"പോക്കറ്റിനുള്ളിലെ ബോംബുകൾ"; സ്മാർട്ട്ഫോൺ ഉപയോഗം സുരക്ഷിതമാക്കാനുള്ള ടിപ്സ് | Smartphone Tips
സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ വാർത്തകളിൽ മാത്രമാണ് ഒരു കാലത്ത് മലയാളികൾ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സമാനമായ അപകടങ്ങൾ കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോഴിക്കോട് പാന്റ്സിന്റെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റതാണ് ഏറ്റവും പുതിയ സംഭവം. നാളുകൾക്ക് മുമ്പ് തൃശൂരിൽ 8 വയസുകാരി ഫോൺ പൊട്ടിത്തെറിച്ചും മരിച്ചിരുന്നു.
നേരത്തെയും സമാനമായ അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്മാർട്ട്ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിക്കാനും തീ പിടിക്കാനുമൊക്കെ പലവിധ കാരണങ്ങളും ഉണ്ട്. ഏറ്റവും കോമൺ ആയ ഏതാനും കാരണങ്ങളും ലക്ഷണങ്ങളും ചെയ്തുകൂടാത്ത കാര്യങ്ങളുമാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് പലപ്പോഴും സ്മാർട്ട്ഫോൺ അപകടങ്ങൾക്ക് കാരണമാകുന്നത്. ബാറ്ററി ഡാമേജുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള Smartphone പൊട്ടിത്തെറികൾക്ക് പിന്നിലുള്ള ഏറ്റവും സാധാരണ കാരണങ്ങളിൽ ഒന്ന്.

ഫോണിന്റെ ബാറ്ററി വീർത്ത് വരുന്നതാണ് ബാറ്ററി ഡാമേജിന്റെ ആദ്യ ലക്ഷണം. ഇങ്ങനെ സംഭവിച്ചാൽ ഫോൺ പിന്നെ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചീർത്ത ബാറ്ററിയുള്ള ഫോൺ ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകും. ഡിവൈസിന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ ബാറ്ററി വീർക്കുന്നത് തുടക്കത്തിൽ തന്നെ മനസിലാക്കാനും നമുക്ക് കഴിയും. മുഴച്ച് നിൽക്കുന്ന സ്ക്രീൻ, നിരപ്പില്ലാത്ത ബാക്ക് പാനൽ എന്നിവയൊക്കെ ബാറ്ററി ഡാമേജിന്റെ സൂചനകളാണ്.
ഏതെങ്കിലും വിധത്തിൽ ഡാമേജായതോ പൊട്ടിയതോ ആയ സ്മാർട്ട്ഫോണുകൾ തുടർച്ചയായി ഉപയോഗിക്കുന്നതും അപകടത്തിലേക്ക് നയിക്കും. പൊട്ടിയ ഡിസ്പ്ലെയിലൂടെയും ഫ്രെയിമിലൂടെയും വെള്ളവും വിയർപ്പുമൊക്കെ ഡിവൈസിനുള്ളിലേക്ക് എത്തിപ്പെടുമെന്നതാണ് കാരണം. ഷോർട്ട് സർക്യൂട്ടും ഓവർഹീറ്റിങ്ങുമൊക്കെ സംഭവിക്കാനും സ്മാർട്ട്ഫോൺ പൊട്ടിത്തെറിക്കാനുമൊക്കെ ഇത്തരം ഡാമേജുകൾ വഴി വയ്ക്കുമെന്നും അറിഞ്ഞിരിക്കുക. ഡ്യൂപ്ലിക്കേറ്റ് ചാർജറുകൾ, ഏതെങ്കിലും ചാർജിങ് അഡാപ്റ്ററും കേബിളുകളും യൂസ് ചെയ്യുന്നത്, ഡാമേജ് ആയ കേബിളുകൾ ഉപയോഗിക്കുന്നത്, തേർഡ് പാർട്ടി ബാറ്ററികൾ, ഓവർ ചാർജിങ് എന്നിവയെല്ലാം അപകടം വരുത്തി വയ്ക്കും.
