ഇതൊക്കെയാണ് മോനേ യോഗം! 16 വർഷം പഴക്കമുള്ള ഐഫോണിന് കിട്ടുക മെർസിഡീസ് ബെൻസിന്റെ വില

ഭാഗ്യം വരുന്നത് ഏത് വഴിക്കാണ് എന്ന് പറയാൻ പറ്റില്ല, ഉപയോഗിക്കാതെ നാം അവഗണിച്ച ഒരു മുതൽ നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചാൽ എങ്ങനെയുണ്ടാകും. അത് അറിയണമെങ്കിൽ അമേരിക്കയിലെ ഒരു ടാറ്റൂ ആർട്ടിസ്റ്റായ കാരെൻ ഗ്രീൻ എന്ന യുവതിയുടെ ജീവിതത്തിലേക്ക് ഒന്ന് നോക്കിയാൽ മതി. ഉപയോഗിക്കാതെ ഉപേക്ഷിച്ച ഒരു മുതൽ കാരൻ ഗ്രീനിനെ ഇപ്പോൾ ലക്ഷാധിപതി ആക്കിയിരിക്കുകയാണ്. ആരാണ് ആ മുതൽ എന്നല്ലേ? സംശയിക്കേണ്ട, സാക്ഷാൽ ആപ്പിൾ ഐഫോൺ തന്നെ!.
മൊഞ്ച് പോകാത്ത മുതൽ
പ്രീമിയം വിഭാഗത്തിലുള്ള സ്മാർട്ട്ഫോണുകളാണ് ഐഫോണുകൾ എന്ന് എല്ലാവർക്കുമറിയാം. പുതിയതോ, പഴയതോ ആയാലും ആപ്പിളിന്റെ ഐഫോണുകൾക്ക് ഒരു പവറും മൂല്യവും എപ്പോഴും ഉണ്ടാകും. പലവിധ കാരണങ്ങളാൽ ലോകമെങ്ങുമുള്ള മൊബൈൽഫോൺ ആരാധകരിൽ ഭൂരിഭാഗത്തിന്റെയും ഇഷ്ട ബ്രാൻഡാണ് ഐഫോൺ. ഈ ജനപ്രീതിയുടെ ബലത്തിൽ വർഷങ്ങളായി സ്മാർട്ട്ഫോൺ വിപണി അടക്കിഭരിച്ച് വരുന്നതും ഐഫോണുകൾ തന്നെയാണ്. ഐഫോൺ കൈയിലുള്ളത് ഒരു അഭിമാനമായാണ് പലരും കരുതുന്നത്. അതിനാൽത്തന്നെ എന്ത് വിലകൊടുത്തും ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ നമുക്കിടയിലും ധാരാളമുണ്ട്. എങ്കിലും ഉയർന്ന വില അവിടെ വില്ലനാകുന്നു.
വില്ലൻ ഹീറോയാകുന്നു!
