ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ! ബിഎസ്എൻഎല്ലിനൊപ്പം കൂടാം, നമ്പർ മാറാതെ പോർട്ട് ചെയ്യാനുള്ള വഴിയിതാ
ബിഎസ്എൻഎൽ ഇപ്പോൾ കേരളത്തിലും ഇന്ത്യയിലെമ്പാടും ടെലിക്കോം വരിക്കാരുടെ ഹീറോയായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ തങ്ങളുടെ നിലവിലെ കണക്ഷൻ ഉപേക്ഷിച്ച് ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഓരോ സംസ്ഥാനത്തും അതുവരെയുണ്ടായിരുന്ന കണക്കുകൾ തിരുത്തിക്കുറിച്ച്, വലിയ അളവിലാണ് ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്ക് പ്രകാരം അസം സർക്കിളിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 67,430 ഉപയോക്താക്കളാണ് ബിഎസ്എൻഎൽ കണക്ഷൻ സ്വന്തമാക്കിയത്. അസമിലെ ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ സംഖ്യയാണ്. അസമിൽ മാത്രമല്ല, രാജ്യമെങ്ങും ബിഎസ്എൻഎല്ലിലേക്ക് മാറാൻ ആളുകൾ ഇപ്പോൾ കൂടുതലായി മുന്നോട്ട് വരുന്നുണ്ട്.
ആന്ധ്രയിൽ വെറും 20 ദിവസത്തിനകം 1ലക്ഷം ടെലിക്കോം വരിക്കാരാണ് ബിഎസ്എൻഎൽ കണക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനയാണ് ബിഎസ്എൻഎല്ലിലേക്കുള്ള ആളുകളുടെ ഈ മാറ്റത്തിന്റെ പ്രധാന കാരണം. ജൂലൈയ്ക്ക് മുൻപ് വരെ ആളുകൾ ബിഎസ്എൻഎൽ സിം ഉപേക്ഷിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരുന്നത്. എന്നാൽ ജൂലൈ 3-4 തിയതികളിലായി സ്വകാര്യ കമ്പനികൾ നിരക്ക് വർധന നടപ്പാക്കിയതോടെ കഥമാറി.

നിരക്ക് വർധനയ്ക്ക് പിന്നാലെ ഏതാണ്ട് 25 ലക്ഷത്തിലധികം ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തിയിരുന്നു. ഇപ്പോഴിത് 30 ലക്ഷം കടന്നിരിക്കാനാണ് സാധ്യത. ട്രായിയുടെ ജൂലൈയിലെ പ്രതിമാസ കണക്ക് വരുമ്പോൾ മാത്രമേ കൃത്യമായ കണക്ക് അറിയാൻ കഴിയൂ. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് കൂടിയതോടെ കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാകുന്ന കമ്പനി എന്ന നിലയ്ക്കാണ് പലരും ബിഎസ്എൻഎല്ലിലേക്ക് എത്തുന്നത്.
ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളിൽ ബിഎസ്എൻഎൽ മാത്രമാണ് നിരക്ക് കൂട്ടാതിരുന്നത്. സ്വകാര്യ കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കും മുമ്പ് തന്നെ ബിഎസ്എൻഎൽ വളരെ കുറഞ്ഞ നിരക്കിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ നിരക്ക് വർധന നടപ്പായതോടെ പലരും മാറി ചിന്തിച്ച് തുടങ്ങുകയായിരുന്നു.
കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ കിട്ടുമോ എന്ന് അന്വേഷിച്ച് ഇറങ്ങിയവർ എത്തിയത് ബിഎസ്എൻഎല്ലിന്റെ അടുത്തേക്കായിരുന്നു. നിലവിൽ ബിഎസ്എൻഎൽ പലയിടങ്ങളിലും 4ജി സേവനങ്ങൾ എത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഇതും ബിഎസ്എൻഎല്ലിലേക്ക് ആളുകളെ അടുപ്പിക്കാൻ ഒരു കാരണമാകുന്നുണ്ട്. പലരും തങ്ങളുടെ സെക്കൻഡറി സിം ബിഎസ്എൻഎൽ ആക്കി മാറ്റുന്ന പ്രവണതയും ശക്തമാണ്.
ബിഎസ്എൻഎല്ലിന് വളരെ മുൻപ് മുതൽ തന്നെ ഒരുപാട് ഉപയോക്താക്കളുള്ള ടെലിക്കോം സർക്കിൾ ആണ് കേരളം. ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്ന നിരവധി ഉപയോക്താക്കൾ കേരളത്തിലുണ്ട്. കൂടാതെ അടുത്തിടെ വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശത്ത് ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കുന്നതിൽ നിർണായക സംഭാവന നൽകിയത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ആയിരുന്നു.
വയനാട്ടിൽ ദുരന്ത സമയത്ത് ബിഎസ്എൻഎൽ നടത്തിയ ഇടപെടലുകൾ ഏറെ പ്രശംസിക്കപ്പെട്ടു. ഇങ്ങനെ കേരളത്തിലും രാജ്യത്തെമ്പാടും ബിഎസ്എൻഎൽ സൽപ്പേരുമായി നിറഞ്ഞു നിൽക്കുന്ന ഒരു സമയമാണിത്. ഈ ഘട്ടത്തിൽ തങ്ങളുടെ നിലവിലുള്ള കണക്ഷൻ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് മാറാൻ ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ട്. ഇവർക്ക് തങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ മാറാതെ ബിഎസ്എൻഎൽ കണക്ഷൻ എങ്ങനെയെടുക്കാം എന്നതിവിടെ പരിചയപ്പെടാം.

