പണി കിട്ടാൻ കാത്തിരിക്കേണ്ട, നമ്മുടെ പേരിൽ എത്ര സിം ഉണ്ടെന്ന് വെറും 3 സ്റ്റെപ്പിൽ കണ്ടുപിടിക്കാം!
സ്മാർട്ട്ഫോണുകളുടെ എണ്ണം ദിവസത്തിന് ദിവസം വർധിച്ചുവരികയാണ്. സ്മാർട്ട്ഫോണുകളുടെ എണ്ണം വർധിക്കുന്നത് പോലെ തന്നെ രജിസ്റ്റർ ചെയ്യപ്പെടുന്ന സിമ്മുകളുടെ എണ്ണവും വർധിക്കുന്നുണ്ട്. രണ്ടിൽ കൂടുതൽ സിം കാർഡുള്ള ഉപയോക്താക്കൾ ഏറെയാണ്. അറിഞ്ഞുകൊണ്ട് നാം വാങ്ങിയ സിം കാർഡുകൾ രണ്ടോ മൂന്നോ നാലോ അതിൽ കൂടുതലോ ഉണ്ടാകാം.
എന്നാൽ ഇത് കൂടാതെ നമ്മുടെ ഐഡി ഉപയോഗിച്ച് മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടെങ്കിലോ. അത് വൻ അപകടത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക. പല രീതിയിൽ ചോർത്തിയെടുക്കുന്ന ഡോക്യുമെന്റുകൾ ഉപയോഗിച്ച് വ്യാജ സിം കാർഡുകൾ നേടുകയും അതുപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ധാരാളം.

എന്നാൽ ഇത്തരം അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കാനും നമ്മുടെ ആധാർ കാർഡ് ഉപയോഗിച്ച് എത്ര സിം രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് അറിയാനും സാധിക്കുന്ന ഒരു നിഫ്റ്റി ടൂൾ ഇന്ത്യാ ഗവൺമെന്റിന്റെ സഞ്ചാർ സാഥി പോർട്ടലിൽ ഉണ്ട്. ഇതുപയോഗിച്ച് വളരെ എളുപ്പത്തിൽ നമ്മുടെ പേരിലുള്ള സിം വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും.
നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സിം കാർഡിന്റെ വിവരങ്ങൾ അറിയാനുള്ള വഴി: നമ്മുടെ ഐഡി ഉപയോഗിച്ച് എത്ര സിമ്മുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്താൻ, ഇഷ്ടമുള്ള ഇന്റർനെറ്റ് ബ്രൗസർ തുറന്ന് 'Tafcop portal' എന്ന് സെർച്ച് ചെയ്യുക. അവിടെ 'സഞ്ചാർ സാഥി' പോർട്ടലിലേക്കുള്ള ഓപ്ഷൻ കണ്ടെത്താൻ കഴിയും.
തുടർന്ന് ദൃശ്യമാകുന്ന പേജിൽ, നമ്മുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്‌ത് ഒരു ക്യാപ്‌ച നൽകാൻ ആവശ്യപ്പെടും. ഇത് നൽകി കഴിഞ്ഞാൽ 'വാലിഡേറ്റ് ക്യാപ്‌ച'യിൽ ക്ലിക്ക് ചെയ്യുക, അപ്പോൾ ഒരു ഒടിപി ലഭിക്കും. ഇത് OTP ഫീൽഡിൽ നൽകി 'ലോഗിൻ' ബട്ടണിൽ ടാപ്പ് ചെയ്യുക.
തുടർന്ന് ലഭ്യമാകുന്ന വെബ്‌പേജിൽ, നമ്മുടെ പേരിൽ ആക്ടീവായിരിക്കുന്ന മൊബൈൽ നമ്പറുകൾ കാണാൻ കഴിയും. സംശയാസ്പദമായി തോന്നുന്ന നമ്പർ ഇക്കൂട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ, ഇടതുവശത്തുള്ള ടിക്ക് ബോക്‌സിൽ ക്ലിക്കുചെയ്‌ത് അത് റിപ്പോർട്ടുചെയ്യാം, 'എന്റെ നമ്പർ അല്ല' ഓപ്‌ഷൻ തിരഞ്ഞെടുത്ത് ചുവടെയുള്ള 'റിപ്പോർട്ട്' ബട്ടണിൽ ക്ലിക്കുചെയ്ത് തുടരാം.
അതുവഴി ആ നമ്പർ നിങ്ങളുടേതല്ലെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ അറിയിക്കും. തുടർന്ന് ആ പ്രത്യേക നമ്പറിനുള്ള സേവനങ്ങൾ സർക്കാർ നിർത്തിയേക്കാം. നിങ്ങൾക്ക് ഇനി ഒരു പ്രത്യേക കണക്ഷൻ ആവശ്യമില്ലെങ്കിൽ, 'ആവശ്യമില്ല (Not required)' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കാം. നിങ്ങൾ ഉപയോഗിക്കുന്ന നമ്പർ ഉറപ്പിക്കാൻ 'ആവശ്യമുള്ളത്' (Required) എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് 'റിപ്പോർട്ട്' ബട്ടണിൽ അമർത്താം.

വ്യാജ സിം കാർഡുകൾ തടയാൻ സർക്കാർ ശക്തമായ നടപടികൾ കൈക്കൊണ്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി അടുത്തിടെ രാജ്യത്ത് സിം കാർഡ് വിൽപ്പനയ്ക്ക് ചില കർശന മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സിം കാർഡ് ഡീലർമാർക്കും സർക്കാർ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി.
സിം വിൽക്കുന്നതിനുള്ള രജിസ്ട്രേഷന് പൊലീസ് വെരിഫിക്കേഷൻ ഉറപ്പാക്കേണ്ടത് ടെലിക്കോം കമ്പനികളുടെ ഉത്തരവാദിത്തമാണ്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഡീലർമാർക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും. പുതിയ നിയമങ്ങൾ പ്രകാരം സിം കാർഡുകൾ ബൾക്ക് ഇഷ്യു ചെയ്യുന്നത് തടയും. ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് സിം കാർഡുകൾ ബൾക്കായി സ്വന്തമാക്കാൻ കഴിയൂ.

എങ്കിലും ഉപയോക്താക്കൾക്ക് പഴയതുപോലെ ഒരു ഐഡിയിൽ 9 സിം കാർഡുകൾ വരെ ലഭിക്കും. ഇതിന് പുറമേ, നിലവിലുള്ള നമ്പറുകൾക്കായി സിം കാർഡുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക്, ആധാർ സ്കാനിംഗും ഡെമോഗ്രാഫിക് ഡാറ്റ ശേഖരണവും നിർബന്ധമാക്കും. ഒരു സിം കാർഡ് ഡീആക്ടീവ് ചെയ്ത്, 90 ദിവസത്തെ കാലയളവിന് ശേഷം മാത്രമേ ആ നമ്പർ മറ്റൊരാൾക്ക് നൽകൂ.
രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സിം വാങ്ങുന്നതിനും വിൽക്കുന്നതിനും കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. വ്യാജ സിം കാർഡുകൾക്കെതിരായ നീക്കത്തിന്റെകൂടി ഭാഗമാണ് സഞ്ചാർ സാഥി പോർട്ടൽ. ഇത് ആരംഭിച്ചശേഷം വ്യാജരേഖകൾ ഉപയോഗിച്ച് സമ്പാദിച്ച 52 ലക്ഷം മൊബൈൽ നമ്പറുകൾ സർക്കാർ പരിശോധിച്ചതായി ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.


Click it and Unblock the Notifications








