200 എംപി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; മോട്ടറോള ഫ്രണ്ടിയർ ലോഞ്ച് ജൂലൈയിൽ
മൊബൈൽ ക്യാമറ വിഭാഗത്തിലെ രാജാവ് 108 എംപി ക്യാമറകളുള്ള സ്മാർട്ട്ഫോണുകളാണ്. വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പല മുൻനിര സ്മാർട്ട്ഫോൺ കമ്പനികളെയും സഹായിച്ചത് ഇത്തരം ക്യാമറകളും അനുബന്ധ ഫീച്ചറുകളും ആണ്. സ്മാർട്ട്ഫോണിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി ക്യാമറകളെ കണക്കാക്കുന്ന കാലമാണ് ഇത്. ഏറ്റവും മികച്ച ക്യാമറകൾ ഉള്ള സ്മാർട്ട്ഫോണുകളാണ് എല്ലാവർക്കും വേണ്ടത്. അനുദിനം വികസിക്കുന്ന സ്മാർട്ട്ഫോൺ ക്യാമറ സാങ്കേതികവിദ്യ പരമ്പരാഗതമായ എല്ലാ സങ്കൽപ്പങ്ങളെയും പൊളിച്ചെഴുതുകയാണ്. 108 എംപി ക്യാമറകൾ വാഴുന്ന സ്മാർട്ട്ഫോൺ ക്യാമറ വിഭാഗത്തിൽ അത്തരത്തിൽ വലിയൊരു പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് സ്മാർട്ട്ഫോൺ നിർമാതാക്കളായ മോട്ടറോള.

സ്മാർട്ട്ഫോൺ ക്യാമറ വിഭാഗത്തിലെ ഏറ്റവും വലിയ ഓഫറുമായി എത്തുകയാണ് മോട്ടറോളയുടെ ഫ്രണ്ടിയർ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ. കഴിഞ്ഞയാഴ്ച പുറത്ത് വന്ന ലീക്ക് റിപ്പോർട്ടിലൂടെയാണ് ഫ്രണ്ടിയർ സ്മാർട്ട്ഫോണുകളുടെ കൂടുതൽ സവിശേഷതകൾ വെളിച്ചത്ത് വന്നത്. 200 എംപി ക്യാമറയടക്കം അമ്പരപ്പിക്കുന്ന നിരവധി ഫീച്ചറുകളുമായാണ് ഫ്രണ്ടിയർ സ്മാർട്ട്ഫോൺ മോട്ടറോള അണിയിച്ചൊരുക്കുന്നത്. "ഫ്രണ്ടിയർ 22" എന്ന കോഡ് നാമത്തിലുള്ള ഫോൺ ഇപ്പോൾ ഒരു പുതിയ റിപ്പോർട്ടിലൂടെ കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിളിനോടും സാംസങിനോടും ഷവോമിയൊടുമൊക്കെ നേരിട്ടേറ്റ് മുട്ടാൻ ഒരുങ്ങുകയാണ് മോട്ടറോള. ഇതിനായി ഏറ്റവും മികച്ച സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും തന്നെയാവും തങ്ങളുടെ ഫ്രണ്ടിയർ 22 സ്മാർട്ട്ഫോണിൽ മോട്ടറോള അവതരിപ്പിക്കുക. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 2020ന് ശേഷം മോട്ടറോള ലോഞ്ച് ചെയ്യുന്ന ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയിരിക്കും ഫ്രണ്ടിയർ 22. മോട്ടറോള എഡ്ജ് പ്ലസ് അവതരിപ്പിച്ചതിന് ശേഷം കമ്പനി ഇത് വരെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളൊന്നും പുറത്തിറക്കിയിട്ടില്ല.

മോട്ടറോള ഫ്രണ്ടിയർ ജൂലൈ മാസത്തിൽ ലോഞ്ച് ചെയ്യും
ജർമ്മൻ പ്രസിദ്ധീകരണമായ വിൻഫ്യൂച്ചർ.ഡെ ആണ് മോട്ടറോള സ്മാർട്ട്ഫോണിന്റെ റെൻഡറുകളും സവിശേഷതകളും പുറത്ത് വിട്ടത്. മുമ്പ് സൂചിപ്പിച്ചത് പോലെ, ഡിസ്പ്ലേയുടെ മധ്യത്തിൽ ഒരു ഹോൾ പഞ്ച് കട്ട് ഔട്ട് റെൻഡറുകളിലും കാണാൻ കഴിയും. കൂടാതെ, ഹാൻഡ്‌സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഒരു എൽഇഡി ഫ്ലാഷും ഉണ്ട്. മോട്ടറോള ഫ്രണ്ടിയറിൽ ഫീച്ചർ ചെയ്യുമെന്ന് കരുതുന്ന സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും അറിയാൻ താഴേക്ക് വായിക്കുക.

