രാത്രി ഉറങ്ങാൻ കഴിയുന്നില്ലേ? എങ്കിൽ ഇപ്പോൾത്തന്നെ ഫോണിൽ ഈ മാറ്റങ്ങൾ വരുത്തൂ!
നേരം വെളുക്കാൻ ഇനി ഒരു മൂന്ന് -നാല് മണിക്കൂർ കൂടിയേ ബാക്കിയുള്ളൂ എന്ന സത്യം മനസിലാക്കിയിട്ടും ഇൻസ്റ്റഗ്രാം റീൽസിൽനിന്നോ മറ്റ് വീഡിയോകളിൽനിന്നോ കണ്ണെടുക്കാനാകാതെ ഫോണും കൈയിൽപിടിച്ച് കിടക്കുന്നവർ ഏറെയുണ്ട്. ഒരു മിനിറ്റിൽ റീൽസുകളും മറ്റും നൽകുന്ന സന്തോഷം വീണ്ടും വീണ്ടും സ്ക്രോളിങ് തുടരാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
ഇതിനിടെ ഉള്ളിന്റെ ഉള്ളിൽ ഉറക്കത്തെപ്പറ്റി ചിന്തിക്കുന്നുണ്ട് എങ്കിലും ഇൻസ്റ്റഗ്രാം റീൽസ്, യൂട്യൂബ് വീഡിയോസ്, സാമൂഹികമാധ്യമങ്ങൾ തുടങ്ങി സ്മാർട്ട്ഫോണിലെ നിരവധി പ്രലോഭനങ്ങളിൽനിന്ന് പുറത്തുകടക്കാൻ പലർക്കും കഴിയാറില്ല. ചിലപ്പോൾ ഏറെനേരമുള്ള ഉപയോഗത്തിനു ശേഷം രാത്രി വൈകി എല്ലാ പ്രലോഭാനങ്ങളെയും അതിജീവിച്ച് ഫോൺ മാറ്റിവച്ച് ചിലർ ഉറങ്ങാൻ കിടക്കും.

എന്നാൽ ഇതിനിടയിൽ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വരുകയോ ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്യുകയോ ചെയ്താൽ വീണ്ടും ഫോൺ ഉപയോഗം തുടരാൻ നാം വല്ലാതെ പ്രലോഭിപ്പിക്കപ്പെടും. ഉറങ്ങണമെന്ന ആഗ്രഹത്തോടെ ഫോൺ മാറ്റി വച്ചശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്വയം നിയന്ത്രിക്കാൻ ആകാതെ വീണ്ടും കൈയിലെടുക്കുന്നവരും ഏറെയുണ്ട്.
രാത്രിയിലുള്ള ഈ അമിത ഫോൺ ഉപയോഗം ഉറക്കത്തിന് വൻ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉറക്കം. ശരിയായ ഉറക്കം ലഭിക്കാത്തത് നമ്മുടെ മാനസിക നിലപോലും തകരാറിലാക്കുകയും ആരോഗ്യത്തെ ഏറെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. മനുഷ്യന്റെ ആരോഗ്യവും ഉറക്കവുമായി അത്രയേറെ ബന്ധമുണ്ട്.
രാത്രിയിൽ ഉറക്കം കളഞ്ഞ് മൊബൈലിൽ അമിതമായി 'സന്തോഷം' കണ്ടെത്തുന്നവരെ ഭാവിയിൽ ദുഖദിനങ്ങളാണ് കാത്തിരിക്കുന്നത്. ഹൃദയം, ശ്വാസകോശം, മസ്തിഷ്കം എന്നിവയുടെ പ്രവർത്തനങ്ങൾ, രക്തചംക്രമണ വ്യവസ്ഥ, കോശങ്ങളുടെ വളർച്ച തുടങ്ങിയവയ്ക്കൊക്കെ നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറക്ക ദൈർഘ്യം അഥവാ ആവശ്യമായ ഉറക്കത്തിന്റെ അളവ് ഓരോ വ്യക്തിയിലും വ്യത്യസ്‌തമാണ്.