എന്നാൽ വാങ്ങാൻ ശ്രമിക്കുമ്പോഴാണ് ഐഫോൺ വില നമുക്ക് വില്ലനാകുന്നത്. വിൽക്കാൻ ശ്രമിക്കുമ്പോൾ അതേ ഐഫോൺ വില ചിലപ്പോൾ നമ്മളെ ഹീറോ ആക്കും. ഇവിടെ കാരെൻ ഗ്രീനിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഉപയോഗിക്കാതെ കിടന്ന തന്റെ പഴയ ഐഫോൺ ലേലത്തിനായി കാരെൻ നൽകി. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ലേലം അവസാനിക്കുമ്പോൾ കാരന്റൈ പഴയ ഐഫോണിന് ഏതാണ്ട് 50,000 ഡോളർ ആണ് വില ലഭിക്കുക. അതായത് ഒരു മെർസിഡീസ് ബെൻസിന്റെ വില. എന്താല്ലേ! ഒരു പഴയ ഐഫോണിന് ഇത്രയും വില ലഭിക്കുമോ എന്ന് ചിലർ ആലോചിക്കുന്നുണ്ടാകും. എന്നാൽ ഇവിടെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ജൈത്രയാത്രയുടെ ആരംഭം
ഐഫോൺ ഇന്നുകാണുന്ന നിലയും വിലയുമുള്ള നമ്പർ വൺ നിലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് 2007 ൽ ആണ്. അന്ന് പുറത്തിറങ്ങിയ ഐഫോൺ മോഡൽ ആണ് കാരെൻ ലേലത്തിന് വച്ചിരിക്കുന്നത്. ആദ്യ ഐഫോൺ ആണെന്നതു ശരി, അതിന് ഇത്രയും വില കിട്ടുമോ എന്ന് സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം കൂടി അറിഞ്ഞിരിക്കണം, പുറത്തിറങ്ങി 16 വർഷം ആയെങ്കിലും ഈ ഐഫോണിന്റെ കവർ ബോക്സിനു പുറത്തെ പ്ലാസ്റ്റിക് കോട്ടിങ്ങിന് പോലും ഒരു പോറൽ ഏറ്റിട്ടില്ല. ഐഫോണിന്റെ ആദ്യ മോഡൽ കവർ പോലും തുറക്കാതെ കിട്ടുക എന്നുപറഞ്ഞാൽ കാശുള്ളവരെ സംബന്ധിച്ചിടത്തോളം അത് സ്വന്തമാക്കാൻ എത്ര വിലയും നൽകാൻ അവർ തയാറാണ്. ഇതിനു മുൻപും ഇത്തരത്തിൽ പഴയ ഐഫോണുകൾക്ക് അമ്പരപ്പിക്കുന്ന വില ലഭിച്ച സംഭവങ്ങൾ നിരവധിയുണ്ട്.
ഇംപോസിബിൾ എന്നാണോ?
ഐഫോൺ കിട്ടിയിട്ട് ആരെങ്കിലും കവർപോലും തുറക്കാതെ വയ്ക്കുമോ, അസംബന്ധം എന്നാണോ ചിന്തിക്കുന്നത്? എങ്കിൽ കാരെൻ ഗ്രീനിന്റെ ഐഫോൺ കഥ കൂടി അറിയുന്നത് നല്ലതാണ്. ഐഫോൺ 2007 ൽ ആണ് തന്റെ ജൈത്രയാത്ര ആരംഭിക്കുന്നത് എന്ന് നമുക്കറിയാം. അതേ വർഷം തന്നെയാണ് കോസ്‌മെറ്റിക് ടാറ്റൂ ആർട്ടിസ്റ്റ് ആയി കാരെൻ ഗ്രീനും പുതിയ ജോലി ആരംഭിച്ചത്. ആദ്യമായി ജോലി കിട്ടിയത് ആഘോഷിക്കാനായി അവളുടെ സുഹൃത്തുക്കൾ സമ്മാനമായി നൽകിയതായിരുന്നു 8 ജിബിയുടെ ആ ആപ്പിൾ ഐഫോൺ. 2007 ൽ പുറത്തിറങ്ങുമ്പോൾ 599 ഡോളർ അതായത് ഇപ്പോഴത്തെ ഏകദേശം 49,200 രൂപ ആയിരുന്നു ഈ ഐഫോണിന്റെ വില.