ചാർജ് ചെയ്യുന്നതിനിടെയുള്ള ഫോൺ ഉപയോഗം : ചാർജ് ചെയ്യുന്നതിനിടെ ഏതെങ്കിലും വിധത്തിൽ ഫോൺ ഉപയോഗിക്കുന്നത് മദർബോർഡിലെ പ്രഷർ കൂടാൻ കാരണമാകും. ഇത് ഫോണിന്റെ സർക്യൂട്ടും ഓവർ ഹീറ്റ് ചെയ്യുന്നു. ചാർജിങ് സമയത്ത് ഫോൺ മൊത്തത്തിൽ ചൂടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ. സർക്യൂട്ടിലെ ചൂട് കൂടുന്നതിനാലാണിത്. ഡിവൈസ് സർക്യൂട്ടിൽ തകരാറുകളുണ്ടെങ്കിൽ ഉയർന്ന ചൂട് ഷോർട്ട് സർക്യൂട്ടിലേക്കും ഫോണിലെ ലിഥിയം അയൺ ബാറ്ററി പൊട്ടിത്തെറിക്കുന്നതിലേക്കും വഴി വയ്ക്കും.
ഫോൺ രാത്രിയിൽ ചാർജിനിട്ട് ഉറങ്ങാൻ കിടക്കുന്നത് : 100 ശതമാനം ചാർജ് ആയിക്കഴിഞ്ഞാൽ ബാറ്ററിയിലേക്കുള്ള വൈദ്യുതിപ്രവാഹം തടയാനുള്ള സംവിധാനം ഇന്ന് പുറത്തിറങ്ങുന്ന മിക്കവാറും സ്മാർട്ട്ഫോണുകളിലുണ്ട്. എന്നാൽ അൽപ്പം പഴയ ഡിവൈസുകളിലെ ബാറ്ററി സെറ്റപ്പിൽ ഇതിനുള്ള സംവിധാനം ഇല്ല. ഫോൺ ചാർജായതിന് ശേഷം ബാറ്ററിയിലേക്ക് പ്രവഹിക്കുന്ന കരണ്ട് കൈകാര്യം ചെയ്യാൻ കഴിയാത്തത് ഷോർട്ട് സർക്യൂട്ടിനും ബാറ്ററി വീർക്കുന്നതിനുമൊക്കെ കാരണമാകും.
ഫാസ്റ്റ് ചാർജിങും ബാറ്ററി ചൂടാകുന്നതും : ബാറ്ററി ചാർജ് ചെയ്യുമ്പോൾ ഫോൺ അമിതമായി ചൂടാകുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ ചാർജിങ് നിർത്തുകയാണ് വേണ്ടത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കുകയോ മാറ്റി വയ്ക്കുകയോ വേണം. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണുകൾക്കൊപ്പം മാത്രം അത്തരം ചാർജറുകൾ ഉപയോഗപ്പെടുത്തുക. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇല്ലാത്ത ഫോണുകളിൽ ക്വിക്ക് ചാർജറുകൾ ഉപയോഗിക്കുമ്പോൾ ബാറ്ററിയ്ക്ക് താങ്ങാനാകുന്നതിലും കൂടുതൽ വോൾട്ടേജാകും ഫോണിലേക്ക് പെട്ടെന്ന് കയറുന്നത്.
ഫോൺ കേസും പാന്റ്സിന്റെ പോക്കറ്റിലിടുന്നതും : സ്മാർട്ട്ഫോണുകൾ തകരാറിലാകാതിരിക്കാൻ നാം ഉപയോഗിക്കുന്ന കേസുകൾ പോലും അപകടത്തിലേക്ക് വഴി തെളിച്ചേക്കാവുന്നവയാണ്. വിപണിയിൽ ലഭ്യമായ പല മൊബൈൽ കേസുകളും ഫോണിലെ ഹീറ്റ് പുറത്ത് കളയാനുള്ള ചെറിയ ഹോളുകൾ പോലും കവർ ചെയ്യുന്നുവെന്നതാണ് പ്രശ്നം. ഫോൺ ചാർജ് ചെയ്യുന്ന സമയത്ത് കേസ് ഫോണിന്റെ കേസ് ഊരി വയ്ക്കുന്നതും നല്ലതാണ്. ഇറുകിയ ജീൻസിന്റെ പോക്കറ്റിൽ ഫോൺ ഇടുന്നത് ബാറ്ററിയിൽ എൽക്കുന്ന പ്രഷർ കൂടാനും ഡിവൈസ് ഓവർഹീറ്റാകാനും കാരണമാകും.


Click it and Unblock the Notifications








