ഫോൺ മോഷ്ടിക്കപ്പെട്ടാലും സിം നീക്കാനാകില്ല! സാധാരണ സിം ഇ-സിം ആക്കാനുള്ള വഴി ഇതാ
ടെക്നോളജി ഓരോ ദിവസവും വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്നു കാണുന്ന രീതിയായിരിക്കില്ല നാളെ. കാലത്തിനൊത്ത് മുന്നേറണമെങ്കിൽ നാം മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തയാറാകണം. ടെലിക്കോം രംഗത്തെ കാര്യമെടുത്താൽ ഏറെ നാളായി നാം കേൾക്കുന്നൊരു വാക്കാണ് ഇ- സിം ( E-SIM) എന്നത്. ഇപ്പോൾ ഇ-സിം ഉപയോഗിക്കുന്നവർ വളരെ കുറവാണ്.
ഇപ്പോൾ ഇ-സിം എന്ന് കേട്ടിട്ടുള്ളവരും ഉപയോഗിക്കുന്നവരും കുറവാണെങ്കിലും ഭാവിയിൽ സ്മാർട്ട്ഫോണുകൾ ഭരിക്കുക ഇ-സിമ്മുകളായിരിക്കും. ഐഫോൺ 14 സീരീസും മറ്റും ലോഞ്ച് ചെയ്തതു മുതലാണ് ഇ-സിം ആളുകളുടെ ശ്രദ്ധയിലേക്ക് കൂടുതലായി എത്തിത്തുടങ്ങിയത്. ഭാവിയിൽ സ്മാർട്ട്ഫോണുകൾ സാധാരണ സിം ഉപേക്ഷിച്ച് ഇ-സിം സൗകര്യത്തിലേക്ക് മാറും.

എന്താണ് ഇ-സിം: എംബഡഡ്-സബ്സ്‌ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ എന്നതാണ് ഇ-സിമ്മിന്റെ പൂർണരൂപം. ഇലക്ട്രോണിക്‌സിം അഥവാ ഇ-സിം, ഇതുവരെ നാം കണ്ട കാർഡ് രൂപത്തിലുള്ളവയല്ല, രൂപമേ ഇല്ലാത്തവയാണ്. ഫോണിലുള്ള ഒരു ചിപ് ആണ് സിമ്മിന്റെ ദൗത്യം നിർവഹിക്കുക. ഫിസിക്കൽ കാർഡുകളേക്കാൾ ഇ-സിമ്മുകൾ ആണ് കൂടുതൽ സുരക്ഷിതം എന്നാണ് ആപ്പിൾ പറയുന്നത്.
നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെട്ടാലും സ്മാർട്ട്‌ഫോണിൽ നിന്ന് ഇ-സിം കാർഡുകൾ നീക്കംചെയ്യാൻ ആർക്കും കഴിയില്ല എന്നതാണ് ഇ-സിമ്മിന്റെ പ്രത്യേകത. ഇ-സിം വ്യാപകമാകുന്നതോടെ വിദേശരാജ്യങ്ങളിലൂടെ ധാരാളം യാത്ര ചെയ്യുന്നവർ നിരന്തരം കണക്ഷനുകൾ സ്വാപ്പ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാകും എന്നതാണ് മറ്റൊരു നേട്ടം. അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ ഇ-സിം ആളുകൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ടെലികോം സേവന ദാതാക്കൾ ജിയോ, എയർടെൽ, വിഐ എന്നിവരാണ്. അതിനാൽത്തന്നെ ഇ- സിം യുഗത്തിലേക്ക് കടക്കുമ്പോൾ മാറ്റം വരേണ്ടതും ഇവരിൽ നിന്നാണ്. ഈ പ്രമുഖ കമ്പനികളുടെയെല്ലാം സിമ്മുകൾ ഇ-സിം ആക്കി മാറ്റാൻ ഇതിനോടകം സൗകര്യം തയാറായിട്ടുണ്ട്.
