സ്വപ്നജോലി നേടാൻ ചാറ്റ് ജിപിടി സഹായിക്കും! എങ്ങനെയെന്ന് ഇതാ

എത്രയൊക്കെ പാടുപെട്ടാലാണ് ഒരു ജോലി ലഭിക്കുക എന്ന് അതിനായി അലഞ്ഞിട്ടുള്ളവർക്ക് നന്നായി അറിയാം. ഇഷ്ടപ്പെട്ട ജോലി നേടിയെടുക്കാൻ ചിലപ്പോൾ വർഷങ്ങളുടെ പരിശ്രമം തന്നെ വേണ്ടിവരും. സ്വപ്നജോലിക്കായുള്ള തയാറെടുപ്പിൽ ലഭ്യമായ എല്ലാ സാധ്യതകളും നാം പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. ഇത് ടെക്നോളജി യുഗമാണ്. ടെക്നോളജിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ സ്വപ്നത്തിലേക്ക് നടന്നടുക്കാൻ നമുക്ക് സാധിക്കും. കോപ്പിയടിക്കാനും മറ്റും ടെക്നോളജിയുടെ സാധ്യത ഉപയോഗപ്പെടുത്തണം എന്നല്ല പറയുന്നത്, ഒരു ജോലിക്ക് അപേക്ഷിക്കുമ്പോഴും തയാറെടുക്കുമ്പോഴും ചില നടപടിക്രമങ്ങളിലൂടെ നാം കടന്ന് പോകേണ്ടതുണ്ട്. അത്തരം കാര്യങ്ങൾക്ക് ടെക്നോളജിയെ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്മാർട്ടായി മുന്നോട്ട് പോകാൻ സാധിക്കും. അത് എങ്ങനെയാണ് എന്ന് നോക്കാം.
എവിടെയും ചാറ്റ് ജിപിടി
ഇന്ന് ലോകം മുഴുവൻ ചാറ്റ് ജിപിടിയെപ്പറ്റിയാണ് ചർച്ചചെയ്യുന്നത്. അനന്തമായ സാധ്യതകളുള്ള ഒരു എഐ ടൂൾ ആണ് ചാറ്റ് ജിപിടി((ചാറ്റ് ജനറേറ്റിവ് പ്രീ ട്രെയിൻഡ് ട്രാൻസ്ഫോമർ). നമ്മുടെ ആവശ്യം വ്യക്തമായി അറിയിച്ചാൽ അത് ഏറെ മികവോടെ നടത്തിത്തരാൻ ചാറ്റ് ജിപിടിക്ക് സാധിക്കും എന്നാണ് വിലയിരുത്തൽ. എന്നാൽ തുടക്കമെന്ന നിലയിൽ ചില പാകപ്പിഴകൾ ചാറ്റ് ജിപിടിയിലും പ്രതീക്ഷിക്കാം. എങ്കിലും ഇതിനോടകം തന്നെ നിരവധി ആരാധകരെയാണ് ചാറ്റ് ജിപിടി സൃഷ്ടിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നീ പുതിയ കാലത്തിന്റെ സാങ്കേതികവിദ്യകളൊക്കെ സാധാരണ മനുഷ്യർക്കും പ്രയോജനപ്പെടുന്ന രീതിയിൽ എത്തിയത് ചാറ്റ് ജിപിടിയിലൂടെയാണ്. പണം ഉപയോഗിച്ചും സൗജന്യമായും ചാറ്റ് ജിപിടി സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും.

