്തായാലും എങ്ങനെ പേയ്മെന്റ് നടത്തിയാലും ബാങ്ക് അക്കൗണ്ടിൽ ബാലൻസ് എത്രയുണ്ട് എന്ന് അറിയാൻ എല്ലാവർക്കും താൽപ്പര്യമുണ്ട്. ബാലൻസ് പരിശോധിക്കാൻ നിരവധി മാർഗങ്ങൾ ഉപയോക്താക്കൾക്ക് മുന്നിലുണ്ട്. എങ്കിലും അവയിൽവച്ച് ഏറ്റവും എളുപ്പം വാട്സ്ആപ്പ് വഴിയുള്ള ബാലൻസ് ചെക്കിങ് ആണെന്ന് കരുതപ്പെടുന്നു.
വെറുമൊരു ചാറ്റിലൂടെ ബാലൻസ് അറിയാൻ സാധിക്കും എന്നത് ഒരു നേട്ടം തന്നെയാണ്. പ്രമുഖ ബാങ്കുകളെല്ലാം പ്രത്യേക വാട്സ്ആപ്പ് നമ്പർ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാന ബാങ്ക് ആയ എസ്ബിഐ, ഒട്ടേറെ ഉപയോക്താക്കളുമായി സജീവമായി പ്രവർത്തിക്കുന്ന എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നീ ബാങ്കുകളുടെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് വഴി ബാങ്ക് ബാലൻസ് അറിയാനുള്ള വഴി ഇവിടെ പരിചയപ്പെടാം.

എച്ച്ഡിഎഫ്സി വാട്സ്ആപ്പ് ബാങ്കിങ്
HDFC ബാങ്ക് ചാറ്റ് ബാങ്കിങ് എന്നാണ് എച്ച്ഡിഎഫ്സിയുടെ വാട്സ്ആപ്പ് ബാങ്കിങ് സേവനത്തിന് പേര് നൽകിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചാണ് എച്ച്ഡിഎഫ്സിയുടെ ഓൺലൈൻ ബാങ്കിങ്ങും ലഭ്യമാകുക. 70700 22222 എന്ന നമ്പർ നിങ്ങളുടെ കോൺടാക്റ്റിലേക്ക് സേവ് ചെയ്തശേഷം Hi എന്ന് മെസേജ് അയച്ച് ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ ആരംഭിക്കാം. 90-ൽ അധികം സേവനങ്ങൾ ഇരുപത്തിനാലു മണിക്കൂറും ഇതുവഴി ലഭ്യമാകും.
ഐസിഐസിഐ വാട്സ്ആപ്പ് ബാങ്കിങ്
അക്കൗണ്ടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ വഴിയാണ് ഐസിഐസിഐ വാട്സ്ആപ്പ് ബാങ്കിങ്ങും സാധ്യമാകുക. ആദ്യം 8640086400 എന്ന ഐസിഐസിഐ ബാങ്കിങ് നമ്പർ കോണ്ടാക്ട് ലിസ്റ്റിൽ ചേർക്കുക. തുടർന്ന് ഈ നമ്പറിലേക്ക് രജിസ്റ്റേഡ് നമ്പറിൽനിന്നും Hi എന്ന് മെസേജ് അയയ്ക്കുക. തുടർന്ന് ലഭ്യമാകുന്ന മെനുവിൽ നിന്ന് ആവശ്യമുള്ള സേവനം തെരഞ്ഞെടുക്കാം, സിംപിൾ!
എസ്ബിഐ വാട്സ്ആപ്പ് ബാങ്കിങ്
എസ്ബിഐ വാട്സ്ആപ്പുമായി ചേർന്ന് ബാങ്കിങ് സേവനങ്ങൾ നൽകുന്നുണ്ട്. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചാണ് എസ്ബിഐ ബാങ്കിങ് സൗകര്യം ഉപയോഗിക്കാൻ സാധിക്കുക. ഇതിനായി ആദ്യ ഘട്ടം എന്നനിലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽനിന്ന് 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത് ഒപ്പം അക്കൗണ്ട് നമ്പർ കൂടി ടൈപ്പ് ചെയ്ത് ഒരു എസ്എംഎസ് അയയ്ക്കുക.

ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ എസ്ബിഐയുടെ 90226 90226 എന്ന നമ്പറിൽ നിന്ന് നമ്മുടെ വാട്സ്ആപ്പിലേക്ക് ഒരു മെസേജ് ലഭിക്കും. ഈ നമ്പർ സേവ് ചെയ്യുക. തുടർന്ന് വാട്സ്ആപ്പ് ചാറ്റ് ഓപ്പൺ ചെയ്തശേഷം ഈ നമ്പറിലേക്ക് 'Hi' എന്ന് മെസേജ് അയയ്ക്കുക. അപ്പോൾ നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ അടങ്ങുന്ന ഒരു മറുപടി മെസേജ് ലഭിക്കും.
ഗെറ്റ് ബാലൻസ്, ഗെറ്റ് മിനിസ്റ്റേറ്റ്മെന്റ്, ഷോ മോർ ഓപ്ഷൻസ് എന്നീ ഓപ്ഷനുകൾ അടങ്ങുന്നതാണ് മെസേജ്. ഇതിൽ ആവശ്യമുള്ള സേവനം തെരഞ്ഞെടുക്കാൻ ആ ഓപ്ഷനിൽ തൊട്ടാൽ മാത്രം മതി. ബാലൻസ് അറിയാനും മിനി സ്റ്റേറ്റ്മെന്റ് നോക്കാനും വാട്സ്ആപ്പിലെ ഈ സേവനം നിരവധി പേർ ഉപയോഗപ്പെടുത്തുന്നു.


Click it and Unblock the Notifications