ഒരാഴ്ച മുൻപ് ആയിരുന്നെങ്കിൽ കഥ മാറിയേനെ
എന്നാൽ ഒരാഴ്ച മുൻപ് പുതിയ ഫോൺ വാങ്ങിയിരുന്നതിനാൽ സമ്മാനമായി കിട്ടിയ ഫോൺ ഉപയോഗിക്കാൻ കാരെൻ ഗ്രീൻ താൽപര്യപ്പെട്ടില്ല. തുടർന്ന് അവൾ അത് ഭദ്രമായി സൂക്ഷിക്കുകയായിരുന്നു. പിന്നീട് കുറേ കാലത്തേക്ക് അതിനെ തിരിഞ്ഞ് നോക്കിയില്ല. അടുത്തിടെയായി പഴയ ഐഫോണുകൾക്ക് റെക്കോഡ് വിലകൾ ലഭിക്കുന്ന വിവരം നമ്മളെപ്പോലെ തന്നെ കാരെൻ ഗ്രീനും അറിയുന്നുണ്ടായിരുന്നു. തന്റെ കൈയിലിരിക്കുന്നത് ആക്രിയല്ല, നിധിയാണ് എന്ന് അവൾ തിരിച്ചറിഞ്ഞത് അങ്ങനെയാണ്. തുടർന്ന് ഇപ്പോൾ തന്റെ ഐഫോൺ വിൽക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു. കാരെൻ ഗ്രീനിന്റെ ഐഫോൺ വിൽക്കാനുള്ള ലേലം തുടരുകയാണ്. ഫെബ്രുവരി 19 ന് ആണ് ലേലം അവസാനിക്കുക.

ശിഷ്ട ജീവിതവും കവറിൽത്തന്നെ
ഒരു മെർസിഡീസ് ബെൻസിന്റെ വിലകൊടുത്ത് ഈ ഐഫോൺ വാങ്ങുന്നവർ അത് ഉപയോഗിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഒരു പുരാവസ്തു എന്ന നിലയിൽ മാത്രമാണ് ഈ ഐഫോൺ പ്രയോജനപ്പെടുത്തുക. ആപ്പിളിന്റെ എല്ലാമെല്ലാമായിരുന്ന സ്റ്റീവ് ജോബ്സ് ആണ് 2007 ൽ ആദ്യമായി ഐഫോൺ പുറത്തിറക്കിയത്. 4ജിബി, എട്ട് ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളാണ് ഉണ്ടായിരുന്നത്. അതിൽ 8ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റാണ് ഇപ്പോൾ ലേലത്തിൽ വച്ചിരിക്കുന്നത്. ഈ ഐഫോണിലുള്ള ഫീച്ചറുകൾ ഇപ്പോൾ അമേരിക്കയിൽ ഉപയോഗിക്കാൻ സാധ്യമല്ല, അതിനാൽത്തന്നെ ആരു വാങ്ങിയാലും ഈ ഐഫോണിന്റെ ന്റെ ജീവിതം ബോക്‌സിനുള്ളിൽ തന്നെ തുടർന്നേക്കും.
പഴയ ഡയലോഗ് ഒരിക്കൽ കൂടി പറയാം!
മുൻപ് ഇതേ രീതിയിൽ ഉയർന്ന വില ലഭിച്ച ഐഫോണിന്റെ കാര്യം നമ്മൾ കണ്ടതാണ്. അന്ന് പറഞ്ഞ കാര്യം ഇന്ന് വീണ്ടും പറയുന്നു- ''എന്തായാലും പഴയ ഐഫോൺ ഉള്ളവർ ഒക്കെ ഒന്നു ശ്രദ്ധിച്ചോ, ലക്ഷങ്ങളുടെ മുതലായിരിക്കാം നിങ്ങൾ ഏതെങ്കിലും മൂലയിൽ ഉപേക്ഷിച്ചിരിക്കുന്നത്. അവ പൊടിതട്ടിയെടുത്ത് കാര്യമായൊന്ന് സൂക്ഷിച്ച് വച്ചോ. കവർ പൊട്ടിയെങ്കിലും പുരാവസ്തു എന്ന നിലയിൽ ഒരു 25 കൊല്ലം കഴിയുമ്പോൾ കോടികൾ കിട്ടിലാലോ. ഐഫോണിന്റെ കാര്യമല്ലേ ഒന്നു പറയാൻ പറ്റില്ല. ഇനി 'എങ്ങാനും ചിലപ്പോൾ ബിരിയാണി കിട്ടിയാലോ''!


Click it and Unblock the Notifications