ഐഫോൺ ബാറ്ററി പെട്ടെന്ന് ചാർജ് തീരുന്നത് എന്തുകൊണ്ട്? എന്തൊക്കെ അഡ്ജസ്റ്റ്മെന്റിലൂടെ ഇത് ഒഴിവാക്കാം...
പുതിയ iOS 26-ലേക്ക് അപ്‌ഡേറ്റ് ചെയ്‌തതിനുശേഷം തങ്ങളുടെ ബാറ്ററി വേഗത്തിൽ ചാർജ് തീരുന്നതായി പല ഐഫോൺ ഉടമകളും പരാതിപ്പെടുന്നുണ്ട്. എന്നാൽ ഇത് പുതിയ ഒഎസ് ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ഭാഗമായി സാധാരണമായി ഉണ്ടാകുന്നതാണ് എന്നും ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയ ശേഷം എല്ലാം സാധാരണപോലെ ആകുമെന്നും ആപ്പിൾ വിശദീകരിച്ചിട്ടുണ്ട്. എന്നുമാത്രമല്ല, അഡാപ്റ്റീവ് പവർ മോഡ് പോലെ ഊർജ്ജം ലാഭിക്കാൻ ഡിസൈൻ ചെയ്‌തിരിക്കുന്ന ഫീച്ചറുകൾ iOS 26 അവതരിപ്പിക്കുന്നുമുണ്ട്. പുതിയ ഒഎസ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ബാക്ഗ്രൗണ്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾക്കായി ബാറ്ററി ഉപയോഗിക്കപ്പെടുന്നത് കൂടാതെ മറ്റ് എന്തെല്ലാം വിധത്തിൽ ബാറ്ററിചാർജ് വേഗം തീർന്നുപോകാൻ സാധ്യതയുണ്ടെന്നും അവയുടെ പരിഹാരങ്ങളും നോക്കാം.
ആപ്പുകൾ
ആപ്പുകുൾ പുതിയ ഒഎസിനെ പിന്തുണയ്ക്കുന്നുണ്ടോ എന്നത് ഒരു പ്രധാന കാര്യമാണ്. ചില പഴയ ആപ്പുകൾ iOS 26ൽ പ്രവർത്തിക്കാൻ പൂർണ്ണമായി പരുവപ്പെട്ടിട്ടില്ല. ഇത്തരം സാഹചര്യങ്ങളിൽ ചില ആപ്പുകൾ പുതിയ ഒഎസിൽ പ്രവർത്തിക്കാൻ കൂടുതൽ ഊർജം ഉപയോഗിച്ചേക്കാമെന്നും ഇത് പെട്ടെന്ന് ബാറ്ററി തീരുന്നതിന് ഒരു കാരണമായേക്കാമെന്നും പറയപ്പെടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ആപ്പുകൾ അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കേണ്ടതുണ്ട്.

ബാറ്ററിയുടെ പഴക്കം
നിങ്ങളുടെ ഐഫോൺ പഴയത് ആണെങ്കിൽ, അതല്ല, ബാറ്ററി പഴയത് ആണെങ്കിൽ ഒരുപക്ഷേ അതിന് ചാർജ് നിലനിർത്താൻ ശേഷി ഉണ്ടാവാത്തതിനാലും പ്രശ്നം നേരിട്ടേക്കാം. ബാറ്ററി ചാർജ് നിലനിർത്തുന്നതിൽ ബാറ്ററിയുടെ ഹെൽത്തും ഒരു പ്രധാന ഘടകമാണ്. ചെറിയ അപ്‌ഡേറ്റുകൾ പോലും കാലഹരണപ്പെട്ട ബാറ്ററിയെ ദുർബലമാക്കും. അതിനാൽ ബാറ്ററി ഹെൽത്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പുതിയ ബാറ്ററി സ്ഥാപിക്കുന്നത് നന്നായിരിക്കും.
മറ്റ് പ്രശ്നങ്ങൾ
ബാറ്ററി ചാർജ് പെട്ടെന്ന് തീരുന്നത് ഒഴിവാക്കാൻ മറ്റ് ചില ലളിതമായ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാനാകും. ബ്രൈറ്റ്നസ് ക്രമീകരിക്കുക, ബാക്ഗ്രൗണ്ട് ആപ്പുകൾ പരിശോധിച്ച് അനാവശ്യമായവയുടെ പ്രവർത്തനം അവസാനിപ്പിക്കുക, പവർ സേവിങ് മോഡ് പ്രയോജനപ്പെടുത്തുക എന്നിവയിലൂടെ ഒരു പരിധിവരെ ബാറ്ററി ചാർജ് ആരോഗ്യപരമായി നിലനിർത്താനാകും.