സാധാരണ സിമ്മിൽനിന്ന് ഇ-സിം കാർഡിലേക്ക് മാറുന്നത് ഏറെ സമയമെടുത്തുള്ള നടപടിക്രമങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് നമുക്ക് തോന്നുമെങ്കിലും അങ്ങനെയല്ല, സംഗതി വളരെ ഈസിയാണ്. ജിയോ, എയർടെൽ, വിഐ എന്നിവയുടെ സിമ്മുകൾ ഇത്തരത്തിൽ ഇ-സിം ആക്കി മാറ്റുന്നതിന്റെ നടപടിക്രമങ്ങൾ അറിഞ്ഞിരിക്കുന്നത് ഏറെ ഉപകാരപ്രദമാണ്. മാറുന്ന കാലത്തിനൊത്ത് ഇ-സിമ്മിലേക്ക് മുന്നേറാനുള്ള വഴികൾ ഇതാ:
ജിയോ: ജിയോ നമ്പരിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ ഐഡി ഉപയോഗിച്ച് വരിക്കാർക്ക് ഇ-സിം ഓപ്ഷനിലേക്ക് ഈസിയായി മാറാം. എന്നാൽ അതിനു മുമ്പ് നിങ്ങളുടെ ഐഫോണിന്റെ ഇഐഡി (EID)യും ഐഎംഇഐ (IMEI) നമ്പരും അറിഞ്ഞിരിക്കണം. സെറ്റിങ്സിൽ ജനറൽ എന്ന ഓപ്ഷനിൽ എബൗട്ട് എന്നതിൽ ക്ലിക്ക്ചെയ്യുമ്പോൾ നിങ്ങളുടെ 32 അക്ക ഇഐഡി നമ്പർ കാണാൻ സാധിക്കും.

ഇതേ മാർഗത്തിൽ 15 അക്ക ഐഎംഇഐ നമ്പരും ലഭ്യമാണ്. ഈ രണ്ടു നമ്പരുകളും അറിഞ്ഞശേഷം "GETESIM എന്ന ഫോർമാറ്റിൽ 199 ലേക്ക് മെസേജ് അയയ്ക്കുക. ഈ സമയം നിങ്ങളുടെ നമ്പരിലേക്കും മെയിൽ ഐഡിയിലേക്കും 19 അക്ക വിർച്വൽ ഇ-സിം നമ്പർ ലഭിക്കും.
തുടർന്ന് മറ്റൊരു മെസേജ് കൂടി അയയ്ക്കേണ്ടതുണ്ട്. അതിനായി "SIMCHG " എന്ന ഫോർമാറ്റിൽ 199 ലേക്ക് വീണ്ടും മെസേജ് അയയ്ക്കുക. അതിനു ശേഷം രണ്ടു മണിക്കൂർ കാത്തിരിക്കുക. നിങ്ങളുടെ സിം റിക്വസ്റ്റ് അംഗീകരിച്ചുകൊണ്ടുള്ള മെസേജ് അതിനുള്ളിൽ എത്തിയിരിക്കും.
എയർടെൽ: എസ്എംഎസ് അയച്ച് വളരെ ഈസിയായി എയർടെലിന്റെ സിം ഇ-സിം ആക്കാം. അതിനായി "eSIMregistered email ID"(ഇ-സിം സ്പേസ് നിങ്ങളുടെ രജിസ്റ്റേഡ് ഇ-മെയിൽ ഐഡി) എന്ന ഫോർമാറ്റിൽ 121 എന്ന നമ്പരിലേക്ക് മെസേജ് അയയ്ക്കുക. അപ്പോൾ അതേ നമ്പരിൽനിന്ന് നിങ്ങൾക്ക് ഒരു മെസേജ് ലഭിക്കും.