എന്തുവേണേൽ ചോദിക്കാം, ഉത്തരം റെഡി
ഏത് ജോലിയും നിർവഹിക്കാനുള്ള ചാറ്റ് ജിപിടിയുടെ കഴിവ് ഉദ്യോഗാർഥികൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ജോലി കണ്ടെത്താനുള്ള തിരച്ചിൽ മുതൽ, ബയോഡാറ്റ -കവറിങ് ലെറ്റർ എന്നിവ തയാറാക്കൽ, ഇന്റർവ്യൂവിന് തയാറെടുക്കൽ തുടങ്ങിയവ വരെയുള്ള ഘട്ടങ്ങളിൽ ചാറ്റ് ജിപിടി സേവനം ഉപയോഗിക്കാൻ സാധിക്കും. തൊഴിൽ ലിസ്റ്റിംഗ് സൈറ്റുകളിലും ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിലും ആയിരക്കണക്കിന് അവസരങ്ങൾ ഉദ്യോഗാർഥികളെ കാത്ത് കിടക്കുന്നുണ്ട്.
എന്നാൽ ഇവയിൽനിന്ന് നമുക്ക് ഇഷ്ടമുള്ള ജോലി, അല്ലെങ്കിൽ നമ്മുടെ യോഗ്യതകൾക്ക് അനുസരിച്ചുള്ള ജോലി കണ്ടെത്തുക എന്നത് ഏറെ സമയം നഷ്ടപ്പെടുത്തേണ്ടിവരുന്ന പണിയാണ്. ഇങ്ങനെ സമയം ചെലവഴിച്ചാൽ പോലും ചിലപ്പോൾ അനുയോജ്യമായവ കണ്ടെത്താൻ ബുദ്ധിമുട്ടും. ഈ പ്രശ്നം നിസാരമായി പരിഹരിക്കാൻ ചാറ്റ് ജിപിടിക്ക് കഴിയും. നമുക്ക് താൽപര്യമുള്ള ജോലിയെപ്പറ്റി കൃത്യമായി ഈ എഐ ചാറ്റ്ബോട്ടിനോട് പറഞ്ഞ് നൽകിയശേഷം അത്തരത്തിലുള്ള ജോലികൾ കണ്ടെത്താൻ നിർദേശിച്ചാൽ ചാറ്റ് ജിപിടിയുടെ മാജിക് നിമിഷങ്ങൾക്കകം നിങ്ങൾക്ക് കാണാൻ സാധിക്കും. നിർദേശങ്ങളിൽ നാം നൽകുന്ന പരിഗണനകൾക്ക് അനുസരിച്ച് ലഭ്യമായ ഒഴിവുകൾ ചാറ്റ് ജിപിടി മുന്നിലെത്തിക്കും.
ബയോഡാറ്റ തയാറാക്കൽ
ജോലി തേടുന്നവരെ സംബന്ധിച്ചിടത്തോളം ബയോഡാറ്റ തയാറാക്കുക എന്നത് ഏറെ തലവേദന പിടിച്ച ഒരു ജോലിയാണ്. ആകർഷകവും സമഗ്രവുമായ ഒരു ബയോഡാറ്റ നിർമിക്കുന്നതിനായി ചാറ്റ് ജിപിടിയുടെ സേവനം തേടാൻ സാധിക്കും. നാം അപേക്ഷിക്കുന്ന ജോലിയുടെ സ്വഭാവം അനുസരിച്ചുള്ള ബയോഡാറ്റ നിർമിക്കാൻ ചാറ്റ് ജിപിടിക്ക് സഹായിക്കാൻ സാധിക്കും.