iOS 26-ൽ ബാറ്ററി വേഗത്തിൽ തീർന്നുപോകുന്നത് എന്തുകൊണ്ട്?
പുതിയ ഒഎസ് അപ്‌ഡേറ്റ് ചെയ്‌തതിനുശേഷം, അത് ഇൻസ്റ്റാൾ ചെയ്യാൻ ഫോണിന് സമയം ആവശ്യമാണ്. ഫയലുകൾ റീഇൻഡെക്‌സ് ചെയ്യുക, ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യുക, സിസ്റ്റം സെറ്റിങ്സ് പരിശോധിക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ പുതിയ ഒഎസ് ഇൻസ്റ്റാളേഷന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇതെല്ലാം വളരെ സാധാരണമാണ്. ബാക്ഗ്രൗണ്ടിൽ ഈ ജോലികൾ നടക്കുന്നതിനാലാണ് ഇൻസ്റ്റാളേഷൻ സമയത്തും അതിനു ശേഷവും ബാറ്ററി വേഗം തീരുന്നതായി തോന്നുന്നത്.
ബാറ്ററി ഉപയോഗം കാര്യക്ഷമമാക്കാൻ ഉപയോക്താവ് ചെയ്യേണ്ട പ്രധാന കാര്യങ്ങളിലൊന്ന് കൂടുതലായി ബാറ്റി പവർ ഉപയോഗിക്കുന്ന ആപ്പുകൾ കണ്ടെത്തുക എന്നതാണ്. അതിനായി ബാറ്ററി സെറ്റിങ്സിൽ ഓപ്ഷനുണ്ട്. ഏതെങ്കിലും ആപ്പ് അസാധാരണമായ വിധത്തിൽ ബാറ്ററി ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയാൽ ആ ആപ്പിന്റെ ഉപയോഗം കുറയ്ക്കുകയോ, അനാവശ്യമെങ്കിൽ ഒഴിവാക്കുകയോ ചെയ്യുക.
ബാറ്ററി കൂടുതലായി ഉപയോഗിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് സ്ക്രീൻ. അതിനാൽ ബാറ്ററി പെട്ടെന്ന് തീരുന്നത് ഒഴിവാക്കാൻ ബ്രൈറ്റ്നസ് കുറയ്ക്കുകയോ ഓട്ടോ-ബ്രൈറ്റ്‌നസ് പ്രവർത്തനക്ഷമമാക്കുകയോ ചെയ്യുന്നത് നന്നായിരിക്കും. മറ്റൊന്ന് ഓൾവെയ്സ് ഓൺ ഡിസ്പ്ലേ ഫീച്ചർ ഓഫ് ആക്കുക എന്നതാണ്. ഈ ഫീച്ചർ ഏറെ സൗകര്യപ്രദമാണ് എങ്കിലും ധാരാളം ബാറ്ററി ഉപയോഗിക്കുന്നുണ്ട്.

ഡാർക്ക് മോഡ് ബാറ്ററി ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ ആനിമേഷൻ വേഗത കുറയ്ക്കുക, ഓട്ടോ-ലോക്ക് ടൈം കുറയ്ക്കുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങളും ബാറ്ററി ചാർജ് നിലനിർത്തുന്നതിൽ വലിയ ഫലപ്രദമായ വ്യത്യാസം സൃഷ്ടിക്കും. മറ്റൊന്ന് ആപ്പുകളുടെ ലൊക്കേഷൻ ആക്സസ് ഡിസേബിൾ ചെയ്യുക എന്നതാണ്. കാരണം ഉപയോഗത്തിലില്ലാത്തപ്പോൾ പോലും ചില ആപ്പുകളും ഉപയോക്താക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