സിം പോർട്ട് ചെയ്യും മുമ്പ് അറിയേണ്ട കാര്യങ്ങൾ: നിലവിലെ ഓപ്പറേറ്ററുടെ കീഴിൽ 90 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം, ബിൽ അടയ്ക്കാൻ ബാക്കിയുണ്ടാവരുത്, മൊബൈൽ നമ്പറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്, മൊബൈൽ നമ്പർ സബ് ജുഡീസ് ആയിരിക്കരുത് (ഏതെങ്കിലും കോടതി കേസുമായി ബന്ധപ്പെട്ടത്), സബ്‌സ്‌ക്രൈബർ കരാർ പ്രകാരം കരാർ ബാധ്യതകളൊന്നുമുണ്ടാവരുത്.
നിലവിലെ മൊബൈൽ നമ്പർ മാറാതെ ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യാനുള്ള വഴി: പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന നമ്പറിൽനിന്ന് യുണീക് പോർട്ടിങ് കോഡ് (UPC) ജനറേറ്റ് ചെയ്യണം. യുപിസി കോഡ് ലഭിക്കാൻ "Port 10-അക്ക മൊബൈൽ നമ്പർ" എന്ന ഫോർമാറ്റിൽ 1900-ലേക്ക് എസ്എംഎസ് അയയ്ക്കണം. ഉടൻ യുപിസിയും ആ നമ്പരിന്റെ വാലിഡിറ്റിയും അടങ്ങുന്ന മെസേജ് കിട്ടും.
എംഎൻപിക്കായി റിക്വിസ്റ്റ് ചെയ്ത തീയതി മുതൽ നിശ്ചിത (15) ദിവസത്തേക്ക് ഈ കോഡ് വാലിഡ് ആയിരിക്കും. തുടർന്ന് അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രത്തിലോ റീട്ടെയിലർ ഔട്ട്ലെറ്റിലോ അംഗീകൃത ഫ്രാഞ്ചൈസിയിലോ പോവുക. എംഎൻപി ആരംഭിക്കുന്നതിന് ഒരു കസ്റ്റമർ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കണം.

വിലാസവും ഐഡന്റിറ്റിയും തെളിയിക്കുന്ന രേഖകൾ കൈയിലുണ്ടാകണം. ഡിജിറ്റൽ KYC പൂർത്തിയായാൽ പുതിയ ബിഎസ്എൻഎൽ സിം കാർഡ് ലഭിക്കും. എംഎൻപി റിക്വസ്റ്റ് അംഗീകാരിച്ച ശേഷം പോർട്ടിങ് തീയതിയും സമയവും നിങ്ങളെ അറിയിക്കും. നിലവിലുള്ള നെറ്റ്‌വർക്ക് സേവനം കട്ട് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം ഫോണിൽ ഇടുക.
പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ 1800-180-1503 എന്ന ബിഎസ്എൻഎൽ ടോൾ ഫ്രീ നമ്പിൽ വിളിച്ച് സഹായം തേടാം. എംഎൻപിയ്ക്കായി ബിഎസ്എൻഎൽ യാതൊരു വിധത്തിലുള്ള പ്രോസസിങ് ഫീസും ഈടാക്കുന്നില്ല. നിങ്ങളുടെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി റിക്വസ്റ്റ് ലഭിച്ചു കഴിഞ്ഞാൽ സിം ആക്ടീവ് ആകുന്നതിന് 7 ദിവസത്തിൽ കൂടുതൽ സമയമെടുത്തേക്കും.


Click it and Unblock the Notifications








