നിങ്ങളുടെ പേരിൽ എത്ര സിം നിലവിലുണ്ട്, വ്യാജ സിം ആരെങ്കിലും എടുത്തിട്ടുണ്ടോ? പരിശോധിക്കേണ്ട വിധം ഇതാ
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇന്ന് അയാളുടെ ഡിജിറ്റൽ ഐഡന്റിറ്റികളിൽ ഒന്നാണ് സിം കാർഡുകൾ (Subscriber Identity Module). ഒരാളുടെ പേരിൽ ഒന്നിലധികം സിം കാർഡുകൾ ഉണ്ടാകുക സ്വാഭാവികമാണ്. നാം നമ്മുടെ സ്വന്തം ഐഡി ഉപയോഗിച്ച് എടുത്ത ഈ സിമ്മുകളുടെ കാര്യം മാത്രമേ നമുക്ക് അറിവുണ്ടാകൂ.
എന്നാൽ നമ്മുടെ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിച്ച് എടുക്കപ്പെടുകയും എന്നാൽ നാം ഉപയോഗിക്കാത്ത, നമുക്ക് അറിവുപോലുമില്ലാത്ത സിം കാർഡുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഡിജിറ്റൽ തട്ടിപ്പുകൾ പെരുകുന്ന ഇക്കാലത്ത് നമ്മുടെ ഐഡി കാർഡ്, ആധാർകാർഡ് ഉൾപ്പെടെയുള്ള ഡീറ്റെയിൽസ് സൈബർ ക്രിമിനലുകൾക്ക് അനായാസം കൈക്കലാക്കാൻ സാധിക്കും.

ഇങ്ങനെ പല വിധത്തിൽ സ്വന്തമാക്കുന്ന മറ്റുള്ളവരുടെ ഐഡി കാർഡുകൾ ഉപയോഗിച്ച് സിം കാർഡുകൾ എടുക്കുകയും അത് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. എന്നാൽ ഇതിന്റെയെല്ലാം പിന്നാലെ നടക്കേണ്ടിവരിക ഒന്നുമറിയാത്ത നാം ആയിരിക്കും. അതിനാൽത്തന്നെ നമ്മുടെ പേരിൽ വ്യാജ സിം കാർഡ് ആരും എടുത്തിട്ടില്ല എന്ന് പരിശോധിച്ച് ഉറപ്പാക്കുന്നത് നല്ലതാണ്.
നമ്മുടെ ആധാർ കാർഡ് ഉപയോഗിച്ച് എത്ര സിം രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് അറിയാൻ സാധിക്കുന്ന ഒരു നിഫ്റ്റി ടൂൾ ഇന്ത്യാ ഗവൺമെന്റിന്റെ സഞ്ചാർ സാഥി (Sanchar Saathi) പോർട്ടലിൽ ഉണ്ട്. ഇതുപയോഗിച്ച് വളരെ എളുപ്പത്തിൽ നമ്മുടെ പേരിലുള്ള സിം വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും.

നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സിം കാർഡിന്റെ വിവരങ്ങൾ അറിയാനുള്ള വഴി: ആധാർ നമ്പർ പോലുള്ള നമ്മുടെ ഐഡി വിവരങ്ങൾ ഉപയോഗിച്ച് എത്ര സിമ്മുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്താൻ, ഇഷ്ടമുള്ള ഇന്റർനെറ്റ് ബ്രൗസർ തുറന്ന് 'Tafcop portal' എന്ന് സെർച്ച് ചെയ്യുക. അവിടെ 'സഞ്ചാർ സാഥി' പോർട്ടലിലേക്കുള്ള ഓപ്ഷൻ കണ്ടെത്താൻ കഴിയും.
തുടർന്ന് ദൃശ്യമാകുന്ന സഞ്ചാർ സാഥി പേജിൽ, നമ്മുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്‌ത് ഒരു ക്യാപ്‌ച നൽകാൻ ആവശ്യപ്പെടും. ഇത് നൽകി കഴിഞ്ഞാൽ 'വാലിഡേറ്റ് ക്യാപ്‌ച'യിൽ ക്ലിക്ക് ചെയ്യുക, അപ്പോൾ ഒരു ഒടിപി ലഭിക്കും. ഇത് OTP ഫീൽഡിൽ നൽകി 'ലോഗിൻ' ബട്ടണിൽ ടാപ്പ് ചെയ്യുക.
പിന്നീട് ലഭ്യമാകുന്ന വെബ്‌പേജിൽ, നമ്മുടെ പേരിൽ ആക്ടീവായിരിക്കുന്ന മൊബൈൽ നമ്പറുകൾ കാണാൻ കഴിയും. സംശയാസ്പദമായി തോന്നുന്ന നമ്പർ ഇക്കൂട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ, ഇടതുവശത്തുള്ള ടിക്ക് ബോക്‌സിൽ ക്ലിക്കുചെയ്‌ത് അത് റിപ്പോർട്ടുചെയ്യാം, 'എന്റെ നമ്പർ അല്ല' ഓപ്‌ഷൻ തിരഞ്ഞെടുത്ത് ചുവടെയുള്ള 'റിപ്പോർട്ട്' ബട്ടണിൽ ക്ലിക്കുചെയ്ത് തുടരാം.
അതുവഴി ആ നമ്പർ നിങ്ങളുടേതല്ലെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ അറിയിക്കും. തുടർന്ന് ആ പ്രത്യേക നമ്പറിനുള്ള സേവനങ്ങൾ സർക്കാർ നിർത്തിയേക്കാം. നിങ്ങൾക്ക് ഇനി ഒരു പ്രത്യേക കണക്ഷൻ ആവശ്യമില്ലെങ്കിൽ, 'ആവശ്യമില്ല (Not required)' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കാം. നിങ്ങൾ ഉപയോഗിക്കുന്ന നമ്പർ ഉറപ്പിക്കാൻ 'ആവശ്യമുള്ളത്' (Required) എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് 'റിപ്പോർട്ട്' ബട്ടണിൽ അമർത്താം.
രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തി, സിം വാങ്ങുന്നതിനും വിൽക്കുന്നതിനും കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. വ്യാജ സിം കാർഡുകൾക്കെതിരായ സർക്കാർ നീക്കത്തിന്റെകൂടി ഭാഗമാണ് സഞ്ചാർ സാഥി പോർട്ടൽ. ഇത് ആരംഭിച്ചശേഷം വ്യാജരേഖകൾ ഉപയോഗിച്ച് സമ്പാദിച്ച 52 ലക്ഷം മൊബൈൽ നമ്പറുകൾ സർക്കാർ പരിശോധിച്ചതായി ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