ഉദാ. 0000 എന്ന കമ്പനിയിലെ 0000 എന്ന പോസ്റ്റിലേക്കുള്ള ജോലിക്കായി എനിക്ക് അനുയോജ്യമായ ബയോഡാറ്റ തയാറാക്കുക. 0000 എന്നതാണ് ജോലിയുടെ സ്വഭാവം, 0000 ആണ് എന്റെ ബയോഡാറ്റ വിശദാംശങ്ങൾ(നിങ്ങളുടെ ബയോഡാറ്റ) എന്ന തരത്തിൽ വിവരങ്ങൾ നൽകിയാൽ നിങ്ങൾ നൽകിയ വിവരങ്ങൾക്ക് അനുസരിച്ച് നിങ്ങൾ ഇപ്പോൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ജോലിക്ക് അനുയോജ്യമായ വിധത്തിലുള്ള ആകർഷകമായ ബയോഡാറ്റ നൽകാൻ ചാറ്റ് ജിപിടിക്ക് സാധിക്കും. നിങ്ങൾക്ക് ഒരുപാട് യോഗ്യതകളും എക്സ്പീരിയൻസും കഴിവുകളുമൊക്കെയുണ്ടെങ്കിൽ അവ ആകർഷകമായ വിധത്തിൽ ചുരുക്കി അവതരിപ്പിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടായിരിക്കും. എന്നാൽ അത്തരം പ്രശ്നങ്ങളൊക്കെ നിസാരമായി ചാറ്റ് ജിപിടി പരിഹരിക്കും.

കവർ ലെറ്റർ
ഇപ്പോൾ ജോലികൾക്കും മറ്റും അപേക്ഷിക്കുമ്പോൾ മികച്ച കവർ ലെറ്റർ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. ഒരു നിശ്ചിത ജോലിക്ക് നിങ്ങളുടെ കഴിവുകൾ വ്യക്തമാക്കാൻ കവർലെറ്ററിന് സാധിക്കണം. ഇവിടെയും കൃത്യമായ നിർദേശങ്ങളും വിവരങ്ങളും നൽകിയാൽ മികച്ച ഒരു കവർലെറ്റർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
ഇന്റർവ്യൂവിന് തയാറെടുക്കാം
ജോലി ലഭിക്കുന്നതിൽ ഇന്റർവ്യൂ ഏറെ നിർണായകമാണ്. ഇക്കാര്യത്തിൽ നിങ്ങളെ ഏറെ സഹായിക്കാൻ ചാറ്റ് ജിപിടിക്ക് സാധിക്കും. അഭിമുഖം നടത്തുമ്പോൾ കമ്പനികൾ ചോദിക്കുന്ന ഏറ്റവും സാധാരണമായ 15 ചോദ്യങ്ങൾ എന്തൊക്കെയാണ്? എന്ന് ചാറ്റ് ജിപിടിയോട് ചോദിച്ചാൽ തയാറെടുപ്പിന് സഹായിക്കും വിധത്തിലുള്ള ഉത്തരം നമുക്ക് കിട്ടും. അതല്ലെങ്കിൽ നിങ്ങൾ അപേക്ഷിക്കുന്ന ജോലിയുടെ സ്വഭാവം അല്ലെങ്കിൽ പോസ്റ്റ് നൽകിയ ശേഷം ആ ജോലിക്കായുള്ള അഭിമുഖത്തിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരവും ചാറ്റ് ജിപിടി നൽകും.
എന്താണ് അവർക്ക് വേണ്ടത്?
ഒരു ഒഴിവിലേക്ക് ആളെ നിയമിക്കാൻ തയാറെടുക്കുമ്പോൾ കമ്പനികൾ ആഗ്രഹിക്കുന്നതും ലക്ഷ്യമിടുന്നതും എന്താണ് എന്ന് വിലയിരുത്താൻ ചാറ്റ് ജിപിടിയിലെ എഐ ചാറ്റ് ബോട്ടിന് സാധിക്കും അതിനാൽ അഭിമുഖത്തിനായുള്ള തയാറെടുപ്പുകൾക്ക് നിങ്ങളെ മികച്ച രീതിയിൽ സഹായിക്കാൻ ചാറ്റ് ജിപിടിക്ക് സാധിക്കും. അഭിമുഖത്തിൽ ഏത് രീതിയിൽ സംസാരിക്കണം, ഏതൊക്കെ പോയിന്റുകൾ പറയണം എന്നതൊക്കെയുള്ള കാര്യങ്ങളിൽ കൃത്യമായ നിർദേശങ്ങൾ ലഭിക്കാൻ ചാറ്റ് ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.


Click it and Unblock the Notifications