മോട്ടറോള ഫ്രണ്ടിയർ 22 സ്പെസിഫിക്കേഷനുകൾ
ക്വാൽകോം അവതരിപ്പിക്കുന്ന സ്നാപ്ഡ്രാഗൺ എസ്എം 8475 ചിപ്‌സെറ്റ് വരാനിരിക്കുന്ന മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ടിഫോണിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 "പ്ലസ്" എസ്ഒസി ചിപ്സെറ്റ് ആയിരിക്കാനും സാധ്യത കാണുന്നുണ്ട്. ഇങ്ങനെയാണ് വിൻഫ്യൂച്ചറിന്റെ റോളണ്ട് ക്വാണ്ട്റ്റ് പുറത്ത് വിട്ട മോട്ടറോള ഫ്രണ്ടിയർ 22 സ്പെസിഫിക്കേഷനുകളിൽ പറയുന്നത്. 12 ജിബി വരെയുള്ള എൽപിഡിഡിആർ5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഡിവൈസിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് തരം റാം കോൺഫിഗറേഷനിലും സ്റ്റോറേജ് ഓപ്ഷനുകളിലും ഫോൺ വരാം. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന കോൺഫിഗറേഷനുകൾ.

ലീക്ക് റിപ്പോർട്ട് അനുസരിച്ച്, മോട്ടറോള ഫ്രണ്ടിയർ 22 ഡ്യുവൽ സിം ( നാനോ ) സ്മാർട്ട്‌ഫോൺ വിപണിയിൽ എത്തുക ആൻഡ്രോയിഡ് 12 പ്രീ ഇൻസ്റ്റാൾഡ് ആയിട്ടായിരിക്കും. റോളണ്ട് ക്വാണ്ടിന്റെ അഭിപ്രായത്തിൽ, ഫ്രണ്ടിയർ 22 6.67 ഇഞ്ച് 144 ഹെർട്സ് ഫുൾ എച്ച്ഡി പ്ലസ് കർവ്ഡ് പി- ഒഎൽഇഡി ഡിസ്പ്ലേ ഫീച്ചർ ചെയ്യും. 144 ഹെർട്സ് റിഫ്രഷ് റേറ്റും ഡിസിഐ പി3 കളർ ഗാമറ്റും മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്തേക്കും. മോട്ടറോള ഫ്രണ്ടിയർ 22വിന്റെ ഡിസ്പ്ലേ എച്ച്ഡിആർ 10 സപ്പോർട്ട് ചെയ്യാനും സാധ്യതയുണ്ട്.

മോട്ടറോള ഫ്രണ്ടിയർ 22വിൽ ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ സ്പെസിഫിക്കേഷൻ അതിലെ പ്രൈമറി ലെൻസ് തന്നെയാണ്. 200 എംപി മെയിൻ സെൻസറാണ് മോട്ടറോള ഫ്രണ്ടിയർ 22വിന്റെ ട്രിപ്പിൾ ക്യാമറ സിസ്റ്റത്തിൽ പ്രതീക്ഷിക്കുന്നത്. സാംസങ്ങിന്റെ 200 മെഗാപിക്സൽ എസ്5കെഎച്ച്പി1 സെൻസറായിരിക്കും പ്രൈമറി സെൻസറായി വരുന്നത്. ഒപ്പം ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ( ഒഐഎസ് ) ഫീച്ചറും കാണാൻ സാധ്യതയുണ്ട്. 50 എംപി വൈഡ് ആംഗിൾ സെൻസർ, 12 എംപി ടെലിഫോട്ടോ സെൻസർ എന്നിവയും മോട്ടറോള ഫ്രണ്ടിയർ 22വിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

വൈഫൈ 6ഇ, യുഎസ്ബി ടൈപ്പ് സി പോർട്ട്, എൻഎഫ്സി, ജിപിഎസ്, ബ്ലൂടൂത്ത് വി5.2 എന്നിവയെല്ലാം മോട്ടറോള ഫ്രണ്ടിയർ 22വിന്റെ കണക്റ്റിവിറ്റി ചോയ്‌സുകളിൽ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. സ്റ്റീരിയോ സ്പീക്കറുകളും മൂന്ന് മൈക്രോഫോൺ അറേകളും ഉൾപ്പെടുത്താൻ സാധ്യത കാണുന്നു. മോട്ടറോള ഫ്രണ്ടിയർ 22ൽ ഫിംഗർപ്രിന്റ് സെൻസറും മോട്ടറോള നൽകിയേക്കും.

4,500 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയിലാവും മോട്ടറോള ഫ്രണ്ടിയർ 22 വിപണിയിൽ എത്തുക. 125 വാട്ട് കേബിൾ ചാർജിങ് കപ്പാസിറ്റിയ്ക്കൊപ്പം 50 വാട്ട് വയർലൈസ് ചാർജിങ് കപ്പാസിറ്റിയും മോട്ടറോള ഫ്രണ്ടിയർ 22 ൽ കാണാൻ സാധ്യതയുണ്ട്. 500 ഡോളറിനും 600 ഡോളറിനും ഇടയിലാണ് മോട്ടറോള ഫ്രണ്ടിയർ 22 പ്രോയുടെ വില പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം 45,001 രൂപ വരും.

മോട്ടറോള പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നു എന്ന വാർത്തകൾക്ക് ഒപ്പം തന്നെ ആഗോള വിപണികളിൽ മോട്ടറോള എഡ്ജ് 30 അൾട്രാ എന്നൊരു പുതിയ ഡിവൈസ് കൂടി അവതരിപ്പിക്കാൻ പോകുന്നതായും സൂചനകൾ ഉണ്ട്. ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ 2021 ഡിസംബറിൽ ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് എക്സ്30യുടെ പുതിയ പതിപ്പ് ആയിരിക്കും എന്നാണ് കരുതുന്നത്.


Click it and Unblock the Notifications