ആയുസിന്റെ മൂന്നിലൊരുഭാഗം മനുഷ്യർ ഉറക്കത്തിലായിരിക്കും. പ്രായം, ലിംഗം, ആരോഗ്യ നില എന്നിങ്ങനെ പല ഘടകങ്ങളെയും ആശ്രയിച്ച് അത് മാറുന്നു. എങ്കിലും മുതിർന്ന ഒരു ശരാശരി മനുഷ്യൻ രാത്രി 7 മണിക്കൂറോ അതിൽ കൂടുതലോ ഉറങ്ങുന്നത് ഉത്തമമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് വിലയിരുത്തൽ.

അതിനാൽ ഉറക്കം കളഞ്ഞ് രാത്രിവൈകിയും റീൽസ് ആസ്വദിച്ചും മറ്റും കിടക്കുന്നവർ ആരോഗ്യത്തെപ്പറ്റി ചിന്തിക്കേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു. രാത്രി ഉറങ്ങാൻ കഴിയാറില്ല എന്ന് പരാതി പറയുന്ന മൊബൈൽ ഉപയോക്താക്കൾ ഏറെയുണ്ട്. ഇത്തരം ആളുകൾക്ക് തങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ വരുത്തുന്ന ചില സെറ്റിങ്സ് മാറ്റത്തിലൂടെ ഉറങ്ങാൻ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ സാധിക്കും.
ഉറക്കത്തിന്റെ പ്രാധാന്യത്തെപ്പറ്റി സ്വയം ബോധവാനാകുകയാണ് ആദ്യം വേണ്ടത്. അമിത മൊബൈൽ ഉപയോഗത്തിൽനിന്ന് പിന്തിരിയാൻ ചില നിയന്ത്രണങ്ങൾ സ്വയം കൊണ്ടുവരിക. ഉറങ്ങുന്നതിന് നിശ്ചിത സമയം ക്രമീകരിക്കുക. രാത്രിയിൽ സുഖമായി ഉറങ്ങുന്നതിനുള്ള സാഹചര്യമൊരുക്കാൻ മൊബൈൽ ഫോണിൽ വരുത്തേണ്ട ചില മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
നൈറ്റ് ലൈറ്റ്/റീഡിംഗ് മോഡ് ഓണാക്കുക: സുഖകരമായ ഉറക്കത്തിന് മെലറ്റോണിൻ എന്ന ഹോർമോൺ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇരുട്ടിനോടുള്ള പ്രതികരണമായി തലച്ചോറിലെ പീനൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഉറക്ക ഹോർമോണാണ് മെലറ്റോണിൻ എന്ന് പറയാം. ഇത് രക്തപ്രവാഹത്തിൽ വ്യാപിക്കുകയും മസ്തിഷ്ക റിസപ്റ്ററുകളുമായി ഇടപഴകുകയും നാഡികളുടെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യുന്നു.
എന്നാൽ മൊബൈൽ സ്ക്രീനിൽനിന്നുള്ള നീല വെളിച്ചം മെലറ്റോണിനെ തടയുന്നു. രാത്രിയിൽ ഉറക്കം കുറയാൻ കാരണം മെലറ്റോണിന്റെ അഭാവമാണ്. ഈ പ്രശ്നം പരിഹരിക്കാൻ നമ്മുടെ ഫോണിലുള്ള നൈറ്റ് ലൈറ്റ് ഫീച്ചർ സഹായിക്കും. ആൻഡ്രോയിഡ് 7.1 ൽ ആണ് നൈറ്റ് ലൈറ്റ് ഫീച്ചർ അവതരിപ്പിച്ചത്.
സ്ക്രീനിന് മികച്ച തെളിച്ചം നൽകാൻ ഡിസ്പ്ലേ പുറപ്പെടുവിക്കുന്ന നീല വെളിച്ചത്തിന്റെ അളവ് കുറയ്ക്കാൻ നൈറ്റ് ലൈറ്റ് ഫീച്ചർ സഹായിക്കുന്നു. ഇത് വേഗം ഉറങ്ങാൻ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. ഫോണിലെ സെറ്റിങ്സിൽ- ഡിസ്പ്ലേ ആൻഡ് ബ്രൈറ്റ്നസ്- നൈറ്റ് ലൈറ്റ്/റീഡിംഗ് മോഡ് തെരഞ്ഞെടുത്ത് ഈ ഫീച്ചർ ഓൺ ആക്കാം.

