ഓഗസ്റ്റിൽ വാട്സ്ആപ്പ് ഇന്ത്യയിൽ മരവിപ്പിച്ചത് 74 ലക്ഷം അക്കൗണ്ടുകൾ; സുരക്ഷിതമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ 74 ലക്ഷത്തിലധികം അക്കൗണ്ടുകൾ മരവിപ്പിച്ചതായി വാട്സ്ആപ്പ്. റിപ്പോർട്ട് ചെയ്യപ്പെട്ട അക്കൗണ്ടുകൾക്കെതിരെ സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് ഈ അക്കൗണ്ട് മരവിപ്പിക്കൽ. 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈനുകളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) നിയമം അനുസരിച്ചായിരുന്നു ഈ നടപടി. പ്ലാറ്റ്ഫോം തന്നെയാണ് ഈ കണക്ക് വിവരങ്ങൾ പുറത്ത് വിട്ടത്.
ഓഗസ്റ്റ് 1 നും 31 നും ഇടയിൽ 7,420,748 ഇന്ത്യൻ അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചതായി ആണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ മെറ്റയുടെ അവനുവാദം കൂടാതെ വാട്സ്ആപ്പ് നേരിട്ട് നിരോധിച്ചത്. 3,506,905 ഇന്ത്യൻ അക്കൗണ്ടുകൾ ആണ്. ഇതിൽ ഭൂരിഭാഗം അക്കൗണ്ടുകളും വാട്സ്ആപ്പിന്റെ നിയമം ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്നവയായിരുന്നു. പുതിയ നടപടി വാട്സ്ആപ്പിന്റെ സുരക്ഷയും സമഗ്രതയും വർധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് ഉപഭോക്താക്കളുടെ പക്കൽ നിന്ന് വാട്സ്ആപ്പിന് ഈ മാസം 14,767 പരാതികളാണ് ലഭിച്ചത്. ഇതിൽ 17 അക്കൗണ്ടുകൾക്കെതിരെ പ്ലാറ്റ്ഫോം നടപടിയെടുത്തു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നത് എന്ന കാര്യവും വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമിൽ മറ്റുള്ളവർക്ക് ദോഷകരമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾക്കെതിരെയായിരിക്കും വാട്സ്ആപ്പ് നടപടി സ്വീകരിക്കുന്നത്. ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തുന്നതിന് വാട്സ്ആപ്പിൽ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്.
മൂന്ന് വിഭാഗങ്ങളിലായി പഠനം നടത്തിയാണ് ഇത്തരം സ്പാം അക്കൗണ്ടുകൾ വാട്സ്ആപ്പ് കണ്ടെത്തുന്നത്. രജിസ്ട്രേഷൻ, സന്ദേശമയയ്‌ക്കൽ, ഉപയോക്തൃ റിപ്പോർട്ടുകളുടെയും ബ്ലോക്കുകളുടെയും രൂപത്തിൽ സ്വീകരിക്കുന്ന നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള പ്രതികരണം. എന്നിവയാണ് ഈ മൂന്ന് വിഭാഗങ്ങൾ. വാട്സ്ആപ്പിന്റെ ടീമും സിസ്റ്റവും ഇത്തരം അക്കൗണ്ടുകളെ നിരന്തരം നിരീക്ഷിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്. ഒരു ഘട്ടം എത്തുമ്പോൾ ഇത്തരം അക്കൗണ്ടുകൾക്ക് നേരെ നടപടി സ്വീകരിക്കുന്നതാണ്. പ്ലാറ്റ്ഫോമിലെ മറ്റ് ഉപഭോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ ഈ നടപടി സഹായിക്കുന്നു.