ഇ-സിമ്മിലേക്ക് മാറുന്നത് ഉറപ്പിക്കാനായി ആ മെസേജിന് ''1'' എന്ന് മറുപടി നൽകുക. മെസേജ് ലഭിച്ച് 60 സെക്കൻഡുകൾക്ക് ഉള്ളിൽ മറുപടി നൽകാൻ ശ്രദ്ധിക്കണം. ഇങ്ങനെ മെസേജ് അയയ്ക്കുമ്പോൾ നൽകുന്ന ഇ-മെയിൽ ഐഡി കറക്ട് ആയിരിക്കണം. അങ്ങനെ മെയിൽ ഐഡി കൃത്യമായി നൽകിയില്ലെങ്കിൽ വീണ്ടും ശ്രമിക്കാനുള്ള നിർദേശം നിങ്ങൾക്ക് എസ്എംഎസ് ആയി ലഭിക്കും.

കൺഫർമേഷൻ മെസേജ് ലഭിച്ചതിനു ശേഷം നിങ്ങൾക്ക് എയർടെൽ കസ്റ്റമർ കെയറിൽനിന്നും ഒരു കോൾ എത്തും. നിങ്ങൾ യഥാർഥ ഉടമയാണോ എന്ന് ഉറപ്പിക്കാനാണ് ഇത്. ഈ നടപടിക്കുശേഷം നിങ്ങളുടെ ഇ-മെയിൽ ഐഡിയിലേക്ക് ഒരു ക്യു ആർ കോഡ് ലഭിക്കും. നിങ്ങളുടെ ഫോണിന്റെ ഇ-സിം രജിസ്റ്റർ ചെയ്യാൻ ഈ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും.
ആപ്പിളിന്റെ ഐഫോൺ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ സെറ്റിങ്സ്/ മൊബൈൽ ഡാറ്റ/ ആഡ് ഡാറ്റ പ്ലാൻ/ സ്കാൻ ക്യുആർ കോഡ് എന്ന രീതിയിൽ മുന്നോട്ട് പോയി ഇ- സിം ആക്ടിവേറ്റ് ചെയ്യാം. ഈ സമയത്ത് നിങ്ങളുടെ സ്മാർട്ട്ഫോണിൽ വൈഫൈ കണക്ഷൻ ഉറപ്പാക്കാൻ ശ്രദ്ധിക്കണം.
വിഐ: വൊഡഫോൺ ഐഡിയ ഉപഭോക്താക്കൾക്കും മെസേജിലൂടെ ഇ-സിം സൗകര്യത്തിലേക്ക് മാറാൻ സാധിക്കും. അതിനായി രജിസ്റ്റേഡ് നമ്പരിൽനിന്ന് "SMS eSIMregistered email id" എന്ന ഫോർമാറ്റിൽ 199 ലേക്ക് മെസേജ് അയയ്ക്കുക. അപ്പോൾ നങ്ങളുടെ ആവശ്യം ഉറപ്പിക്കാനും സമ്മതം ആവശ്യപ്പെട്ടും ഒരു മെസേജ് ലഭിക്കും.
ഇത് കൺഫേം ചെയ്യുന്നതോടു കൂടി നിങ്ങളുടെ രജിസ്റ്റേഡ് മെയിൽ ഐഡിയിലേക്ക് ക്യുആർ കോഡ് എത്തും. നിങ്ങളുടെ ഫോണിന്റെ ഇ-സിം രജിസ്റ്റർ ചെയ്യാൻ ഈ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും. ആപ്പിൾ ഫോൺ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ സെറ്റിങ്സ്/മൊബൈൽ ഡാറ്റ/ആഡ് ഡാറ്റ പ്ലാൻ/സ്കാൻ ക്യുആർ കോഡ് എന്ന സ്റ്റെപ്പനുസരിച്ച് ഇ-സിം ആക്ടിവേറ്റ് ചെയ്യാം.


Click it and Unblock the Notifications