സ്ക്രീൻ കളർ സെറ്റ് ചെയ്യുക: നൈറ്റ് ലൈറ്റ് മോഡിൽ ഫോൺ ഉപയോഗിക്കാൻ നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ ഫോണിന്റെ ഡിസ്പ്ലേ നിറം കുറച്ചുകൊണ്ടും ഉറക്കത്തിന് അനുകൂല സാഹചര്യമൊരുക്കാം. അതിനായി സെറ്റിങ്സ് > ഡിസ്പ്ലേ > കളർ സ്കീം എന്ന ഓപ്ഷനിലെ കളർ warm ആയി ക്രമീകരിക്കുക. സ്ക്രീൻ കളർ warm ആക്കുന്നതിനുള്ള ഓപ്ഷൻ ഫോണുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
യൂട്യൂബിന്റെ ബെഡ്‌ടൈം റിമൈൻഡർ ഓണാക്കുക: ഉറക്കംകളഞ്ഞ് നിങ്ങൾ ഫോൺ ഉപയോഗിക്കാൻ കാരണം യൂട്യൂബ് ആണെങ്കിൽ, അതിനുള്ള പ്രതിവിധിയും അവിടെത്തന്നെയുണ്ട്. യൂട്യൂബിന്റെ ബെഡ്‌ടൈം റിമൈൻഡർ എന്നാണിതിന് പേര്. വീഡിയോകൾ കാണുന്നത് നിർത്തി ഉറങ്ങാൻ പോകാനുള്ള അറിയിപ്പ് നൽകാൻ യൂട്യൂബിന്റെ ബെഡ്‌ടൈം റിമൈൻഡർ സഹായിക്കും.
ഉറങ്ങാനുള്ള സമയം നമുക്കിവിടെ മുൻകൂട്ടി ക്രമീകരിക്കാം. അതിനായി യൂട്യൂബ് ആപ്പിന്റെ മുകളിൽ വലത് വശത്തുള്ള പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് സെറ്റിങ്സിൽ ജനറൽ ഓപ്ഷൻ തെരഞ്ഞെടുക്കുക. അവിടെ റിമൈൻഡ് മീ വെൻ ഇറ്റ്സ് ബെഡ്‌ടൈം (ഉറങ്ങാൻ സമയമായെന്ന് എന്നെ ഓർമിപ്പിക്കുക) എന്ന ഓപ്ഷൻ ഓൺ ആക്കി സമയം സജ്ജീകരിക്കാം.
ബെഡ്‌ടൈം മോഡ് ഓണാക്കുക: അമിത ഫോൺ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച സംവിധാനമാണ് 'ഡിജിറ്റൽ ആരോഗ്യം(Digital Wellbeing) എന്നത്. നിരവധി ഫീച്ചറുകളുള്ള ഇതിൽ ഉറക്കമില്ലായ്മയെ മറികടക്കാൻ ബെഡ്‌ടൈം മോഡും നൽകിയിട്ടുണ്ട്. ഇത് ഓൺ ആക്കുന്നതോടുകൂടി കോളുകളും അറിയിപ്പുകളും ഓട്ടോമാറ്റിക് ആയി സൈലന്റ് ആക്കപ്പെടും.
അതോടൊപ്പം കണ്ണിനെ ബാധിക്കുന്ന നിറങ്ങൾ തടയാൻ സ്‌ക്രീൻ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കുന്നു. ഫോണിൽ സെറ്റിങ്സ് > ഡിജിറ്റൽ ആരോഗ്യം > ബെഡ്‌ടൈം മോഡ് എന്നത് തെരഞ്ഞെടുത്ത് ഈ മോഡ് ഓൺ ആക്കാം. ഫോണിലെ ക്രമീകരണങ്ങൾ ഇത്തരത്തിൽ മാറ്റുന്നതിലൂടെ ഉറക്കത്തിന് അനുകൂല സാഹചര്യം ഒരുക്കാം. അതിലൂടെ അധികം വൈകാതെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടും.


Click it and Unblock the Notifications