വാട്‌സ്ആപ്പിലെ രഹസ്യ ചാറ്റുകൾ രഹസ്യമാക്കി വെക്കാം! അതിനൊക്കെ എത്ര ട്രിക്കുകളുണ്ട്, ഇതാ
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ മെസ്സേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്്. ലോകമെമ്പാടുമായി 2 ബില്യണിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പ് ആശയവിനിമയം, ബിസിനസ്സ്, സാമൂഹിക ഇടപെടലുകൾ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്ന പ്ലാറ്റ്‌ഫോം കൂടിയാണെന്നു പറയാം. സ്വകാര്യതാ ആശങ്കകൾ മുതൽ എഐ അധിഷ്ഠിത നവീകരണങ്ങൾ വരെയുള്ള കാരണങ്ങളാൽ വാട്‌സ്ആപ്പ് ടെക് ലോകത്ത് കൂടുതൽ ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ അനധികൃത ആക്സസ്സിൽ നിന്ന് നിങ്ങളുടെ സ്വകാര്യ ചാറ്റുകളും ഡാറ്റയും സംരക്ഷിക്കുന്നത് നിർണ്ണായകമാണ്. വാട്‌സ്ആപ്പ് നമ്മുടെ ദൈനംദിന സംഭാഷണങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് അതിനാൽ സ്വകാര്യതാ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വാട്ട്സ്ആപ്പ് സംഭാഷണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന വഴികൾ എന്തെല്ലാമാണെന്ന് നോക്കാം.
വാട്‌സ്ആപ്പിലെ എല്ലാ വ്യക്തിഗത സന്ദേശങ്ങളും സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഒന്നാണ് എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് സവിശേഷത. ഇതുപയോഗിച്ച് ചാറ്റ് ബാക്കപ്പുകൾ ഉപയോക്താവിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് എങ്ങനെ ക്രമീകരിക്കാം? ആദ്യം വാട്ട്സ്ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളുള്ള ബട്ടണിൽ ടാപ്പ് ചെയ്ത് സെറ്റിങ്‌സിലേക്ക് പോകുക. പിന്നീട് ചാറ്റുകൾ ടാപ്പുചെയ്യുക, തുടർന്ന് ചാറ്റ് ബാക്കപ്പിലേക്ക് പോകുക.

അടുത്തതായി എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പിലേക്ക് പോയി കണ്ടിന്യു ടാപ്പ് ചെയ്യുക. അതിനുശേഷം, ഒരു പാസ്സ്വേർഡ് അല്ലെങ്കിൽ ഒരു എൻക്രിപ്ഷൻ കീ നൽകുക. അവസാനമായി 'ഡൺ' ടാപ്പ് ചെയ്യുക'. ഇതോടെ ചാറ്റുകൾ സേഫ് ആകും. ചാറ്റുകളിലെ സന്ദേശങ്ങൾ നിശ്ചിത ദിവസങ്ങൾക്ക് ശേഷം നീക്കം ചെയ്യപ്പെടുന്ന സംവിധാനമാണ് ഡിസപ്പിയറിങ് മെസേജുകൾ.
24 മണിക്കൂർ, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെ സമയപരിധി നിശ്ചയിക്കാം. ചാറ്റുകളിൽ സന്ദേശങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാന നേട്ടം. സമയപരിധി അവസാനിക്കുന്നതോടെ സന്ദേശങ്ങൾ സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടും. ഡിസപ്പിയറിങ് മെസേജ് ഫീച്ചറിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന ഫീച്ചറാകും പുതിയതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

കെപ്റ്റ് മെസേജുകൾ സ്വമേധയാ ഡിലീറ്റ് ആകില്ലെന്നും ബുക്ക്മാർക്ക് ചെയ്ത് സേവ് ചെയ്ത് വെക്കാൻ സാധിക്കുമെന്നും റിപ്പോർട്ടുകൾ വിശദീകരിക്കുന്നു. ആൻഡ്രോയിഡ്, ഐഫോൺ യൂസർമാർക്ക്, പാസ്വേർഡ് ഉപയോഗിച്ച് ചാറ്റുകൾ സ്വകാര്യമായി സംരക്ഷിക്കാം. ഇതിനെ ചാറ്റ് ലോക്കെന്നു പറയുന്നു. ഗ്രൂപ്പ് ചാറ്റുകൾക്കും ഇത്തരത്തിൽ സൗകര്യമുണ്ട്. ഒരിക്കൽ ചാറ്റുകൾ ലോക്ക് ചെയ്താൽ, ഈ ചാറ്റുകൾ പ്രത്യേകം ലോക്ക് ചെയ്ത ഫോൾഡറിലേക്ക് മാറ്റും. മറ്റ് ചാറ്റുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇത്.
ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ പിന്നാലെ ആ അക്കൗണ്ടിനെ കുറിച്ചുള്ള നോട്ടിഫിക്കേഷൻ നമുക്ക് ലഭിക്കും. പക്ഷേ കോണ്ടാക്ടുകൾ ഹിഡനായിട്ടാണ് ഉണ്ടാവുക. നോട്ടിഫിക്കേഷനിൽ പുതിയ മെസേജ് വന്നിരിക്കുന്നുവെന്ന് കാണിക്കും.
യൂസർമാർ ചാറ്റ് ലോക്കിലെ സേവ് മീഡിയ എന്നുള്ള ഓപ്ഷൻ ഫോൺ ഗ്യാലറി ആക്കി മാറ്റാനും മറക്കരുത്. ഗ്രൂപ്പ് ചാറ്റുകളും, മ്യൂട്ടായിട്ടുള്ള ചാറ്റുകളും നമുക്ക് ലോക്ക് ചെയ്യാൻ സാധിക്കും.

ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ : അധിക സുരക്ഷയ്ക്കായി ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ സജ്ജമാക്കാം. ആറക്ക പിൻ നൽകി രജിസ്റ്റർ ചെയ്യാം. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താലും, വാട്ട്സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമായിരിക്കും. പ്രൈവസി കൺട്രോൾ : വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ്, അവസാനം കണ്ടത്, രസീതുകൾ, പ്രൊഫൈൽ ചിത്രം എന്നിവ ആർക്കൊക്കെ കാണാനാകുമെന്ന് നിയന്ത്രിക്കാൻ കഴിയും.


Click it and Unblock the Notifications