"തങ്ങളുടെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് സുരക്ഷ ഒരുക്കുന്നു. ഇത്തരം സുരക്ഷാ ഫീച്ചറുകൾക്ക് പുറമെ എഞ്ചിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, അനലിസ്റ്റുകൾ, ഗവേഷകർ, നിയമ നിർവ്വഹണത്തിലെ വിദഗ്ധർ എന്നിവരുടെ ഒരു ടീമും ഇത്തരം പ്രവർത്തനങ്ങൾ നീരിക്ഷിച്ചുകൊണ്ട് ഇരിക്കുന്നുണ്ടെന്ന്" ഒരു വാട്സ്ആപ്പ് വക്താവ് പറഞ്ഞു. ഉപയോക്തൃ ഫീഡ്‌ബാക്കിൽ ഞങ്ങൾ വളരെ ശ്രദ്ധ ചെലുത്തുകയും തെറ്റായ വിവരങ്ങൾ തടയുന്നതിലും സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിലും വിദഗ്ധരുമായി ഇടപഴകുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
സ്പാം അക്കൗണ്ടുകൾ ശ്രദ്ധയിൽപെട്ടാൽ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യണമെന്നും ഇവർ പറയുന്നു. ഇന്ത്യയിൽ പ്രധാനമായും വാട്സ്ആപ്പ് സ്പാം അക്കൗണ്ടുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം. വ്യാജ തൊഴിൽ വാഗ്ദാനം ചെയ്യുന്ന അക്കൗണ്ടുകളാണ് ഇതിൽ മുൻനരിയിൽ ഉള്ളത്. ഉത്തരത്തിൽ തൊഴിലുകൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളുടെ പക്കൽ നിന്ന് പണം തട്ടിയെടുക്കുന്നു. ആയതിനാൽ ഉപഭോക്താക്കൾ ഇത്തരം അക്കൗണ്ടുകളെ അകറ്റി നിർത്തുക. മറ്റൊന്നാണ് സമ്മാന വാഗ്ദാനങ്ങൾ.
വിവിധ സമ്മാന വാഗ്ദാനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി പ്രവർത്തിക്കുന്ന നിരവധി വാട്സ്ആപ്പ് ആക്കൗണ്ടുകളും ഇപ്പോൾ നിരവധി ഉണ്ട്. ഇതിൽ ഭൂരിഭാഗം ആക്കൗണ്ടുകളുടെയും ലക്ഷ്യം ഡാറ്റ മോഷണം ആണ്. മറ്റ് ഉപഭോക്താക്കളുമായി ചാറ്റ് ചെയ്യുമ്പോൾ ഇത് ഗിവ് എവെ കണ്ടസ്റ്റന്റ് ആണെന്നും മികച്ച സമ്മാനങ്ങൾ ലഭിക്കും എന്ന് വാഗ്ദാനം ചെയ്ത് ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഇവർ മോഷ്ടിച്ചെടുക്കുന്നു. ആയതിനാൽ ഇത്തരം അക്കൗണ്ടുകളോടും ഉപഭോക്താകകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ചില പ്രത്യേക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ആക്കൗണ്ടുകളെയും ഉപഭോക്താക്കൾ സൂക്ഷിക്കേണ്ടതാണ്. ഇത്തരത്തിൽ പ്രത്യേകം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങൾ അടക്കം തട്ടിപ്പുകാർ സ്വന്തമാക്കുന്നതാണ്. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഉപഭോക്താക്കൾ ശ്രമിക്കുക. വാട്സ്ആപ്പിൽ നടക്കുന്ന മറ്റൊരു തരം തട്ടിപ്പാണ് അജ്ഞാത വിദേശ നമ്പറുകളിൽ നിന്നുള്ള കോളുകൾ.
ഇത്തരം കോളുകളോട് പ്രതികരിക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് വാട്സ്ആപ്പ് ഓർമ്മപ്പെടുത്തുന്നു. ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചുട്ടുണ്ട്. മറ്റൊരു തരം തട്ടിപ്പുകളാണ് ലിങ്കുകൾ അയച്ചുള്ള തട്ടിപ്പുകൾ. അജ്ഞാതർ അയയ്ക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുക. മാത്രമല്ല മുകളിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള അക്കൗണ്ടുകൾ ശ്രദ്ധിയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യാനും ഉപഭോക്താക്കൾ മറക്കരുത്.


Click it and Unblock the Notifications








